ദിസ് വൺ ഈസ് ലൈക് എ വാം ഹഗ്. അടുത്ത പടം ഈ ഭൂമിയിൽ എനിക്കേറ്റവും പ്രിയപ്പെട്ട ആളോടൊത്ത്. അദ്ദേഹം എനിക്കായി ഒരു തിരക്കഥ രചിക്കുമെന്ന് സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല. ദിസ് ഫീൽസ് അൺ റിയൽ. താങ്ക് യു പപ്പ..."
അഞ്ചു സെന്റും സെലീനയും എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ മോഷൻ പിക്ചർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് അന്ന ബെൻ കുറിച്ചിട്ടു. അച്ഛൻ ബെന്നി പി. നായരമ്പലത്തിന്‍റെ തിരക്കഥയിൽ അഭിനയിക്കുന്നതിന്‍റെ ത്രില്ല് തുളുമ്പുന്ന വാക്കുകൾ.
ഈ വാക്കുകളുടെ പിന്നിലെ വിശേഷങ്ങൾ അറിയാൻ ‘കുടുംബം’ അന്നയെയും ബെന്നിയെയും തേടിച്ചെന്നു. വീണ്ടും വീണ്ടും കാണാൻ ഇഷ്ടപ്പെടുന്ന ഹിറ്റുകൾ ഒരുക്കിയ അച്ഛനും പുതു തിരശ്ശീലയുടെ ട്രെൻഡി മാസ് കഥാപാത്രങ്ങളായി മനസ്സുകളിൽ നിറഞ്ഞ മകളും നിറഞ്ഞ ചിരിയും ഗൗരവമേറിയ സിനിമ ചിന്തകളും പങ്കുവെക്കുന്നു...
അച്ഛനൊപ്പം ചെയ്ത ‘അഞ്ചുസെന്‍റും സെലീനയും’ ഷൂട്ടിങ് നാളുകളിൽ സിനിമയെക്കുറിച്ച് മനസ്സിലാക്കിയ പുതിയ പാഠങ്ങൾ?
അന്ന ബെൻ: പപ്പയുടെ കൂടെ ഇത്രയും പെട്ടെന്ന് ഒരുപടം ചെയ്യാന്‍ പറ്റും എന്ന് വിചാരിച്ചിരുന്നതല്ല. ഇപ്പോഴത് സംഭവിച്ചു. ജെക്‌സണ്‍ ആന്റണിയാണ് ഡയറക്ടർ. വളരെ ലൈറ്റായ കമേഴ്സ്യല്‍ ഫാമിലി എന്റർടെയ്നര്‍. തുടക്കത്തിലുള്ള എന്റെ സിനിമകളില്‍നിന്നൊക്കെ വ്യത്യസ്തമായി കുറച്ചുകൂടി ത്രില്ലര്‍ എലമെന്റ് വരുന്ന ഫാമിലി റിലേറ്റഡ് സിനിമ.
സെറ്റില്‍ പപ്പയുടെ കൂടെ വര്‍ക്ക് ചെയ്യുകയാണെങ്കിലും വളരെ പ്രഫഷനലായാണ് കാര്യങ്ങള്‍. ഏതെങ്കിലും സീനിലോ ഡയലോഗുകളിലോ കറക്ഷന്‍സ് പോലും ആ ഒരു സ്‌പേസില്‍തന്നെയായിരുന്നു. പപ്പയോട് ഞാനെങ്ങനെ ചോദിക്കും പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ല. വളരെ ഈസിയായ ഷൂട്ട്. പപ്പയോടൊപ്പം അഭിനയിക്കാനും അദ്ദേഹം വ്യക്തിത്വം കൊടുത്ത ഒരു കഥാപാത്രമാകാനും സാധിച്ചു. എനിക്കങ്ങനൊരു ഭാഗ്യം കിട്ടി. വലിയ നേട്ടമാണ്.
ബെന്നി പി. നായരമ്പലം: സെലീന എന്ന സാധാരണ പെണ്‍കുട്ടിയുടെ സ്വപ്‌നങ്ങളും സ്വന്തമായി ഒരു വീടിനു വേണ്ടിയുള്ള അവളുടെ പ്രയത്‌നവും ഒക്കെ കുടുംബത്തിന്റെ ബാക്ഗ്രൗണ്ടില്‍ നർമത്തിലൂടെ പറയുന്നതാണ് സിനിമ. അന്ന, മാത്യു തോമസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ.
അച്ഛന്‍ മോള്‍ഡ് ചെയ്ത കഥാപാത്രം അഭിനയിച്ചു ഫലിപ്പിച്ചത് എങ്ങനെ?
അന്ന ബെൻ: പപ്പയുടേത്, എപ്പോഴും ഹ്യൂമര്‍ എലമെന്റ് കൊണ്ടുവരുന്ന കാരക്ടേഴ്‌സാണ്. എനിക്കതിൽ പേടിയുണ്ടായിരുന്നു. കാരണം ഹ്യൂമര്‍ ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. ഞാനിതുവരെ ചെയ്തിട്ടുമില്ല. അതൊരു ചലഞ്ച് തന്നെയാണ്.
എന്നാല്‍, ഇതിലങ്ങനെ വളരെ സ്ലാപ്സ്റ്റിക് ആയ (അതിശയോക്തി നിറഞ്ഞ) ഹ്യൂമറില്ല. പക്ഷേ, നർമം കലര്‍ന്ന ഡയലോഗുകളുള്ള ഒരു കാരക്ടര്‍. അത് പ്രസന്റ് ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടി. പക്ഷേ, പപ്പ ഉദ്ദേശിച്ച രീതിയില്‍തന്നെ അത് ചെയ്യാനും പറ്റി. അത് പപ്പ കൂടെ ഉള്ളതുകൊണ്ടുതന്നെയാണ്. പപ്പയുടേതായ രീതിയില്‍ കുറച്ചു ടിപ്‌സ് ഒക്കെ തന്നാണ് ചെയ്യിപ്പിച്ചത്.
കോമഡിക്കുവേണ്ടി കോമഡി ചെയ്യുന്ന രീതി കുറഞ്ഞുവരുകയാണല്ലോ?
അന്ന ബെൻ: ഈ സിനിമയിലും അത് അഡാപ്റ്റ് ചെയ്തിട്ടുണ്ട്. കുറെ സിറ്റുവേഷന്‍ കോമഡികള്‍തന്നെയാണ് പറയാനുദ്ദേശിച്ചത്. പക്ഷേ, പപ്പയുടെ ആ ഒരു പഴയ േഫ്ലവറിന്റെ ബാലന്‍സ് കൊണ്ടുവരാനും ശ്രമിച്ചിട്ടുണ്ട്. ഓരോ ഡയലോഗ് കോമഡിക്കും സിറ്റുവേഷന്‍ കോമഡിക്കും ഇടക്ക് നിൽക്കുന്ന ഒരു സ്‌പേസിലേക്കാണ് ഹ്യൂമര്‍ കൊണ്ടുവരുന്നത്. പപ്പയുടെ പഴയ പടങ്ങള്‍ തുടക്കം മുതല്‍ അവസാനം വരെ ചിരിയാണ്. കോമഡിക്കുവേണ്ടി കോമഡി ചെയ്ത ഒരാളാണ്. അതില്‍നിന്നൊക്കെ മാറി കുറച്ചുകൂടി റിയലിസ്റ്റിക്കായാണ് ഇതിലെ ഹ്യൂമര്‍.
ബെന്നി: ഡയലോഗ് കോമഡിയുടെയൊക്കെ പ്രസക്തി കുറഞ്ഞു. വളരെ സ്വാഭാവികമായി വരുന്ന നർമമാണ് ഇപ്പോൾ ആളുകള്‍ ഇഷ്ടപ്പെടുന്നത്. നമ്മള്‍ ചിരിക്കില്ലെന്ന് വിചാരിക്കുന്ന കാര്യങ്ങളിലാണ് പിള്ളേര് ചിരിക്കുന്നത്. കോമഡിയാണെന്ന് വിചാരിക്കുന്ന പലകാര്യങ്ങളും അവർ ചളിയാണെന്ന് പറയും.
പ്രഫഷനലായി സിനിമയെ മനസ്സിലാക്കുന്നത് പപ്പയിൽ നിന്നാണോ?
അന്ന ബെൻ: തീര്‍ച്ചയായിട്ടും. ഞാന്‍ ചെറിയ പ്രായത്തില്‍തന്നെ കാണുന്നതാണ് പപ്പയുടെ വര്‍ക്കും സ്‌പേസും. ജോലിയും ജീവിതവും ബാലന്‍സ് ചെയ്യുന്നതും കണ്ടിട്ടുണ്ട്. ഈയൊരു പ്രഫഷനില്‍ ജീവിതംതന്നെ അർപ്പിക്കുകയാണല്ലോ. അതിനിടയില്‍തന്നെയാണ് കൂട്ടുകാരെയും കുടുംബത്തെയും അദ്ദേഹം ബാലന്‍സ് ചെയ്യുന്നത്. അത് വലിയ കാര്യമാണ്. ഞാനും എത്ര തിരക്കുണ്ടെങ്കിലും വ്യക്തിപരമായ ആവശ്യമുണ്ടെങ്കില്‍ അതിനാണ് മുൻഗണന കൊടുക്കുക. പിന്നെ വര്‍ക്ക് എത്തിക്‌സും പപ്പയുടേതുതന്നെയാണ് ഫോളോ ചെയ്യുന്നത്.
െസറ്റിൽ സമയത്തിന് വരുക, ഓരോരുത്തരുടെ സമയത്തിനും മൂല്യമുണ്ടെന്ന് മനസ്സിലാക്കുക. അങ്ങനത്തെ കാര്യങ്ങളിലൊക്കെ പപ്പ വളരെ കണിശതയാണ്. ഇപ്പോൾ പോലും എന്നോട് പറയും ആരെങ്കിലും വിളിച്ചിട്ടുണ്ടെങ്കില്‍ അവരെ തിരിച്ചുവിളിക്കണം, കഥ കേള്‍ക്കാനാണെങ്കിലും വെച്ചുതാമസിപ്പിക്കരുത് എന്നൊെക്ക. നോ ആണെങ്കില്‍ അപ്പോൾ തന്നെ അത് പറയണം. കാരണം പപ്പ ആ അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് എനിക്കറിയാം. ആളുകളുടെ അടുത്ത് കഥപറഞ്ഞു മറുപടിക്കായി കുറെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്.
അന്നയുടെ കാരക്ടറുകളിൽ ദൃശ്യമാകുന്ന സൂക്ഷ്മമായ സ്വാ ഭാവിക അഭിനയം ചുറ്റുപാടുകളെ നിരീക്ഷിക്കുന്നതിൽനിന്ന് ലഭിച്ചതാണോ. കാരക്ടറുകളെ മനസ്സിലാക്കാനും പ്രതിഫലിപ്പിക്കാനും ജീവിതത്തിൽ കണ്ടുമുട്ടിയവരുടെ മാനറിസങ്ങൾ, സവിശേഷതകൾ പകർത്താറുണ്ടോ?
അന്ന ബെൻ: എന്റെ ജീവിതാനുഭവങ്ങൾ ചുരുങ്ങിയതാണ്. എന്നാൽപോലും അടിസ്ഥാനപരമായി ഒരു കാരക്ടര്‍ എന്താണ് എന്ന് മനസ്സിലാക്കിക്കഴിയുമ്പോള്‍ കുറെയൊക്കെ സെറ്റില്‍ നില്‍ക്കുമ്പോള്‍ തനിയെ വരും. കഥാപാത്രത്തെ പഠിക്കുന്നത് സംവിധായകന്‍റെ അടുത്തുനിന്നാണ്. അതുകഴിഞ്ഞിട്ട് നമ്മള്‍ ഓരോ സീനും ചെയ്യുമ്പോള്‍ നമുക്ക് ഒരു അവബോധം ഉണ്ടാകും. ആ കാരക്ടര്‍ ഇങ്ങനെയാകും ചെയ്യുക, ഇങ്ങനെയായിരിക്കും പറയുക എന്നൊക്കെ.
‘കുമ്പളങ്ങി നൈറ്റ്സ്’ ഓഡിഷനിൽ തിരഞ്ഞെടുത്തത് ഞാനീ കൊച്ചിക്കാരി ആയതുകൊണ്ടുതന്നെയാകും. പഠിച്ചത് സെന്‍റ് തെരേസാസ് കോളജിലാണ്. എന്റെ സുഹൃത്തുക്കള്‍ ഇവിടെ നിന്നാണ്. ആ ഒരു ഘടകം തീര്‍ച്ചയായും എന്റെ സംസാരത്തിലും ശരീരഭാഷയിലുമുണ്ട്. അത് കാര്യങ്ങള്‍ എളുപ്പമാക്കി. ഒരു സ്‌കെല്‍ട്ടണ്‍ ഫോമിലായിരുന്നു ബേബി മോളുടെ കഥാപാത്രം. ഓഡിഷന്‍ കഴിഞ്ഞപ്പോള്‍ എന്റെ സ്വഭാവവും മാനറിസങ്ങളും അതിലേക്ക് ആഡ് ചെയ്യുകയായിരുന്നു.
എന്റെ ഒരു പേഴ്‌സനാലിറ്റികൂടി മിക്‌സ് ചെയ്തിട്ടാണ് കാരക്ടര്‍ പൂർത്തിയാക്കിയത്. കപ്പേളയിലെ ജെസ്സി പക്ഷേ, എനിക്ക് ഒട്ടും റിലേറ്റബിള്‍ അല്ല. കാരണം അത്രത്തോളം ഐസോലേഷനില്‍ ഞാനിതുവരെ ജീവിച്ചിട്ടില്ല. ആ കഥാപാത്രവുമായി കണക്ഷന്‍ വരാന്‍ ഡയറക്ടര്‍ മുഹമ്മദ് മുസ്തഫ ഇക്കയാണ് ഹെല്‍പ് ചെയ്തത്. അദ്ദേഹത്തിന് അങ്ങനെ കുറെ പേരെ അറിയാം. മൂന്നു ദിവസം മുക്കത്ത് പോയി നിന്ന് അവിടെയുള്ള ആളുകളെ പരിചയപ്പെട്ട് രൂപപ്പെടുത്തിയെടുത്തതാണ് ജെസ്സിയെ.
സിനിമ വീട്ടിൽ ഗൗരവമായി ചർച്ച ചെയ്യാറുണ്ടോ?
അന്ന ബെൻ: സിനിമ എപ്പോഴും ചര്‍ച്ച ചെയ്യാറുണ്ട്. ഞാന്‍ സിനിമയില്‍ വരുന്നതിനു മുന്നേ തന്നെ വീട്ടില്‍ സിനിമ സംസാരിക്കും. പപ്പ ഏറ്റവും കൂടുതല്‍ വിശേഷങ്ങള്‍ പറയുന്നത് വീട്ടിലാണ്. പകൽ പല സ്ഥലത്താണെങ്കിലും ഡിന്നര്‍ എല്ലാവരും ഒരുമിച്ചായിരിക്കും.
ആ സമയം പുതിയ റിലീസായ പടങ്ങളെക്കുറിച്ചു സംസാരിക്കും. അമ്മ എല്ലാ പടവും കാണും. അതിനെക്കുറിച്ചും പപ്പയുടെ പുതിയ വര്‍ക്കിനെക്കുറിച്ചുമൊക്കെ സംസാരിക്കും. ഇപ്പോൾ എന്റെ സിനിമകളും ഞാന്‍ കേട്ട കഥകളുമൊക്കെയായി സംസാരം നീളും.
ബെന്നി: അവള്‍ കേട്ട് ഇഷ്ടപ്പെട്ട കഥകൾ മാത്രമേ അവള്‍ ചെയ്യാറുള്ളൂ. ചില സിനിമകള്‍ പൂര്‍ണ തൃപ്തിയോടെയല്ലെങ്കിലും ബന്ധങ്ങളുടെ പുറത്തു ചെയ്യേണ്ടിവന്നിട്ടുണ്ട്. നൂറു ശതമാനം തിരഞ്ഞെടുപ്പുകള്‍ പലപ്പോഴും നടന്നെന്ന് വരില്ല. ‘അഞ്ചു സെന്റും സെലീന’യുടെയും കഥതന്നെ കൃത്യമായി ഇഷ്ടപ്പെട്ടതിനു ശേഷമാണ് അവള്‍ ഓക്കെ പറഞ്ഞത്.
ഡിഫറന്റായ ഒരു കഥ അല്ലെങ്കില്‍ അവള്‍ക്ക് ഇഷ്ടപ്പെടില്ല. രണ്ടുമൂന്നു കഥ പറഞ്ഞതില്‍ ഇതാണ് അവള്‍ക്ക് ഇഷ്ടപ്പെട്ടത്. അവളിതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണ്. അവള്‍ക്ക് സിനിമ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. വേറെ ആളുകള്‍ പറഞ്ഞ ചില കഥകളൊക്കെ എനിക്കിഷ്ടപ്പെട്ടിട്ടുണ്ട്, അവള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ആ ഒരു ജനറേഷന്‍ ഗാപ് എനിക്ക് ഫീല്‍ ചെയ്യാറുണ്ട്.
തിയറ്ററില്‍ വരുന്നത് 18-20 വയസ്സുള്ള പിള്ളേരാണ്. അവര്‍ക്കിഷ്ടപ്പെടുന്ന സിനിമയാണ് ഉണ്ടാകേണ്ടത്. നമ്മുടെ പ്രായത്തിലുള്ളവരൊക്കെ ടി.വിയിലും ഒ.ടി.ടിയിലുമൊക്കെയാണ് സിനിമ കാണുന്നത്. കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റം ഉള്‍ക്കൊണ്ട് നമ്മള്‍ നവീകരിക്കപ്പെട്ടാല്‍ മാത്രമേ നല്ല സിനിമകള്‍ ഉണ്ടാകൂ.
അമ്മയും സഹോദരിയും കാരക്ടറുകളെ ക്രിട്ടിസൈസ് ചെയ്യാറുണ്ടോ?
അന്ന ബെൻ: അഭിനയം എന്നല്ല എന്തു കാര്യത്തിലും പൂർണ പിന്തുണ നൽകുന്നത് അമ്മ ഫുൽജ തന്നെയാണ്. കുമ്പളങ്ങിയിലെ ആദ്യത്തെ ഓഡിഷന് എന്റെ കൂടെ വന്നത് എന്റെ ബെസ്റ്റ് ഫ്രൻഡാണ്. പിന്നത്തെ ഓഡിഷന് അമ്മയും. അമ്മ ക്രിയേറ്റിവായ കാര്യങ്ങളിൽ ഭയങ്കര ഇഷ്ടമുള്ള ആളാണ്.
വരക്കും, പാട്ടുപാടും. പിന്നെ ഡിസൈന്‍ ചെയ്യും. എനിക്ക് തോന്നുന്നത് ഞങ്ങളുടെ വീട്ടില്‍ ഏറ്റവും നന്നായി സിനിമ ആസ്വദിക്കുന്നത് അമ്മയാണ് എന്നാണ്. അതുംകൂടി ചേര്‍ന്നിട്ടാകാം മൊത്തത്തില്‍ ഒരു സിനിമ വൈബ് ഉണ്ടായത്. അനിയത്തി സൂസന്ന ബെന്‍ പാട്ടുകാരിയാണ്. അവള്‍ നല്ലൊരു പെര്‍ഫോമര്‍കൂടിയാണ്. പക്ഷേ, പാട്ടിനോടാണ് കൂടുതല്‍ താല്‍പര്യം. പപ്പയുടെ ഹ്യൂമര്‍ എല്ലാം കിട്ടിയിരിക്കുന്നത് അവള്‍ക്കാണ്. ഇവര്‍ രണ്ടുപേരും ഫുള്‍ സപ്പോര്‍ട്ടാണ് എല്ലാ കാര്യത്തിനും.
ഫാഷൻ, അപ്പാരൽ, അപ്പിയറൻസ് എന്നിവയിൽ സ്വയംകൊണ്ടുവരുന്നതാണോ പുതുമകൾ?
അന്ന ബെൻ: ഞാനങ്ങനെ പുതുമ കൊണ്ടുവന്നിട്ടുണ്ട് എന്നൊന്നും തോന്നുന്നില്ല. ഇഷ്ടമുള്ള രീതിയില്‍ ഡ്രസ് ചെയ്യും. എന്റെ ഇന്‍സ്റ്റഗ്രാം നോക്കിയാൽ മനസ്സിലാകും. ഞാനങ്ങനെ ഒരുപാട് ഷൂട്ടും കാര്യങ്ങളൊന്നും ചെയ്യാറില്ല. വേറൊന്നുമല്ല മടിയാണ് കാരണം. എനിക്ക് കംഫര്‍ട്ടബിളായ വസ്ത്രങ്ങള്‍ ഇടും. ചെറുപ്പം തൊട്ടേ അങ്ങനെ തന്നെ.
അഭിനയജീവിതത്തിൽ കൊച്ചി, വൈപ്പിൻ മേഖലകളുടെ സ്വാധീനമുണ്ടോ?
അന്ന ബെൻ: അത് മുഴുവൻ കുമ്പളങ്ങി നൈറ്റ്‌സില്‍ കാണാം. എന്റെ കൊച്ചി, വൈപ്പിന്‍ ഭാഷയൊക്കെ അതില്‍ കൃത്യമായിട്ടുണ്ട്. ഒരുപാട് കലാകാരന്മാരുടെ നാടാണ് വൈപ്പിന്‍. അവരെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പല പരിപാടികളും വൈപ്പിനില്‍ വെക്കാറുണ്ട്. അതില്‍നിന്നുതന്നെ കുറെ പ്രചോദനം ഉണ്ടായിട്ടുണ്ട്.
സിനിമകൾക്കിടയിലെ ഇടവേളകളിൽ എന്തൊക്കെയാണ് ഇഷ്ടങ്ങൾ. യാത്ര, മറ്റു ഹോബികൾ?
അന്ന ബെൻ: സിനിമ കഴിഞ്ഞാൽ സുഹൃത്തുക്കള്‍ക്കും വീട്ടുകാര്‍ക്കുമൊപ്പമാണ് കൂടുതലും. യാത്ര ചെയ്യാനിഷ്ടമാണ്. പറ്റുന്നപോലെ ട്രിപ് പ്ലാന്‍ ചെയ്യും. കൂടുതല്‍ സമയവും വീട്ടിലായിരിക്കും. ഷൂട്ടിന്റെ തിരക്കിൽ കാണാന്‍ പറ്റാതെപോയ സിനിമകള്‍ കാണും.
മികച്ച ഒരു സംവിധായകന്റെ രണ്ടാമത്തെ സിനിമയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണല്ലോ?
അന്ന ബെൻ: തമിഴിൽനിന്നും മുമ്പ് പല പ്രോജക്ടും വന്നെങ്കിലും പല കാരണങ്ങള്‍കൊണ്ട് നടന്നില്ല. പക്ഷേ, ‘കൊട്ടുകാളി’ വന്നപ്പോള്‍ ഒരുപാട് ആകാംക്ഷയായി. സംവിധായകൻ പി. എസ്. വിനോദ് രാജ് സാറിന്റെ ആദ്യത്തെ പടം കൂഴങ്കല്ല് കണ്ടിരുന്നു. ഒരുപാട് സ്വാധീനിച്ച വളരെ നല്ല ഒരു സിനിമയാണ്.
ഇതുവരെ ഉള്ളതിലെ ഏറ്റവും നല്ല ഷൂട്ടിങ് അനുഭവമാണ് തമിഴ് സിനിമയിലേത്. ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി. വളരെ ആഴത്തിൽ തമിഴ് സംസ്കാരം നിറയുന്ന സിനിമയാണ്. അതില്‍ അഭിനയിക്കുന്ന കൂടുതൽ പേരും ആക്ടേഴ്‌സല്ല. അവിടത്തെ നാട്ടുകാർതന്നെയാണ്.
നമ്മുടെ അയൽ സംസ്ഥാനമാണ് എങ്കിലും ഒരുപാട് വ്യത്യസ്തമായ ജീവിതരീതികളുള്ള ആളുകളാണ്. വളരെ സ്‌നേഹമുള്ളവർ. എന്റെ കരിയറിലും വ്യക്തിജീവിതത്തിലും ഒരുപാട് സഹായിച്ച സ്‌പേസായിരുന്നു ആ ഒരുമാസം. 40 പേരുടെ ഒരു സെറ്റ്.
പരിമിതികളിൽപോലും ഏറ്റവും നല്ല രീതിയില്‍ സിനിമ ചെയ്യുകയായിരുന്നു. സിനിമയോട് അത്രയും സ്‌നേഹവും പാഷനും ഉണ്ടെങ്കില്‍ മാത്രമേ അത് സാധിക്കൂ. കൊട്ടുകാളി എനിക്ക് വളരെ സ്‌പെഷലായ സിനിമയാണ്. വളരെ താൽപര്യമുള്ള ഒരുപാട് ലെയേഴ്‌സുള്ള മിനിമല്‍ കമ്യൂണിക്കേഷനുള്ള സിനിമ. മീന എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. സംസാരം കുറച്ചുകൊണ്ട് ഒരുപാട് കാര്യങ്ങള്‍ അവൾ കമ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്. കുറച്ചു ഡാർക്കായ ഒരു ട്രാവല്‍ പടം പോലെയാണ് ട്രീറ്റ് ചെയ്തിരിക്കുന്നത്.
ശക്തമായ സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങൾ തിരഞ്ഞെടുപ്പിന്റെ ഭാഗമാണോ?
അന്ന ബെൻ: തിരക്കഥ കേട്ട് ഇഷ്ടപ്പെടുന്ന പടങ്ങളാണ് ചെയ്യുക. ഞാന്‍ സിനിമയിലേക്ക് വന്ന സമയം വളരെ നല്ലതായിരുന്നു. ‘കുമ്പളങ്ങി നൈറ്റ്സ്’ തുടങ്ങുമ്പോള്‍ സ്ത്രീ കഥാപാത്രങ്ങളുടെ പ്രാധാന്യം കൂടിവരുന്ന സമയമായിരുന്നു. അത് എനിക്കൊരുപാട് ഗുണം ചെയ്തു. കാരണം എനിക്കതിനുള്ള ഫ്രീഡം, ചൂസ് ചെയ്‌തെടുക്കാന്‍ പറ്റുന്ന ഒരു സ്‌കോപ് ഉണ്ടായിരുന്നു. ഒരുപാട് പേര്‍ക്ക് ആ ഒരു പ്രിവിലേജ് കിട്ടിയിട്ടില്ല.
‘സാറാസ്’ പോലെയുള്ള സിനിമകൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന വെല്ലുവിളികൾ?
അന്ന ബെൻ: വിമര്‍ശനം ഉണ്ടാകുമെന്ന് അറിഞ്ഞുതന്നെയാണ് ആ പ്രോജക്ട് എടുത്തത്. കാരണം, അബോര്‍ഷൻ എന്നത് ഒരുപാട് വിശകലനം ചെയ്തിട്ടില്ലാത്ത വിഷയമാണ്. അതിന്റേതായ നല്ല വശങ്ങള്‍ മനസ്സിലാക്കാത്ത ഒരുപാട് പേരുണ്ട്. സിനിമ പറയുന്നതും നമ്മുടെ സമൂഹത്തിന്‍റെ ഒരു റിഫ്ലക്ഷന്‍ തന്നെയാണ്. വിമര്‍ശനത്തെക്കാള്‍ കൂടുതല്‍ ഒരുപാട് നല്ല മെസേജുകളാണ് എനിക്ക് കിട്ടിയത്. കുറെ പേർ അവര്‍ക്ക് വ്യക്തിപരമായി ഉണ്ടായ അനുഭവങ്ങളെപ്പറ്റിയൊക്കെ ഇന്‍സ്റ്റഗ്രാമിലും മെയിലിലും സംസാരിച്ചിരുന്നു.
അബോര്‍ഷനെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ ഒരുപാടുപേർ കൺസിവ് ചെയ്ത പടമാണ്. ശരിക്കും അതല്ല പോയന്‍റ്. നമ്മുടെ ബോഡി ഓട്ടോണമിയെപ്പറ്റി സംസാരിക്കുന്ന സിനിമയാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെപ്പറ്റി പറയുന്ന സിനിമ. ആ ഉറച്ച വിശ്വാസം എനിക്കുണ്ടായിരുന്നു.
ഞാന്‍ സംവിധായകനോടും കമ്യൂണിക്കേറ്റ് ചെയ്തത് ത്രൂ ഔട്ട് അതായിരിക്കണം നമ്മുടെ പോയന്റ് എന്നാണ്. അങ്ങനെതന്നെയാണ് അതിനെ ട്രീറ്റ് ചെയ്തതും. ഓഡിയന്‍സിന്റെ മൈന്‍ഡ് സെറ്റ് അനുസരിച്ച് സിനിമ പലരീതിയിലും വിശകലനം ചെയ്യും. വിമര്‍ശനങ്ങളെ അതിന്റെ വഴിക്കങ്ങനെ വിടും.
എന്റെ ഡബിങ് തീര്‍ന്നാല്‍ ഞാന്‍ അതുമായിട്ട് ഡിറ്റാച്ച്ഡ് ആണ്. ഒരു പരിധി കഴിഞ്ഞാല്‍ പിന്നെ അതില്‍ ഇന്‍വെസ്റ്റഡ് അല്ല. വര്‍ക്ക് ചെയ്യുമ്പോള്‍ നൂറു ശതമാനം ഇന്‍വോൾവ്ഡ് ആണ്. കഴിഞ്ഞാല്‍ പിന്നെ അടുത്തതിലേക്ക് മാറും. ആളുകളുടെ പ്രതികരണങ്ങള്‍, വിമര്‍ശനങ്ങള്‍ ഒക്കെ കേള്‍ക്കും, അത്രേ ഉള്ളൂ.
‘സാറാസി’ലെപ്പോലെ ബെന്നിയുടെ വേഷങ്ങൾ ഇനിയും പ്രതീക്ഷിക്കാമോ?
ബെന്നി: സാറാസിലെ അഭിനയം കണ്ട് പലരും സമീപിച്ചപ്പോള്‍ മൂന്നു നാലു പടത്തിലൊക്കെ കുറച്ചു വേഷങ്ങള്‍ ചെയ്തു. കുഞ്ചാക്കോ ബോബനും ജയസൂര്യയും വരുന്ന ‘എന്താടാ സജി’, സുരാജിന്റെ കൂടെ ‘ലിക്കര്‍ ഐലന്‍ഡ്’, ദിലീപിന്റെ കൂടെ ‘വോയിസ് ഓഫ് സത്യനാഥന്‍’ അങ്ങനെ കുറച്ചു പടങ്ങള്‍. പിന്നെ അഞ്ചുസെന്റും സെലീനയിലും ചെറിയ ഒരു വേഷം ചെയ്തിട്ടുണ്ട്.
നാടകകൃത്തും അഭിനേതാവുംകൂടിയായിട്ടാണ് ഞാന്‍ സിനിമയില്‍ വരുന്നത്. എഴുത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. എങ്കിലും രണ്ടുമൂന്നു നാടകങ്ങളില്‍ തുടര്‍ച്ചയായി അഭിനയിച്ചു. ഭാരിച്ച ഉത്തരവാദിത്തത്തോടെ എഴുത്തുകാരനായി കാമറക്ക് പിന്നില്‍ നില്‍ക്കുമ്പോള്‍ അഭിനയിക്കാന്‍ തോന്നിയില്ല. 42 നാടകങ്ങൾ, 30 സിനിമകള്‍ ഒക്കെ കൈകൊണ്ടാണ് എഴുതിയത്. പ്രായത്തിന്റെയും ചിന്തകളുടെയും പ്രശ്‌നങ്ങള്‍ക്കൊണ്ട് മടി വന്നപ്പോള്‍ ഇടവേള വന്നു. സിനിമയില്‍ പ്രകടമായ മാറ്റങ്ങളും വന്നു.
മുന്‍കാലങ്ങളില്‍ സബ്ജക്ടിനെക്കുറിച്ച് ഒരു ഐഡിയ പറഞ്ഞാല്‍ ഡേറ്റ് ബ്ലോക്ക് ചെയ്തു കഴിഞ്ഞാണ് സ്ക്രിപ്റ്റ് ഡെവലപ് ചെയ്യുക. ഇന്ന് സ്‌ക്രിപ്റ്റ് കേട്ടതിനു ശേഷമേ താരങ്ങൾ ഡേറ്റ് കൊടുക്കൂ. അത് സ്വതസ്സിദ്ധമായ മടിയിലേക്ക് നയിച്ചു. അഭിനയത്തിന് വിളിച്ചപ്പോൾ കുറച്ചു റിലാക്‌സ് ചെയ്യാം എന്ന് കരുതി. അത്ര ഇന്‍സ്പിരേഷന്‍ നല്‍കുന്ന കഥകൾ മാത്രം എഴുതുക എന്ന പോളിസിയാണ് എന്റേത്.
ഏത് ലൊക്കേഷനില്‍ ചെന്നാലും നമ്മളോടൊത്ത് വര്‍ക്ക് ചെയ്തിട്ടുള്ളവരുമായി വീണ്ടും ജോലി ചെയ്യാന്‍ സാധിക്കുന്നതിന്റെ സന്തോഷമുണ്ട്. എഴുത്തിന്റേതായ ഭാരങ്ങള്‍ അഭിനയത്തിനില്ല. എഴുത്ത് ആറേഴുമാസത്തെ കഷ്ടപ്പാടാണ്. പിന്നെ ഷൂട്ടിങ്, ഡബിങ്, അതിന്റെ വിജയം എങ്ങനെ വരുമെന്നുള്ള ടെന്‍ഷന്‍...
പുതിയ കാലത്തിലേക്ക് വരുമ്പോൾ എഴുത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ?
ബെന്നി: ഉണ്ട്. മുമ്പ് ഒരു കഥ പറയുമ്പോള്‍ മറ്റു ഒരുപാട് കഥകളുടെ പിന്‍ബലം വേണം. കൂടുതൽ ഡീവിയേഷന്‍സും കാര്യങ്ങളുമൊക്കെ വന്നുപോകുന്ന കഥാപരിസരം വേണം.
അതില്ലെങ്കില്‍ കഥയില്ലാത്ത സിനിമ എന്നു പറയും. ‘മേരിക്കുണ്ടൊരു കുഞ്ഞാടി’ൽ പോലും അങ്ങനെയൊരു കഥപറച്ചിലിന്റെ രീതിയുണ്ട്. ഒരു കപ്യാരുടെ കുടുംബത്തിൽ നടക്കുന്ന കഥയും പിന്നാമ്പുറകഥകളുമൊക്കെ ചേര്‍ന്ന രചനയാണ്.
എന്നാൽ, ഇപ്പോൾ വലിയ കഥപറച്ചിലിന്റെ രീതി മാറി ചെറിയ പ്ലോട്ടുകള്‍ വളരെ രസകരമായിട്ട് പറഞ്ഞുപോകുന്നു. ചില സിനിമകളെടുത്താല്‍ ചെറിയ കണ്ടന്റായിരിക്കും. പക്ഷേ, അതിന്‍റെ നറേഷനും തിരക്കഥ പോകുന്നതുമൊക്കെ പ്രത്യേക രീതിയിലാകും.
കഥയുടെ പ്രസക്തിയുണ്ട് എന്നാല്‍, പഴയതുപോലെ ഗഹനമായ കഥയൊന്നും വേണമെന്നില്ല. അത്തരം ഒരു ട്രീറ്റ്‌മെന്റാണ് ‘അഞ്ചു സെന്റും സെലീന’യിലും സ്വീകരിച്ചതും. കൊച്ചു കൊച്ചു കാര്യങ്ങള്‍ പറഞ്ഞുപോകുന്ന സിനിമ. ഛോട്ടാ മുംബൈ അതുപോലെ ഒരു സിനിമയായിരുന്നു. ആ രീതിയിലുള്ള മാറ്റങ്ങള്‍ എഴുത്തില്‍ വരുത്താന്‍ ശ്രമിച്ചിട്ടുണ്ട്.
കാമറക്ക് പിന്നിൽ നിൽക്കുന്നയാൾ എന്ന നിലയിൽ പുതിയ ജനറേഷനുമായി സിനിമ ചെയ്യുമ്പോൾ ഡീൽ ചെയ്യുന്നത് എങ്ങനെ?
ബെന്നി: പ്രായത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ എല്ലാ മേഖലയിലും എന്നപോലെ സിനിമയിലുമുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവർക്കു വേണ്ടിയൊക്ക സിനിമ ചെയ്തിട്ടുണ്ട്. അതു വെച്ചുനോക്കുമ്പോൾ പഴയ തലമുറയുടെ അത്രയും ടൈം മാനേജ്‌മെന്റിന്റെ കാര്യത്തില്‍ ഇന്നത്തെ തലമുറക്ക് കൃത്യതയില്ലെന്ന് പറയാം.
പക്ഷേ, അത് നോക്കുന്നവരുമുണ്ട്. പൊതുവേ ഇന്നത്തെ ജനറേഷൻ രാത്രികാലങ്ങളില്‍ എത്ര നേരം വേണമെങ്കിലും ഉറക്കമൊഴിച്ച് നില്‍ക്കും. വെളുക്കുന്നവരെ ഷൂട്ട് ചെയ്യാന്‍ അവര്‍ക്ക് താൽപര്യമുണ്ട്. പകല്‍ കിടന്നുറങ്ങി എഴുന്നേല്‍ക്കുന്നതിന്റെ സമയവ്യത്യാസമുണ്ട്.
അതായത് പകല്‍ പത്തുമണി എന്ന് പറഞ്ഞാല്‍ ഉച്ചക്കാണ് വരുക. അത് ചില സമയത്ത് ഗുണവും ചിലപ്പോൾ ദോഷവും ചെയ്യും. മമ്മൂട്ടിയൊക്കെ രാത്രി 10 മണി വരെയൊക്കെ തെറ്റില്ലാതെ പറയും. പിന്നീട് വൈകിക്കണ്ട എന്ന നിർദേശം വെക്കും. എന്നാൽ, അത്യാവശ്യ ഘട്ടങ്ങളിൽ നിൽക്കാനും തയാറാകും. രാവിലെ കൃത്യം ഒമ്പതു മണിക്ക് വരും.
ചാന്ത്പൊട്ട് സിനിമ പിൽക്കാലത്തു വലിയ രീതിയിൽ വിമർ ശിക്കപ്പെട്ടു. ഇനിയുള്ള കാലത്ത് അത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് വെല്ലുവിളിയല്ലേ?
ബെന്നി: ചാന്ത്പൊട്ട് ഒരു ട്രാന്‍സ്‌ജെന്‍ഡറിന്റെ കഥയല്ല. ട്രാന്‍സ്‌ജെന്‍ഡര്‍ എന്നത് പുരുഷന്റെ ശരീരവും സ്ത്രീയുടെ മനസ്സും അല്ലെങ്കിൽ സ്ത്രീയുടെ ശരീരവും പുരുഷന്റെ മനസ്സും വരുന്നവരാണ്. അവിടെയാണ് ജെന്‍ഡര്‍ കോൺഫ്ലിക്ട് വരുന്നത്. എന്റെ ‘ചാന്ത്‌പൊട്ട്’ പറയുന്നത് അതല്ല.
പെണ്‍കുട്ടി ഇല്ലാത്ത ഒരു കുടുംബത്ത് പെണ്ണിനെപ്പോലെ വളർത്തിയ ഒരു കുട്ടിക്ക് ഉണ്ടാകുന്ന സ്‌ത്രൈണതയാണ്. അറിയാതെ സ്‌ത്രൈണത ചിലരിലേക്ക് വരും. ഉദാഹരണത്തിന് ഡാന്‍സ് പഠിപ്പിക്കുന്ന ചില മാസ്റ്റര്‍മാരെ നോക്കിയാൽ അവരുടെ നടത്തത്തില്‍ ഒരു ലാസ്യഭാവമുണ്ടാകും. ചലനത്തില്‍ സ്‌ത്രൈണതയുണ്ടാകും. അവര്‍ക്ക് ഭാര്യയും മക്കളുമുണ്ടാകും. പുരുഷനായിട്ടു തന്നെയായിരിക്കും ജീവിക്കുന്നത്.
കഥാപാത്ര സൃഷ്ടിയിൽ കൂടുതൽ ശ്രദ്ധ ഇന്നത്തെ കാലത്തുണ്ടോ?
ബെന്നി: എട്ടാം ക്ലാസ് വരെ എന്റെകൂടെ പഠിച്ചിരുന്ന സഹപാഠിയുടെ വേദനയില്‍നിന്നാണ് ‘ചാന്ത്പൊട്ട്’ എഴുതുന്നത്. അവരെ പാര്‍ശ്വവത്കരിക്കാതെ ചേര്‍ത്തുനിര്‍ത്തണം എന്ന മെസേജാണ് കൊടുക്കാന്‍ ശ്രമിച്ചത്. സിനിമ ഹിറ്റായതോടെ ഇത്തരക്കാരെ കാണുമ്പോള്‍ ചാന്ത്പൊട്ട് എന്ന് വിളിക്കാന്‍ തുടങ്ങിയത് വിപരീതഫലമുണ്ടാക്കി.
ആദ്യകാലത്ത് സിനിമകളില്‍ കോമഡിയെന്നു പറഞ്ഞാല്‍ ബോഡി ഷെയ്മിങ് ആണ്. കാലം മാറുന്നതിന് അനുസരിച്ച് സമൂഹത്തിലുണ്ടായ മാറ്റമാണ് ജെൻഡർ പൊളിറ്റിക്സ്. ട്രാൻസ്ജെൻഡർ കഥാപാത്രങ്ങള്‍ സിനിമയിൽ ഉണ്ടായിട്ടുണ്ട്. അത്തരം കഥാപാത്രങ്ങള്‍ ഇനിയുമുണ്ടാകും. ഈ സമൂഹത്തില്‍ ആരൊക്കെയുണ്ട് അവരെക്കുറിച്ച്, അവരുടെ ജീവിതത്തെക്കുറിച്ച് ഏത് എഴുത്തുകാരനും പറയാം. അത് അവരെ മോശമായി ബാധിക്കുന്ന രീതിയില്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കണം.
പഴയതുപോലെയല്ല ഇപ്പോൾ, ജെന്‍ഡര്‍ പൊളിറ്റിക്‌സ് നോക്കണം, പൊളിറ്റിക്കല്‍ കറക്ട്നസ് നോക്കണം. സ്ത്രീകളെക്കുറിച്ച് പറയുന്ന ഡയലോഗുകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഭിന്നശേഷിക്കാർ, മാനസിക പ്രശ്‌നങ്ങളുള്ളവർ, മതവിഭാഗങ്ങൾ എന്നിവയെക്കുറിച്ചൊക്കെ പറയുമ്പോൾ എഴുത്തുകാർ ശ്രദ്ധിക്കണം. പണ്ട് തമാശയായിട്ട് പറയുന്ന കാര്യങ്ങള്‍ ഇപ്പോള്‍ വളരെ ആലോചിച്ചിട്ട് വേണം ചെയ്യാന്‍. പരിപൂര്‍ണ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അവസ്ഥയല്ല ഇപ്പോള്‍. ശ്രദ്ധിച്ചില്ലെങ്കില്‍ പെരുമാള്‍ മുരുകനെപ്പോലെയൊക്കെ നിരോധിക്കപ്പെടാനും എഴുത്തു നിര്‍ത്തേണ്ട അവസ്ഥയുണ്ടാകാനും സാധ്യതയുണ്ട്.
സിനിമക്ക് അപ്പുറം താരങ്ങൾക്ക് അറ്റൻഷൻ കിട്ടുന്ന രീതിയിലേക്ക് സിനിമ പ്രമോഷനുകൾ മാറുന്നുണ്ടല്ലോ?
ബെന്നി: ചിലര്‍ അത്തരം പ്രമോഷനുകള്‍ക്ക് തലവെച്ചു കൊടുക്കാറില്ല. ഒാരോ ഇന്റര്‍വ്യൂവിലെയും തുമ്പും വാലും എടുത്തിട്ട് മുമ്പ് പറഞ്ഞതും പിന്നീട് പറഞ്ഞതും എന്താണെന്ന് പറയാതെ ആ ഒരു കണ്ടന്റ് മാത്രം മുറിച്ചിട്ട് കഴിയുമ്പോള്‍ അത് നെഗറ്റിവ് ഫലം ഉണ്ടാക്കും. ചില സന്ദര്‍ഭങ്ങളില്‍ ലൂസ് ടോക്കുകള്‍ വന്നിട്ടുമുണ്ട്. നാവുപിഴയിൽ താരങ്ങൾ പറയുന്ന കാര്യങ്ങള്‍ ചിലര്‍ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായിട്ട് എടുക്കും. ബുദ്ധിപൂര്‍വം മറുപടി പറയുക എന്നതാണ് പ്രധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.