യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആത്മഹത്യ സ്ക്വാഡ് എന്ന് എം.വി. ഗോവിന്ദൻ; ഭീകര പ്രവർത്തനമെന്ന് ഇ.പി. ജയരാജൻ

കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആത്മഹത്യ സ്ക്വാഡ് ആയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരു തരത്തിലുമുള്ള അക്രമവും അനുവദിക്കില്ലെന്നും അക്രമമുണ്ടാകാൻ പാടില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.

നവകേരള സദസിന് നേരെ ഉണ്ടായത് ഭീകര പ്രവർത്തനമെന്ന് ഇ.പി. ജയരാജൻ പ്രതികരിച്ചു. യൂത്ത് കോൺഗ്രസിന്‍റേത് പ്രതിഷേധമല്ല, ഭീകര പ്രവർത്തനമാണ്. മുഖ്യമന്ത്രിയെ അപായപ്പെടുത്താനാണ് ശ്രമിച്ചത്. ജനാധിപത്യപരമായ പ്രതിഷേധമല്ല നടന്നതെന്നും അദ്ദേഹം പറഞ്ഞു.

അക്രമ സ്വഭാവമാണ് യു.ഡി.എഫ് കാണിക്കുന്നത്. കല്ലും വടിയുമായി വരുമ്പോൾ ഗാന്ധിയൻ മനസോടെ കണ്ടുനിൽകാൻ സാധിക്കില്ലെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി.

നവകേരള സദസ്സുമായി ബന്ധപ്പെട്ട് പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു, മുസ്‍ലിം ലീഗ് പ്രവർത്തകരെ ഇന്നലെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു. പൊലീസിന്‍റെ ഈ നടപടിയിൽ പ്രതിഷേധിച്ചാണ് കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

മാടായിപ്പാറയിലെ കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സിനുശേഷം തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനു നേരെ പഴയങ്ങാടി കെ.എസ്.ഇ.ബി ഓഫിസ് പരിസരത്താണ് യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി കാണിച്ചത്. സുരക്ഷ ഉദ്യോഗസ്ഥരും ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകരും ചേർന്ന് ഇത് തടഞ്ഞു.

നവകേരള ബസ് പോയ ശേഷമാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസുകാരെ മർദിച്ചത്. ഹെൽമറ്റുകളും ചെടിച്ചട്ടികളും ഉപയോഗിച്ചായിരുന്നു ക്രൂരമർദനം. സംഘം ചേർന്ന് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. 14 പേർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്.

ഹെൽമറ്റും ചെടിച്ചട്ടിയും ഇരുമ്പുവടിയും ഉപയോഗിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലക്കടിച്ചെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. അക്രമം തടഞ്ഞവരെയും മർദിച്ചു. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയതിലുള്ള വിരോധമാണ് പ്രകോപനത്തിന് കാരണമെന്നും എഫ്.ഐ.ആറിൽ വിവരിക്കുന്നു.

Tags:    
News Summary - Youth Congress workers suicide squad says MV. Govindan; EP Jayarajan called it a terrorist act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.