അനന്തസാധ്യതകളുടെ വിഹായസ്സാണ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ). വരും കാലങ്ങളിൽ തൊഴിൽ മേഖലയിൽ നിർണായക സ്വാധീനം ചെലുത്താൻ പോകുന്ന മേഖല എ.ഐ തന്നെയാകും. അതുകൊണ്ടുതന്നെ കമ്പ്യൂട്ടറുകളെ ബുദ്ധിപരമാക്കേണ്ടത് വളരെ പ്രധാനമാണ്.
വിഷ്വൽ പെർസപ്ഷൻ, സ്പീച് റെക്കഗ്നിഷൻ, തീരുമാനമെടുക്കൽ, ഭാഷ വിവർത്തനം തുടങ്ങി മനുഷ്യന്‍റെ ബുദ്ധിയെയും ഇന്ദ്രിയങ്ങളെയും അനുകരിക്കുന്ന കമ്പ്യൂട്ടറുകളുടെ സിദ്ധാന്തവും വികാസവുമാണ് എ.ഐ. മക്കൻസിയുടെ The Economic Potential of Generative Al പഠന പ്രകാരം 2030നും 2050നും ഇടയിൽ 50 ശതമാനം തൊഴിലുകളും ഓട്ടോമേറ്റ് ചെയ്യപ്പെടുമെന്ന് പറയുന്നുണ്ട്.
കേരളംപോലെ വിദ്യാഭ്യാസരംഗത്ത് മുന്നിൽ നിൽക്കുന്ന സംസ്ഥാനത്തിന് ഈ വളർച്ചയിൽ നിർണായക പങ്ക് വഹിക്കാനാവുമെന്ന കാര്യത്തിൽ സംശയമില്ല.
അവസരങ്ങൾ നിരവധി
എ.ഐ, മെഷീൻ ലേണിങ് (എം.എൽ), ഡേറ്റാ സയൻസ് തുടങ്ങിയ മേഖലകൾ തൊഴിൽരംഗത്ത് മികച്ച അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. മനുഷ്യജീവിതത്തിന്‍റെ സകലമേഖലയിലേക്കും എ.ഐക്ക് കടന്നുചെല്ലാനാവുമെന്ന് ഇതിനകം നാം തിരിച്ചറിഞ്ഞതാണ്. സാമ്പത്തികരംഗത്ത് മുതൽ ആരോഗ്യരംഗത്തു വരെ എ.ഐ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
എ.ഐ സാങ്കേതികവിദ്യകൾ പ്രയോഗിക്കപ്പെടുന്ന മേഖലകളിൽ ചിലതാണ് ഓഗ്‌മെന്‍റഡ് റിയാലിറ്റി (എ.ആർ), വിർച്വൽ റിയാലിറ്റി (വി.ആർ) തുടങ്ങിയവ. വിനോദം, ഗെയിമിങ്, വിജ്ഞാനം തുടങ്ങിയ മേഖലകളിൽ എ.ആർ/വി.ആർ സംവിധാനങ്ങൾക്ക് ഇടമുണ്ട്. സമീപഭാവിയിൽതന്നെ എ.ആർ,
വി.ആർ മേഖല വലിയരീതിയിൽ വികാസം പ്രാപിക്കുമെന്നും സ്വീകാര്യത നേടുമെന്നും വിലയിരുത്തപ്പെടുന്നു.
മെറ്റ പോലുള്ള ആഗോള കമ്പനികൾ വലിയരീതിയിലുള്ള നിക്ഷേപമാണ് ഈ രംഗത്ത് നടത്തിവരുന്നത്. വൈദഗ്ധ്യമുള്ള എ.ഐ/എം.എൽ പ്രഫഷനലുകൾക്ക് ധനകാര്യം, ബാങ്കിങ്, ഹെൽത്ത് കെയർ, മീഡിയ, എന്‍റർടെയ്ൻമെന്‍റ്, ടൂറിസം, മാർക്കറ്റിങ്, അഗ്രികൾചർ, റീട്ടെയിൽ, ഗെയിമിങ്, എജുക്കേഷൻ, റിസർച് തുടങ്ങിയ മേഖലകളിൽ നിരവധി തൊഴിൽസാധ്യതകളുണ്ട്.
എ.ഐ പഠനം
പ്ലസ് ടു സയൻസ് വിദ്യാർഥികൾക്ക് വിവിധ സ്ഥാപനങ്ങളിലായി ബി.എസ്‍സി, ബി.സി.എ, ബി.ടെക് കമ്പ്യൂട്ടർ സയൻസ് കോഴ്സുകളോടൊപ്പം എ.ഐ സ്പെഷലൈസേഷൻ കോഴ്സുകൾ നിലവിലുണ്ട്. രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളായ ഐ.ഐ.ടി, ഐ.ഐ.എസ്‍സി, എൻ.ഐ.ടി, ഐ.ഐ.ഐ.ടി തുടങ്ങിയവയിൽ വിവിധ കോഴ്സുകൾക്ക് പ്രവേശനം നേടാം.
വിവിധ എൻജിനീയറിങ് കോളജുകളിലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ ബി.ടെക് കോഴ്സുകൾ ആരംഭിച്ചിട്ടുണ്ട്. ബിരുദാനന്തരതലത്തിൽ എം.എസ്‍സി, എം.ടെക് കോഴ്സുകളും ലഭ്യമാണ്.
കൂടാതെ നിരവധി സ്ഥാപനങ്ങൾ നേരിട്ടും ഓൺലൈനായും എ.ഐ, എം.എൽ മേഖലകളിൽ പരിശീലനം നൽകുന്നുണ്ട്. മാസങ്ങൾ മാത്രം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സുകൾമുതൽ മാസ്റ്റർ ബിരുദ കോഴ്സുകൾ വരെ നിലവിലുണ്ട്.
കൂടാതെ എഡക്സ്, യുഡെമി, ലിങ്ക്ഡ് ഇൻ ലേണിങ്, ഗ്രേറ്റ് ലേണിങ്, പിയേഴ്സൺ പ്രഫഷനൽ, ജിഗ്സോ അക്കാദമി, എജ്യുറേക്ക തുടങ്ങിയ സ്വകാര്യസ്ഥാപനങ്ങളും വിവിധ കോഴ്സുകൾ ഓൺലൈനായും നേരിട്ടും നൽകുന്നുണ്ട്.
പഠനം കേരളത്തിൽ
കേരളത്തില്‍ വിവിധ എൻജിനീയറിങ് കോളജുകളിൽ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, മെഷീന്‍ ലേണിങ്, ഡേറ്റാ സയന്‍സ് വിഷയങ്ങളിൽ ബി.ടെക് പഠിക്കാൻ അവസരങ്ങളുണ്ട്. സ്വാശ്രയ കോളജുകളിലാണ് അവസരങ്ങളേറെയും. സംസ്ഥാന എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയുടെ (KEAM) റാങ്കടിസ്ഥാനത്തിലാണ് പ്രവേശനം.
സ്ഥാപനങ്ങള്‍
● രാജഗിരി സ്‌കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി, കൊച്ചി
● വിശ്വജ്യോതി കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി, വാഴക്കുളം, മൂവാറ്റുപുഴ
● വിമൽ ജ്യോതി എൻജിനീയറിങ് കോളജ്, ചെമ്പേരി, കണ്ണൂർ
● എം.ഇ.എസ് കോളജ് ഓഫ് എൻജിനീയറിങ്, കുറ്റിപ്പുറം, മലപ്പുറം
● എം.ഇ.എ എൻജിനീയറിങ് കോളജ്, പട്ടിക്കാട്, പെരിന്തൽമണ്ണ
● മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ്, പുത്തൻകുരിശ്
● റോയൽ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി, തൃശൂർ
● സെന്‍റ് ജോസഫ്സ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി, പാലാ (ബി.ടെക് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്)
● എസ്.സി.എം.എസ് സ്‌കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി, എറണാകുളം
● മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ്, പുത്തൻകുരിശ്
● ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി, കാലടി
● മാർ ബസേലിയോസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി, തിരുവനന്തപുരം
● പ്രോവിഡൻസ് കോളജ് ഓഫ് എൻജിനീയറിങ്, ചെങ്ങന്നൂർ (ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് -ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്)
● വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, തൃശൂർ (ബി.ടെക് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിങ്)
● ശ്രീചിത്തിര തിരുനാൾ കോളജ് ഓഫ് എൻജിനീയറിങ്, പാപ്പനംകോട്, തിരുവനന്തപുരം
● ശ്രീബുദ്ധ കോളജ് ഓഫ് എൻജിനീയറിങ്, പാറ്റൂർ, ആലപ്പുഴ
● കോളജ് ഓഫ് എൻജിനീയറിങ്, ആറ്റിങ്ങൽ
● കോളജ് ഓഫ് എൻജിനീയറിങ്, കൊട്ടാരക്കര
● നെഹ്റു കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് റിസർച് സെന്‍റർ, തിരുവില്വാമല
● സെന്‍റ് തോമസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി, ചെങ്ങന്നൂർ (ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് -ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിങ്)
● ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജ്, അങ്ങാടിക്കടവ്
● പാലക്കാട് ഐ.ഐ.ടിയിലും കാലിക്കറ്റ് എന്‍.ഐ.ടിയിലും എം.ടെക് തലത്തില്‍ എ.ഐ, മെഷീന്‍ ലേണിങ്, ഡേറ്റാ സയന്‍സ് മേഖലകളിൽ വിവിധ പ്രോഗ്രാമുകളുണ്ട്.
പഠനം സർവകലാശാലകളിൽ
● തിരുവനന്തപുരത്തെ ഡിജിറ്റല്‍ യൂനിവേഴ്സിറ്റി ഓഫ് കേരള
എം.ടെക് കമ്പ‍്യൂട്ടര്‍ സയന്‍സ് ആൻഡ് എന്‍ജിനീയറിങ്ങില്‍ കണക്ടഡ് സിസ്റ്റംസ് ആൻഡ് ഇന്‍റലിജന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി എന്‍ജിനീയറിങ് എന്നീ സ്പെഷലൈസേഷനുകളുണ്ട്.
എം.ടെക് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ എ.ഐ ഹാര്‍ഡ് വെയര്‍, ഐ.ഒ.ടി, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകൾ സ്പെഷലൈസ് ചെയ്ത് പഠിക്കാം.എ.ഐ മേഖലയുമായി ബന്ധപ്പെട്ട വിവിധ എം.എസ്‍സി പ്രോഗ്രാമുകളുമുണ്ട്. വെബ്സൈറ്റ്: www.duk.ac.in
● കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്)
പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് എം.എസ്‍സി കമ്പ‍്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആൻഡ് ഡേറ്റാ സയന്‍സ്), എം.എസ്‍സി കമ്പ‍്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്), എം.ടെക് കമ്പ‍്യൂട്ടര്‍ സയന്‍സ് ആൻഡ് എന്‍ജിനീയറിങ് (ഡേറ്റാ സയന്‍സ് ആൻഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് സോഫ്റ്റ് വെയർ എൻജിനീയറിങ്). വെബ്സൈറ്റ്: www.cusat.ac.in
● കേരള സര്‍വകലാശാല
എം.എസ്‍സി കമ്പ‍്യൂട്ടേഷനല്‍ ബയോളജി (മെഷീന്‍ ലേണിങ്, ഡേറ്റാ അനലിറ്റിക്‌സ്), എം.എസ്‍സി കമ്പ‍്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ്, മെഷീൻ ലേണിങ്), എം.എസ്‍സി ഇലക്ട്രോണിക്‌സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ്). യൂനിവേഴ്സിറ്റിയുടെ പഠനവകുപ്പുകളിലാണ് പ്രോഗ്രാമുകളുള്ളത്. വെബ്സൈറ്റ്: www.admissions.keralauniversity.ac.in
● എം.ജി യൂനിവേഴ്സിറ്റി
എം.എസ്‍സി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിങ്/ഡേറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്. വെബ്സൈറ്റ്: www.admission.mgu.ac.in
● ഐ.ഐ.ഐ.ടി കോട്ടയം
എം.ടെക് (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആൻഡ് ഡേറ്റാ സയന്‍സ്). വര്‍ക്കിങ് പ്രഫഷനലുകള്‍ക്കാണ് പ്രവേശനം. വെബ്സൈറ്റ്: www.iiitkottayam.ac.in
● സി-ഡാക്: സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് കമ്പ‍്യൂട്ടിങ്
പി.ജി ഡിപ്ലോമ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്). വെബ്സൈറ്റ്: www.cdac.in
കോഴിക്കോട് നീലിറ്റ്, അസാപ് കേരള, കെൽട്രോൺ നോളജ് സെന്‍ററുകൾ തുടങ്ങിയ സ്ഥാപനങ്ങൾ എ.ഐയുമായി ബന്ധപ്പെട്ട് വിവിധ ഷോർട്ട് ടേം കോഴ്‌സുകളും നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.