കുട്ടിക്കഥ: സ്തുതിപറച്ചിലുകാരെ സൂക്ഷിക്കുക

വര: വി.ആർ. രാഗേഷ്

കുട്ടിക്കഥ: സ്തുതിപറച്ചിലുകാരെ സൂക്ഷിക്കുക

ഒരു കർഷകന്‍റെ വണ്ടിക്കാളയായിരുന്നു മണിയൻ. കൃഷിക്കാരന്‍റെ വിളവുകളും മറ്റു ചുമടുകളും മണിയനെ ബന്ധിച്ച വണ്ടിയിലായിരുന്നു ചന്തയിലെത്തിച്ചിരുന്നത്.

അങ്ങനെയിരിക്കെ കാട്ടിൽനിന്ന് ഒരു പുള്ളിപ്പുലി രാത്രി ഗ്രാമത്തിലിറങ്ങി. മണിയനെ കണ്ടപ്പോൾ പുള്ളിപ്പുലിയുടെ വായിൽ വെള്ളമൂറി.

ഇവനെ ശരിപ്പെടുത്തിയാൽ ഒരാഴ്ച കുശാലായിരിക്കുമെന്ന് പുള്ളിപ്പുലി കണക്കുകൂട്ടി.

പക്ഷേ, ഇവിടെനിന്ന് അതിനു കഴിയില്ല. ജനം വളഞ്ഞു തല്ലിക്കൊല്ലുമല്ലോ.

പാത്തും പതുങ്ങിയും പുള്ളിപ്പുലി മണിയനെ സമീപിച്ചു പറഞ്ഞു:

‘‘ചങ്ങാതീ, ഈ കുടമണിയും കിലുക്കി വണ്ടിയും വലിച്ചുപോകുന്ന നീ എത്ര സുന്ദരനാണ്. ആ കർഷകൻ നിന്നെ ആശ്രയിച്ചാണല്ലോ ജീവിക്കുന്നത്. നിന്നെക്കാൾ സമർഥൻ ഈ ലോകത്ത് വേറെയാരാണുള്ളത്? ഞാൻ നിന്നെ അഭിനന്ദിക്കുന്നു.’’

പുള്ളിപ്പുലിയുടെ വാക്കുകൾ മണിയനെ രോമാഞ്ചമണിയിച്ചു. അവന് തന്നെക്കുറിച്ച് വലിയ അഭിമാനവും തോന്നി.

അന്നുമുതൽ എല്ലാ രാത്രിയും ഗ്രാമം ഉറക്കമായാൽ പുള്ളിപ്പുലി മണിയന്‍റെയടുത്തെത്തി അവനെ പ്രശംസിക്കാൻ തുടങ്ങി. അങ്ങനെ ഇരുവരും വലിയ ചങ്ങാതിമാരാവുകയും ചെയ്തു.

ഒരു ദിവസം പുള്ളിപ്പുലി മ ണിയനോടു പറഞ്ഞു:

‘‘ചങ്ങാതീ, നിനക്കു നാണമില്ലേ, ആ മണ്ടൻ കർഷകന്‍റെ ചരക്കും ചുമടും വലിച്ചിങ്ങനെ നടക്കാൻ? നീയില്ലെങ്കിൽ അയാൾ വലഞ്ഞതുതന്നെ. ഇന്നു നീ പണിമുടക്കണം. അയാൾ തനിച്ച് ചന്തയിലേക്കു പോകട്ടെ.’’

പുള്ളിപ്പുലി പറയുന്നത് ശരിയാണെന്ന് മണിയനു തോന്നി. താനില്ലെങ്കിൽ യജമാനൻ എന്തു ചെയ്യുമെന്നൊന്ന് കാണാമല്ലോ...

അങ്ങനെ മണിയൻ ആലയിൽനിന്നിറങ്ങി. കർഷകൻ കാണാതെ കാടുകയറി.

കർഷകൻ കാളയെ കാണാതായപ്പോൾ തനിയെ ചന്തയിലേക്കു പോയി.

ഈ അവസരത്തിനു കാത്തിരിക്കുകയായിരുന്ന പുള്ളിപ്പുലി തനിനിറം പുറത്തുകാട്ടി.

മണിയനു മേൽ ചാടിവീണ് ആക്രമിക്കാനൊരുങ്ങി. അപകടം മണത്ത മണിയൻ ജീവനും കൊണ്ടോടി.

കർഷകർ പണിയെടുക്കു ന്നിടത്തേക്കോടിയ കാളയെ പിന്തുടരുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കിയ പുള്ളിപ്പുലി സ്ഥലംവിട്ടു.

മണിയൻ വൈകാതെ ആലയിലെത്തി. ചതിയൻ പുള്ളിപ്പുലി തന്നെ വെട്ടിലാക്കാനാണ് ഇത്രയും നാൾ പുകഴ്ത്തിപ്പറഞ്ഞതും പ്രശംസിച്ചതുമെന്ന് മണിയന് അപ്പോൾ മാത്രമാണ് മനസ്സിലായത്.

സ്തുതിപാഠകരുടെ പ്രശംസയിലെ ചതി മണിയനെ ശരിക്കുമൊരു പാഠം പഠിപ്പിക്കുക തന്നെ ചെയ്തു.

എഴുത്ത്: ഗിഫു മേലാറ്റൂർ





Tags:    
News Summary - children's story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.