ബിനു പപ്പു

പ്രേക്ഷകർക്ക് പിന്നെയും പിന്നെയും ഓർത്തെടുക്കാനുള്ളതെല്ലാം ഓരോ റോളിലും ബാക്കിവെക്കുന്ന നടനാണ് ബിനു പപ്പു. മലയാളികൾ ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന അതുല്യ നടൻ കുതിരവട്ടം പപ്പുവിന്‍റെ മകന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്.

എന്നുമുതൽ അഭിനയത്തിലേക്ക് വഴിമാറിയോ, ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്‍റെ മേഖലയെന്ന് ബിനു തിരിച്ചറിയുന്നുണ്ട്.

അഭിനയത്തിന് പിന്നാലെ സംവിധാനത്തിലേക്കും കടക്കാനിരിക്കുകയാണ് അദ്ദേഹം. അതിന്‍റെ ആദ്യപടിയായി ഒരുക്കുന്ന കഥ അടുത്തവർഷം സിനിമയാകും. പുതിയ സിനിമകളുടെ തിരക്കിനിടെ, ഓണവിശേഷങ്ങളും സിനിമാ വിശേഷങ്ങളും അദ്ദേഹം ‘കുടുംബ’വുമായി പങ്കുവെക്കുന്നു.


സിനിമകൾ വരുന്നത്

‘നുണക്കുഴി’യാണ് ഏറ്റവും പുതിയ ചിത്രം. ഒരു സിനിമാ നിർമാതാവിന്‍റെ വേഷമാണ്. തരുൺ മൂർത്തിയുടെ മോഹൻലാൽ ചിത്രത്തിന്‍റെ കോ ഡയറക്ടറാണ്, അതിൽ അഭിനയിച്ചിട്ടുമുണ്ട്. ലുഖ്മാനൊപ്പം അഭിനയിക്കുന്ന ‘ബോംബെ പോസിറ്റീവ്’, അരുൺ ഡി. ജോസിന്‍റെ ‘റൊമാൻസ്’ എന്നീ ചിത്രങ്ങളും വരാനുണ്ട്.

കഥ കേൾക്കുമ്പോൾ ഇഷ്ടം തോന്നുന്ന ചിത്രങ്ങളാണ് ചെയ്യുന്നത്. ഒരുപാട് കഥകൾ കേൾക്കുന്നു എന്നല്ല, വരുന്ന ചിത്രങ്ങളിൽ ചെയ്യാൻ തോന്നുന്നവയാണ് തിരഞ്ഞെടുക്കുന്നത്. ആ സിനിമയിൽ കഥാപാത്രത്തിന്‍റെ പ്രാധാന്യം എത്രയുണ്ടെന്ന് നോക്കും.

മുഴുനീള സാന്നിധ്യം അല്ല പറയുന്നത്. ആഗ്രഹിക്കുന്നത് കിട്ടുക എന്നതിനപ്പുറം, തേടി വരുന്നതിൽനിന്ന് താൽപര്യം തോന്നുന്നവയാണ് ചെയ്യുന്നത്. നല്ലൊരു കഥാപാത്രം വരുമ്പോൾ തിരക്കഥയെഴുതുന്നവരാണെങ്കിലും സംവിധായകരാണെങ്കിലും നമ്മളെ ഓർക്കണമല്ലോ.

പൊലീസ് വേഷങ്ങൾക്ക് കാരണം

ഞാൻ സിനിമ ചെയ്തു തുടങ്ങിയിട്ടേയുള്ളൂ എന്ന് പറയാം. പത്തു വർഷമേ ആയിട്ടുള്ളൂ അഭിനയം തുടങ്ങിയിട്ട്. ഏതാണ്ട് നാൽപതോളം ചിത്രങ്ങൾ ചെയ്തു. അസിസ്റ്റന്‍റ് ഡയറക്ടറായും അസോ. ഡയറക്ടറായും 14 ചിത്രങ്ങളുണ്ട്.

കുറച്ചു സിനിമകളിൽ പൊലീസ് വേഷം ചെയ്തിട്ടുണ്ട്. ഒരു സിനിമയിൽ പൊലീസാകുമ്പോൾ അടുത്ത സിനിമയിലും വിളിക്കുന്നത് പൊലീസ് വേഷത്തിനായിരിക്കും.

എങ്കിൽപോലും രണ്ടു സിനിമകളിലും യൂനിഫോമിൽ മാത്രമേ സാമ്യമുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. അല്ലാത്തപക്ഷം കഥാപാത്രങ്ങൾ വേറെയാണ്, പശ്ചാത്തലം മറ്റൊന്നാണ്, കഥയും വ്യത്യസ്തമാണ്. ഒരേ പോലുള്ള റോളായി തോന്നുമ്പോൾ അത് ചെയ്യാറില്ല.

അച്ഛനൊപ്പം (ഫയൽ ഫോട്ടോ)


ആ ടെൻഷൻ ഇപ്പോഴുമുണ്ട്

മലയാളികൾ കാലങ്ങൾക്കിപ്പുറവും നെഞ്ചേറ്റുന്ന വലിയ നടന്‍റെ മകൻ എന്ന മേൽവിലാസം അഭിനയത്തിൽ ഇപ്പോഴും ടെൻഷൻ നൽകാറുണ്ട്. ആദ്യം മുതലേ അതെന്‍റെ കൂടെയുണ്ട്.

ജനങ്ങൾ അത്രയും ഇഷ്ടപ്പെടുന്ന ഒരാളുടെ മകൻ എന്ന സ്വീകാര്യത എല്ലായിടത്തുനിന്നും കിട്ടാറുണ്ട്. അത് വലിയൊരു അനുഗ്രഹമാണ്. അതോടൊപ്പം ഉത്തരവാദിത്തവും കൂടുതലാണ്. ആ ടെൻഷൻ ആയുഷ്‌ക്കാലം മുഴുവൻ നമ്മോടൊപ്പമുണ്ടായിരിക്കും.


അച്ഛന്‍റെ ഓർമകൾ

അച്ഛൻ തിരക്കിൽനിന്ന് തിരക്കിലേക്ക് പോയിക്കൊണ്ടിരുന്ന ആളായതിനാൽ വീട്ടിൽ കണ്ടുകിട്ടുക അപൂർവമായിരുന്നു. വീട്ടിൽ വരുന്ന അവസരങ്ങൾ വിരളമാണെങ്കിലും അച്ഛൻ വരുമ്പോൾ അന്തരീക്ഷം തന്നെ മാറുമായിരുന്നു. അന്ന് പിന്നെ മൊബൈൽ ഫോണും വിഡിയോ കാളും ഒന്നുമില്ലല്ലോ. വെക്കേഷൻ സമയത്ത് അച്ഛന്‍റെ കൂടെ യാത്ര ചെയ്യും.

ഷൂട്ടിങ് ലൊക്കേഷനുകളിൽ ചിലപ്പോഴൊക്കെ പോയിട്ടുണ്ട്. ഞങ്ങൾ കാണുമ്പോൾ സിനിമയെക്കുറിച്ചൊന്നും സംസാരിക്കാറില്ല. സിനിമയുടെ പരിവേഷമൊന്നും ഞങ്ങളുടെ ജീവിതത്തിലുണ്ടായിട്ടില്ല. വളരെ സാധാരണ രീതിയിലായിരുന്നു ആ ദിവസങ്ങളൊക്കെ തന്നെ. സിനിമാ താരത്തിന്‍റെ മക്കളായല്ല ഞങ്ങൾ വളർന്നത്.

മറ്റു നടന്മാരുടെ പെർഫോമൻസ് ആസ്വദിക്കുന്ന പോലെ തന്നെയാണ് അച്ഛന്‍റെ സിനിമകളും കണ്ടിരുന്നത്. അതിൽ അച്ഛൻ എന്ന വേർതിരിവില്ലായിരുന്നു. അതുകൊണ്ട് അച്ഛനോട് നന്നായി എന്നൊന്നും പറഞ്ഞിട്ടുമില്ല. അച്ഛന്‍റെ കാലത്തൊക്കെ ഹാസ്യനടന്മാർ എന്നൊരു വിഭാഗം തന്നെയുണ്ടല്ലോ. ഇന്നിപ്പോൾ ആ കാലമൊക്കെ മാറി, എല്ലാവരും നടന്മാരാണ്. വില്ലനായും നായകനായും ഹാസ്യതാരമായുമൊക്കെ എല്ലാവരും അഭിനയിക്കുകയാണ്.

ഭാര്യ അഷിതക്കൊപ്പം


ചെയ്തവയൊക്കെയും പ്രിയപ്പെട്ടത്

പ്രിയപ്പെട്ടതായി തോന്നിയ റോളുകളൊക്കെ തന്നെയാണ് ഇതുവരെ ചെയ്തത്. പിന്നെ ജനങ്ങൾക്ക് ഇഷ്ടപ്പെട്ട ചില വേഷങ്ങളുണ്ട്. ചേട്ടാ അത് കലക്കൻ പടമായിരുന്നു, അല്ലെങ്കിൽ നിങ്ങളുടെ റോൾ നന്നായിരുന്നു എന്നൊക്കെ പറയുമ്പോൾ സന്തോഷം തോന്നാറുണ്ട്.

‘സൗദി വെള്ളക്ക’, ‘ഓപറേഷൻ ജാവ’, ‘ഹെലൻ’ എന്നിവയൊക്കെയാണ് ആളുകൾ എടുത്തുപറയുന്നത്. ‘ഓപറേഷൻ ജാവ’യിലെ ജോയ് എന്ന കഥാപാത്രം ഭാര്യയെക്കുറിച്ച് പറയുന്ന സീൻ ഒരുപാട് പേർ ഇപ്പോഴും എന്നെ കാണുമ്പോൾ എടുത്തു പറയാറുണ്ട്. കൂട്ടുകാരനുവേണ്ടി കൂടെ നിൽക്കുന്ന ‘സൗദി വെള്ളക്ക’യിലെ റോളും പ്രേക്ഷകർക്ക് ഏറെയിഷ്ടമാണ്.

സംവിധായകരുടെ നടൻ

അടിസ്ഥാനപരമായി സംവിധായകൻ പറയുന്നത് ഉൾക്കൊള്ളുന്നതാണ് എനിക്ക് ബലം തരാറുള്ളത്. കാരണം അവരാണല്ലോ ആ കഥാപാത്രത്തെ എനിക്ക് മുന്നേ കണ്ടത്. അവർ മനസ്സിൽ കണ്ട റോൾ എങ്ങനെ വേണമെന്നു പറഞ്ഞുതരും. ഞാനത് ചെയ്യും.

ചില ഭാഗങ്ങളിൽ ഇങ്ങനെ ചെയ്താൽ നന്നാകുമെന്ന് തോന്നിയിടത്ത് അതുപോലെ ചെയ്താലോ എന്ന് പറയാറുണ്ട്. അവർ ഓക്കെയാണെങ്കിൽ മാത്രം മുന്നോട്ടുപോകും. അല്ലെങ്കിൽ അത് വിടും.

അനിമേഷനിൽനിന്ന് അഭിനയത്തിലേക്ക്

ഡിഗ്രി കഴിഞ്ഞശേഷമാണ് ബംഗളൂരുവിലേക്ക് അനിമേഷൻ പഠിക്കാൻ പോയത്. അവിടെ തന്നെ ജോലിക്ക് കയറി. 12 വർഷത്തോളം അവിടെ ആയിരുന്നു. 2013 കഴിഞ്ഞാണ് അഭിനയത്തിലേക്ക് വരുന്നത്.

ഓണം ഓർമകൾ

ബംഗളൂരുവിലായിരുന്നപ്പോൾ ഓണക്കാലത്ത് വീട്ടിൽ വരുന്നതായിരുന്നു ഏറ്റവും വലിയ സന്തോഷം. എല്ലാവരെയും കാണുന്നതിന്‍റെയും നാട്ടിൽ എത്തുന്നതിന്‍റെയും കാത്തിരിപ്പായിരുന്നു അന്നൊക്കെ. സിനിമയിൽ എത്തിയശേഷം ഓണം മിക്കപ്പോഴും സെറ്റിലായിരിക്കും.

സെറ്റിലാണെങ്കിലും ഓണത്തിന് സദ്യയും ആഘോഷവുമൊക്കെ കാണും. കുറേ സിനിമകളുടെ ഷൂട്ടിങ് ഓണക്കാലത്ത് നടന്നിട്ടുണ്ട്. ഫുൾ സപ്പോർട്ടുമായി ഭാര്യ അഷിത കൂടെയുള്ളതാണ് ഏറ്റവും വലിയ കരുത്ത്.





Tags:    
News Summary - Binu Pappu talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.