അലങ്കാരപ്പനയിൽ ചാരി പുഞ്ചിരിച്ചുനിൽക്കുന്ന ഉമ്മ. മീറ്ററുകൾക്ക് അകലെ മുന്നിൽനിന്ന് സൈക്കിളിൽ കുതിച്ചെത്തുന്ന മകൻ. തൊട്ടരികിൽ എത്തി ബ്രേക്കിടുന്ന സ്ഥിരം ഐറ്റമാണ് പ്രതീക്ഷിച്ചതെങ്കിൽ തെറ്റി, ഇവിടെ ക്ലൈമാക്സ് വേറെ ലെവലായിരുന്നു.
ഉമ്മയോട് ചേർന്ന് സൈക്കിൾ ബ്രേക്കിട്ട് ബാക്ക് വീൽ ഉയർത്തി നെറ്റിയിൽ മുത്തമിടുന്ന മകൻ... ‘സ്റ്റോപീ വിത്ത് ഉമ്മി’ എന്ന കാപ്ഷനോടെ ഇൻസ്റ്റഗ്രാം ഇളക്കിമറിച്ച റീലുകളിൽ ഒന്നാണിത്. കാഴ്ചക്കാരെ തെല്ലൊന്നമ്പരപ്പിച്ച് കിളി പാറിപ്പിച്ച ഐറ്റം.
‘കിഡീസ് സ്കൂപ്’ (Kiddies scoop (@kiddies_scoop_) എന്ന ഇൻസ്റ്റഗ്രാം, യൂട്യൂബ് ചാനലിലൂടെ കണ്ണോടിച്ചാൽ അതുക്കുംമേലെയാണ് ഇവരുടെ ‘നമ്പറുകൾ’. ഒമ്പതു വയസ്സുകാരനായ എം.ടി.ബി ഫ്രീസ്റ്റൈലർ ഇഷാന്‍റെ കിടിലൻ പെർഫോമൻസുകൾ ഇന്ന് വൈറലാണ്.
പുതിയ തലമുറയുടെ ഹരമായി മാറിയ പാർക്കൗറിൽ ക്ലാസ് ഐറ്റങ്ങളുമായി അത്ഭുതപ്പെടുത്തുന്ന ഏഴു വയസ്സുകാരൻ സഹോദരൻ ഒർഹാനും കൂടിയാൽ പിന്നെ ‘കളി’ വേറെ ലെവലാണ്...
അസാധ്യ മെയ്‍വഴക്കത്തോടെ ചെയ്യുന്ന പത്തനംതിട്ട റാന്നി വെണ്ണിക്കുളം സ്വദേശികളായ കുട്ടിക്കുറുമ്പുകളുടെ വിശേഷത്തിലേക്ക്...
എം.ടി.ബി ഫ്രീസ്റ്റൈലർ ഇഷാൻ
സൈക്കിളിൽ കയറി ഇരുന്നാൽ പിന്നെ ഇഷാന് രണ്ടു ചിറക് മുളക്കും. നിലത്ത് നിൽക്കാതെ പറപറക്കും, ടയർ ഇല്ലാതെയും ഒറ്റ ടയറിലും നിന്നും ഇരുന്നും കിടന്നും അങ്ങനെ പല ഐറ്റങ്ങൾ... എം.ടി.ബി (Mountain Bike) ഫ്രീസ്റ്റൈലറാണ് ഇഷാൻ. എട്ടാം വയസ്സിലാണ് പരിശീലിച്ചുതുടങ്ങിയത്.
വീലീ, സ്റ്റോപീ, രണ്ടു തരത്തിലുള്ള സ്വിച്ച് ബാക്ക്, ട്രാക്ക് സ്റ്റാന്‍റ്, ട്രാക്ക് വിത്ത് ഔട്ട്ഹാൻഡ്, സ്ലോ റൈസ്, ബണ്ണി ഹോപ്, റോളിങ് സ്റ്റോപീ, ജംപിങ് വീലീ, ഫ്ലിപ് ഹാൻഡിൽ ബാർ, സ്റ്റോപീ + വീലീ, എന്‍റോ, ക്രിസ്റ്റ്, ഹാൻഡ് ക്രാബ്, വൺ ഹാൻഡ് വീലീ, മാന്വൽ വീലീ, ഡെൽത്ത് സ്പിൻ എന്നിങ്ങനെ പതിനേഴോളം എം.ടി.ബി ഫ്രീസ്റ്റൈലിങ്ങുകളിൽ പരിശീലനം നേടിയിട്ടുണ്ട്.
കുട്ടിക്കാലം മുതൽ സൈക്കിളിൽ ഹരംപിടിച്ചു തുടങ്ങിയ ഇഷാന് നീന്തൽ, ക്രിക്കറ്റ്, ഫുട്ബാൾ എന്നിവയും ഇഷ്ടമേഖലകളാണ്. കഴിഞ്ഞ വർഷം പത്തനംതിട്ട ജില്ല അണ്ടർ-14 ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ ലഭിച്ചെങ്കിലും എം.ടി.ബി ഫ്രീസ്റ്റൈലിൽ മാത്രം കോൺസൺട്രേറ്റ് ചെയ്തതിനാൽ പങ്കെടുത്തിരുന്നില്ല.
പാർക്കൗറിൽ പുലിയാണ് ഒർഹാൻ
2018ൽ പുറത്തിറങ്ങിയ ‘ആദി’ സിനിമയിൽ പ്രണവ് മോഹൻലാലിന്‍റെ പാർക്കൗർ ടെക്നിക്കിന് വൻ കൈയടിയായിരുന്നു. അസാധ്യ മെയ്‌വഴക്കത്തോടെ അതിഗംഭീരമായ ആക്ഷൻ പ്രകടനമാണ് പ്രണവ് കാഴ്ചവെച്ചത്. അതിൽ ചില പാർക്കൗർ ചലനരീതികളിലൂടെ തിളങ്ങുകയാണ് ഒർഹാനും.
വീൽകാർട്ട്, ബാക്ക് ഫ്ലിപ്, ഫ്രണ്ട് ഫ്ലിപ്, ഫ്രണ്ട് ഹാൻഡ് സ്പ്രിങ്, ബാക്ക് ഹാൻഡ് സ്പ്രിങ്, ഫ്ലൈ, വീൽകാർട്ട് ഫ്ലിപ് കോംബോ, റോളിങ് തുടങ്ങി ഒമ്പതോളം ചലനരീതിയിൽ ഒർഹാൻ മിടുക്കനാണ്. ആറു മാസം മുമ്പാണ് പരിശീലനം തുടങ്ങിയത്. ജന്മനായുണ്ടായ ആരോഗ്യപ്രശ്നത്തെ തുടർന്നുള്ള ചികിത്സക്കുശേഷമായിരുന്നു പരിശീലനം ആരംഭിച്ചത്.
സോഷ്യൽമീഡിയയിലെ കുട്ടിക്കുറുമ്പുകൾ
കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവരുടെ ഇഷ്ടതാരങ്ങളാണ് ഇരുവരും. ഒരു വർഷം മുമ്പാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയിട്ട് ആറുമാസവും. കാഴ്ചക്കാരുടെ ടേസ്റ്റ് മാറുമ്പോഴാണല്ലോ വിഡിയോയുടെ ട്രെൻഡിങ് രീതികളും മാറുക. വ്യത്യസ്ത രീതിയിലുള്ള വിഡിയോകൾ ചെയ്യാൻ തുടങ്ങിയതോടെ ചിലതെല്ലാം വൈറലായി. ഫോളോവേഴ്സും സബ്സ്ക്രിപ്ഷനും കൂടി. ഇരുവരെയും സപ്പോർട്ട് ചെയ്ത് ഉമ്മ നിസയും ഇടക്ക് വിഡിയോയിൽ പ്രത്യക്ഷപ്പെടാറുണ്ട്.
മത്സരിക്കാൻ ഇനിയും കാത്തിരിക്കണം
പ്രധാന ഇവന്‍റുകളുടെ ചട്ടമനുസരിച്ച് 12 വയസ്സെങ്കിലും വേണം മത്സരിക്കാൻ. എങ്കിലും കേരളത്തിനകത്തെയും പുറത്തെയും ഇവന്‍റുകളിൽ പ്രാക്ടീസ് എന്ന നിലക്ക് ഇഷാൻ പങ്കെടുക്കാറുണ്ട്. ഇഷാന്‍റെ പെർഫോമൻസ് അറിയുന്ന സംഘാടകർ അവന് പിന്തുണയുമായി എപ്പോഴുമുണ്ട്.
അടുത്തിടെ കേരള സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ എം.ടി.ബി-റോഡ് ബൈക്ക് വിഭാഗത്തിൽ പങ്കെടുത്ത് മികച്ച രീതിയിൽ ഫിനിഷ് ചെയ്ത് ൈകയടി വാങ്ങിയിരുന്നു. പിതാവ് ഷമീം തന്നെയാണ് ഇരുവരുടെയും പരിശീലകൻ.
ചെറുപിഴവുകൾ മതി വലിയ അപകടങ്ങൾക്ക്
‘സുരക്ഷാ മുൻകരുതലുകളെല്ലാം സ്വീകരിച്ചശേഷം മാത്രമേ പരിശീലനവും ഫ്രീസ്റ്റൈലിങ്ങും പാർക്കൗറും ചെയ്യാറുള്ളൂ. തലയിടിച്ചും നടുകുത്തിയും വീഴാനും വൻ പരിക്കുകളേൽക്കാനും ഏറെ സാധ്യതയുള്ളതിനാൽ മെയ്‌വഴക്കവും കഠിന പരിശീലനവും അത്യാവശ്യമാണ്.
കൃത്യവും ഗുണമേന്മയുള്ളതുമായ സുരക്ഷാപാഡുകൾക്കു പുറമേ സ്പോഞ്ചും മറ്റും അധികമായി ഉപയോഗിച്ച് റിസ്ക് ഏറ്റവും കുറഞ്ഞ രീതിയിലാണ് പരിശീലനം. അതിനു ശേഷം സ്റ്റെപ്പുകളായാണ് ഉയർന്ന തലത്തിലേക്കു പോകുന്നത്, ഓരോ സ്റ്റെപ്പും കൃത്യമായി പഠിച്ചശേഷം മാത്രം. രണ്ടാളുടെയും താൽപര്യംകൊണ്ടുമാത്രമാണ് ഇത്രയും പെട്ടെന്ന് റിസ്കുള്ള ഐറ്റങ്ങളെല്ലാം എളുപ്പം പഠിച്ചെടുക്കാനായത്.
ദിവസവും വൈകീട്ട് ഒരു മണിക്കൂറുള്ള പരിശീലനം മുടക്കാറില്ല. പരിശീലകനായ ഞാനും ആവശ്യമായ ഗൃഹപാഠം ചെയ്യും. അതിനായി രാജ്യത്തിനകത്തും പുറത്തുമുള്ള ഈ മേഖലയിലെ വിദഗ്ധരുമായി നിരന്തരം സംസാരിക്കും. അത്തരം പിന്തുണകൾ എനിക്കും സഹായകരമാണ്. നിസയുടെ ജോലി ആവശ്യാർഥം മൂന്നുമാസം മുമ്പാണ് കോന്നിയിൽനിന്ന് വെന്നിക്കുളത്തേക്ക് താമസം മാറിയത്.
വീടിനടുത്തുള്ള സെന്‍റ് ബെഹനാൻസ് ഓർത്തഡോക്സ് പള്ളിമുറ്റത്താണ് പരിശീലനം. പരിശീലനത്തിന് അനുമതിതേടി ഫാദർ ദിനേഷ് പാറക്കടവിന്‍റെ അരികിലെത്തിയപ്പോൾ അദ്ദേഹത്തിന് പൂർണ സമ്മതമായിരുന്നു. ഈ നാടുമായിട്ട് പരിചയപ്പെട്ടുവരുന്നതേയുള്ളൂവെങ്കിലും ഫാദറിന്‍റേയും ഇടവക അംഗങ്ങളുടേയും പിന്തുണ ഏറെ സഹായകരമായി. പള്ളി പെരുന്നാളിനും മറ്റു പരിപാടികളിലും മക്കളെ പങ്കെടുപ്പിച്ച് സമ്മാനങ്ങളും നൽകാറുണ്ട് ’ -ഷമീം പറഞ്ഞു.
ആരെയും പരിശീലിപ്പിക്കാനില്ല
സോഷ്യൽ മീഡിയയിൽ ഇവരുടെ വിഡിയോ കണ്ട് അഭിനന്ദനം അറിയിച്ചും അല്ലാതെയും ലഭിക്കുന്നത് നിരവധി മെസേജുകളാണ്. കാളുകൾ വേറെയും. കുട്ടികളല്ലേ, അപകടം സംഭവിക്കുമോ എന്നതാണ് മിക്കയാളുകളുടെയും ആശങ്ക. എല്ലാവരോടും നന്ദിയുണ്ട്.
ധൈര്യവും താൽപര്യവും കമ്മിറ്റ്മെന്‍റും ഉണ്ടെങ്കിൽ ആർക്കും പഠിക്കാവുന്നതും നേടാവുന്നതുമായ കാര്യങ്ങളേ ഈ ലോകത്തുള്ളൂ. കുട്ടികളാണെങ്കിൽ അവരുടെ താൽപര്യംകൂടി മനസ്സിലാക്കി മുന്നോട്ടുപോകണമെന്നുമാത്രം. എന്നാൽ, റിസ്കും പരിമിതിയും കാരണം തൽക്കാലം മറ്റുള്ളവരെ പരിശീലിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു സൈക്കിളിന് വേണം മിനിമം 50,000 രൂപ
സൈക്കിൾ, എക്സ്ട്രാ ഫിറ്റിങ്സ്, സുരക്ഷാ ഉപകരണങ്ങൾ എന്നിങ്ങനെയുള്ള അനുബന്ധമായവ വാങ്ങാനുള്ള ചെലവ് ഭാരിച്ചതാണ്. വിദഗ്ധ പരിശീലനത്തിനും ഭാവിയിൽ മത്സരങ്ങളിൽ പങ്കെടുക്കാനും നല്ലൊരു സ്പോൺസർഷിപ് അത്യാവശ്യമാണ്.
ആരെങ്കിലും തേടിവരുമെന്ന പ്രതീക്ഷയിലാണ് ഷമീം. പരസ്യത്തിലേക്ക് ക്ഷണിച്ചും മറ്റും ചെറിയ അന്വേഷണങ്ങൾ വരാറുണ്ട്. വിവിധ വിഭാഗത്തിലുള്ള പത്തോളം സൈക്കിളാണ് ഇതിനകം വാങ്ങിയത്. 50,000 രൂപക്കു മുകളിലാണ് ഓരോന്നിന്റെയും വില.
പരിശീലനത്തിന്‍റെ ഓരോ ഘട്ടം പിന്നിടുമ്പോഴും അതിനാവശ്യമായ സൈക്കിളും വേണ്ടിവരും. ഈയിടെയാണ് മാരിൻ ബൈക്ക്സിന്‍റെ അൽക്കാട്രസ് (marin alcatraz cycle) സൈക്കിൾ വിദേശത്തുനിന്ന് എത്തിച്ചത്. അത്യാവശ്യമുള്ള എക്സ്ട്രാ ഫിറ്റിങ്സ് കൂടി ആയാൽ വില ഇനിയും കൂടുമെന്നതിനാൽ തൽക്കാലം ബേസിക് മോഡലാണ് വാങ്ങിയത്.
മൊബൈൽ ഔട്ട്
‘വീട്ടിൽ മക്കൾ മൊബൈൽ ഉപയോഗിക്കാറേയില്ല. ബാലൻസിങ്ങും കോൺസൻട്രേഷനും അത്യന്താപേക്ഷിതമായ മേഖലയായതുകൊണ്ട് മക്കളെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുകയായിരുന്നു. മൊബൈൽ ഉപയോഗിച്ചില്ലെങ്കിൽ ദിവസവും ഒരു ഗിഫ്റ്റ് എന്ന ‘തന്ത്ര’മാണ് പ്രയോഗിച്ചത്.
വീട്ടിൽ ടി.വിയും ഇല്ല. രണ്ടു ദിവസം കൂടുമ്പോൾ നെറ്റ്ഫ്ലിക്സിൽ എല്ലാവരും ഒരു സിനിമ കാണും. ഞങ്ങളും അവർക്കിടയിൽ മൊബൈൽ പരമാവധി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. നിയന്ത്രണംകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്, പഠനത്തിലും പ്രാക്ടീസിലും ഗുണമുണ്ടായിട്ടുണ്ട്’- നിസ പറഞ്ഞു. ഇഷാൻ നാലിലും ഒർഹാൻ ഒന്നാം ക്ലാസിലുമാണ്. റാന്നി സിറ്റാഡെൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർഥികളാണ്. ഷമീം മെഡിക്കൽ റെപ്രസന്‍റേറ്റിവാണ്. നിസ ഫാർമസിസ്റ്റും.
പാർക്കൗർ
ചാട്ടവും കുത്തിമറയലും മാത്രമല്ല പാര്‍ക്കൗര്‍, പുതിയ ഫിറ്റ്നസ് ട്രെന്‍ഡ് കൂടിയാണ്. ഫ്രീ റണ്ണിങ് എന്നും അറിയപ്പെടാറുണ്ട്. മെയ്‌വഴക്കം മാത്രം പോരാ, മനക്കരുത്തും ഈ കായികാഭ്യാസത്തിന് അനിവാര്യം. ഓട്ടം, ചാട്ടം, വലിഞ്ഞുകയറ്റം, തൂങ്ങിയാട്ടം, കരണംമറിച്ചിൽ, ഉരുളൽ, നാലുകാലിൽ നടക്കൽ തുടങ്ങിയ സാഹചര്യങ്ങളിൽ സ്വന്തം ചലനങ്ങളെ ക്രമീകരിച്ച് അപകടങ്ങൾ മറികടക്കുക എന്നതാണ് പാർക്കൗറിന്റെ തിയറി.
ഭയത്തെ അതിജീവിക്കുക എന്നതാണ് ഈ കായികാഭ്യാസത്തിന്റെ രഹസ്യം. ബേസിക് രീതികൾ മാത്രമായിരുന്ന പാർക്കൗർ ഇപ്പോൾ നിരവധി ചലനരീതിയിലേക്കാണ് എത്തിനിൽക്കുന്നത്. ഫുള്‍ ബോഡി വർക്കൗട്ട്- ഓട്ടവും ചാട്ടവും തടസ്സങ്ങള്‍ മറികടക്കലുമെല്ലാം ഉള്ളതിനാൽ ശരീരത്തിലെ എല്ലാ മസിലുകൾക്കും വ്യായാമം ലഭിക്കും.
(warning: പരിശീലനത്തിലൂടെ നേടിയെടുത്ത കഴിവാണ് ഇത്. ദയവായി കുട്ടികൾ അനുകരിക്കരുത്)
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.