Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
illness
cancel

ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോഴാണ്​ സിദ്ധാർഥിന്​ തന്‍റെ ഇടതുകൈക്കൊരു വേദന തോന്നിയത്​. ചെറിയതോതിലുള്ള വേദനയായിരുന്നുവെങ്കിലും 25കാരനും എൻജിനീയറുമായ അയാളെയത്​ വല്ലാതെ അലോസര​പ്പെടുത്തി.

ഉടനെ മൊബൈൽ ഫോണെടുത്ത്​ ഗൂഗിളിൽ ഒന്നു തിരഞ്ഞേയുള്ളൂ... അതാ വരുന്നു കൈവേദനയെക്കുറിച്ചുള്ള നൂറുകണക്കിന്​ വിവരങ്ങൾ. അതിൽ ഭൂരിഭാഗവും മുന്നറിയിപ്പ്​ നൽകിയിരുന്നത്​ ഇടതു കൈക്ക്​ അനുഭവപ്പെടുന്ന വേദനയെ അവഗണിക്കരുത്​ എന്നും അത്​ ഹൃദയസംബന്ധമായ തകരാറുകളുടെ ലക്ഷണമായിരിക്കാൻ സാധ്യതയു​ണ്ട്​ എന്നുമായിരുന്നു.

ഒട്ടും താമസിച്ചില്ല, സിദ്ധാർഥ്​ ഓഫിസിലേക്ക്​ പോകാതെ നേരെ നഗരത്തിലെ മൾട്ടി സ്​പെഷാലിറ്റി ഹോസ്പിറ്റലിലേക്ക്​ പോയി. നേരത്തേയുള്ള ബുക്കിങ് അല്ലാത്തതിനാൽ ഉച്ചയോടെയാണ്​ ഹൃദ്രോഗ വിദഗ്​ധനെ കാണാൻ കഴിഞ്ഞത്​.

പ്രാഥമിക പരിശോധനയുടെ ഭാഗമായി നടത്തിയ ഇ.സി.ജിയിൽ തകരാറുകളൊന്നും കണ്ടെത്തിയില്ല എന്നു മാത്രമല്ല ഹൃദയം പരിപൂർണ ആരോഗ്യാവസ്ഥയിലാണെന്ന്​ ഡോക്ടർ ഉറപ്പുനൽകുകയും ചെയ്തു. തൽക്കാലം മരുന്നു​കളൊന്നും ആവ​ശ്യമില്ലെന്നും വേദന കുറയാതിരിക്കുകയോ കൂടുകയോ ചെയ്താൽ ക​ഴിക്കാനായി ഒരു വേദനസംഹാരി ഗുളിക കുറിച്ചുകൊടുക്കുകയും ചെയ്തു.

സംസ്ഥാനത്തുതന്നെയുള്ള പ്രമുഖ ഹൃദ്രോഗവിദഗ്​ധന്‍റെ ഉറപ്പുലഭിച്ചിട്ടും സിദ്ധാർഥിന്​ തൃപ്തിയായില്ല. തന്‍റെ ഹൃദയത്തിന്​ എന്തോ കാര്യമായ അസുഖം പിടിപെട്ടിട്ടുണ്ടെന്നുതന്നെ അയാൾ വിശ്വസിച്ചു. സത്യത്തിൽ ഉറങ്ങുമ്പോൾ ​ഇടതുകൈ തലക്കടിയിൽ വെക്കുന്ന ശീലം നൽകിയ ചെറിയ വേദനയായിരുന്നു അത്. ഇതുപോലുള്ള വ്യക്​തികളെ നമ്മുടെ സമൂഹത്തിൽ കുറവല്ലാത്തവിധം കണ്ടുവരുന്നുണ്ട്​.


രോഗവും മാനസികാവസ്ഥയും

മനസ്സിന്‍റെ തകരാറുകളുമായി ബന്ധപ്പെട്ട്​ ഒരേസമയം നിരവധി ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്ന വ്യക്തികൾ ഉണ്ടെങ്കിലും ‘ഹൈപ്പോകോൺ‌ഡ്രിയാക്’ പ്രശ്നമുള്ളവർ ഏതെങ്കിലും ഒരു പ്രത്യേകരോഗം തനിക്കുണ്ടോ എന്ന്​ ആശങ്കപ്പെട്ട്​ കഴിയുന്നവരാണ്. ഇവർ ചികിത്സകരോട്​ രോഗലക്ഷണങ്ങൾ പറയുന്നതിന്​ പകരം തനിക്ക്​ ഈയൊരു രോഗമുണ്ടെന്ന സംശയം പങ്കുവെക്കുകയാണ്​ ചെയ്യുക.

രോഗമില്ലെന്ന്​ ഡോക്ടർമാർ പറഞ്ഞാലും ഡോക്ടർക്കോ അല്ലെങ്കിൽ രോഗനിർണയ സംവിധാനങ്ങൾക്കോ ഉണ്ടായ തകരാറ്​ കാരണമാണ്​ തന്‍റെ രോഗം കണ്ടുപിടിക്കാത്തത്​ എന്നായിരിക്കും ചിന്തിക്കുക. ഇവർ സമീപിക്കുന്ന ഡോക്ടർമാർ രോഗമില്ലെന്ന്​ ഉറപ്പുനൽകിയാൽകൂടിയും താൽക്കാലിക ആശ്വാസം ലഭിക്കുമെങ്കിലും താമസിയാതെതന്നെ ഇവരുടെ മാനസികാവസ്ഥ പഴയനിലയിലാവുകയും വീണ്ടും രോഗത്തെക്കുറിച്ചുള്ള ആശങ്കയിൽ മുഴുകുകയും ചെയ്യും.

അതുകൊണ്ടുതന്നെ ഇവർ വീണ്ടും വീണ്ടും ഡോക്ടർമാരെ സമീപിച്ച്​ സമയവും പണവും നഷ്ടപ്പെടുത്തി അവനവനുതന്നെയും കുടുംബാംഗങ്ങൾക്കിടയിലും അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ടിരിക്കും​.

ചിലരാവട്ടെ, തലവേദന വരുമ്പോൾ തലച്ചോറിലും ചെവിവേദന വന്നാൽ ചെവിക്കുള്ളിലും ട്യൂമറുകൾ ഉണ്ടെന്ന്​ സംശയിക്കും. മറ്റു ചിലരാവട്ടെ മൂത്രത്തിന്‍റെ നിറം മാറിയാൽ വൃക്കരോഗമാണെന്നും സംശയിച്ചുകൊണ്ടിരിക്കും. ചുരുക്കത്തിൽ, ഏതെങ്കിലും ശരീരഭാഗങ്ങളിൽ ഒരു പ്രത്യേകരോഗം പിടികൂടി എന്ന തോന്നലുകളാണ്​ ഇത്തരം രോഗികളുടെ പൊതുസ്വഭാവം.


പ്രധാന ലക്ഷണങ്ങൾ

എത്ര നിസ്സാരമായ ആരോഗ്യപ്രശ്നവും എന്തോ ഗുരുതരമായ രോഗമാണെന്ന്​ കരുതി നിരന്തരം ഡോക്ടർമാരെ സമീപിക്കുകയാണ്​ ഇവരുടെ പൊതുവായ രീതി. വിദഗ്​ധ ഡോക്ടർമാർ രോഗമില്ലെന്ന്​ ഉറപ്പു​നൽകിയാലും അക്കാര്യം വിശ്വസിക്കാതെ വീണ്ടും വീണ്ടും ഡോക്ടർമാരെയും മറ്റു​ ചികിത്സകരെയും സമീപിക്കുന്നതും സാധാരണമാണ്​. ഈ അവസ്ഥയെ വൈദ്യശാസ്​ത്രം ‘ഹൈപ്പോകോൺ‌ഡ്രിയാസിസ്’ എന്നാണ്​ വിശേഷിപ്പിക്കുന്നത്. ഈ അവസ്ഥയിലുള്ള വ്യക്തിയെ ‘ഹൈപ്പോകോൺ‌ഡ്രിയാക്’ എന്നും വിളിക്കുന്നു.

നിലവിൽ ​ആരോഗ്യപ്രശ്നങ്ങളുമായി ഡോക്ടർമാരുടെ അടുത്തെത്തുന്നവരിൽ ചെറിയൊരു ശതമാനമെങ്കിലും ‘ഹൈപ്പോകോൺ‌ഡ്രിയാസിസ്’ എന്ന അവസ്ഥയിലൂടെ സഞ്ചരിക്കുന്നവരാണ്​. ഇന്‍റർനെറ്റ്​ വ്യാപകമാവുകയും ​മെഡിക്കൽ സയൻസിലെ വിവരങ്ങളടക്കം കൈയിലുള്ള മൊബൈൽ ഫോണിൽ ലഭ്യമാകുകയും ചെയ്തശേഷം ഇത്തരക്കാരുടെ എണ്ണം വർധിച്ചുവരുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.

ചികിത്സിച്ചു മാറ്റാം

വിദഗ്​ധ മനോരോഗ ചികിത്സയിലൂടെ ഈ പ്രശ്നം മാറ്റിയെടുക്കാം. മരുന്നുകൾക്കൊപ്പം സൈക്കോ തെറപ്പിയും കൗൺസലിങ്ങും ഈ പ്രശ്നമുള്ളവർക്ക്​ നൽകാറുണ്ട്. ആന്‍റി ഡിപ്രസന്‍റ്​ വിഭാഗത്തിലുള്ള ‘സെലക്ടിവ് സെറോടോണിൻ റീഅപ് ടേക് ഇൻഹിബിറ്ററുകൾ’ (SSRI) രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ സഹായിക്കും.

ഇതോടൊപ്പം ‘കോഗ്നിറ്റിവ് ബിഹേവിയറൽ തെറപ്പി’ (CBT) അടക്കമുള്ള വിവിധതരം സൈക്കോതെറപ്പികളും ബിഹേവിയർ തെറപ്പികളും റിലാക്​സേഷൻ ടെക്​നിക്കുകളും നൽകുന്നപക്ഷം മികച്ച ഫലം നൽകും. അപൂർവം കേസുകളിൽ ആന്‍റി സൈക്കോട്ടിക്സ് മരുന്നുകളോടും രോഗികൾ നന്നായി പ്രതികരിക്കാറുണ്ട്​.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mental HeathHealth News
News Summary - Feeling sick is also a disease
Next Story