വര: വി.ആർ. രാഗേഷ്

കുട്ടിക്കഥ: ലോപ്പുവിന് പറ്റിയ പറ്റ്

ലോപ്പുക്കുട്ടാ, ആവശ്യമില്ലാത്ത സാധനങ്ങൾ മാന്താനും മണത്തു നോക്കാനും പോകരുത്.’’ മീനുക്കുട്ടി ഇടക്കിടെ പറയും. എങ്കിലും അതൊന്നും കൂട്ടാക്കാതെ ലോപ്പു കാണുന്ന വസ്തുക്കളെല്ലാം മണത്തു നോക്കാനും മാന്തിപ്പൊളിക്കാനും ശ്രമിക്കും. ഒരു ദിവസം മീനുവിന്‍റെ അച്ഛൻ ഒരു പെട്ടിയുംകൊണ്ടാണ് വീട്ടിലെത്തിയത്. മുറ്റത്ത് ഉയർന്ന തട്ടിൽ പെട്ടി ഉറപ്പിക്കാനും അദ്ദേഹം മറന്നില്ല.

ലോപ്പുക്കുട്ടാ പൊന്നുണ്ണീ
പെട്ടിക്കരികിൽ ചെല്ലല്ലേ
പെട്ടി തുറക്കാൻ നോക്കല്ലേ...
പെട്ടി നിനക്കിതു പറ്റില്ല.

പെട്ടിയുടെ അടുത്ത് അഭ്യാസത്തിന് പോകരുത് എന്ന് വീണ്ടും വീണ്ടും അച്ഛൻ ഓർമിപ്പിച്ചു. ലോപ്പു കുറച്ചുദിവസം ക്ഷമിച്ചു. അതിന് പ്രധാന കാരണം പെട്ടി ഉയരത്തിൽ വെച്ചിരിക്കുന്നതിനാൽ അവന് എത്തില്ല എന്നതുതന്നെ. ഒരു ദിവസം പെട്ടിക്കു സമീപം ഒരു കസേര കൊണ്ടുവെച്ചിട്ട് അച്ഛൻ മാറിയ തക്കത്തിന് ലോപ്പു അതിൽ വലിഞ്ഞു കയറി പെട്ടി പരിശോധിക്കാൻ ശ്രമിച്ചു. അതൊരു തേനീച്ചപ്പെട്ടിയായിരുന്നു. തേനിന്റെ മണം അവനെ കൊതിപ്പിച്ചു.

ആഹാ! എന്തൊരു മണമാണേ
കൊതിയാവുന്നുണ്ടയ്യയ്യാ...
തേൻകുടിക്കാനെന്തു വഴി?
വായിൽ വെള്ളം നിറയുന്നേ....

ആർത്തിയോടെ ലോപ്പു പെട്ടിയിൽ തട്ടിയും മുട്ടിയും മാന്തിയും നോക്കി. തേനീച്ചക്കൂട്ടം ഇളകിവന്ന് ലോപ്പുവിനെ ആക്രമിച്ചു. ദേഹത്തും മുഖത്തും നിരവധി തേനീച്ചകൾ ഒരുമിച്ച് കുത്തി. തേനീച്ചക്കുത്തേറ്റ് വീർത്ത മുഖവുമായി വരുന്നകൂട്ടുകാരനെ കണ്ട മീനുക്കുട്ടി ചോദിച്ചു:

‘‘എന്തുപറ്റി ചങ്ങാതീ? ആരോട് പിണങ്ങിയാണ് ഇങ്ങനെ മുഖം വീർപ്പിച്ചിരിക്കുന്നത്?’’

വേദനയും ദുഃഖവും കലർന്ന ഭാവത്തിൽ കുരയ്ക്കാൻപോലും പറ്റാതെ നായ്ക്കുട്ടി ദയനീയമായി മോങ്ങി.

എഴുത്ത്: ഹരീഷ് ആർ. നമ്പൂതിരിപ്പാട്





Tags:    
News Summary - kutty katha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.