വിഷ്ണു ഉണ്ണികൃഷ്ണൻ. ചി​​​ത്രം: സുഭാൽ സുഭഗൻ


എറണാകുളം കലൂരിലെ സെന്‍റ് അഗസ്റ്റിൻസ് സ്കൂളിൽ കലോത്സവം അരങ്ങുതകർക്കുകയാണ്. ‘‘ജഡ്ജസ് പ്ലീസ് നോട്ട്... മിമിക്രി വേദിയിൽ അടുത്തത് മൂന്നാം ക്ലാസിലെ വിഷ്ണു’’.

ഈ കൊച്ചുകുട്ടിയാണോ മിമിക്രി അവതരിപ്പിക്കുന്നത് എന്ന ചോദ്യവുമായി സദസ്സിൽനിന്ന് ചിരിയുയർന്നു. കളിയാക്കി ചിരിച്ചവരുടെ മുന്നിലൂടെ ഒന്നാംസ്ഥാനവും നിറഞ്ഞ കൈയടിയും വാങ്ങിയാണ് വിഷ്ണു എന്ന ആ കൊച്ചുമിടുക്കൻ നടന്നത്.

പിന്നീട് നടന്നതെല്ലാം ചരിത്രം. സ്കൂൾ തലത്തിലും നാട്ടിലുമെല്ലാമായി നടക്കുന്ന മിമിക്രി വേദികളിൽ പതിവായി ഒന്നാംസ്ഥാനം കരസ്ഥമാക്കിയാണ് മടക്കം. എല്ലായിടത്തുനിന്നും സമ്മാനവുമായി വരുന്നതിനാൽ വീട്ടുകാർക്കും സ്കൂളുകാർക്കും സ​ന്തോഷം. നല്ല പ്രോത്സാഹനവും നൽകി.

സ്വന്തം അച്ചാമ്മയെ (അച്ഛന്‍റെ അമ്മ) അനുകരിച്ച് അമ്മയിൽനിന്നും ചെറിയമ്മമാരിൽനിന്നും കൈയടി കിട്ടിയതിന്‍റെ പിൻബലത്തിൽ വേദികൾ കീഴടക്കിയ ആ മെലിഞ്ഞ പയ്യൻ ഇന്ന് മലയാളികളുടെ മനം കവർന്ന നായക നടനാണ്, തിരക്കഥാകൃത്താണ്, സംവിധായകനാണ്. പേര് വിഷ്ണു ഉണ്ണികൃഷ്ണൻ. അദ്ദേഹം ജീവിത-സിനിമാ വിശേഷങ്ങൾ പറയുന്നു...


ഒറ്റക്കു വഴിവെട്ടി

അമ്മാവന്‍റെ മകൻ വിപിൻ നടന്മാരെയും മറ്റും അനുകരിക്കുന്നതുകണ്ടാണ് മൂന്നാം ക്ലാസിൽ പഠിക്കുകയായിരുന്ന ഞാനും ഒരു കൈ നോക്കിയത്. എന്‍റെ കുഞ്ഞുശരീരത്തിൽനിന്ന് ഉണ്ടക്കണ്ണുകൾ തള്ളി കെ.പി. ഉമ്മറിനെയും എൻ.എൻ. പിള്ളയെയും മറ്റും അനുകരിച്ചപ്പോൾ കൂട്ടുകാർക്കും വീട്ടുകാർക്കുമിടയിൽ ചിരിപടർന്നു.

ആ ചിരി കരുത്താക്കി പിന്നീട് സ്കൂൾ വേദിയിലേക്ക്. സ്റ്റാറായതോടെ പിന്നീട് വർഷ​ങ്ങളോളം സ്കൂൾ കലോത്സവത്തിൽ എറണാകുളം ഉപജില്ലയിലും ജില്ലതലത്തിലും മിമിക്രിയിൽ എന്‍റെ പേരിലായി ഒന്നാം സ്ഥാനം. പ്ലസ് വണിന് പഠിക്കുമ്പോൾ സംസ്ഥാനതലത്തിലും ജേതാവായി.

നടൻ മനുരാജ് ഞങ്ങൾ അഞ്ചാറ് കുട്ടികളെ വെച്ച് ‘കൊച്ചിൻ ജൂനിയേഴ്സ്’ എന്ന പേരിൽ ട്രൂപ് നടത്തിയിരുന്നു. മനുരാജിന്‍റെ സുഹൃത്താണ് അസോ. ഡയറക്ടർ നിഷാദ് ഖാൻ. അദ്ദേഹം മനുരാജിന്‍റെ വീട്ടിൽ വരുമ്പോൾ ഞങ്ങളുടെ പ്രാക്ടീസൊക്കെ കണ്ടിട്ടുണ്ട്.

അങ്ങനെയാണ് ജയറാമേട്ടനും മകൻ കാളിദാസനും അഭിനയിച്ച ‘എന്‍റെ വീട് അപ്പൂന്‍റേം’ സിനിമയിൽ ഒരു വേഷമു​​​ണ്ടെന്നും പറഞ്ഞ് നിഷാദിക്ക വിളിക്കുന്നത്. ചെന്നപ്പോൾ ആ കാരക്ടർ മറ്റൊരാൾക്ക് കൊടുത്തിരുന്നു. നീ കാളിദാസന്‍റെ കൂടെ ദുർഗുണ പരിഹാര പാഠശാലയിലുള്ള ഒരുപാട് കുട്ടികളിൽ ഒരാളായി നിന്നോ എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു.

ഡയലോഗ് ഉള്ള ഒരു ഭാഗം വന്നപ്പോൾ നിഷാദിക്ക വന്ന് ‘നീ ഡയലോഗ് പറയില്ലേ’ എന്ന് ചോദിച്ചു. ഞാൻ പറയാമെന്നും ഏറ്റു. അത് ഫസ്റ്റ് ടേക്കിൽതന്നെ ഓക്കെയായതോടെ സംവിധായകൻ സിബി മലയിൽ സാറ് വന്ന് കൈ തന്ന് അഭിനന്ദിച്ചു. അതു​കണ്ട എല്ലാവരും​ കൈയടിച്ചപ്പോൾ എനിക്ക് ദേശീയ അവാർഡ് കിട്ടിയപോലെയായി.

പിന്നീട് കുറെ സീനുകൾ കൂടി എനിക്ക് അതിൽ തന്നു. ജയറാമേട്ടൻ, നെടുമുടി വേണു ചേട്ടൻ, സലിംകുമാറേട്ടൻ എന്നിവരൊക്കെ വരുമ്പോൾ അവർക്ക് മുന്നിൽ മിമിക്രിയൊക്കെ കാണിച്ച് ഞാൻ അവരുടെ കൂടെ കൂടി.

ഈ സിനിമയുടെ ​അസോ. ഡയറക്ടർ തോമസ് സെബാസ്റ്റ്യൻ സംവിധായകൻ സുന്ദർദാസിന് ​കീഴിലാണ് വർക്ക് ചെയ്തിരുന്നത്. അങ്ങനെയാണ് ഈ സിനിമയുടെ ലൊക്കേഷനിൽവെച്ചുതന്നെ ‘കണ്ണിനും കണ്ണാടിക്കും’ സിനിമയിലേക്കും വേഷം കിട്ടുന്നത്. പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങൾ തേടിയെത്തി.

കുടും​ബശ്രീയിൽനിന്ന് വായ്പയെടുത്തൊരു ട്രൂപ്

പത്താംക്ലാസിലെ ഒട്ടോഗ്രാഫിൽ ഒരുപാട് കൂട്ടുകാർ എഴുതിയിരുന്നു ‘‘നീ വലിയൊരു നടനാകും, നീ ദിലീപിനെപ്പോലെ വലി​യൊരു നടനാകും’’ എന്നൊക്കെ. അതൊ​ക്കെ ആശങ്കയേക്കാൾ ആവേശമാണ് നിറച്ചത്.

നടനായി തീരുമെന്ന കോൺഫിഡൻസ് കൈമുതലായി ഉണ്ടായിരുന്നതിനാൽ വേറെ ഒരു ജോലിയെക്കുറിച്ചും ചിന്തിച്ചില്ല. എങ്ങനെയും നടനാകണമെന്ന ആഗ്രഹം മാത്രമായിരുന്നു ഉള്ളിൽ.

മഹാരാജാസ് കോളജിൽനിന്ന് പഠനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഞാനും അനീഷ് നായരമ്പലവുംകൂടി ഒരു ട്രൂപ് തുടങ്ങി. ‘ഹോളിവുഡ്’ എന്നായിരുന്നു പേര്. അമ്മ വഴി കുടും​ബശ്രീയിൽനിന്ന് വായ്പയെടുത്താണ് ​ട്രൂപ് തുടങ്ങുന്നത്. ബിബിൻ ജോർജും കൂടെയുണ്ടായിരുന്നു.

ബിബിൻ ജോർജിനൊപ്പം


തോറ്റുതോറ്റ് ജയിച്ച് ബിബിൻ

ആറാം ക്ലാസ് മുതലുള്ള പരിചയമാണ് ഞാനും ബിബിൻ ജോർജും തമ്മിൽ. മിമിക്രി വേദിയിൽ തല്ലുപിടിച്ച് കട്ട ചങ്കുകളായ രണ്ടുപേർ. എറണാകുളം ഉപജില്ലയിൽനിന്ന് ഞാനും ആലുവ ഉപജില്ലയിൽനിന്ന് ബിബിനും മിമിക്രിയുമായി ജില്ലതലത്തിൽ എത്തുമ്പോഴാണ് ‘തല്ലുപിടിത്തം’.

പക്ഷേ, എല്ലായ്പോഴും വിജയം എനിക്കായിരിക്കുമെന്ന് മാത്രം. ഒടുവിൽ ​മഹാരാജാസ് കോളജിൽവെച്ച് എന്നെ മലർത്തിയടിച്ച് വിജയം തീർത്തതോടെ ബിബിനും ഞാനും കൂടുതൽ അടുത്തു. പിന്നീട് ഏറ്റുമുട്ടിയില്ല. പിന്നെയുള്ള പോരാട്ടമെല്ലാം സിനിമാ അഭിനയം എന്ന ആഗ്രഹത്തോടുമാത്രം.

സംവിധായകൻ ബി.സി. നൗഫൽ ടി.വി ഷോകൾ ചെയ്യുന്ന കാലത്താണ് ഞാൻ അസിസ്റ്റന്‍റ് ഡയറക്ടറായും ബിബിൻ സൂര്യ ടി.വിയി​ൽ രസികരാജയുടെ സ്ക്രിപ്റ്റ് റൈറ്ററായും തിളങ്ങുന്നത്. ഒരു ദിവസം നൗഫലിക്കയാണ് ബിബിനോട് പറയുന്നത്, നിനക്കും വിഷ്ണുവിനും അഭിനയിക്കാൻവേണ്ടി ഒരു തിരക്കഥ എഴുതാനും നമുക്ക് അത് സിനിമയാക്കാമെന്നും.

അതുവരെ എഴുത്തിനെക്കുറിച്ച് ചിന്തിച്ചിട്ടു​പോലുമില്ലാത്ത ഞങ്ങൾ അഭിനയമോഹം മൂത്ത് തിരക്കഥ രചിക്കാനും മുന്നിട്ടിറങ്ങി. തിരക്കഥ പൂർത്തിയായെങ്കിലും ടി.വി ഷോയി​ലെ കരാറും സിനിമ സാറ്റലൈറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മൂലം നൗഫലിക്കക്ക് ആ സിനിമ ചെയ്യാനായില്ല.

നാദിർഷിക്ക തന്ന 10 മിനിറ്റ്

സ്ക്രിപ്റ്റ് കൈയിലുള്ളതിനാൽ പല നടന്മാരോടും പറഞ്ഞുനോക്കി. പല കാരണങ്ങളാൽ ആരും തയാറായില്ല. കലാഭവൻ ഷാജോൺ ചേട്ടൻ നാദിർഷിക്കയോട് സ്ക്രിപ്റ്റിന്‍റെ കാര്യം പറഞ്ഞിരുന്നു.

ബിബിൻ ബഡായ് ബംഗ്ലാവ് ടി.വി ഷോക്കുവേണ്ടി സ്ക്രിപ്റ്റ് എഴുതുന്ന സമയം. ഒരു ദിവസം നാദിർഷിക്ക പരിപാടിയിൽ അതിഥിയായി എത്തി​യപ്പോൾ ബിബിനോട് സ്ക്രിപ്റ്റിന്‍റെ കാര്യം ചോദിച്ചു. ഒരുദിവസം കഥ പറയാൻ വരാനും പറഞ്ഞു.

ഞങ്ങൾ നാദിർഷിക്കയുടെ വീട്ടിൽപോയി. 10 മിനിറ്റ് കൊണ്ട് കഥ പറയാൻ പറഞ്ഞെങ്കിലും ഞങ്ങൾക്ക് അങ്ങനെ പറയാൻ അറിയില്ലെന്നും തിരക്കഥയും സംഭാഷണവുമടക്കം മുഴുവനായും എഴുതിയിട്ടുണ്ട് എന്നും പറഞ്ഞു. എന്നാൽ, ആദ്യത്തെ 10 സീൻ വായിക്കാൻ പറഞ്ഞു.

ആ വായന ഒടുവിൽ എത്തിനിന്നത് രണ്ടരമണിക്കൂർ മുഴുവൻ സിനിമാ കഥയിലാണ്. ഉടൻ എഴുന്നേറ്റുനിന്ന നാദിർഷിക്ക ഞങ്ങൾക്ക് കൈതന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു, ‘‘അൽഹംദുലില്ലാഹ്... നമ്മൾ ഇത് ചെയ്യുന്നു, എന്‍റെ ആദ്യ പടമായി’’. ഇത് കേട്ട ഞങ്ങളുടെ കിളിപോയി എന്നതാണ് സത്യാവസ്ഥ. പിന്നീട് നടന്മാ​രെ കിട്ടാനായി കുറെ നടന്നു.

നായക നടന്മാരുടെ കൂട്ടത്തിലേക്ക്

നടനും സംവിധായകനുമെല്ലാം പുതിയ ആൾക്കാർ ആയതിനാൽ പലരും സിനിമ ചെയ്യാൻ മടിച്ചത് വലിയ നിരാശയുണ്ടാക്കി. പിന്മാറാൻ ഒരുക്കമല്ലായിരുന്നു ഞങ്ങൾ. അങ്ങനെയാണ് ജയേട്ടൻ (ജയസൂര്യ) കഥ കേട്ട് ഓകെ പറയുന്നത്. പിന്നീട് പൃഥ്വിരാജും ഇന്ദ്രൻസും ഓകെയായെങ്കിലും മൂന്നുപേരുടെയും ഡേറ്റ് ഒരുപോലെ കിട്ടാൻ ബുദ്ധിമുട്ടായി.

അതിനിടക്കാണ് ഞങ്ങൾ ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ സിനിമയുടെ തിരക്കഥ എഴുതുന്നത്. നാദിർഷിക്ക വിളിച്ച് നിങ്ങൾ പടം ചെയ്യുന്നില്ലേ എന്ന് ചോദിച്ചതോടെ ഞങ്ങൾ ടി.വി ഷോകൾ നിർത്തി ‘അമർ, അക്ബർ, അന്തോണി’ എന്ന ചിത്രത്തിന്‍റെ പിറകെയായി.

നൗഫലിക്കക്ക് വേണ്ടിയായിരുന്നു ഞങ്ങൾ ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ എഴുതുന്നത്. ആദ്യ പടം ബ്ലോക്ക്ബസ്റ്റർ ഹിറ്റായതോടെ ഞാൻ അഭിനയിച്ചാൽ ശരിയാവില്ലെന്നും നല്ല ഏതെങ്കിലും നടനെ ​വെച്ച് ചെയ്യാമെന്നും തീരുമാനിച്ചു. അതനുസരിച്ചായി സ്ക്രിപ്റ്റ്. എല്ലാവരും പുതുമുഖമായാൽ ശ്രദ്ധിക്കപ്പെടില്ല എന്നതായിരുന്നു കാരണം.

പക്ഷേ, നടന്മാരെ കിട്ടാതെ വന്നതോടെ നാദിർഷിക്കയാണ് പറയുന്നത് ഇനി ആരെയും നോക്കണ്ട നൗഫൽ, വിഷ്ണുവിനെ ​വെച്ചുതന്നെ പടം ചെയ്യൂ എന്ന്. എന്നാൽ, അതും നടന്നില്ല. ഒടുവിൽ നാദിർഷിക്കതന്നെ സംവിധാനംചെയ്തു. അതും സൂപ്പർ ഹിറ്റായതോടെ നായക നടന്മാരുടെ കൂട്ടത്തിലേക്ക് വിഷ്ണു എന്ന പേരും എഴുതി​ച്ചേർക്കപ്പെട്ടു. ‘ശിക്കാരി ശംഭു’, ‘ഒരു യമണ്ടൻ പ്രേമകഥ’, ‘സഭാഷ് ചന്ദ്ര ബോസ്’, ‘രണ്ട്’, ‘കള്ളനും ഭഗവതിയും’ തുടങ്ങിയ ചിത്രങ്ങളിൽ വിവിധ വേഷങ്ങൾ ചെയ്തു.

ഒടുവിൽ ഞാനും ബിബിനും തിരക്കഥയും സംവിധാനവും നിർവഹിച്ച ‘വെടിക്കെട്ട്’ ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘താനാരാ’, ‘റിവോൾവർ റി​​ങ്കോ’ എന്നിവയാണ് പുതിയ​ പ്രോജക്ടുകൾ.

ഭാര്യ ഐശ്വര്യക്കും മകൻ മാധവനുമൊപ്പം


പാരിജാതം പൂക്കുന്ന ഓണം

കൂട്ടുകാരുമൊത്ത് പൂ പറിക്കുന്നതും പൂക്കളം തീർക്കുന്നതും നല്ല സുഗന്ധമുള്ള ഓർമകളാണ് ഇന്നും. കലൂരിലെ തറവാട്ടുമുറ്റത്ത് പാരിജാതം ചെടിയുണ്ടായിരുന്നു. ഏത് പൂക്കളം തീർത്താലും അതിന് ഒത്തനടുക്ക് ഒരു പാരിജാതം കൊണ്ടു​വെച്ച് ഭംഗികൂട്ടുന്നത് എന്‍റെ അവകാശമായിരുന്നു കുട്ടിക്കാലത്ത്. പല പൂക്കളും ഇന്ന് കാണാനില്ലാത്ത അവസ്ഥയാണ്.

സ്റ്റേജ് ഷോയും മിമിക്രിയുമായി പണ്ടുമുതലേ ആഘോഷ വേളകളിൽ വീട്ടിലുണ്ടാകാറില്ല. നടനായതോടെ മിക്കവാറും ഓണവും വിഷുവുമെല്ലാം ഷൂട്ടിങ് ലൊക്കേഷനിൽതന്നെ. വിവാഹശേഷം എന്‍റെ എല്ലാ ആഗ്രഹങ്ങള്‍ക്കും ഭാര്യ ഐശ്വര്യയുടെയും പിന്തുണയുണ്ട്. എൻജിനീയറാണ് ​​ഐശ്വര്യ. മകൻ മൂന്നര വയസ്സുകാരൻ മാധവൻ.







Tags:    
News Summary - Vishnu Unnikrishnan undeterred by setbacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.