വര: വി.ആർ. രാഗേഷ്

കുട്ടിക്കഥ: കടുവച്ചാർ വീണേ!

മൂന്നു മുയൽക്കുട്ടന്മാർ കാട്ടരുവിയുടെ തീരത്തു കറുകപ്പുല്ലു തിന്നുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അവി​ടേക്ക് പാത്തും പതുങ്ങിയും ഒരു കടുവച്ചാർ വന്നത്.

ഈ മുയലുകളെയെല്ലാം പിടിച്ചുതിന്നണം. കടുവ വിചാരിച്ചു. കടുവ പമ്മിപ്പമ്മി അവിടേക്ക് വരുന്നത് കൂട്ടത്തിലെ നേതാവായ ടിങ്കു മുയൽ കണ്ടു.

‘‘കൂട്ടുകാരേ ഓടി​ക്കോ... ദാ കടുവ...’’ ടിങ്കു വിളിച്ചുപറഞ്ഞു. അതുകേട്ടതോടെ മുയലുകളെല്ലാം ജീവനുംകൊണ്ട് കൂട്ടത്തോടെ ഓടെടാ... ഓട്ടം...

പിന്നാലെ കടുവച്ചാരും പാഞ്ഞു.

മുയലുകൾ തൊട്ടടുത്തുകണ്ട ഒരു കുന്നിൻമുകളിലേക്കാണ് പാഞ്ഞുകയറിയത്. കുന്നിൻമുകളിൽച്ചെന്ന് അവർ താഴേക്ക് നോക്കിയപ്പോൾ അതാ പിന്നാലെ കടുവച്ചാരും ഏന്തിവലിഞ്ഞു കയറിവരുന്നു.

‘‘അയ്യോ... കടുവയും മുകളിലേക്ക് കയറിവരുകയാണല്ലോ... ഇനി നമ്മൾ എന്തുചെയ്യും?’’, ​ഒരു മുയൽ പേടിയോടെ നേതാവിനോടു ചോദിച്ചു.

‘‘ഇനി നമ്മൾ എങ്ങോട്ടും പോകുന്നില്ല. പോകാൻ ഒരു സ്ഥലവുമില്ല. ഇപ്പോൾ കടുവയിൽനിന്നു രക്ഷപ്പെടാനുള്ള ഒരു മാർഗം ഞാൻ നിങ്ങൾക്ക് പറഞ്ഞുതരാം. ഈ കുന്നിൻമുകളിൽ ധാരാളം പാറക്കല്ലുകളുണ്ട്. അതൊക്കെ ഉരുട്ടി താഴേക്കിട്ടാൽ മതി. നാമെല്ലാം രക്ഷപ്പെടും.’’ അതും പറഞ്ഞ് ടിങ്കു മുയൽ പാറക്കല്ലുകൾ ഉരുട്ടി താഴേ​ക്കിടാൻ തുടങ്ങി. മറ്റുള്ള മുയലുകളും അതേപണി ചെയ്തു.

താ​ഴേക്ക് ഉരുണ്ടുവരുന്ന കല്ലുകൾ കടുവച്ചാരുടെ മേത്തുവീഴാൻ തുടങ്ങിയതോടെ ബാലൻസ് തെറ്റി കടുവ കുന്നിൻമുകളിൽനിന്നും താഴേക്കുവീണു. ‘‘വിധിം.’’

പരിക്കുപറ്റി താ​ഴേക്കുവീണ കടുവച്ചാർ വലിയ വായിൽ ഹയ്യോ, ഹയ്യോ എന്നു കരഞ്ഞു.

ഒടുവിൽ ഞൊണ്ടി ഞൊണ്ടി കരഞ്ഞുകൊണ്ട് അവിടന്ന് സ്ഥലംവിട്ടു.

‘‘ആപത്ത് മുന്നിൽ വരുമ്പോൾ നാമെല്ലാം ഭയന്നുപോകും. ചിലപ്പോൾ ആ ആപത്തിൽനിന്നും രക്ഷപ്പെടാനുള്ള ഒരു മാർഗം കണ്ടെത്താൻ കഴിഞ്ഞേക്കും. നമ്മളിപ്പോൾ അങ്ങനെയുള്ള ഒരു മാർഗം കണ്ടെത്തി രക്ഷപ്പെട്ടു.’’

നേതാവ് ടിങ്കു മുയൽ പറഞ്ഞു.

നേതാവ് ആ പറഞ്ഞതിൽ കാര്യമുണ്ടെന്ന് മറ്റുള്ള മുയലുകൾക്കും അപ്പോൾ തോന്നി.

ആപത്ത് വരുമ്പോൾ ആരും തളരരുത്. പ്രത്യാശ കൈവിടാതെ ധീരതയോടെ പ്രവർത്തിക്കണം.

എഴുത്ത്: കൺസൺ ബാബു എരമം





Tags:    
News Summary - kutty katha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.