മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണപ്പെട്ട തിരിച്ചറിയാൻ കഴിയാത്തവരുടെ മൃതദേഹങ്ങൾ പുത്തുമലയിലെ പച്ചക്കാട്ടിൽ സംസ്കരിക്കുന്നു. ചി​​​ത്രം: ബൈ​​​ജു കൊ​​​ടു​​​വ​​​ള്ളി


യുവജനങ്ങൾ സൃഷ്ടിക്കുന്ന അത്ഭുതങ്ങൾക്ക് അതിരുകളില്ല; ദുരന്തമുഖത്ത് കൈമെയ് മറന്ന് പ്രവർത്തിക്കുന്ന യുവതലമുറയെ കണ്ട് മുതിർന്നവർ പഠിക്കണം

നാമെല്ലാവരെയുംപോലെ നാളെ പുലർകാലത്ത് ഉണരണമെന്നും നന്മകൾ ചെയ്യണമെന്നും മനസ്സിൽ ഉരുവിട്ട് വിളക്കണച്ച് കിടന്ന മനുഷ്യരാണ് പ്രഭാതം കൺതുറക്കുംമുമ്പേ മിഴിരണ്ടും മുറുക്കിപ്പൂട്ടി അനന്തമായ ഉറക്കത്തിലേക്ക് വഴുതിപ്പോയത്. ആ ദേശങ്ങളിൽ ആയുസ്സിന്‍റെ സമയസൂചി കറങ്ങിത്തീർന്നിട്ടില്ലാത്ത ചിലർ മാത്രം ജീവന്‍റെ മിടിപ്പുമായി മണ്ണിന്‍റെ അടിത്തട്ടിലും പുഴയുടെ ആഴങ്ങളിലും ആണ്ടുകിടന്നു.

ഒരു യുദ്ധരംഗത്തോളംതന്നെ ഭയാനകതയാണ് അകലങ്ങളിലിരുന്ന് അതേക്കുറിച്ച് വായിക്കുകയും ദൃശ്യങ്ങൾ കാണുകയും ചെയ്യുന്ന മനസ്സുകളിൽ സൃഷ്ടിക്കപ്പെടുന്നതെങ്കിൽ എത്രയോ ഇരട്ടിയാവും നേർക്കാഴ്ചകൾ സൃഷ്ടിക്കുന്ന ആഘാതം.

ഓരോ സെക്കൻഡിനും വജ്രത്തേക്കാൾ മൂല്യമുള്ള ആ നേരത്ത് സഹജീവികളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനും ഉയിരറ്റുപോയവർക്ക് മരണത്തിലും അന്തസ്സുറപ്പാക്കാനും പറന്നെത്തിയവർക്ക് മാലാഖമാരുടേതുപോലുള്ള ചിറകുകളുണ്ടായിരുന്നില്ല; പക്ഷേ, സമാന മനസ്സുണ്ടായിരുന്നു.

തനിച്ചുനിന്നാൽത്തന്നെ ഭംഗിയുള്ള, പലനിറവും മണവുമുള്ള പൂക്കൾ ഒരുമിച്ചുവെക്കുമ്പോൾ അതുല്യ സൗന്ദര്യമാർന്ന പൂക്കളങ്ങൾ സൃഷ്ടിക്കപ്പെടുന്നതുപോലെയാണ് നന്മ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് മനുഷ്യമനസ്സുകളുടെ പ്രാർഥനകളും പ്രവൃത്തികളും ഒന്നിക്കുമ്പോൾ ഭൂമി അതിമനോഹരമാവുന്നത്.

മൂന്നാംലോക രാജ്യങ്ങളെ നോക്കി ലോകത്തെ സമ്പന്ന-വികസിത രാജ്യങ്ങൾപോലും ആശവെക്കുകയും അസൂയപ്പെടുകയും ചെയ്യുന്ന ഒരു വിഭവശേഷിയുണ്ട്, അളന്നു തിട്ടപ്പെടുത്താനാവാത്ത സമ്പത്തായ യുവത. അവർ സൃഷ്ടിക്കുന്ന അത്ഭുതങ്ങൾക്ക് അതിരുകളില്ലതന്നെ.

പ്രളയമായാലും ഉരുൾപൊട്ടലായാലും ദുരന്തമുഖത്ത് കൈമെയ് മറന്ന് പ്രവർത്തിക്കാനും വീണുകിടക്കുന്നവരെ വീണ്ടെടുക്കാനും വിശക്കുന്നവരെ ഊട്ടാനും മുറിവുണക്കാനും അവർ പുലർത്തുന്ന നിഷ്ഠയിൽ, അനീതിക്കെതിരിൽ വിരൽ ചൂണ്ടാനും ശബ്ദമുയർത്താനും ജനവിരുദ്ധ അധികാരങ്ങളെ തൂത്തെറിയാനും അവർ കാണിക്കുന്ന ധീരതയിൽ മുതിർന്നവരെന്ന് സ്വയം വിശ്വസിക്കുന്ന തലമുറ കണ്ടുപകർ​ത്തേണ്ട പാഠങ്ങളുണ്ട്.

സ്ഖലിതങ്ങളും ന്യൂനതകളും ഇല്ലെന്നല്ല, ഭൂതക്കണ്ണാടിവെച്ച് കണ്ടെത്തുന്ന പാളിച്ചകളിലേക്കല്ല, അവരുടെ ഉത്കൃഷ്ടതയിലേക്കാണ് പാളിനോക്കേണ്ടത്.

ബാല്യവും കൗമാരവും യൗവനവും മധ്യവയസ്സും വാർധക്യവുമുൾപ്പെടെ ജീവിതത്തിന്‍റെ ഓരോ കാലവും അർഥ സമ്പുഷ്ടവും ആനന്ദവുമാണ്. കാലാവസ്ഥകൊണ്ട് താരതമ്യം ചെയ്താൽ ജീവിതത്തിലെ കത്തിയാളി നിൽക്കുന്ന ഉച്ചവെയിൽ നേരമാണ് യൗവനം.

പരാശ്രയം ഏറ്റവും കുറവുമാത്രം വേണ്ടുന്ന, എന്തിനും ഏതിനും കെൽപുള്ള കാലം. ആ വേളയിലെ പരിശ്രമങ്ങളും കൂട്ടുകൂടലുകളും അധ്വാനങ്ങളുമാണ് ഒരു ആയുസ്സിന്‍റെ ഗതിനിർണയിക്കുക.

ഓരോ വ്യക്തിയും തനിച്ചുതന്നെ കഴിവും ശക്തിയുമുള്ളവരാണ്, എന്നിരിക്കിലും പങ്കുവെപ്പിന്‍റെ സൗന്ദര്യവും പരിവർത്തനത്തിന്‍റെ ശക്തിയും കുടികൊള്ളുന്നത് കൂട്ടായ്മയിലാണ്; ഏറുപടക്കത്തിന്‍റെ അട്ടഹാസത്തേക്കാൾ ചന്തം മാലപ്പടക്കത്തിന്‍റെ പൊട്ടിച്ചിരിക്കാണല്ലോ.

തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതുപോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു.





Tags:    
News Summary - There is no limit to the wonders created by the youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.