രാജ്യസഭയിലേക്ക് യുവാക്കളെയോ പുതുമുഖത്തെയോ പരിഗണിക്കും -സാദിഖലി തങ്ങള്‍

മലപ്പുറം: മുസ്ലിംലീഗിന് ലഭിക്കുന്ന രാജ്യസഭ സീറ്റിലേക്ക് യുവാക്കളെയോ പുതുമുഖത്തെയോ പരിഗണിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ലോക്സഭ തെരഞ്ഞെടുപ്പിൽതന്നെ യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യമുയർന്നിരുന്നു. ആ നിലയിൽതന്നെ ഇക്കാര്യം പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകളൊന്നും തുടങ്ങിയിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമാണ് ചർച്ചയും തീരുമാനവുമുണ്ടാവുക. കുഞ്ഞാലിക്കുട്ടി നിലവിൽ എം.എൽ.എയാണ്. കേരളത്തിൽ അദ്ദേഹത്തിനുള്ള ചുമതല വളരെ വലുതായതിനാൽ രാജ്യസഭയിലേക്ക് അദ്ദേഹം മത്സരിക്കില്ല. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ അധികാരമേറ്റുകയാണ് ലീഗിന്റെ വലിയ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യസഭയിലേക്ക് താൻ മത്സരിക്കാനില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. തനിക്ക് ഇവിടെത്തന്നെ ആവശ്യത്തിന് പണിയുണ്ട്. അതില്‍ ശ്രദ്ധിക്കും. രാജ്യസഭയിലേക്ക് ആര് മത്സരിക്കുമെന്ന കാര്യം കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം പാർട്ടി പ്രഖ്യാപിക്കും.

യുവാക്കൾക്ക് അവസരം നൽകുമോ എന്ന ചോദ്യത്തിന് അതൊക്കെ തങ്ങൾ തീരുമാനിച്ച് പറയുമെന്നായിരുന്നു മറുപടി. രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചാല്‍ വയനാട് സീറ്റിനായി ആവശ്യം ഉന്നയിക്കില്ല. മലപ്പുറത്തെ പ്ലസ് ടു സീറ്റ് പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    
News Summary - Youth or newcomers will be considered for Rajya Sabha - Sadikhali Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.