ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോഴാണ് സിദ്ധാർഥിന് തന്‍റെ ഇടതുകൈക്കൊരു വേദന തോന്നിയത്. ചെറിയതോതിലുള്ള വേദനയായിരുന്നുവെങ്കിലും 25കാരനും എൻജിനീയറുമായ അയാളെയത് വല്ലാതെ അലോസരപ്പെടുത്തി.
ഉടനെ മൊബൈൽ ഫോണെടുത്ത് ഗൂഗിളിൽ ഒന്നു തിരഞ്ഞേയുള്ളൂ... അതാ വരുന്നു കൈവേദനയെക്കുറിച്ചുള്ള നൂറുകണക്കിന് വിവരങ്ങൾ. അതിൽ ഭൂരിഭാഗവും മുന്നറിയിപ്പ് നൽകിയിരുന്നത് ഇടതു കൈക്ക് അനുഭവപ്പെടുന്ന വേദനയെ അവഗണിക്കരുത് എന്നും അത് ഹൃദയസംബന്ധമായ തകരാറുകളുടെ ലക്ഷണമായിരിക്കാൻ സാധ്യതയുണ്ട് എന്നുമായിരുന്നു.
ഒട്ടും താമസിച്ചില്ല, സിദ്ധാർഥ് ഓഫിസിലേക്ക് പോകാതെ നേരെ നഗരത്തിലെ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിലേക്ക് പോയി. നേരത്തേയുള്ള ബുക്കിങ് അല്ലാത്തതിനാൽ ഉച്ചയോടെയാണ് ഹൃദ്രോഗ വിദഗ്ധനെ കാണാൻ കഴിഞ്ഞത്.
പ്രാഥമിക പരിശോധനയുടെ ഭാഗമായി നടത്തിയ ഇ.സി.ജിയിൽ തകരാറുകളൊന്നും കണ്ടെത്തിയില്ല എന്നു മാത്രമല്ല ഹൃദയം പരിപൂർണ ആരോഗ്യാവസ്ഥയിലാണെന്ന് ഡോക്ടർ ഉറപ്പുനൽകുകയും ചെയ്തു. തൽക്കാലം മരുന്നുകളൊന്നും ആവശ്യമില്ലെന്നും വേദന കുറയാതിരിക്കുകയോ കൂടുകയോ ചെയ്താൽ കഴിക്കാനായി ഒരു വേദനസംഹാരി ഗുളിക കുറിച്ചുകൊടുക്കുകയും ചെയ്തു.
സംസ്ഥാനത്തുതന്നെയുള്ള പ്രമുഖ ഹൃദ്രോഗവിദഗ്ധന്റെ ഉറപ്പുലഭിച്ചിട്ടും സിദ്ധാർഥിന് തൃപ്തിയായില്ല. തന്‍റെ ഹൃദയത്തിന് എന്തോ കാര്യമായ അസുഖം പിടിപെട്ടിട്ടുണ്ടെന്നുതന്നെ അയാൾ വിശ്വസിച്ചു. സത്യത്തിൽ ഉറങ്ങുമ്പോൾ ഇടതുകൈ തലക്കടിയിൽ വെക്കുന്ന ശീലം നൽകിയ ചെറിയ വേദനയായിരുന്നു അത്. ഇതുപോലുള്ള വ്യക്തികളെ നമ്മുടെ സമൂഹത്തിൽ കുറവല്ലാത്തവിധം കണ്ടുവരുന്നുണ്ട്.
രോഗവും മാനസികാവസ്ഥയും
മനസ്സിന്‍റെ തകരാറുകളുമായി ബന്ധപ്പെട്ട് ഒരേസമയം നിരവധി ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്ന വ്യക്തികൾ ഉണ്ടെങ്കിലും ‘ഹൈപ്പോകോൺഡ്രിയാക്’ പ്രശ്നമുള്ളവർ ഏതെങ്കിലും ഒരു പ്രത്യേകരോഗം തനിക്കുണ്ടോ എന്ന് ആശങ്കപ്പെട്ട് കഴിയുന്നവരാണ്. ഇവർ ചികിത്സകരോട് രോഗലക്ഷണങ്ങൾ പറയുന്നതിന് പകരം തനിക്ക് ഈയൊരു രോഗമുണ്ടെന്ന സംശയം പങ്കുവെക്കുകയാണ് ചെയ്യുക.
രോഗമില്ലെന്ന് ഡോക്ടർമാർ പറഞ്ഞാലും ഡോക്ടർക്കോ അല്ലെങ്കിൽ രോഗനിർണയ സംവിധാനങ്ങൾക്കോ ഉണ്ടായ തകരാറ് കാരണമാണ് തന്‍റെ രോഗം കണ്ടുപിടിക്കാത്തത് എന്നായിരിക്കും ചിന്തിക്കുക. ഇവർ സമീപിക്കുന്ന ഡോക്ടർമാർ രോഗമില്ലെന്ന് ഉറപ്പുനൽകിയാൽകൂടിയും താൽക്കാലിക ആശ്വാസം ലഭിക്കുമെങ്കിലും താമസിയാതെതന്നെ ഇവരുടെ മാനസികാവസ്ഥ പഴയനിലയിലാവുകയും വീണ്ടും രോഗത്തെക്കുറിച്ചുള്ള ആശങ്കയിൽ മുഴുകുകയും ചെയ്യും.
അതുകൊണ്ടുതന്നെ ഇവർ വീണ്ടും വീണ്ടും ഡോക്ടർമാരെ സമീപിച്ച് സമയവും പണവും നഷ്ടപ്പെടുത്തി അവനവനുതന്നെയും കുടുംബാംഗങ്ങൾക്കിടയിലും അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ടിരിക്കും.
ചിലരാവട്ടെ, തലവേദന വരുമ്പോൾ തലച്ചോറിലും ചെവിവേദന വന്നാൽ ചെവിക്കുള്ളിലും ട്യൂമറുകൾ ഉണ്ടെന്ന് സംശയിക്കും. മറ്റു ചിലരാവട്ടെ മൂത്രത്തിന്‍റെ നിറം മാറിയാൽ വൃക്കരോഗമാണെന്നും സംശയിച്ചുകൊണ്ടിരിക്കും. ചുരുക്കത്തിൽ, ഏതെങ്കിലും ശരീരഭാഗങ്ങളിൽ ഒരു പ്രത്യേകരോഗം പിടികൂടി എന്ന തോന്നലുകളാണ് ഇത്തരം രോഗികളുടെ പൊതുസ്വഭാവം.
പ്രധാന ലക്ഷണങ്ങൾ
എത്ര നിസ്സാരമായ ആരോഗ്യപ്രശ്നവും എന്തോ ഗുരുതരമായ രോഗമാണെന്ന് കരുതി നിരന്തരം ഡോക്ടർമാരെ സമീപിക്കുകയാണ് ഇവരുടെ പൊതുവായ രീതി. വിദഗ്ധ ഡോക്ടർമാർ രോഗമില്ലെന്ന് ഉറപ്പുനൽകിയാലും അക്കാര്യം വിശ്വസിക്കാതെ വീണ്ടും വീണ്ടും ഡോക്ടർമാരെയും മറ്റു ചികിത്സകരെയും സമീപിക്കുന്നതും സാധാരണമാണ്. ഈ അവസ്ഥയെ വൈദ്യശാസ്ത്രം ‘ഹൈപ്പോകോൺഡ്രിയാസിസ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ അവസ്ഥയിലുള്ള വ്യക്തിയെ ‘ഹൈപ്പോകോൺഡ്രിയാക്’ എന്നും വിളിക്കുന്നു.
നിലവിൽ ആരോഗ്യപ്രശ്നങ്ങളുമായി ഡോക്ടർമാരുടെ അടുത്തെത്തുന്നവരിൽ ചെറിയൊരു ശതമാനമെങ്കിലും ‘ഹൈപ്പോകോൺഡ്രിയാസിസ്’ എന്ന അവസ്ഥയിലൂടെ സഞ്ചരിക്കുന്നവരാണ്. ഇന്‍റർനെറ്റ് വ്യാപകമാവുകയും മെഡിക്കൽ സയൻസിലെ വിവരങ്ങളടക്കം കൈയിലുള്ള മൊബൈൽ ഫോണിൽ ലഭ്യമാകുകയും ചെയ്തശേഷം ഇത്തരക്കാരുടെ എണ്ണം വർധിച്ചുവരുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.
ചികിത്സിച്ചു മാറ്റാം
വിദഗ്ധ മനോരോഗ ചികിത്സയിലൂടെ ഈ പ്രശ്നം മാറ്റിയെടുക്കാം. മരുന്നുകൾക്കൊപ്പം സൈക്കോ തെറപ്പിയും കൗൺസലിങ്ങും ഈ പ്രശ്നമുള്ളവർക്ക് നൽകാറുണ്ട്. ആന്‍റി ഡിപ്രസന്‍റ് വിഭാഗത്തിലുള്ള ‘സെലക്ടിവ് സെറോടോണിൻ റീഅപ് ടേക് ഇൻഹിബിറ്ററുകൾ’ (SSRI) രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ സഹായിക്കും.
ഇതോടൊപ്പം ‘കോഗ്നിറ്റിവ് ബിഹേവിയറൽ തെറപ്പി’ (CBT) അടക്കമുള്ള വിവിധതരം സൈക്കോതെറപ്പികളും ബിഹേവിയർ തെറപ്പികളും റിലാക്സേഷൻ ടെക്നിക്കുകളും നൽകുന്നപക്ഷം മികച്ച ഫലം നൽകും. അപൂർവം കേസുകളിൽ ആന്‍റി സൈക്കോട്ടിക്സ് മരുന്നുകളോടും രോഗികൾ നന്നായി പ്രതികരിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.