ചാത്തന്നൂർ (കൊല്ലം): ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ അഞ്ച് ആശുപത്രികളിൽ ചികിത്സ നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് എട്ട് മണിക്കൂറിനുശേഷം ദാരുണമായി മരിച്ചു. തലക്ക് സാരമായി പരിക്കേറ്റ തിരുനൽവേലി രാധാപുരം തുറൈക്കുടി തുറുപ്പ് മിഡിൽ ഈസ്റ്റിൽ ഗണപതി-പാപ്പ ദമ്പതികളുടെ മകൻ മുരുകൻ (33) ആണ് ആശുപത്രികളുടെ അനാസ്ഥകാരണം മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം മെഡിസിറ്റി, മെഡിട്രീന, അസീസിയ, തിരുവനന്തപുരം മെഡിക്കൽ കോളജ് എന്നീ ആശുപത്രികൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കൊട്ടിയം പൊലീസ് കേസെടുത്തു.
ഞായറാഴ്ച രാത്രി 10 ഒാടെ ദേശീയപാതയിൽ ഇത്തിക്കരയിലായിരുന്നു അപകടം. കടയ്ക്കാവൂരിൽ വാടകക്ക് താമസിച്ച് പാൽകറവ നടത്തുന്ന മുരുകൻ കൊല്ലത്തുള്ള സുഹൃത്തിനെ കാണാൻ തിരുനൽവേലി സ്വദേശി മുത്തു (24) വിനൊപ്പം ബൈക്കിൽ വരുമ്പോഴാണ് അപകടത്തിൽപെട്ടത്. ഇവരുടെ ബൈക്കും കുരീപ്പള്ളി സ്വദേശി സഫറുല്ലയും ഭാര്യയും സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നയുടൻ നാട്ടുകാർ എല്ലാവരെയും കൊട്ടിയം കിംസ് ആശുപത്രിയിലെത്തിച്ചു. മുരുകെൻറ പരിക്ക് ഗുരുതരമായതിനാൽ ഇവിടെ നിന്ന് അയത്തിൽ മെഡിട്രീന ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ഇവിടെനിന്ന് മെഡിസിറ്റി ആശുപത്രിയിലെത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും അവിടെനിന്ന് മടക്കിയതിനാൽ തിരികെ അസീസിയ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഇവിടെയും ചികിത്സ ലഭിച്ചില്ല. ഒടുവിൽ പുലർച്ച ആറോടെ കൊല്ലം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിെച്ചങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
വെൻറിലേറ്റർ ഒഴിവില്ലാതിരുന്നതിനാലും വിദഗ്ധ ഡോക്ടർമാർ ഇല്ലാതിരുന്നതിനാലുമാണ് അപകടത്തിൽപെട്ട് കൊണ്ടുവന്നയാളെ പ്രവേശിപ്പിക്കാതിരുന്നതെന്നാണ് ആശുപത്രികളുടെ വിശദീകരണം. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഉടമ രാഹുലിെൻറ മൊഴി പ്രകാരമാണ് ആശുപത്രികൾക്കെതിരെ പൊലീസ് കേസെടുത്തത്. കൊല്ലം ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മുരുകെൻറ മൃതദേഹം ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. മുരുകെൻറ ഭാര്യ: പാപ്പ. മക്കൾ: ഗോകുൽ, രാഹുൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.