പോക്കറ്റ് കീറാതെ കുടുംബത്തോടൊപ്പം യാത്ര പോകാവുന്ന 10 രാജ്യങ്ങൾ

ഒരു വിദേശയാത്ര ആരുടെയും സ്വപ്നമായിരിക്കും. നവമാധ്യമങ്ങളുടെയും പുതു സാങ്കേതികവിദ്യകളുടെയും വരവോടെ ഈ സ്വപ്നങ്ങൾ കൈയെത്തും ദൂരത്താണ്. നാം കാണാത്ത കാഴ്ചകൾ, അനുഭവങ്ങൾ, വിശേഷങ്ങൾ... അങ്ങനെ നിരവധി അനുഭവങ്ങളാണ് ഓരോ രാജ്യത്തും കാത്തിരിക്കുന്നത്.

മുൻകൂട്ടി പ്ലാൻ ചെയ്യുകയാണെങ്കിൽ ചുരുങ്ങിയത് 30,000 രൂപയുണ്ടെങ്കിൽ പല രാജ്യങ്ങളിലേക്കും പോയി വരാം. കേരളത്തിൽനിന്ന് കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 പ്രധാന രാജ്യങ്ങൾ പരിശോധിക്കാം.

മലേഷ്യ

ഇന്ത്യയിൽനിന്ന് ഏറ്റവും കുറഞ്ഞ ചെലവിൽ പോകാൻ കഴിയുന്ന രാജ്യങ്ങളിലൊന്ന്. എയർ ഏഷ്യ, മലേഷ്യൻ എയർലൈൻസ് തുടങ്ങിയ കമ്പനികൾ കൊച്ചിയിൽനിന്ന് നേരിട്ട് ക്വാലാലംപുരിലേക്ക് വിമാന സർവിസ് നടത്തുന്നുണ്ട്.

ഏകദേശം നാലു മണിക്കൂറാണ് യാത്ര. കോഴിക്കോട്ടുനിന്നും തിരുവനന്തപുരത്തുനിന്നും നേരിട്ട് വിമാനമുണ്ട്. നിലവിൽ 2024 ഡിസംബർ 31 വരെ ഇന്ത്യക്കാർക്ക് വിസയില്ലാതെ പോകാം. കൂടാതെ, ഇ-വിസ സൗകര്യവും ലഭ്യമാണ്.

പ്രധാന സ്ഥലങ്ങൾ:

● ക്വാലാലംപുർ, പെനാൻങ്, ലങ്കാവി, കാമറോൺ ഹൈലാൻഡ്സ്, മെലാക, ബോർണിയോ, പെർഹെന്‍റിയൻ ദ്വീപ്, തമൻ നെഗാര

മികച്ച സമയം:

● ഡിസംബർ-ഏപ്രിൽ


തായ്‍ലൻഡ്

കാഴ്ചകളുടെ പറുദീസ. ആഘോഷങ്ങളുടെ നാടുകൂടിയാണ് ഈ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യം. കൊച്ചിയിൽനിന്ന് നേരിട്ട് ബാങ്കോക്കിലേക്ക് ധാരാളം വിമാന സർവിസുണ്ട്. നാലു മണിക്കൂറാണ് യാത്ര. ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ സൗകര്യമുണ്ട്.

പ്രധാന സ്ഥലങ്ങൾ:

● ബാങ്കോക്ക്, ഫുക്കറ്റ്, ഫി ഫി ദ്വീപ്, ചിയാങ് മായ്, കോ സമുയ്, ക്രാബി, പട്ടായ, സുകോതായ്

മികച്ച സമയം:

● നവംബർ-ഫെബ്രുവരി

മാലദ്വീപ്

സുന്ദരമായ ബീച്ചുകൾ കൊണ്ട് അനുഗൃഹീതമായ നാട്. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഹണിമൂൺ ഡെസ്റ്റിനേഷൻ കൂടിയാണിവിടം. കൊച്ചിയിൽനിന്ന് ഇൻഡിഗോ നേരിട്ട് വിമാന സർവിസ് നടത്തുന്നുണ്ട്. ഒന്നര മണിക്കൂറാണ് യാത്ര. ഇന്ത്യക്കാർക്ക് സൗജന്യ വിസ ഓൺ അറൈവൽ സൗകര്യമുണ്ട്.

പ്രധാന സ്ഥലങ്ങൾ:

● മാലി സിറ്റി, മാഫുഷി, ബാ അറ്റോൾ, അരി അറ്റോൾ, വാവു അറ്റോൾ, തുലുഷ്ദൂ, ദിഗുരാഹ്, റഷ്ദൂ, കൻഡോലു ദ്വീപ്, മൻറ പോയന്‍റ്

മികച്ച സമയം:

● നവംബർ-ഏപ്രിൽ

സിംഗപ്പൂർ

കൊച്ചു രാജ്യമാണെങ്കിലും കാഴ്ചകൾ അനവധിയുണ്ടിവിടെ. കൊച്ചിയിൽനിന്ന് നേരിട്ട് സിംഗപ്പൂർ എയർലൈൻസ് സർവിസ് നടത്തുന്നുണ്ട്. നാലര മണിക്കൂറാണ് യാത്ര. കുറഞ്ഞ ചെലവിൽ എയർ ഏഷ്യ പോലുള്ള കണക്ഷൻ വിമാനങ്ങളും ലഭ്യമാണ്. തിരുവനന്തപുരത്തുനിന്ന് നേരിട്ട് സ്കൂട്ട് എയർലൈൻസിന്‍റെ സർവിസുമുണ്ട്. സിംഗപ്പൂർ സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് മുൻകൂട്ടി വിസ കരസ്ഥമാക്കണം.

പ്രധാന സ്ഥലങ്ങൾ:

● മരീന ബേ സാൻഡ്സ്, ഗാർഡൻസ് ബൈ ദെ ബേ, സെന്‍റോസ ദ്വീപ്, ചൈന ടൗൺ, ലിറ്റിൽ ഇന്ത്യ, ഓർക്കാർഡ് റോഡ്, സിംഗപ്പൂർ ബൊട്ടാണിക് ഗാർഡൻ, നാഷനൽ ഗാലറി, ഈസ്റ്റ് കോസ്റ്റ് പാർക്ക്

മികച്ച സമയം:

● ഫെബ്രുവരി-ഏപ്രിൽ

വിയറ്റ്നാം

തെക്കുകിഴക്കൻ ഏഷ്യയിലെ കിഴക്കൻ അറ്റത്തുള്ള മനോഹര രാജ്യം. പ്രകൃതിഭംഗിയാലും വ്യത്യസ്ത സംസ്കാരങ്ങളാലും ചരിത്രസംഭവങ്ങളാലും സമ്പന്നമായ നാട്. കേരളത്തിൽനിന്ന് കണക്ഷൻ വിമാനങ്ങളാണ് വിയറ്റ്നാമിലേക്ക് കൂടുതൽ. ഇന്ത്യക്കാർക്ക് ഇ-വിസ സൗകര്യവും വിസ ഓൺ അറൈവൽ സൗകര്യവുമുണ്ട്.

പ്രധാന സ്ഥലങ്ങൾ:

● ഹാനോയ്, ഹാലോങ് ബേ, ഹ്യൂ, ഹോയ് അൻ, ഡാനാങ്, ഫോങ് നാകെ ബാങ് നാഷനൽ പാർക്ക്, നാ ട്രാൻഗ്, ഹോചിമിൻ സിറ്റി

മികച്ച സമയം:

● സെപ്റ്റംബർ-ഏപ്രിൽ

ബാലി (ഇന്തോനേഷ്യ)

തെക്കുകിഴക്കൻ ഏഷ്യയിലും ഓഷ്യാനയിലുമായി പരന്നുകിടക്കുന്ന ദ്വീപ് രാഷ്ട്രമാണ് ഇന്തോനേഷ്യ. ബാലിയാണ് ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ. വൈവിധ്യമാർന്ന കാഴ്ചകളാണ് സഞ്ചാരികൾക്കായി ബാലി ഒരുക്കിവെച്ചിരിക്കുന്നത്. ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ സൗകര്യവും ഇ-വിസ സൗകര്യവുമുണ്ട്. ബാലിയിലേക്ക് കണക്ഷൻ വിമാനങ്ങളാണ് കേരളത്തിൽനിന്നുള്ളത്.

പ്രധാന സ്ഥലങ്ങൾ:

● ഉബുദ്, സെമിൻയാക്, കുട്ട, കങ്ങു, തനാഹ്ലോട് ക്ഷേത്രം, ഉലുവാടു, മൗണ്ട് ബടൂർ, നുസ പെനിഡ, അമെദ്, ലൊവിന, ബാലി സഫാരി ആൻഡ് മറൈൻ പാർക്ക്, ജിംബ്രാൻ ബേ

മികച്ച സമയം:

● ഏപ്രിൽ-ഒക്ടോബർ

ശ്രീലങ്ക

ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ദ്വീപ് രാഷ്ട്രം. കൊച്ചിയിൽനിന്ന് ഏകദേശം ഒരു മണിക്കൂറും 10 മിനിറ്റുമാണ് യാത്ര. ഇ-വിസയും വിസ ഓൺ അറൈവൽ സൗകര്യവുമുണ്ട്. വിസ ഓൺ അറൈവലിന് ചെലവ് കൂടുതലാണ്.

പ്രധാന സ്ഥലങ്ങൾ:

● കൊളംബോ, കാൻഡി, സിഗിരിയ, ഗല്ലെ, നുവാരാ എലിയ, എല്ല, അനുരാധപുര, യാല നാഷനൽ പാർക്ക്, ട്രിങ്കോമലീ

മികച്ച സമയം:

നവംബർ- മാർച്ച്

ഉസ്ബകിസ്താൻ

മധ്യേഷ‍്യയിലെ പ്രധാന രാജ്യം. ചരിത്രം, സംസ്കാരം, അത്ഭുതങ്ങൾ തീർക്കുന്ന വാസ്തുനിർമിതികൾ എന്നിവയാൽ പ്രശസ്തം. ഇന്ത്യക്കാർക്ക് ഇ-വിസയെടുത്ത് പോകാം. കേരളത്തിൽനിന്ന് കണക്ഷൻ വിമാനങ്ങളാണുള്ളത്.

പ്രധാന സ്ഥലങ്ങൾ:

● സമർഖന്ദ്, ബുഖാറ, ഖിവ, താഷ്കൻഡ്, ഷഹ്രിസാബ്സ്, ഫെർഗാന വാലി, നുരാറ്റ, അരാൽ സീ, ടെർമെസ്

മികച്ച സമയം:

● ഏപ്രിൽ-ജൂൺ, സെപ്റ്റംബർ-നവംബർ

അസർബൈജാൻ

കിഴക്കൻ യൂറോപ്പിന്‍റെയും പടിഞ്ഞാറൻ ഏഷ്യയുടെയും ഇടയിലായി സ്ഥിതി ചെയ്യുന്ന രാജ്യം. അതുകൊണ്ടുതന്നെ കിഴക്കിന്‍റെയും പടിഞ്ഞാറിന്‍റെയും സവിശേഷമായ മിശ്രിതമാണ് ഈ രാജ്യം. കേരളത്തിൽനിന്ന് തലസ്ഥാനമായ ബാകുവിലേക്ക് കണക്ഷൻ വിമാനങ്ങളാണുള്ളത്. ഇ-വിസയെടുത്ത് വേണം ഇന്ത്യക്കാർക്ക് അസർബൈജാനിലേക്ക് പോകാൻ.

പ്രധാന സ്ഥലങ്ങൾ:

● ബാകു, ഗോബ്സ്റ്റൻ നാഷനൽ പാർക്ക്, ഷെകി, ഗബാല, ഖുബ, അബ്ഷെറോൻ പെനിസുല, ലങ്കാരൻ, ഷമാകി, സകതല

മികച്ച സമയം:

● ഏപ്രിൽ- ജൂൺ, സെപ്റ്റംബർ-ഒക്ടോബർ

ജോർജിയ

കിഴക്കൻ യൂറോപ്പിന്‍റെയും പടിഞ്ഞാറൻ ഏഷ്യയുടെയും ഇടയിലായി സ്ഥിതിചെയ്യുന്ന മറ്റൊരു മനോഹര രാജ്യം. അതിശയകരമായ പ്രകൃതിദൃശ്യങ്ങൾ, പുരാതന ചരിത്രം, വ്യത്യസ്ത സംസ്കാരം, മഞ്ഞുപുതച്ച പർവതങ്ങൾ എന്നിവയെല്ലാം ഈ നാടിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാക്കുന്നു. ഇ-വിസയെടുത്ത് ഇന്ത്യക്കാർക്ക് പോകാവുന്നതാണ്. തലസ്ഥാനമായ ത്ബിലിസിയിലേക്ക് നിരവധി കണക്ഷൻ വിമാനങ്ങൾ കേരളത്തിൽനിന്ന് ലഭ്യമാണ്.

പ്രധാന സ്ഥലങ്ങൾ:

● ത്ബിലിസി, കസ്ബെഗി, മ്റ്റിസ്ഖേറ്റ, സ്വനേറ്റി, ബതൂമി, കഖേതി, ബോർജോമി

മികച്ച സമയം:

● ഏപ്രിൽ-ജൂൺ, സെപ്റ്റംബർ-നവംബർ

നേപ്പാളും ഭൂട്ടാനും

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളെക്കാൾ യാത്രാചെലവ് കൂടുതലാണ് പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിലേക്ക്. നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ വിമാനത്തിലും റോഡ് മാർഗവും എത്താൻ സാധിക്കും. ഈ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് വിസയും പാസ്പോർട്ടും ആവശ്യമില്ല.




Tags:    
News Summary - 10 countries to travel with family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.