മണ്ണഞ്ചേരി (ആലപ്പുഴ): മരം വീണ് പൊട്ടിയ കേബിൾ ടി.വിയുടെ കേബ്ൾ നന്നാക്കാനെത്തിയ ടെക്നീഷ്യൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. ആര്യാട് പഞ്ചായത്ത് 13-ാം വാർഡ് പഷ്ണമ്പലത്തുവെളി പി. പ്രജീഷ് (38)ആണ് മരിച്ചത്.
പാതിരപ്പള്ളി പാട്ടുകുളത്തിന് സമീപം ബുധനാഴ്ച രാവിലെയാണ് പ്രജീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴയിലെ കേബിൾ ടി.വി സ്ഥാപനത്തിന്റെ ടെക്നീഷ്യനായ പ്രജീഷ് ചൊവ്വാഴ്ച വൈകീട്ടാണ് കേബിൾ നന്നാക്കാൻ എത്തിയത്. ബൈക്ക് റോഡിൽ വെച്ച ശേഷം നടന്നാണ് കേബ്ൾ പൊട്ടിയ ഭാഗത്തേക്ക് പോയത്. രാത്രി ശക്തമായ മഴയും കാറ്റും വൈദ്യുതി തടസവുമുണ്ടായിരുന്നതിനാൽ നാട്ടുകാരും ശ്രദ്ധിച്ചിരുന്നില്ല.
ഇവിടെ വൈദ്യുതി കമ്പികൾ ഇല്ലാത്തതിനാൽ കേബിളിലൂടെ എത്തിയ വൈദ്യുതിയാവും അപകടകാരണമെന്നാണ് പൊലീസിന്റെ നിഗമനം. ബുധനാഴ്ച രാവിലെ സമീപത്തെ വീട്ടുകാരാണ് പ്രജീഷ് വെള്ളക്കെട്ടിലേക്ക് തെറിച്ചു വീണ് മരിച്ച നിലയിൽ കാണുന്നത്. തുടർന്ന് മണ്ണഞ്ചേരി പൊലീസെത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുവാൻ വൈകിയെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധവും ഉണ്ടായി. വൈദ്യുതാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്‌ടർ പറഞ്ഞതായി പൊലീസ് പറഞ്ഞു.
വിനീതയാണ് പ്രജീഷിന്റെ ഭാര്യ. മക്കൾ: പ്രണവ്, പ്രവൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.