സ്വന്തം നാടായ മലപ്പുറത്തുനിന്ന് ഗുരുവായൂരിലെ കോളജിലേക്ക് എന്നും പോയിവരാൻ കഴിയാത്തതിനാലാണ് ഹോസ്റ്റലിൽ നിന്നത്. ക്ലാസ് മുറികളിലേതിനേക്കാൾ മറക്കാനാവാത്ത ഓർമകൾ സമ്മാനിച്ചത് ഹോസ്റ്റലാണെന്ന് പറയാം. കാണാനും അടിപൊളിയാണ് ഞങ്ങളുടെ ഹോസ്റ്റൽ. വ്യത്യസ്തതരം പൂക്കൾ കൊണ്ട് നിറഞ്ഞിരിക്കുന്ന പൂന്തോട്ടം, നിറയെ മാവുകൾ വളർന്നുനിൽക്കുന്ന നടുമുറ്റം... മൊത്തത്തിൽ ഒരു പ്രകൃതിരമണീയത.
ഹോസ്റ്റൽ ജീവിതം ആദ്യത്തെ വർഷം അടിപൊളിയായിത്തന്നെ കടന്നുപോയി. സെക്കൻഡ് ഇയറിലേക്ക് കടന്ന ജൂണിലെ അവസാനത്തെ ഒരു ഞായറാഴ്ച ദിവസം. രണ്ടുദിവസം അവധിയായതിനാൽ ഒരുവിധം കുട്ടികളെല്ലാം വീട്ടിൽ പോയതാണ്. രാവിലെ പതിയെ ഉറക്കമെണീറ്റ് റൂമിന്റെ പുറത്തിറങ്ങിയപ്പോൾ വാതിലിനടുത്തായി ഒരു അണ്ണാൻകുഞ്ഞ് നിൽക്കുന്നു. അത് നടക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ ചെറിയ വിഷമം തോന്നി. പതിയെ ചെന്ന് അതിനെ കൈയിലെടുത്തു. അടുത്തുള്ള സ്റ്റെപ്പിലൂടെ കയറി മുകളിലത്തെ ഫ്ലോറിലെത്തി. അവിടത്തെ ഗ്രില്ലിന്റെ അടുത്തേക്ക് ഒരു മാവിൻകൊമ്പ് ചാഞ്ഞുനിൽക്കുന്നുണ്ട്. പതിയെ കൊമ്പിലേക്കുവെച്ചാൽ അണ്ണാൻ കുഞ്ഞിന് രക്ഷപ്പെടാം എന്നുകരുതി അതിനടുത്തേക്ക് നടന്നു. പെട്ടെന്നാണ് അത് സംഭവിച്ചത്, ഒട്ടും പ്രതീക്ഷിക്കാതെ അണ്ണാൻകുഞ്ഞ് കൂർത്ത പല്ലുകൊണ്ട് കൈയിലെ നടുവിരലിൽ കടിച്ചു. നല്ലപോലെ വേദനിച്ചെങ്കിലും അതിനെ വിടാതെ പിടിച്ചുനിന്നു. വേദന കൂടിയപ്പോൾ കൈ പതുക്കെ ഒന്നുകുടഞ്ഞു. അണ്ണാൻ കുഞ്ഞ് ജീവനുംകൊണ്ട് എങ്ങോട്ടോ പോയി. ചോര ഇറ്റുവീഴുന്ന കൈയുമായി ഇനി എന്തുചെയ്യും എന്നറിയാതെ ഒരു നിമിഷം നിന്നു. അതിലേ നടന്നുപോയ സീനിയർ ചേച്ചിയോട് ചോദിച്ചു, ‘‘അണ്ണാൻ കടിച്ചാൽ എന്താ ചെയ്യണ്ടേ? ഇഞ്ചക്ഷൻ വല്ലതും എടുക്കണോ’’? നടന്ന സംഭവം പറഞ്ഞപ്പോൾ ചേച്ചിക്കും വലിയ ധാരണയില്ല. പെട്ടെന്നുതന്നെ വാർഡൻ ആൻജോ സിസ്റ്ററുടെ അടുത്തേക്ക് ഓടി. കണ്ട ഉടൻ സിസ്റ്റർ പേടിച്ച് കുറച്ചു മഞ്ഞൾപൊടി മുറിവിൽ വെച്ചുതന്നു. അവിടെത്തന്നെയുള്ള ഒരു ഡോക്ടറോട് കാര്യങ്ങൾ വിളിച്ചു ചോദിച്ചു. ടി.ടി എടുക്കുന്നതാണ് നല്ലതെന്ന് ഡോക്ടർ മറുപടിയും നൽകി.
ടി.ടി എടുക്കാനായി ഞാനും റൂംമേറ്റ് ധന്യയും അടുത്തുള്ള രാജ ഹോസ്പിറ്റലിൽ ചെന്നു. പെട്ടെന്നുതന്നെ തൃശൂർ മെഡിക്കൽ കോളജിലേക്ക് പോകാൻ അവിടന്ന് പറഞ്ഞു. വാർഡർമാരിൽ ഒരാളായ ഗ്രേസ്മി സിസ്റ്ററും ഞങ്ങളുടെ കൂടെ വന്നു. മെഡിക്കൽ കോളജിൽ പോകുന്നതിനുമുമ്പ് അടുത്തുള്ള രണ്ട് ഹോസ്പിറ്റലിൽ ചോദിച്ചുനോക്കിയെങ്കിലും കിട്ടിയില്ല. ഒടുവിൽ നേരെ തൃശൂർ മെഡിക്കൽ കോളജിലേക്ക്. ആദ്യം പറഞ്ഞത് മുറിവിൽ ഒരു ഇഞ്ചക്ഷൻ എടുക്കണമെന്നായിരുന്നു. കേട്ടപ്പോൾ ഒന്ന് പേടിച്ചെങ്കിലും കടിച്ചത് സാധാ അണ്ണാൻ ആയതുകൊണ്ട് ടി.ടി മാത്രം മതി എന്നു പറഞ്ഞു. അവിടെനിന്ന് ഒരു ഇഞ്ചക്ഷൻ എടുത്തു. ബാക്കി ഇഞ്ചക്ഷൻ മൂന്ന് തവണയായി അടുത്തുള്ള ഗവൺമെന്റ് ഹോസ്പിറ്റലിൽനിന്ന് എടുത്താൽ മതിയെന്നും നിർദേശിച്ചു. എല്ലാം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ സമയം ഒരുപാട് വൈകി. ഹോസ്റ്റലിൽ അമ്മയും അച്ഛനും വന്നിരിക്കുന്നു. ആദ്യം മെഡിക്കൽ കോളജിലേക്ക് വരാനാണ് രക്ഷിതാക്കളോട് പറഞ്ഞത്. പിന്നെ മറ്റു കുഴപ്പങ്ങളൊന്നും ഇല്ലാത്തതിനാൽ നേരെ ഹോസ്റ്റലിലേക്ക് വന്നു.
ഇഞ്ചക്ഷൻ പേടിയുള്ള ഞാൻ അങ്ങനെ അടുത്ത മൂന്നുമാസം എടുത്ത ഇഞ്ചക്ഷന് കൈയുംകണക്കുമില്ല. കൂടെ ടി.ടി എടുത്തതിന്റെ വേദനയും.
സാധാരണ അണ്ണാൻ ആരെക്കണ്ടാലും ഓടിമറയുന്നതാണ്. എന്നാലും എങ്ങനെ അതിനെ പിടിച്ചു എന്നാണ് എല്ലാർക്കും സംശയം. ക്ലാസിലെ കുട്ടികളും ഹോസ്റ്റലിലെ മറ്റു സുഹൃത്തുക്കളും കാണുമ്പോൾ ഇതേക്കുറിച്ചായി ചോദ്യങ്ങൾ. എല്ലാ സീനിയർ ചേച്ചിമാരും ഹോസ്റ്റലിലെ ഒരുവിധം സിസ്റ്റർമാരും അവിടെ സഹായത്തിന് വരുന്ന ചേച്ചിമാരും കാര്യങ്ങൾ അറിഞ്ഞിരുന്നു. സീനിയറായ മെറീന ചേച്ചി എനിക്കൊരു വട്ടപ്പേരും ഇട്ടു, അണ്ണാൻകുഞ്ഞ്.
കോഴ്സ് കഴിഞ്ഞ് ടി.സി വാങ്ങാൻ കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് കോളജിലെത്തിയപ്പോൾ ഹോസ്റ്റൽ വാർഡൻ ആൻജോ സിസ്റ്റെറ കണ്ടു. അപ്പോഴാണ് എനിക്ക് ഒരു പിൻഗാമി വന്ന സന്തോഷവാർത്ത സിസ്റ്റർ പറയുന്നത്. ഹോസ്റ്റലിലെ മറ്റൊരു കുട്ടിയെ കൂടി അണ്ണാൻ കടിച്ചെന്ന്. മരത്തിൽനിന്ന് താഴെ വീണ അണ്ണാനെ കൈയിലെടുത്തതാ, പാവം അവൾക്കും കിട്ടി ഒരു കടി.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.