രമ്യ സുരേഷ്

ആദ്യത്തെ സൈബർ അറ്റാക്ക് തളർത്തിയെങ്കിലും രണ്ടാമത്തെ അറ്റാക്ക് എന്നെ ബാധിച്ചില്ല -നടി രമ്യ സുരേഷ്

സ്വപ്നത്തിൽ പോലുമില്ലാതിരുന്ന സിനിമ അഭിനയമാണ് ഇന്ന് രമ്യ സുരേഷിന്‍റെ മനസ്സ് നിറയെ. ഒരു സിനിമ മാത്രമായിരുന്നു ആദ്യം മനസ്സിൽ. ആദ്യ ചിത്രംതന്നെ ജനം ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ പിന്നീട് നല്ല സിനിമകൾ തേടിയെത്തി.

സമൂഹ മാധ്യമത്തിലെ പരിഹാസങ്ങൾ തളർത്തിയെങ്കിലും ആത്മധൈര്യം സംഭരിച്ച് കലയുടെ ലോകത്തേക്ക് ചുവടുവെച്ച രമ്യ സുരേഷ് എന്ന കോട്ടയത്തുകാരി സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പറയുകയാണ്.

തലവര മാറ്റിയ പാട്ട് വിഡിയോ

സ്കൂളിൽ കലാപരിപാടികൾക്കും മറ്റും മുന്നിൽതന്നെയുണ്ടായിരുന്നെങ്കിലും സിനിമാ നടിയാകണമെന്നോ സിനിമയിൽ അഭിനയിക്കണമെന്നോ ആഗ്രഹമില്ലായിരുന്നു. എന്നാൽ, നമ്മൾ പ്രതീക്ഷിക്കുന്നതല്ലല്ലോ ജീവിതത്തിൽ സംഭവിക്കുന്നത്. ഞാൻ പാടിയ ഒരു പാട്ടിന്‍റെ വിഡിയോയാണ് എന്നെ സിനിമയിൽ എത്തിച്ചതെന്ന് വേണമെങ്കിൽ പറയാം.

വിവാഹ ശേഷം ഹരിപ്പാട് സ്വദേശിയായ ഭർത്താവ് സുരേഷിനൊപ്പം ദുബൈയിലായിരുന്നു ഞാൻ. അദ്ദേഹത്തിന് മേഴ്സിഡസ് കമ്പനിയിലായിരുന്നു ജോലി. ആശുപത്രിയിൽ നഴ്സായി ഞാനും.

ഈ സമയം സുഹൃത്തുക്കൾ മാത്രമുള്ള വാട്സ്ആപ് ഗ്രൂപ്പിൽ ഞാൻ പാടിയ ഒരു പാട്ടിന്‍റെ വിഡിയോ ഇട്ടു. തമാശക്ക് ചെയ്തതാണ്. എന്നാൽ, അത് എങ്ങനെയോ സമൂഹ മാധ്യമത്തിൽ ലീക്കായി. വിഡിയോ വൈറലാവുകയും ചെയ്തു.

സമൂഹ മാധ്യമത്തിൽനിന്ന് നല്ല പ്രതികരണങ്ങളായിരുന്നില്ല ലഭിച്ചത്, പരിഹാസമായിരുന്നു. ആ സംഭവം എന്നെ വളരെയധികം വേദനിപ്പിച്ചു. മാനസികമായി തളർത്തി. എന്താണ് സംഭവിച്ചതെന്ന് ലോകത്തോട് പറയണമെന്ന് തോന്നി. എന്നാൽ, ഒരു സാധാരണക്കാരി എന്ന നിലയിൽ അതത്ര എളുപ്പമായിരുന്നില്ല.

നമ്മുടെ വാക്കുകൾ വളരെ ചെറിയ സ്പേസിൽ ഒതുങ്ങിപ്പോകും. സിനിമയിലായാൽ ആളുകളുടെ ഇടയിൽ വളരെ വേഗം എത്തും, അത് ശ്രദ്ധിക്കപ്പെടുകയും ചെയ്യുമെന്ന് തോന്നി. അങ്ങനെയാണ് മനസ്സിലേക്ക് സിനിമ കുടിയേറിയത്.


ഓഡിഷനുകൾ

നാട്ടിൻപുറത്ത് ജനിച്ചുവളർന്ന എനിക്ക് സിനിമയിൽ എത്തുക അത്ര എളുപ്പമായിരുന്നില്ല. ഓഡിഷൻതന്നെയായിരുന്നു ആശ്രയം. ‘കുട്ടൻപിള്ളയുടെ ശിവരാത്രി’യാണ് ആദ്യ സിനിമ. കാസ്റ്റിങ് കാൾ കണ്ടാണ് സിനിമയിലേക്ക് അപേക്ഷിച്ചത്.

ഭാഗ്യമെന്ന് പറയട്ടെ ചാൻസ് ലഭിച്ചു. പിന്നീട് സത്യൻ അന്തിക്കാടിന്‍റെ ‘ഞാൻ പ്രകാശൻ’, ‘പടവെട്ട്’, ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’, ‘ജാനേ മൻ’, ‘അർച്ചന 31 നോട്ട് ഔട്ട്’, ‘നിഴൽ’, ‘മലയൻകുഞ്ഞ്’, ‘ക്രിസ്റ്റഫർ’ തുടങ്ങിയ മികച്ച ഒരുപിടി ചിത്രങ്ങൾ ലഭിച്ചു. ഇപ്പോൾ സിനിമയിലാണ് പൂർണ ശ്രദ്ധ.

അത്ര നാടൻ അല്ല

സിനിമയിൽ എന്നെ തേടിയെത്തിയതിൽ അധികവും നാടൻ വേഷങ്ങളാണ്. എന്നാൽ, യഥാർഥ ജീവിതത്തിൽ ഞാൻ അത്ര നാടൻ അല്ല. വിവാഹ ശേഷം ദുബൈയിലായിരുന്നു ജീവിതം.

തന്‍റെ യഥാർഥ സ്വഭാവവും രീതിയുമായി അടുത്തുനിൽക്കുന്ന കഥാപാത്രങ്ങൾ സിനിമയിൽനിന്ന് ഇതുവരെ കിട്ടിയിട്ടില്ല എന്നതാണ് വാസ്തവം. എന്നാൽ, തേടിയെത്തുന്ന വേഷങ്ങൾ മികച്ചതാക്കാൻ എന്നാൽ കഴിയുന്നതെല്ലാം ചെയ്യാറുണ്ട്.

കുടുംബത്തോടൊപ്പം

അമ്മ വേഷം: സിനിമയിലും ജീവിതത്തിലും

അമ്മ വേഷങ്ങളാണ് അധികം തേടിയെത്തുന്നത്. എന്നാൽ, കഥാപാത്രങ്ങളിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. എന്തെങ്കിലും ഒരു വ്യത്യസ്തത കഥാപാത്രങ്ങളിൽ ഉണ്ടാകും. അത് പിടിച്ച് മുന്നോട്ടുപോകും. പ്രേക്ഷകരിൽ മടുപ്പ് ഉണ്ടാകാത്ത തരത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കാറുണ്ട്. ഇതുവരെ പോസിറ്റിവ് പ്രതികരണങ്ങളാണ് പ്രേക്ഷകരിൽനിന്ന് ലഭിച്ചിട്ടുള്ളത്.

രണ്ട് മക്കളാണ് എനിക്ക്. മൂത്ത മകൻ നവനീത് പത്താം ക്ലാസിൽ പഠിക്കുന്നു. മകൾ നിവേദ്യ ഏഴാം ക്ലാസിലാണ്. യഥാർഥ ജീവിതത്തിൽ മക്കൾക്കൊപ്പം നിൽക്കുന്ന അമ്മയാണ്. എന്‍റെ എല്ലാ സിനിമകളും മക്കൾ കാണാറുണ്ട്. അഭിപ്രായവും പറയും.

‘പടവെട്ടാ’ണ് മകന് ഇഷ്ടപ്പെട്ട ചിത്രം. ഇത്തരത്തിലുള്ള സിനിമകളും കഥാപാത്രങ്ങളും ചെയ്യാനാണ് അവൻ പറയുന്നത്. ‘ഞാൻ പ്രകാശനാ’ണ് മകൾക്ക് ഇഷ്ടമുള്ള ചിത്രം. ഞാൻ കരയുന്ന സിനിമകൾ അവർക്ക് ഇഷ്ടമല്ല.

വ്യാജ വിഡിയോ

സിനിമയിൽ സജീവമായപ്പോഴാണ് മോർഫ് ചെയ്ത വിഡിയോ പ്രചരിച്ചത്. അത് അപ്രതീക്ഷിത സംഭവമായിരുന്നു. അത് വ്യാജ വിഡിയോയാണെന്ന് പൂർണ വിശ്വാസമുള്ളതുകൊണ്ട് എന്നെ അധികം ബാധിച്ചില്ല. ചെയ്യാത്ത തെറ്റിന് പഴികേൾക്കേണ്ട ആവശ്യമില്ലല്ലോ.

ഭർത്താവിൽനിന്നും കുടുംബാംഗങ്ങളിൽനിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്. സത്യം പറഞ്ഞാൽ ആദ്യത്തെ സൈബർ അറ്റാക്ക് തളർത്തിയ അത്രയും ഇത് എന്നെ ബാധിച്ചില്ല. ബോൾഡായി അതിനെതിരെ പ്രതികരിച്ചു.

ഭർത്താവാണ് പിന്തുണ

ഇന്നത്തെ രമ്യയിലേക്കുള്ള വളർച്ചക്കുപിന്നിൽ ഭർത്താവ് സുരേഷാണ്. സിനിമ മാത്രമല്ല, നഴ്സിങ് രംഗത്തേക്ക് എന്നെ കൈപിടിച്ച് കൊണ്ടുപോയതും പഠിപ്പിച്ച് ദുബൈയിലേക്ക് കൊണ്ടുപോയി ജോലി വാങ്ങിത്തന്നതും അദ്ദേഹമാണ്.

കൂടാതെ സൈബർ അറ്റാക്ക് നേരിട്ട സമയത്ത് ചേർത്തുപിടിച്ച് മുന്നോട്ട് സഞ്ചരിക്കാനുള്ള ധൈര്യം നൽകിയതും അദ്ദേഹമായിരുന്നു. പിന്നീട് സിനിമയിൽ എത്തിയപ്പോഴും കട്ടക്ക് കൂടെ നിന്നു.

‘കുണ്ഡല പുരാണം’, ‘കനകരാജ്യം’ എന്നിവയാണ് പുറത്തിറങ്ങിയ ചിത്രം. രജനികാന്തിന്റെ ‘വേട്ടയ്യനി’ൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൂര്യ‍യുടെ പുതിയ ചിത്രത്തിലാണ് നിലവിൽ അഭിനയിക്കുന്നത്. ‘രണ്ടാം യാമം’, ‘ചേര’, ‘വികാരം’, ‘ആനന്ദ് ശ്രീബാല’, ‘എ പാൻ ഇന്ത്യൻ സ്റ്റോറി’ എന്നിവയാണ് മറ്റു ചിത്രങ്ങൾ.

സന്തോഷമുള്ള ഓണം

ഏറ്റവും സന്തോഷമുള്ള ഓണം കുട്ടിക്കാലത്തേതാണ്. അത് ഇനി എത്രകാലം കഴിഞ്ഞാലും അങ്ങനെത്തന്നെയായിരിക്കും. ഇപ്പോഴും ആ ഓർമകൾ ഇന്നലെ കഴിഞ്ഞപോലെ മനസ്സിലുണ്ട്.

പരീക്ഷ കഴിഞ്ഞ് സ്കൂൾ പൂട്ടുന്നത് മുതലാണ് നമ്മുടെ ആഘോഷം തുടങ്ങുക. പത്ത് ദിവസം അവധി കിട്ടുന്നതുതന്നെ വലിയ സന്തോഷമാണ്. തുമ്പപ്പൂവും ചെമ്പരത്തിയും നമുക്ക് നാട്ടിൽ കിട്ടുന്ന പൂക്കളുമൊക്കെ വെച്ച് അത്തപ്പൂക്കളമിടും.

അന്നൊക്കെ ഓണത്തിന് മാത്രമേ പുതിയ വസ്ത്രങ്ങൾ കിട്ടൂ. എത്ര കഷ്ടപ്പെട്ടിട്ടായാലും അച്ഛനും അമ്മയും ഞങ്ങൾക്ക് വസ്ത്രങ്ങൾ വാങ്ങിത്തരും. ഓണം, വിഷു പോലുള്ള വിശേഷ ദിവസങ്ങളിലാണ് വീട്ടിൽ ഇഡലിയും ദോശയുമൊക്കെ ഉണ്ടാക്കുന്നത്. കാരണം, അപ്പോൾ മാത്രമാണ് ആട്ടിയ മാവ് കിട്ടുക. അന്ന് നാട്ടുകാർ അരി അരക്കാൻ ഒരു ചായക്കടയെയാണ് ആശ്രയിച്ചിരുന്നത്. അവർ എല്ലാ ദിവസവും മാവ് അരച്ചുതരില്ല.

ഓണത്തിന് മൂന്നുനാലു ദിവസം മുമ്പുതന്നെ കായ് ഒക്കെ വറുത്ത് ചിപ്സും പിന്നെ കുറെ പലഹാരങ്ങളുമൊക്കെ അമ്മ ഉണ്ടാക്കി ഒരു സ്റ്റീൽ പാത്രത്തിൽ സൂക്ഷിക്കും. പരിപ്പും പപ്പടവും പായസവും കൂട്ടിയുള്ള ഉഗ്രൻ സദ്യയാണ് വീട്ടിൽ ഒരുക്കുന്നത്.

ഉച്ചക്ക് സദ്യയും കഴിഞ്ഞ് പുത്തൻ ഡ്രസൊക്കെയിട്ട് ബന്ധുവീടുകളിൽ പോകും. ഇതിനിടക്ക് കൂട്ടുകാരൊന്നിച്ചുള്ള ഊഞ്ഞാലാട്ടവും ഓടിക്കളിയുമൊക്കെയുണ്ട്.

വിവാഹശേഷം ഓണം മാറി. ദുബൈയിൽ എത്തിയശേഷമാണ് ശരിക്കും ഓണം ആസ്വദിക്കാൻ തുടങ്ങിയത്. നാട്ടിലെ പോലെയുള്ള ഓണാഘോഷമല്ല അവിടെ. കുഞ്ഞുങ്ങളുണ്ടായ ശേഷം ഫ്ലാറ്റിൽ ഞങ്ങൾ അത്തപ്പൂക്കളമൊക്കെ ഇടുമായിരുന്നു. ഇവിടത്തെപ്പോലെയുള്ള പൂക്കളൊന്നും ദുബൈയിൽ കിട്ടില്ല.

പലനിറത്തിലുള്ള കാപ്സിക്കവും ബീറ്റ്റൂട്ടുമൊക്കെയായിരുന്നു ഞങ്ങളുടെ പൂക്കളത്തിലെ പ്രധാനികൾ. മക്കൾക്ക് ഓണത്തിന്റെ നല്ല ഓർമകൾ കൊടുക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്.





Tags:    
News Summary - Remya Suresh made insult an investment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.