കാമ്പസിൽ വെച്ചൊരു കാർ നിർമിച്ച് അതിലൊന്ന് ചുറ്റുകയെന്നത് ഒരിക്കലും നടക്കാത്ത സ്വപ്നമല്ലെന്ന് തെളിയിച്ചു എറണാകുളം കാലടി ആദിശങ്കര എന്‍ജിനീയറിങ് കോളജ്. വെറുമൊരു കാറല്ല, ഗോ കാര്‍ട്ട് എന്ന റേസിങ് കാർ തന്നെ വിദ്യാർഥികൾ നിർമിച്ചു. കാര്യം പിള്ളേരുടെ തന്നെ ക്രെഡിറ്റാണ് എങ്കിലും കട്ട സപ്പോർട്ടുമായി അധ്യാപകരും കൂട്ടുനിന്നു.
കോളജിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഗോ കാര്‍ട്ട് നിര്‍മിച്ചത്. കാർ പണിതീർക്കാൻ വേണ്ടിവന്നത് ഏകദേശം നാലുമാസം. സംഗതി ഡിസൈന്‍ ചെയ്തതും വിദ്യാർഥികൾ തന്നെ.
കാർ നിർമാണത്തിന്‍റെ എല്ലാ ക്രെഡിറ്റും കുട്ടികൾക്കാണെന്നു പറയുമ്പോൾ അതിയായ ആഹ്ലാദമാണ് മെക്കാനിക്കല്‍ വകുപ്പ് മേധാവിയായ ഡോ. കെ.കെ. എല്‍ദോസിന്. യാഥാർഥ്യമായ സ്വപ്നത്തിനരികെ ചേർന്നുനിന്നുകൊണ്ട് ആ സന്തോഷം വിദ്യാർഥികളും പങ്കുവെക്കുന്നു.
ഗോ കാർട്ട് ഒരു കൂട്ടായ്മയുടെ വിജയമാണെന്നാണ് ടീം ക്യാപ്റ്റനായ ഭരതിന്‍റെ പ്രതികരണം. ആദ്യാവസാനം ഗോ കാര്‍ട്ടിന് കോളജ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് പൂര്‍ണ പിന്തുണ ലഭിച്ചത് കാര്യങ്ങൾ എളുപ്പമാക്കി. കോളജ് ലാബ് അധ്യാപകരുൾപ്പെടെ ചേർന്നുനിന്നതും ഗോ കാര്‍ട്ട് നിർമാണത്തിന് വേഗം കൂട്ടി.
റേസിങ് കാര്‍ എന്ന ആശയം
ഓട്ടോ മൊബൈല്‍സ് പഠിപ്പിക്കുന്ന അജയ് സാറാണ് റേസിങ് കാര്‍ എന്ന ആശയം ആദ്യമായി വിദ്യാർഥികളുമായി പങ്കുവെച്ചത്. അദ്ദേഹം നല്‍കിയ ഐഡിയയില്‍നിന്ന് സ്വപ്നത്തിലേക്കുള്ള ആ യാത്ര തുടങ്ങി. പിന്നീട് കാർ നിര്‍മാണവും സാധ്യതയും സംബന്ധിച്ച് ഇന്‍റർനെറ്റില്‍നിന്ന് കൂടുതല്‍ വിവരം ശേഖരിച്ചു. അങ്ങനെ കണ്ടെത്തിയ ആദ്യ കോമ്പറ്റീഷനായിരുന്നു എഫ്.കെ.ഡി.സി (ഫോര്‍മുല കാര്‍ട്ട് ഡിസൈനിങ് ചലഞ്ച്).
മത്സരത്തിനായി കാർ നിർമാണവുമായി ബന്ധപ്പെട്ട് റൂൾ ബുക്ക് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ വേണം കാര്‍ ഡിസൈന്‍ ചെയ്യാൻ. ബിസിനസ് പ്ലാന്‍, കോസ്റ്റ് പ്ലാന്‍, ഡിസൈന്‍, പ്രസന്റേഷൻ എന്നിങ്ങനെ വിവിധ ഘട്ടങ്ങൾക്ക് ശേഷമാണ് റേസിങ്ങിലേക്ക് കടന്നത്.
ഗോ കാര്‍ട്ട് നിര്‍മാണ ഘട്ടങ്ങള്‍
കാറിന്‍റെ മോഡൽ ഡിസൈനിങ്ങാണ് ആദ്യ ഘട്ടം. സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണ് ഡിസൈനിങ് പൂർത്തിയാക്കിയത്. ശേഷം, കാര്‍ നിര്‍മിക്കാനുള്ള മെറ്റീരിയല്‍ കണ്ടെത്തി. പിന്നീട് നിര്‍മാണം ആരംഭിച്ചു. മത്സരത്തിന് വേണ്ടിയായതുകൊണ്ട് തന്നെ അവര്‍ നല്‍കിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കാര്‍ നിർമാണം. ബൈക്കിന് ഉപയോഗിക്കുന്ന എക്സ്ട്രീം 150 സി.സിയുടെ എന്‍ജിനാണ് ഉപയോഗിച്ചത്. നിർദേശങ്ങൾ പൂർണമായി പാലിച്ച് ഓരോ ഘട്ടവും പൂർത്തിയാക്കി.
പിന്തുണച്ച് കോളജ് മുഴുവൻ
ഗോ കാര്‍ട്ടിന്റെ തുടക്കം മുതലേ കോളജ് അധികൃതരുടേയും അധ്യാപകരുടെയും ഭാഗത്തുനിന്ന് പൂര്‍ണ പിന്തുണയുണ്ടായിരുന്നു. എച്ച്.ഒ.ഡി ഡോ. കെ.കെ. എല്‍ദോസിനോടാണ് ഗോ കാര്‍ട്ട് എന്ന റേസിങ് കാറിനെ കുറിച്ച് ആദ്യമായി പറയുന്നത്.
മത്സരം, കാര്‍ നിര്‍മാണം എന്നിവയിൽ അദ്ദേഹം കുറെ വിവരങ്ങള്‍ നൽകി. ലാബിലെ അധ്യാപകരും ഒപ്പം നിന്നു. ഗോ കാര്‍ട്ട് നിര്‍മാണത്തില്‍ അവരുടെ പങ്കും വളരെ വലുതാണ്. ഇതിന്റെ എല്ലാ പ്രവർത്തനവും കാമ്പസില്‍ വെച്ചാണ് പൂർത്തിയാക്കിയത്.
ചെലവ് ഒന്നര ലക്ഷം
ഏകദേശം ഒന്നര ലക്ഷത്തോളം രൂപയാണ് ഗോ കാര്‍ട്ട് നിര്‍മിക്കാന്‍ ആവശ്യമായത്. ഇതൊരു ഏകദേശ കണക്കാണ്. ഭീമമായ തുകയൊന്നും ആയിട്ടില്ല. നാലുമാസം കൊണ്ടാണ് കാര്‍ നിർമാണം പൂർത്തിയാക്കിയത്.
വിദ്യാര്‍ഥികളുടെ പിന്തുണ
‘ഞങ്ങളുടെ എല്ലാവരുടെയും അധ്വാനത്തിന്റെ ഫലമാണ് ഗോ കാര്‍ട്ട്. എല്ലാവരും ഒരേ മനസ്സോടെ നിന്നു. ഗ്രൂപ്പായി തിരിഞ്ഞാണ് കാര്‍ നിര്‍മിച്ചത്. ഡിസൈനിങ്ങിന് വേണ്ടി ഒരു ടീം ഉണ്ടാക്കി. അവരായിരുന്നു ഡിസൈന്‍ ചെയ്തത്. അതുപോലെ സ്റ്റിയറിങ്ങിനും ബ്രേക്കിങ്ങിനുമൊക്കെ പ്രത്യേകം ടീം ഉണ്ടാക്കിയിരുന്നു.
മുമ്പും ഇതുപോലുള്ള മത്സരങ്ങളില്‍ കോളജിനെ പ്രതിനിധാനംചെയ്ത് വിദ്യാര്‍ഥികള്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍, ആദ്യമായിട്ടാണ് ഒരു റേസിങ് കാര്‍ നിര്‍മിക്കുന്നത്’ -ഭരത് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.