‘ഇപ്പോഴൊക്കെ ഒറ്റക്ക്​ നിന്നില്ലെങ്കിൽ പിന്നെ എപ്പോഴാണ് ഇതൊക്കെ പഠിക്കുക. ശരിക്കും ഇങ്ങനെ ഒരു അനുഭവമൊക്കെ വേണം’ -ആ ഫ്ലാറ്റിൽ ഞങ്ങൾ പേടിച്ചുവിറച്ച രാത്രി...

എന്താടീ, ഒന്ന് നീങ്ങിക്കിടക്ക്, നിനക്കൊന്ന് കുളിച്ചൂടെ, നിനക്ക് ഭ്രാന്താണോ...’’ കാമ്പസ് ജീവിതത്തിലെ ഈ വർത്തമാനങ്ങൾ എത്ര കേട്ടാലും അൽപം പോലും മടുക്കില്ല. അത്രപോലും ഉളുപ്പുമുണ്ടാകില്ല. അത്​ ആവോളം ആസ്വദിക്കാൻ ഞങ്ങളാ തീരുമാനമെടുത്തു.

കോവിഡ്​ കാലം കഴിഞ്ഞ് 2021ൽ ഗുരുവായൂർ ലിറ്റിൽഫ്ലവർ കോളജിൽ ആദ്യമായി ചേർന്നപ്പോൾ ഒരു പുതിയ ജീവിതം തുടങ്ങും പോലെ കോളജിനടുത്ത്​ ഒരു വീടെടുത്ത്​ താമസിക്കാൻ തീരുമാനിക്കുന്നു. എന്‍റെ വീട്ടിൽനിന്നും കോളജിലേക്കുള്ള ദൂരമാണ്​ ഒരു കാരണം. എന്നെപ്പോലെ ബസുകാരുടെ ചീത്തവിളിയും കോളജിലേക്ക് വരാനുള്ള ഓട്ടവും ചാട്ടവും എല്ലാം മടുത്ത് സുഹൃത്തുക്കളും കൂടി ആ തീരുമാനത്തോട്​ ഒത്തുചേർന്നപ്പോൾ ഒരു വീട് തപ്പിയെടുക്കാനായി പരിശ്രമം.

"നിങ്ങൾ എന്തൂട്ടാ പറയണത്, സ്വന്തമായി വീട് എടുത്താൽ നമ്മൾ സ്വയം പര്യാപ്തരാവും. നമുക്ക് പിന്നെ എവിടെപ്പോയാലും ഒറ്റക്ക്​ നിൽക്കാലോ" -എല്ലാ കൂട്ടത്തിലും കാണുമല്ലോ ഒരു കണ്ണടക്കാരി. ഞങ്ങളുടെ കൂട്ടത്തിലെഅവളുടെ പേര്​ ശ്രദ്ധ.

"എവിടെപ്പോയാലും കുഴപ്പമില്ല, എനിക്ക് പ്രസവിക്കാൻ ഒന്ന് വീട്ടിൽ പോകാൻ പറ്റുന്ന സ്ഥലമാവണം" -കൂട്ടത്തിലേക്ക് വരാൻ പോകുന്ന കുഞ്ഞുമണിയുടെ മാതാവ് സ്നേഹക്ക്​ അതാണ്​ പ്രധാനം.

"എനിക്ക് ബസിന് എത്ര പൈസ വരുന്നുണ്ടെന്ന് അറിയോ നിങ്ങൾക്ക്? എനിക്കിനി വയ്യ. എവിടെയും കിട്ടിയില്ലെങ്കിൽ ഞാൻ ഗുരുവായൂർ അമ്പലത്തിൽ കിടക്കും" -കൂട്ടത്തിലെ കണിശക്കാരി സുനീതി കട്ടായം പറഞ്ഞു.

"നിങ്ങൾ എങ്ങോട്ടു പോയാലും ഞാൻ ഇടക്ക്​ വന്നുനോക്കാം. എന്താച്ചാൽ നിങ്ങൾക്ക് ഗുരുവായൂർ അറിയില്ല, എനിക്ക് മാത്രമേ ഈ നാട്​ അറിയൂ’’- ലോക്കൽ ഗാർഡിയൻ ആതിരയുടെ വീമ്പുപറച്ചിൽ.

അങ്ങനെ ഞങ്ങൾ ഫ്ലാറ്റ് അന്വേഷിച്ചിറങ്ങി. ഗുരുവായൂരിൽ പുതിയ വഴികൾ കണ്ടുപിടിച്ചും ലോക്കൽ ഗാർഡിയന്റെ പാത പിന്തുടർന്നും ചെലവായത് കുറെ നാരങ്ങ സോഡകൾ. കാലിയായത്​ എണ്ണിപ്പറഞ്ഞാൽ തീരാത്തത്ര ചായ ഗ്ലാസുകൾ. അവസാനം സ്ഥലം കിട്ടി. മമ്മിയൂരിൽ ആണ്. സാങ്കേതിക കാരണങ്ങൾ ഉള്ളതിനാൽ അപ്പാർട്ട്മെന്റിന്റെ പേര് വെളിപ്പെടുത്തുന്നില്ല.

അങ്ങനെ കർപ്പൂരം മുതൽ കാഞ്ചീപുരം സാരി വരെ വീട്ടിലെത്തി. കുക്കിങ്ങിൽ എ.ബി.സി.ഡി അറിയുന്ന ശ്രദ്ധയും എ.ബി.സി അറിയുന്ന ഞാനും എ.ബി മാ​ത്രം അറിയുന്ന സ്നേഹയും എ പോലും അറിയാത്ത സുനീതിയും കൂടി അടുക്കളയിൽ കയറി.

വെറും പ്രഹസനമായി പാലൊക്കെ കാച്ചി നേരത്തേ തന്നെ പഠിക്കാനൊക്കെ ഇരുന്നു. കോളജിൽ ചെന്നാൽ പിന്നെ തള്ളുകൾ മാത്രം. "ഞങ്ങൾക്കൊന്നിനെയും പേടിയില്ലന്നേ, ഇപ്പോഴൊക്കെ ഒറ്റക്ക്​ നിന്നില്ലെങ്കിൽ പിന്നെ എപ്പോഴാണ് ഇതൊക്കെ പഠിക്കുക. ശരിക്കും ഇങ്ങനെ ഒരു അനുഭവമൊക്കെ വേണം" -സ്വയം പുകഴ്​ത്തി അങ്ങനെ ഞങ്ങൾ ഫ്ലാറ്റിൽ തുടർന്നു.

വീരോചിത വാസം തുട​രവേ ഒരു ദിവസം രാത്രി. സുനീതി ഉപ്പുമാവ് ഉണ്ടാക്കി എന്നത്തേയും പോലെ പായസമാക്കിയ ദിവസം. ഇനിയിത്​ എന്തുചെയ്യണമെന്നറിയാതെ ഇരിക്കുമ്പോഴാണ് പുറത്ത്​ ആരോ നടന്നുവരുന്നതായി തോന്നിയത്.

ആരോ ഞങ്ങളുടെ ഫ്ലാറ്റിനുമുന്നിലെ വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നപോലെ. വീണ്ടും വീണ്ടും ആ ശബ്ദം കൂടിക്കൂടി വരുന്നു. അധികം ഡെക്കറേഷൻ ഒന്നും പറയുന്നില്ല, ഞാൻ വേഗം മടിയിലുള്ള മൊബൈൽ മാറ്റി അടുക്കളയിലേക്ക് ഓടി.

അവിടെയാണെങ്കിലോ ഈ ഉപ്പുമാവ്​ പായസത്തെ എന്താക്കണമെന്ന ചിന്തയിലാണ് ബാക്കി മൂന്നെണ്ണവും.

അവരുടെ മനസ്സിൽ തീ കോരിയിട്ട്​ ഞാൻ വിളിച്ചുപറഞ്ഞു. "വാതിലിനുപുറത്ത്​ എന്തോ ഒരു ശബ്ദം കേൾക്കുന്നില്ലേ?’’. പേടിയുടെ ‘പേ’ എന്ന ബോർഡ് കണ്ടാലേ മുണ്ടും മടക്കി ഓടുന്ന ആളാണ് സുനീതി.

കൂട്ടത്തിലെ ധൈര്യശാലിയാണ്​ ശ്രദ്ധ. അവൾ കണ്ണടയൊക്കെ മാറ്റി, ചെവി വാതിലിനോട് കൂർപ്പിച്ചു. എന്തോ കണ്ടെത്തിയ ലാഘവത്തോടെ "ആടി, ശരിയാ എന്തോ നടക്കുന്നുണ്ട്". അതോടെ എല്ലാവരും ഭയന്നുവിറച്ചു.

സുനീതിയുടെ ഉപ്പുമാവ്​ ഇരുന്ന് കരിയാൻ തുടങ്ങി. സ്നേഹ ഇതൊന്നും കാണാൻ വയ്യാതെ എയർ ഡോറിലൂടെ തല പുറത്തേക്കിടുന്നു. എന്റെ സകല ധൈര്യവും ചോർന്നൊലിക്കുന്ന പോലെയായി.

ഒറ്റക്ക്​ താമസിക്കുന്നതിനെക്കുറിച്ച്​ കൂട്ടത്തിൽ കോളജിൽ ഏറ്റവും തള്ളിയത് ഞാനാണ്. എന്നിട്ടിപ്പോൾ? കിട്ടിയ ധൈര്യം കൊണ്ട് ഞാൻ പറഞ്ഞു. "നമുക്ക് സെക്യൂരിറ്റിയെ വിളിക്കാം. സി.സി.ടി.വി ഒക്കെ ഉള്ളതല്ലേ, വാതിൽ തുറന്നുനോക്കാം. അല്ലാതെ പേടിച്ചിരുന്നിട്ട് എന്തിനാ. അടുത്തൊക്കെ വേറെ ആളുകൾ ഉള്ളതല്ലേ’’.

പറഞ്ഞു മുഴുമിപ്പിക്കാൻ നേരമില്ല. സ്നേഹ എന്തൊക്കെയോ പറയുന്നുണ്ട്. പാവം പേടിച്ചിട്ടാണ്. ദേഷ്യം വന്ന് ഞാൻ ലോക്ക് പിടിച്ച് താഴത്തേക്ക് നീക്കാൻ തുടങ്ങിയപ്പോൾ പുറത്തുനിന്ന് ഒരു തള്ള്. പിന്നെ അവിടെയൊരു മേളമായിരുന്നു. സ്നേഹ ഗ്യാസിന്റെ പിറകിൽ ഒളിക്കുന്നു. സുനീതി ബാത്റൂമിലേക്ക് ഓടുന്നു. എന്‍റെ അടുത്തുനിന്ന ശ്രദ്ധ മുട്ടുകുത്തി മിണ്ടാതെ ഇരിക്കുന്നു. ഞാൻ പെട്ടെന്ന് പേടിച്ച് പിറകിലേക്ക് മാറുന്നു.

കുറച്ചുസമയം ആകെ നിശ്ശബ്ദത. പിന്നീട്​ അലറിവിളി കേട്ട്​ സെക്യൂരിറ്റിച്ചേട്ടൻ വന്ന് വിളിച്ചിട്ടാണ് ഞങ്ങൾ ബോധത്തിലേക്കുവന്നത്. കാര്യങ്ങളെല്ലാം ഒറ്റസ്വരത്തിൽ ഞാനും ശ്രദ്ധയും കൂടി പറഞ്ഞൊപ്പിച്ചു. ബാക്കി രണ്ടെണ്ണം അപ്പോഴും മാളത്തിലാണ്!

ആൾ ഞങ്ങളെ സമാധാനിപ്പിച്ചു. ഇനി എന്തെങ്കിലുമുണ്ടെങ്കിൽ വിളിക്കണം എന്നു പറഞ്ഞത്​ കേട്ടതുപോലുമില്ല.

പിറ്റേന്ന് ഞങ്ങൾ കോളജിൽ എത്തിയപ്പോൾ എല്ലാവരുടെയും മുഖം വിളറിയതായി കണ്ട് മറ്റുള്ളവർ, എന്താടിയെന്ന്​ ചോദിച്ചുകൊണ്ടിരുന്നു. എന്താ ഉണ്ടാക്കിയത്. ചോറിന് എന്താ സ്പെഷൽ. അങ്ങനെയങ്ങനെ അവർ എന്തൊക്കെയോ പറയുന്നു. ഞങ്ങൾക്കാകെ മൊത്തം ഒരു മൂളിച്ച മാത്രം കേൾക്കാം.

അന്ന്​ വൈകീട്ട് ആരോ തള്ളി ഉന്തിയിട്ട് എന്നപോലെ ഞങ്ങൾ ഫ്ലാറ്റിലേക്ക് വന്നു. ഞങ്ങളെ കണ്ടയുടൻ സെക്യൂരിറ്റി ചേട്ടൻ ചിരിക്കുന്നുണ്ട്. എന്നിട്ട്​ പറഞ്ഞു.

"മക്കളെ മുകളിലെ ഫ്ലാറ്റിൽ ഒരു കുട്ടിയുണ്ട്​. ആ കുട്ടി എപ്പോഴും എല്ലാവരുടെയും വാതിലിൽ ഇങ്ങനെ ചെന്ന്​ അടിക്കും. അതായിരിക്കും സൗണ്ട്. അല്ലാതെ ഒന്നുമില്ല. പിന്നെ ഫ്ലാറ്റിന് ചുറ്റും സി.സി.ടി.വി ഉള്ളതല്ലേ. ആരും അകത്തേക്ക് കടക്കില്ല. ഞാൻ ആ കുട്ടിയെ വിളിച്ചു ചീത്തപറഞ്ഞിട്ടുണ്ട്. ഇനി ഇങ്ങനെ ഉണ്ടാവില്ല. പിന്നെ ബാക്കിയെല്ലാം നിങ്ങളുടെ തോന്നലാകും, പേടിക്കേണ്ട".

അതോടെ ആദ്യം ശബ്​ദം കേട്ട ഞാൻ ഇഞ്ചികടിച്ച പോലെയായി. ബാക്കിയുള്ളവരൊക്കെ കടിച്ചുകീറും മട്ടിൽ എന്‍റെ ചുറ്റും കൂടി.

"നീ ശരിക്കും ശബ്ദം കേട്ടോ?" -വിചാരണ തുടങ്ങി.

"അങ്ങനെ ചോദിച്ചാൽ..." ഞാൻ ആലോചിച്ചു.

"നീയോ?" -പിന്നെ ശ്രദ്ധയോടായി ചോദ്യം.

"ഞാൻ ചെറുതായിട്ട് കേട്ടു എന്ന് തോന്നുന്നുണ്ട്’’ -എന്നായി അവൾ.

പിന്നീട്​ ആറാം നിലയിലുള്ള ഫ്ലാറ്റിലേക്ക്​ ഞങ്ങൾ എത്തിയത് പറന്നിട്ടാണ്. അതിൽ പിന്നീട് ഞങ്ങൾ ഒന്നിനെയും ആരെയും പേടിച്ചിട്ടുമില്ല.

(സൂര്യ രവിശങ്കർ ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളജ് വിദ്യാർഥിയാണ്)

(കോളജിലെ എന്തെങ്കിലും സംഭവം, അനുഭവം നിങ്ങളെ സ്പർശിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അത്​ ‘കുടുംബ’ത്തിലേക്ക്​ എഴുതി അയക്കൂ. അടുത്ത ലക്കത്തിൽ ഈ പേജിൽ വായിക്കാം...

whatsapp: 9645005018, kudumbam@madhyamam.com. എഡിറ്റർ, കുടുംബം മാഗസിൻ, മാധ്യമം, കോഴിക്കോട്-12) 

● 

Tags:    
News Summary - campulse, madhyamam kudumbam 2023 june

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.