കുറച്ച് മാത്രം പ്രയത്‌നം ആവശ്യമായി വരുന്ന എയ്റോബിക് എക്‌സർസൈസാണ് സൈക്ലിങ്. നടത്തവും ജോഗിങ്ങും പോലെ ഹൃദയധമനികൾക്ക് ഏറ്റവും നല്ലതാണ് സൈക്ലിങ്ങും.
ഗുണങ്ങളേറെ
● മാനസികാരോഗ്യവും ബുദ്ധിശക്തിയും വർധിപ്പിക്കുന്നു: സ്‌ട്രെസ്, ഡിപ്രഷന്‍, ഉത്കണ്ഠപോലുള്ള മാനസിക പ്രശ്‌നങ്ങള്‍ കുറക്കാൻ സഹായിക്കും. ഏകാഗ്രതയോടെ സൈക്കിളോടിക്കുന്നതിലൂടെ മാനസിക പ്രശ്‌നങ്ങളില്‍നിന്ന് ഒരു പരിധിവരെ ശ്രദ്ധതിരിക്കാന്‍ സഹായിക്കും. മനസ്സിലെ വിഷാദങ്ങളും സങ്കടങ്ങളും ഇല്ലാതാക്കി, സമ്മർദം മാറ്റി ഉന്മേഷം നിറക്കാൻ കഴിയും.
ദിവസം മുഴുവൻ സന്തോഷവും നല്ല ഉറക്കവും ലഭിക്കും. ശരീരം ആക്ടിവായിരിക്കുമ്പോൾ ഏകാഗ്രത വർധിക്കുകയും ഊർജവും മെറ്റബോളിസവും ശരിയായി നിലനിര്‍ത്താൻ സഹായിക്കുകയും ചെയ്യും. രക്തചംക്രമണം വർധിപ്പിച്ച് ദിവസം മുഴുവന്‍ പോസിറ്റിവായി ഉണര്‍ന്നിരിക്കാന്‍ സാധിക്കുന്നു.
● ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാം: വ്യായാമമില്ലാത്തതാണ് പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീരോഗങ്ങളുടെ പ്രധാന കാരണം. ഇവയെ പ്രതിരോധിക്കാൻ ഏറ്റവും മികച്ച മാർഗംകൂടിയാണ്.
● ശരീരത്തിനു മുഴുവനായി ലഭിക്കുന്ന വ്യായാമം: ഹൃദയധമനികൾക്കു പുറമെ കാലിന്റെ മസിലുകൾക്കും നടുവിനും നല്ലതാണ്. സൈക്കിൾ ചവിട്ടുന്നതോടെ വയർ, അരക്കെട്ട്, കാൽ മസിലുകൾ ഉൾപ്പെടുന്ന മിഡില്‍ ബോഡിക്ക് ഉറപ്പ് കൂടുന്നു.
● ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും: പണച്ചെലവില്ലാതെ, അമിത ഭക്ഷണനിയന്ത്രണമില്ലാതെ, മറ്റു പാർശ്വഫലങ്ങളില്ലാതെ തടി കുറക്കാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കാൽ, കൈകൾ, അടിവയർ തുടങ്ങി ശരീരത്തിലെ മുഴുവൻ കൊഴുപ്പും കത്തിച്ചുകളയാൻ സഹായിക്കും.
ഒരു മികച്ച ഡയറ്റ് പ്ലാനിനൊപ്പം നിശ്ചിത സമയം വരെ സൈക്കിള്‍ ചവിട്ടാന്‍ ശ്രമിക്കാം. നടത്തവും സൈക്ലിങ്ങും താരതമ്യം ചെയ്തുനോക്കുമ്പോൾ കൂടുതല്‍ കാലറി എരിയിച്ചു കളയുന്നത് സൈക്ലിങ്ങിലൂടെ തന്നെയാണ്.
● ആരോഗ്യപ്രശ്‌നങ്ങളെ മറികടക്കാം: ഹൃദയത്തെ സംരക്ഷിക്കാൻ പറ്റിയ ഏറ്റവും മികച്ച കാർഡിയാക് വ്യായാമമാണ് സൈക്ലിങ്. ഇതുവഴി ബ്ലോക്ക്, അറ്റാക്ക് തുടങ്ങിയവയിൽനിന്ന് ഹൃദയത്തെ സംരക്ഷിക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദത്തിൽനിന്ന് സംരക്ഷണം നല്‍കാനും ടൈപ്പ് 2 ഡയബറ്റിസ് വരെ നിയന്ത്രിക്കാനും സാധിക്കും.
● ശ്വാസകോശത്തിനുള്ള വ്യായാമം: നടത്തവും ജോഗിങ്ങുംപോലെ തന്നെ ശരീരത്തിൽ ശ്വാസോച്ഛ്വാസ പ്രക്രിയ കൂടുന്നതുവഴി കൂടുതൽ ഓക്സിജൻ ലഭിക്കുകയും ശ്വാസകോശങ്ങളുടെ ആരോഗ്യവും പ്രവർത്തനക്ഷമതയും വർധിക്കുകയും ചെയ്യും.
● ആയാസരഹിതം: നടത്തത്തേക്കാള്‍ വളരെ വേഗത്തിൽ കാൽമസിലുകൾക്ക് ഉറപ്പുകിട്ടാൻ സൈക്ലിങ്ങാണ് നല്ലത്. ജോഗിങ് നടത്തുമ്പോഴും ഓടുമ്പോഴും കാൽമുട്ടുകൾക്കുണ്ടാവുന്ന അമിത ആയാസം സൈക്കിൾ വ്യായാമത്തിൽ ഇല്ല.
സൈക്കിൾ ചവിട്ടുമ്പോൾ ശരീരത്തിലുണ്ടാകുന്ന ചലനങ്ങൾമൂലം പേശികളുടെയും എല്ലുകളുടെയും ശക്തി വർധിക്കുന്നു. കൂടാതെ മസിലുകളുടെ വഴക്കം കൂട്ടാനും സഹായിക്കും.
കാലുകളിലും കൈകളിലും കൂടുതൽ ചലനങ്ങളുണ്ടാവുന്നതുവഴി കൈകാലുകൾ, അരക്കെട്ടിന് താഴെയുള്ള എല്ലുകൾ, ഷോൾഡർ എന്നിവിടങ്ങളിലെ ജോയന്റുകൾക്ക് കൂടുതൽ ശക്തി ലഭിക്കും.
● ചർമങ്ങൾക്ക് പുത്തനുണർവ്: ശരീരം വിയർക്കുകയും കൂടുതൽ രക്തയോട്ടം ഉണ്ടാവുകയും ചെയ്യുന്നു. ഈ സമയത്ത് കോശങ്ങൾ കൂടുതൽ ഊർജസ്വലമാകും. ചർമങ്ങൾക്ക് പുത്തനുണർവും തെളിച്ചവും ലഭിക്കും.
സൈക്കിൾ ചവിട്ടിത്തുടങ്ങും മുമ്പ് ശ്രദ്ധിക്കാം...
● തുടക്കക്കാർ ഒറ്റയടിക്ക് കൂടുതൽ ദൂരം സഞ്ചരിക്കരുത്.
● ചവിട്ടാന്‍ തുടങ്ങുമ്പോൾ തന്നെ കാല്‍മസിലുകളും നടുവും ആയാസപ്പെടുന്നതുകൊണ്ട് ചെറിയ സ്ട്രെച്ചിങ്ങിനുശേഷം മാത്രം സൈക്ലിങ് തുടങ്ങുക. നടുവിനും കാലിനും ആവശ്യമുള്ള സ്ട്രെച്ചിങ് ചെയ്യണം. കാൽമുട്ടു വളക്കാതെ വിരൽ പാദത്തിൽ തൊടുന്നതുപോലുള്ള സ്ട്രെച്ചിങ് നല്ലതാണ്.
● ചവിട്ടുന്ന ആളുടെ ഭാരം, സവാരിക്കിറങ്ങുന്ന സ്ഥലത്തിന്റെ ഭൂപ്രകൃതി തുടങ്ങിയവക്കനുസരിച്ച് ചവിട്ടുന്ന ദൂരം ക്രമീകരിക്കുക. സ്മാർട്ട് വാച്ച് വഴിയോ ഫോൺ വഴിയോ ഇത് സെറ്റ് ചെയ്യാം.
● രാവിലെയാണ് ഏറ്റവും മികച്ച സമയം.
● ഹെൽമറ്റ് നിർബന്ധമായും ധരിക്കുക.
● ശരീരത്തോടു ചേർന്നുകിടക്കുന്ന വസ്ത്രങ്ങൾ ഉപയോഗിക്കുക. അയഞ്ഞു കിടക്കുന്ന വസ്ത്രങ്ങൾ സൈക്കിൾ യാത്ര കൂടുതൽ ആയാസകരമാക്കും. ഗ്ലൗസും ഷൂസുമൊക്കെ ഉപയോഗിക്കുന്നതും യാത്ര എളുപ്പമാക്കും.
● സൈക്കിളില്‍ ഇരിക്കുന്നതും ശ്രദ്ധിക്കണം. നടുഭാഗം കുനിഞ്ഞ് ഇരിക്കരുത്.
● ഹൃദയത്തിനു തകരാറുള്ളവർ, ഹൈപ്പർ തൈറോയ്ഡ് ഉള്ളവർ, ഷുഗർ ലെവലിൽ വലിയ വ്യത്യാസങ്ങളുള്ളവർ, പെട്ടെന്ന് തലകറക്കം വരുന്നവർ ഒക്കെ സൈക്ലിങ് ഒരു വ്യായാമമായി എടുക്കുമ്പോൾ ശ്രദ്ധിക്കണം.
● കാലുകൾ, കൈകൾ, മുട്ട് ഇവയിലേതിലെങ്കിലും സർജറി കഴിഞ്ഞവരോ മുറിവ് പറ്റിയവരോ സൈക്ലിങ് ചെയ്യുന്നത് നല്ലതല്ല. ഇവ ഭേദമായശേഷം മാത്രം സൈക്ലിങ് ചെയ്യുക.
● സന്ധിവേദന, പുറംവേദന തുടങ്ങിയ ശാരീരികപ്രശ്നങ്ങളുള്ളവര് അധികം ചവിട്ടാതിരിക്കുക.
● യാത്രയിൽ തലകറക്കമോ തളർച്ചയോ വന്നാൽ പൾസ് റേറ്റ് നോക്കുക. അളവിൽ കൂടുതലാണ് പൾസ് റേറ്റെങ്കിൽ നിര്‍ബന്ധമായും വിശ്രമം എടുക്കുക.
● ഗിയറുള്ള സൈക്കിളുകൾ കാൽമുട്ടുകൾക്കുണ്ടാവുന്ന അമിത ആയാസം കുറക്കുന്നു.
● വയർ നിറയെ ഭക്ഷണം കഴിച്ച ഉടന്‍ സൈക്ലിങ് ചെയ്യരുത്. വെറും വയറോടെയും ചവിട്ടരുത്. ഈ രണ്ട് അവസ്ഥയും വളരെ പെട്ടെന്ന് ക്ഷീണമുണ്ടാക്കാൻ ഇടയാക്കും.
● ക്ഷീണം തോന്നുമ്പോൾ വിശ്രമിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യുക.
● കുടിവെള്ളം കൈയിൽ കരുതണം.
● നടക്കാനാകുമ്പോൾ മുതൽ കുഞ്ഞുങ്ങളെ ബേബി സൈക്കിൾ ഉപയോഗിക്കാൻ പരിശീലിപ്പിക്കാം. സെക്കിളിന്‍റെ ചലനവും ശരീരത്തിന്‍റെ ബാലൻസിങ്ങും ചെറുപ്രായത്തിൽതന്നെ ശീലിക്കുന്നത് ശാരീരികമായും മാനസികമായും ഗുണം ചെയ്യും.
● വാർധക്യത്തിലെ ആരോഗ്യ പ്രശ്നങ്ങളെ സുരക്ഷിതമായി പരിഹരിക്കുന്ന ഉപാധിയാണ് സൈക്ലിങ്. പ്രായമേറെയായിക്കഴിഞ്ഞ് സൈക്കിൾ ചവിട്ടാൻ പഠിക്കുന്നത് അത്ര എളുപ്പമല്ല. അതിനാൽ ആരോഗ്യമുള്ള കാലത്തുതന്നെ പഠിച്ചുവെക്കുന്നത് നല്ലതാണ്. പ്രായമേറിയവർക്ക് ഗിയറുള്ള സൈക്കിളാണ് ഉത്തമം. കാൽമുട്ടുകൾക്കുണ്ടാവുന്ന അമിത ആയാസം നന്നേ കുറക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.