ആദ്യം പൊറോട്ടയടി, പിന്നെ പിഎച്ച്.ഡി... അഖിൽ വേറെ ലെവലാണ്

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിദ്യാർഥിയായ അഖിൽ കാർത്തികേയൻ കാമ്പസ് ഉണരുംമുമ്പേ കോളജിലെത്തും. ലക്ഷ്യം ക്ലാസോ ഡിപ്പാർട്മെന്റോ അല്ല, കോളജ് കാന്‍റീൻ അടുക്കളയാണ്. 15 കിലോയോളം മൈദ കുഴച്ച് പൊറോട്ട തയാറാക്കിയിട്ട് വേണം ബെല്ലടിക്കും മുമ്പ് കോളജിലെത്താൻ. മറ്റുള്ളവർതന്നെ എങ്ങനെ വിലയിരുത്തിയാലും അഖിലിന് ഒരു പരിഭവവുമില്ല. പഠനച്ചെലവിനു വേണ്ട കാശ് കണ്ടെത്താനാണ് പൊറോട്ടയടി ജോലിക്ക് കയറിയത്.

പൊറോട്ടയടിക്കാരനും ഡോക്ടറൽ ഗവേഷണം നടത്താമെന്നും ചെയ്യുന്ന എന്ത് ജോലിക്കും അന്തസ്സുണ്ടെന്നും മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദമുള്ള അഖിൽ തെളിയിക്കുന്നു. കയ്പേറിയ അനുഭവങ്ങളോരോന്നും നീന്തിക്കടക്കുമ്പോഴും പഠിച്ച് ജീവിതത്തിൽ ഉയരങ്ങളിലെത്തണമെന്ന ആ സ്വപ്നത്തിന് ഒരു മങ്ങലുമേറ്റിരുന്നില്ല. കാന്‍റീനിൽ നിന്നിറങ്ങിയാൽ കുളിച്ച് ഫ്രഷായി പത്തു മണിക്ക് മലയാളം ഡിപ്പാർട്മെന്‍റിൽ എത്തി ഹാജർ രജിസ്റ്ററിൽ ഒപ്പിടും. പിഎച്ച്.ഡിക്ക് അഡ്മിഷൻ എടുത്തപ്പോഴും പതിവുപോലെ പഠനച്ചെലവിനായി എന്തെങ്കിലും ജോലി കണ്ടെത്തണമെന്ന് അഖിൽ മനസ്സിലുറപ്പിച്ചിരുന്നു. കാന്‍റീനിൽ രണ്ടുമാസം മുമ്പ് തുടങ്ങിയ ജോലി ഇപ്പോഴും തുടരുന്നു.

കൊല്ലം ജില്ലയിലെ ശൂരനാട് വടക്കുള്ള ചെറുഗ്രാമം ആനയടി സ്വദേശിയായ അഖിലിന് പൊറോട്ടയടി പുതുമയുള്ള കാര്യമേ അല്ലായിരുന്നു. കുട്ടിക്കാലം മുതൽ അഖിൽ ചെയ്യാത്ത ജോലികളില്ലായിരുന്നു. കൂലിപ്പണിക്ക് പോകുമ്പോഴെല്ലാം പഠിച്ച് വലിയ ആളാവണമെന്ന ആഗ്രഹമായിരുന്നു മനസ്സു നിറയെ. കൂലിപ്പണിക്കാരായ മാതാപിതാക്കൾക്ക് തന്‍റെ ഭാരിച്ച പഠനച്ചെലവ് താങ്ങില്ലെന്ന് അഖിലിന് അറിയാമായിരുന്നു. സ്കൂൾ പഠനകാലത്ത് ഒഴിവുസമയത്തും അവധി ദിവസങ്ങളിലുമെല്ലാം ജോലിക്ക് പോവും.

ലോഡിങ് മുതൽ ബസ് കണ്ടക്ടറായിവരെ തൊഴിൽ ചെയ്തു. മാവേലിക്കര ബിഷപ് മൂർ കോളജിലായിരുന്നു ബിരുദ പഠനം, എസ്.എസ്.യു.എസിന്‍റെ പന്മന പ്രാദേശിക കേന്ദ്രത്തിൽ ബിരുദാനന്തര ബിരുദവും. ഡോ. വത്സലൻ വാതുശ്ശേരിയുടെ മാർഗനിർദേശത്തിൽ ‘മലയാള സിനിമയുടെ ഭാവുകത്വപരിണാമവും വിപണി രാഷ്ട്രീയവും’ വിഷയത്തിലാണ് പിഎച്ച്.ഡി ചെയ്യുന്നത്. ലീലയും കാർത്തികേയനും മാതാപിതാക്കൾ. അമൽ സഹോദരനാണ്. സഹപാഠിയായ അനുശ്രീ ചന്ദ്രനാണ് ഭാര്യ.

‘‘കൂലിപ്പണിക്കാരായ അച്ഛനും അമ്മക്കും കിട്ടുന്ന കാശ് വീട്ടുചെലവിനുപോലും കഷ്ടിച്ചേ തികഞ്ഞിരുന്നുള്ളൂ. എട്ടാം ക്ലാസ് മുതൽ ഞാൻ ഓരോ ജോലിക്ക് പോയിത്തുടങ്ങിയിരുന്നു. പൊറോട്ടയടിയൊക്കെ അന്നേ പഠിച്ചെടുത്തതാണ്. ഹോസ്റ്റൽ വാടക, മെസ്സ് ബിൽ, യാത്രക്കൂലി എന്നിവക്കെല്ലാം വരുമാനം ഉപകാരപ്പെടുന്നു. നെഗറ്റിവ് കമന്‍റുകൾ പലതും ഉണ്ടാവും. അതൊന്നും ഞാൻ ഗൗനിക്കാറേയില്ല’’ -ഒാൾ കേരള റിസർച് സ്കോളേഴ്സ് അസോസിയേഷൻ കൺവീനർ കൂടിയായ അഖിൽ പറഞ്ഞുനിർത്തി.

Tags:    
News Summary - Akhil Karthikeyan, Porotta making, Research

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.