ഈ ഭൂമിയിലെ ജീവിതത്തെ വിപ്ലവകരമാംവിധം മാറ്റിമറിച്ചവയാണ് ലോഹങ്ങളുടെ കണ്ടുപിടിത്തം. മനുഷ്യരുടെ ജീവനെ ആയാസരഹിതമാക്കുന്ന ഒട്ടനവധി ഉപകരണങ്ങളും വാഹനങ്ങളുമെല്ലാം പിൽക്കാലത്ത് ലോഹങ്ങളാൽ നിർമിക്കപ്പെട്ടു. അതേ അത്ഭുത വസ്തുവിനാൽതന്നെയാണ് മനുഷ്യകുലത്തെ മുച്ചൂടും ഇല്ലാതാക്കുന്ന ആയുധങ്ങളും അപായവാഹനങ്ങളും മെനഞ്ഞെടുക്കുന്നത് എന്നതാണ് സങ്കടകരമായ വശം.
സമ്പത്തിനുമുണ്ട് ഇതുപോലെ പല വശങ്ങൾ. ലോക്കറുകൾ നിറയെ പണവും ആഭരണങ്ങളും കുന്നുകൂട്ടി വെക്കുന്നതുകൊണ്ട്, കണ്ണെത്താ ദൂരത്തോളം മണ്ണും പറമ്പും സ്വന്തമാക്കിയതുകൊണ്ട് ആരും സമ്പന്നർ ആവുന്നില്ല. ഓരോ പിടി മണ്ണും പൊന്നിൻതരികളും ചില്ലി നാണയവുമെല്ലാം വിവേകപൂർവം വിനിയോഗിക്കപ്പെടുമ്പോൾ മാത്രമാണ് അവ ഉപയോഗപ്രദവും മൂല്യവത്തുമാവുന്നത്.
പണ്ട് പണ്ട് എന്നു തുടങ്ങുന്ന ഒരു കഥയുണ്ടായിരുന്നു പഴയ നാലാം ക്ലാസുകാരുടെ മലയാള പാഠാവലിയിൽ. രണ്ട് ശിഷ്യന്മാരുടെ കൈയിൽ ചെറു തുകകൾ നൽകിയ ഗുരു ആ പണം ഉപയോഗിച്ച് അവരുടെ മുറികൾ നിറക്കാൻ നിർദേശിച്ചു. ദുർഗന്ധം വമിക്കുന്ന നഗരമാലിന്യം നിക്ഷേപിച്ച് ഒരുവൻ മുറി നിറച്ചപ്പോൾ രണ്ടാമൻ വിളക്കും ധൂപത്തിരിയും കത്തിച്ചുവെച്ച് തന്‍റെ ഇടത്തെ പ്രകാശഭരിതവും സുഗന്ധപൂരിതവുമാക്കി.
സമ്പത്ത് എപ്രകാരമാണ് ചെലവഴിക്കേണ്ടത്, എപ്പോഴാണ് അത് അവരവർക്കും മറ്റുള്ളവർക്കും ഗുണമായി ഭവിക്കുന്നത് എന്ന് പറഞ്ഞുതരുന്നുണ്ട് ഈ കുഞ്ഞുകഥ.
പകലിരവുകൾ അധ്വാനിച്ച് നേടുന്ന ചെറുനാണയങ്ങൾ കൊണ്ട് രാജാവിനേക്കാൾ സന്തുഷ്ടരായി ജീവിക്കുന്ന മനുഷ്യരുണ്ടീ ഉലകിൽ എന്നത് വെറും സങ്കൽപമോ അതിശയോക്തി പറച്ചിലോ അല്ല. യുദ്ധം ജയിച്ച് വെട്ടിപ്പിടിച്ച വൻ സമ്പത്തുമായി മടങ്ങവേ തന്നേക്കാൾ സന്തുഷ്ടനായ ഒരു വയോധികനെ കണ്ടു രാജാവ്. ഊന്നുവടിയും വെള്ളപ്പാത്രവും മാത്രമായിരുന്നു അയാളുടെ സ്വത്തുവകകൾ.
‘നിങ്ങൾക്കെന്താണിത്ര സന്തോഷം കിളവാ?’ എന്ന ചോദ്യത്തിന്
‘ഞാനൊരു ചക്രവർത്തി, എന്‍റെ സന്തോഷങ്ങൾക്ക് അതിർത്തികളില്ലാ’ എന്ന് മറുപടി.
‘‘എങ്കിൽ പറയൂ, എവിടെയാണ് അങ്ങയുടെ സാമ്രാജ്യം?’’ എന്നായി രാജസംശയം.
‘‘രാജാവേ, നിങ്ങൾ ഭൂമിക്കും മനുഷ്യർക്കുംമേൽ അടക്കിവാഴ്ച നടത്തി, അവക്കുമേലുള്ള നിയന്ത്രണം നഷ്ടമാകുമോ എന്ന ഭീതിയുടെ നിഴലിൽ ക്രുദ്ധനായിക്കഴിയുമ്പോൾ, ഞാനെന്‍റെ അത്യാഗ്രഹങ്ങളെയും അതിരുവിട്ട ചിന്തകളെയും കീഴ്പ്പെടുത്തി സംതൃപ്തനായി ജീവിക്കുന്നു. മറ്റൊരാൾക്ക് എന്നേക്കാളധികം മുതലുകൾ കൈവരുന്നത് എന്നെ ആശങ്കപ്പെടുത്തുന്നില്ല’’.
ആ വയോധികൻ പകരുന്ന ഉൾക്കാഴ്ച ലോകം ഇന്ന് അഭിമുഖീകരിക്കുന്ന വലിയ ഭീഷണികൾക്കും കലഹങ്ങൾക്കും അതിരുവിട്ട മത്സരങ്ങൾക്കുമുള്ള പ്രതിവിധിയാണ്. സമ്പത്തിനോട് ആഗ്രഹം മനുഷ്യസഹജമാണ്. എന്നാൽ, അത്യാഗ്രഹവും ആർത്തിയും മനുഷ്യവിരുദ്ധവും. അവയിൽ നിന്നുള്ള മോചനമാണ് മനുഷ്യരെ സ്വതന്ത്രരും സന്തുഷ്ടരുമാക്കുന്നത്.
വെറുതെയാണോ, ഈ പ്രപഞ്ചവും അതിലുള്ളവയുമെല്ലാം രൂപകൽപന ചെയ്ത് നെയ്തെടുത്ത മാസ്റ്റർ ഡിസൈനർ കുപ്പായക്കീശയും ഹൃദയവും ഒരേ കോണിലാക്കിയത്!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.