എം.ടിയുടെ ‘മഞ്ഞി’ൽ ദാൽ തടാകത്തെക്കുറിച്ചുള്ള വരികൾ വായിച്ചപ്പോൾ മുതൽ മനസ്സിൽ കുറിച്ചിട്ടതാണ് കശ്മീരിലേക്ക് ഒരു സോളോ ട്രാവൽ. ശരത്കാലവും മഞ്ഞും ഒരു പോലെ ആസ്വദിക്കാൻ പറ്റിയ സമയമാണെന്ന് അറിഞ്ഞപ്പോൾ നവംബറിലെ ആദ്യ പകുതിതന്നെ യാത്രതിരിച്ചു.
കൊച്ചിയിൽനിന്ന് ആദ്യം ഡൽഹിയിലേക്ക് ൈഫ്ലറ്റിൽ. ഡൽഹി എയർപോർട്ടിൽ അന്തിയുറങ്ങി പിറ്റേന്ന് രാവിലെ ശ്രീനഗറിലേക്ക് വിമാനം കയറി. മേഘങ്ങൾ മഞ്ഞുമലകളെ ചുംബിക്കുന്ന ദൃശ്യങ്ങൾ കണ്ടുതുടങ്ങിയപ്പോഴേക്കും ലാൻഡ് ചെയ്യാറായി.
ശ്രീനഗറിൽ ഇറങ്ങിയപ്പോൾ തന്നെ വരവേറ്റത് നനുത്ത തണുപ്പ്. താമസിക്കാൻ ഉദ്ദേശിച്ച ഹൗസ് ബോട്ടിൽത്തന്നെ വിളിച്ചുപറഞ്ഞ് ടാക്സി ഏർപ്പാടാക്കി യാത്ര തുടങ്ങി.
ചിനാറുകൾ അതിരിട്ട വഴിയിലൂടെ
ഡ്രൈവറായി വന്നത് മിറാജ് ഭായ്. ഇത്തിരിക്കുഞ്ഞൻ ഒമ്നി വാൻ. ഏകദേശം 20 കിലോമീറ്റർ ദൂരമുണ്ട് ദാൽ ഗേറ്റിലേക്ക്. വഴിയിലുടനീളം തോക്കുധാരികളായ സി.ആർ.പി.എഫ് ജവാന്മാരെ കാണാം. കുറച്ചുദൂരം പിന്നിട്ടപ്പോൾ തന്നെ റോഡിനിരുവശവും ഇലപൊഴിക്കുന്ന മേപ്പിൾ മരങ്ങൾ.
കശ്മീരിന്റെ സ്വന്തം ചിനാറാണ് അതെന്ന് മിറാജ് ഭായ് പരിചയപ്പെടുത്തി. ഹിന്ദിയിലാണ് സംസാരം. ഝലം നദി ശാന്തമായി ഒഴുകുന്നു. "നിങ്ങൾ വന്നത് ഒറ്റക്കാണല്ലേ. സ്ത്രീകൾ ഇവിടെ ഒറ്റക്ക് വരുന്നത് പൊതുവേ കുറവാണ്. പക്ഷേ, ഒന്നും പേടിക്കാനില്ല. നിങ്ങൾ ഞങ്ങളുടെ ബേനിയാണ്. ബേനി മത്ലബ് സിസ്റ്റർ" -അദ്ദേഹം നിഷ്കളങ്കമായി ചിരിച്ചു.
താമസം ഹൗസ്ബോട്ടിൽ
ദാൽ ഗേറ്റിലെത്തി വഞ്ചിയിൽ കയറി അൽപസമയത്തിനകം തന്നെ എനിക്ക് താമസിക്കേണ്ട ഹൗസ് ബോട്ടിനടുത്ത് അടുപ്പിച്ചു. ഹൗസ് ബോട്ടിൽ കയറിയപ്പോൾ സുൽത്താൻ ഭായിയെ പരിചയപ്പെട്ടു. അദ്ദേഹമാണ് കെയർ ടേക്കർ. ചെറുതെങ്കിലും ഭംഗിയും വൃത്തിയുമുള്ള റൂം. ഒരു ലിവിങ് റൂം, ഡൈനിങ് റൂം, ബാൽക്കണി.
എല്ലാം മനോഹരമായി കശ്മീരി രീതിയിൽ അലങ്കരിച്ചിരിക്കുന്നു. ഇതിനോട് ചേർന്നു തന്നെയുള്ള ഹൗസ് ബോട്ടിലാണ് സുൽത്താൻ ഭായിയും ഭാര്യയും താമസിക്കുന്നത്. ഭക്ഷണമെല്ലാം അവിടെനിന്നാണ് കൊണ്ടുവരുന്നത്. പ്രഭാത ഭക്ഷണമായി കശ്മീരി വിഭവങ്ങൾതന്നെ കഴിച്ചു. നല്ല തണുപ്പിൽ കഹ്‍വ കുടിച്ചപ്പോൾ എന്തുരസം! അൽപനേരത്തെ വിശ്രമത്തിനുശേഷം ശ്രീനഗറിൽ കറങ്ങാമെന്ന് തീരുമാനിച്ചു.
ശങ്കരാചാര്യ ക്ഷേത്രത്തിലേക്ക്
ശങ്കരാചാര്യ ക്ഷേത്രമാണ് ആദ്യ ലക്ഷ്യം. അങ്ങോട്ടേക്ക് ജാവേദ് ഭായ് ഒരു ടാക്സി ഏർപ്പാടാക്കി. ഹൗസ് ബോട്ടിൽനിന്ന് കരയിലേക്ക് എത്തണമെങ്കിൽ ഏക ആശ്രയം കുഞ്ഞു വഞ്ചികളാണ്. കരയിൽ ഒരു ടവേരയുമായി ഡ്രൈവർ സമീർ കാത്തുനിന്നു. ഏകദേശം 15 കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്. പ്രവേശന കവാടത്തിനു കുറച്ചുമുമ്പ് വണ്ടി നിർത്തണം. പിന്നീട് 250 ഓളം പടികൾ കയറിയാൽ ഏകദേശം ആയിരം അടി ഉയരത്തിൽ നിലകൊള്ളുന്ന ക്ഷേത്രത്തിലെത്താം. പതുക്കെ പടികൾ കയറിത്തുടങ്ങി.
ഇടക്കിടെ അൽപനേരം നിന്ന്, സമയമെടുത്താണ് മുകളിലെത്തിയത്. അവിടെനിന്ന് ശ്രീനഗറിന്റെയും ദാൽ തടാകത്തിന്റെയും കാഴ്ച അതിമനോഹരമാണ്. ശിവനാണ് പ്രതിഷ്ഠ. കശ്മീരിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രമാണിതെന്ന് കണക്കാക്കപ്പെടുന്നു. എട്ടാം നൂറ്റാണ്ടിൽ ആദി ശങ്കരാചാര്യ ഇവിടെ സന്ദർശിച്ചുവെന്നാണ് ചരിത്രം.
പിന്നീട് പോയത് നിഷാത് ബാഗ്, ഷാലിമാർ ബാഗ്, പാരി മഹൽ എന്നിവിടങ്ങളിലേക്കാണ്. എല്ലാം മുഗൾ രാജവംശക്കാലത്തെ നിർമിതികൾ. മനോഹരമായ പൂന്തോട്ടങ്ങൾ. പലനിറത്തിലും രൂപത്തിലും ഒട്ടനേകം പൂക്കളുണ്ടെങ്കിലും എന്നെ ഏറെ ആകർഷിച്ചത് ഇലപൊഴിക്കുന്ന ചിനാർ മരങ്ങൾ തന്നെ. സഞ്ചാരികൾ എല്ലായിടത്തുമുണ്ട്. എങ്കിലും വലിയ തിരക്കില്ല. ശാന്തസുന്ദരമായ ശരത്കാലം.
ഹസ്റത് ബാൽ മസ്ജിദിലേക്ക്
ഉച്ചഭക്ഷണം കഴിഞ്ഞ് ഹസ്റത് ബാൽ മസ്ജിദിലേക്ക്. ദാൽ തടാകത്തിന്റെ വടക്കു ഭാഗത്താണ് ഹസ്റത് ബാൽ. തൂവെള്ള നിറത്തിൽ സുന്ദരമായി നിലകൊള്ളുന്ന ആ നിർമിതി ദൂരെ നിന്നുതന്നെ കാണാം. അവിടെ നമ്മെ ആദ്യം വരവേൽക്കുന്നത് നൂറുകണക്കിന് പ്രാവുകളാണ്. പതിനേഴാം നൂറ്റാണ്ടിൽ പണിതതാണെങ്കിലും പിന്നീട് പലതവണ നടന്ന നവീകരണങ്ങൾക്ക് ഒടുവിലാണ് മസ്ജിദ് ഇന്ന് കാണുന്ന ഘടനയിലായത്. നമസ്കാര സമയമല്ലെങ്കിലും ആളുകളുണ്ട്.
ദാലിലെ ശിക്കാര സവാരിയാണ് അടുത്ത ലക്ഷ്യം. ദാൽ ഗേറ്റിൽ ഇറങ്ങിയപ്പോൾ തന്നെ ജാവേദ് ഭായ് ഏൽപിച്ച ശിക്കാര അവിടെ കാത്തു നിന്നു. സുന്ദരമായി അലങ്കരിച്ച വഞ്ചികളാണ് ശിക്കാരകൾ. മിറാജ് ഭായിയാണ് അമരക്കാരൻ. കുഷ്യനിൽ കാലുകൾ നീട്ടി, ചാരിയിരുന്ന് ആ സവാരി ആസ്വദിക്കാം.
തണുപ്പിനെ പ്രതിരോധിക്കാൻ മിറാജ് ഭായ് ഒരു ബ്ലാങ്കറ്റും തന്നു. ചെറിയ വഞ്ചികളിൽ ഭക്ഷണവും മറ്റു കരകൗശല വസ്തുക്കളും വിൽക്കാൻ വരുന്നവരുണ്ട്. അതെല്ലാം കടന്ന് ഫ്ലോട്ടിങ് മാർക്കറ്റിലെത്തി. അവിടെ ഇറങ്ങി ഓരോ കടകളിൽ കയറി നോക്കാം. വസ്ത്രങ്ങളും ഡ്രൈ ഫ്രൂട്ട്സുമാണ് പ്രധാന ഉൽപന്നങ്ങൾ.
ഉറങ്ങാൻ ഹോട്ട് വാട്ടർ ബാഗ്
തിരിച്ച് ഹൗസ് ബോട്ടിലെത്തിയപ്പോഴേക്കും സുൽത്താൻ ഭായ് രാത്രി ഭക്ഷണം തയാറാക്കി കാത്തിരിക്കുന്നു. കശ്മീരി റൈസും റൊട്ടിയും ദാലും സബ്ജിയും. റഫീഖ ദീദിയുടെ രുചികരമായ ഭക്ഷണം. സുൽത്താൻ ഭായ് കശ്മീരി വസ്ത്രമായ ഫെറാൻ ധരിച്ചിട്ടുണ്ട്.
തണുപ്പിനെ പ്രതിരോധിക്കാൻ അവർ ധരിക്കുന്ന മേൽക്കുപ്പായമാണത്. കൈയിൽ കങ്ക്രിയും ഉണ്ട്. കങ്ക്രി ഒരു മൺപാത്രമാണ്. അതിൽ കരി പുകക്കുന്നു. തണുപ്പിൽനിന്ന് രക്ഷ നേടാൻ കശ്മീരികൾ ആശ്രയിക്കുന്ന സൂത്രം. ഈ കങ്ക്രി അവർ ഫെറാന്റെ ഉള്ളിൽ പിടിച്ചു ചൂടുകൊള്ളുന്നു. പുതുതലമുറ സ്റ്റൈലൻ ജാക്കറ്റും സ്വെറ്ററുമൊക്കെയിട്ടുതന്നെ തണുപ്പിനെ പ്രതിരോധിക്കുന്നു.
സുൽത്താൻ ഭായ് എനിക്കൊരു ഹോട്ട് വാട്ടർ ബാഗ് തന്നിട്ട് പറഞ്ഞു: ‘‘ഇത് ചേർത്തുവെച്ച് ഉറങ്ങിക്കോളൂ. രാത്രിയിലെ തണുപ്പിന് കുറച്ച് ആശ്വാസം കിട്ടും.’’ അത് സത്യമായിരുന്നു. ബ്ലാങ്കറ്റിനെയും സ്വെറ്ററിനെയുമെല്ലാം തുളച്ചുകയറിയ തണുപ്പിനെ അല്പമെങ്കിലും അകറ്റിനിർത്താൻ സഹായിച്ചത് ആ ബാഗ് നൽകിയ ചൂടാണ്.
ധൂത്പത്രിയിലേക്ക്
പിറ്റേന്ന് രാവിലെ ഒരു ചൂട് കഹ്‍വയും കുടിച്ച് കുറച്ചു നേരം ബാൽക്കണിയിലിരുന്നു. വളരെ പതുക്കെ ഒരു ചെറുവഞ്ചി തുഴഞ്ഞുപോവുന്ന പെൺകുട്ടിയെ കണ്ടു. ആ തണുപ്പും ദൂരെ കാണാവുന്ന മഞ്ഞുമൂടിയ മലനിരകളുടെ ഭംഗിയുമെല്ലാം ആവോളം ആസ്വദിച്ചാണ് അവളുടെ യാത്രയെന്ന് തോന്നിപ്പോവും.
ഹൗസ് ബോട്ടിനോട് യാത്ര പറയാറായി. ഇനി രണ്ടുദിവസം സോസ്റ്റലിലാണ് താമസം. അൽപനേരം കഴിഞ്ഞപ്പോൾ എനിക്ക് പോകാനുള്ള ശിക്കാരയെത്തി. എല്ലാം പാക്ക് ചെയ്ത് സുൽത്താൻ ഭായിയോടും റഫീഖ ദീദിയോടും യാത്ര പറഞ്ഞിറങ്ങി.
സമീർ ഭായിയുടെ വണ്ടിയിലാണ് യാത്ര. ധൂത്പത്രിയിലേക്ക് ഏകദേശം 50 കി.മീ. ദൂരമുണ്ട്. മേപ്പിൾ മരങ്ങൾക്കിടയിലൂടെ കയറിപ്പോകുന്ന റോഡ്. ഇടക്കിടെ ആട്ടിൻപറ്റങ്ങളുമായി ഇടയന്മാർ. വഴിയിൽ ഒരു കൊച്ചു റസ്റ്റാറന്റിൽ കയറി. നല്ല ചൂടു ചായയും പകോടയും കഴിച്ചു.
ധൂത്പത്രിയിൽ നല്ല മഞ്ഞുണ്ട്. അവിടെ ഉപയോഗിക്കാൻ ബൂട്ട്സും ഗ്ലൗസും ജാക്കറ്റുമെല്ലാം ഈ കടയിൽനിന്ന് വാടകക്ക് കിട്ടും. ഇതെല്ലാം ധരിച്ചാണ് ശ്രീനഗറിൽനിന്ന് പുറപ്പെട്ടതെന്നതു കൊണ്ടുതന്നെ ഒന്നും വാടകക്കെടുക്കേണ്ടിവന്നില്ല. ഒരു 25-30 കിലോമീറ്റർ ദൂരം കൂടി താണ്ടിയപ്പോൾ ധൂത്പത്രിയിലെത്തി. ഇനി മുകളിലോട്ട് വണ്ടി പോകില്ല. പോണി (ചെറുകുതിര)യുടെ പുറത്തേറിയാണ് യാത്ര.
നിസാർ എന്ന ബാലന്റേതാണ് പോണി. കുറച്ചുദൂരം ചെന്നപ്പോൾതന്നെ വഴിയിലിരുവശവും മഞ്ഞുവീണുകിടക്കുന്നു. അപ്പോഴുള്ള എന്റെ ആവേശം കണ്ടപ്പോൾ നിസാർ പറഞ്ഞു: "ദീദീ, ഇതൊന്നുമല്ല മഞ്ഞ്. ഇനി കാണാൻ കിടക്കുന്നതേയുള്ളൂ.’’
തൂവെള്ള പരവതാനി വിരിച്ചപോലെ മഞ്ഞുനിറഞ്ഞത് കണ്ടപ്പോൾ ചാടിയിറങ്ങി ഞാൻ വേണ്ടുവോളം ആസ്വദിച്ചു. നിസാർ ആ നിമിഷങ്ങളെല്ലാം കാമറയിൽ പകർത്തിത്തന്നു.
മക്കി റൊട്ടിയും നൂൻ ചായയും
മടക്കയാത്രയിൽ മക്കി റൊട്ടിയും നൂൻ ചായയും ഉണ്ടാക്കുന്ന വഴിക്കച്ചവടക്കാരെ കണ്ടു. അവരുടെ കുഞ്ഞുകൂടാരത്തിലിരുന്ന് ആസ്വദിച്ച് ഭക്ഷണം കഴിച്ചു. മക്കി റൊട്ടി കശ്മീരി സാഗും അച്ചാറും കൂട്ടി കഴിക്കാൻ ഏറെ രുചികരമാണ്. പിങ്ക് നിറത്തിൽ വ്യത്യസ്തമായ ഒരു പാനീയമാണ് നൂൻ ചായ. തിരിച്ച് ശ്രീനഗറിലെ സോസ്റ്റലിലേക്ക്. സോസ്റ്റലിൽ സോളോ യാത്രക്കാർക്ക് മിതമായ നിരക്കിൽ ഡോർമിറ്ററികൾ ലഭ്യമാണ്. കൂടാതെ സിംഗ്ൾ, ഡബ്ൾ റൂമുകളുമുണ്ട്.
ടവേര ഓടിച്ച് ഗുൽമാർഗിലേക്ക്
പിറ്റേന്ന് രാവിലെ ഗുൽമാർഗാണ് ലക്ഷ്യം. മഞ്ഞുപെയ്യുന്ന ഗുൽമാർഗിലേക്ക് സ്വന്തമായി ഒരു ഫോർവീലർ ഡ്രൈവ് ചെയ്തു പോയാലോ എന്നൊരു തോന്നൽ. വിഷയം സമീർ ഭായിയോട് അവതരിപ്പിച്ചപ്പോൾ തന്റെ ടവേര എടുത്തുകൊള്ളാൻ പറഞ്ഞു. പക്ഷേ, ഗുൽമാർഗിലെ മഞ്ഞുവീഴുന്ന വഴികളിലെ ഡ്രൈവ് സൂക്ഷിക്കേണ്ടതാണ്.
പരിചയസമ്പത്തുള്ള ഒരാൾ കൂടെ ഉണ്ടാവുന്നതാണ് നല്ലതെന്ന് സോസ്റ്റലിലെ മാനേജർ ഷൗക്കത്ത് ഭായ് പറഞ്ഞു. ആ ദൗത്യവും സമീർ ഭായി തന്നെ ഏറ്റെടുത്തു. അങ്ങനെ രാവിലെ തന്നെ, ഗുൽമാർഗിലേക്കുള്ള ടവേര ഡ്രൈവ് തുടങ്ങി. 65 കിലോമീറ്ററോളം ഡ്രൈവ് ചെയ്തെത്തിയപ്പോൾ റോഡരികിലെല്ലാം മഞ്ഞു വീണുകിടക്കുന്നത് കണ്ടുതുടങ്ങി. അത്തരം ഭാഗങ്ങളിൽ വളരെ കരുതലോടെ വേണം ഡ്രൈവ്.
പ്രത്യേകിച്ച് എതിർദിശയിൽ നിന്ന് വാഹനങ്ങൾ വരുമ്പോൾ. കഷ്ടിച്ച് രണ്ടു വണ്ടികൾക്കുള്ള വീതി മാത്രമേ അവസാന ഭാഗത്ത് റോഡുകൾക്കുള്ളൂ. സമീർ ഭായിയുടെ മാർഗനിർദേശങ്ങളാണ് ആ ഡ്രൈവ് വിജയകരമായി പൂർത്തിയാക്കാൻ സഹായകമായത്. ഗുൽമാർഗിലെ കേബ്ൾ കാർ സവാരി ഗോണ്ടോള റൈഡ് പ്രശസ്തമാണ്. അതുകൊണ്ടുതന്നെ അവിടെ അഭൂതപൂർവമായ തിരക്കാണ്. ഗോണ്ടോള രണ്ട് ഘട്ടങ്ങളുണ്ട്.
രണ്ടാം ഘട്ടത്തിൽ 12,000ത്തോളം അടി ഉയരത്തിലെത്തും. സഞ്ചാരികൾക്ക് വേണമെങ്കിൽ ആദ്യ സ്റ്റേജിൽ ഇറങ്ങി കുറച്ചുനേരം ചെലവിട്ട് മടങ്ങാം. എന്നാൽ, മിക്ക സഞ്ചാരികളും രണ്ടു ഘട്ടവും പൂർത്തിയാക്കുന്നുണ്ട്. അത്രയും അനുഭവവേദ്യമാണ് മഞ്ഞു പരവതാനിക്ക് മുകളിലൂടെയുള്ള ആ ആകാശയാത്ര.
ടൂവീലറിൽ പഹൽഗാം യാത്ര
ഇനി പഹൽഗാമിലേക്കുള്ള യാത്രയാണ് ബാക്കി. ഒരു 100 കിലോമീറ്റർ ടൂവീലർ റൈഡ് ആയിരുന്നു പ്ലാൻ. പിറ്റേന്ന് രാവിലെ മുനവ്വറാബാദിലുള്ള റെന്റൽ സർവിസ് സെന്ററിലെത്തി ടൂവീലർ എടുക്കാൻ ഏർപ്പാടുകൾ ചെയ്താണ് ഉറങ്ങാൻ കിടന്നത്. രാവിലെ ബാഗെല്ലാം പാക്ക് ചെയ്തിട്ട് സോസ്റ്റലിലെ കെയർ ടേക്കറെ ഏൽപിച്ചു.
പഹൽഗാമിൽനിന്ന് പിറ്റേന്ന് രാത്രി മാത്രേമ തിരിച്ച് സോസ്റ്റലിലെത്തൂ. അതുവരെ വലിയ ബാഗുകളെല്ലാം അവിടെത്തന്നെ സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. ഒരു ദിവസത്തേക്കുവേണ്ട സാധനങ്ങൾ മാത്രം ഒരു ചെറിയ ബാഗിലാക്കി അതുമെടുത്ത് മുനവ്വറാബാദിലേക്ക് ഒരു ഓട്ടോ പിടിച്ചു. റെന്റൽ സർവിസ് സെന്ററിലെ നിസാർ ഭായിയെ നേരത്തേ വിളിച്ച് ഏർപ്പാടാക്കിയിരുന്നതുകൊണ്ട് പെട്ടെന്നുതന്നെ വണ്ടി കിട്ടി.
സ്റ്റാർട്ട് ചെയ്ത് നീങ്ങിത്തുടങ്ങിയപ്പോഴേക്കും നിസാർ ഭായി ഓടിവന്നു ഒരു റെയിൻ കോട്ട് കൈയിൽതന്നു പറഞ്ഞു: "ഇതുകൂടി വെച്ചോളൂ. വഴിയിലെവിടെയൊക്കെയോ മഴക്ക് സാധ്യതയുണ്ട്.’’ ആ കരുതലിന് നന്ദിപറഞ്ഞ് ജാക്കറ്റിന്റെ മേലെ അപ്പോൾ തന്നെ റെയിൻ കോട്ടുമിട്ട് യാത്ര തുടങ്ങി. ഗൂഗ്ൾ മാപ്പിന്റെ നിർദേശങ്ങൾക്ക് കാതോർത്താണ് റൈഡ്.
കുങ്കുമപ്പാടങ്ങളുടെ വഴിയേ
അധികം ആശയക്കുഴപ്പങ്ങളൊന്നും ഉണ്ടാവാൻ ഇടയില്ലാത്തതാണ് ശ്രീനഗർ -പഹൽ ഗാം റൂട്ട്. അനന്ത്നാഗ് വഴി പോകുന്നതാണ് സാധാരണ റൂട്ട്. വഴിയിലിരുവശവും വിശാലമായ കുങ്കുമപ്പാടങ്ങൾ. കൊയ്ത്തുകഴിഞ്ഞതാണ്. എങ്കിലും അടുത്തുചെന്ന് നോക്കിയാൽ അങ്ങിങ്ങായി നിലം പറ്റിക്കിടക്കുന്ന കുങ്കുമപ്പൂക്കൾ കാണാം.
എൻ.എച്ച് 44. ദൂരെ മനോഹരമായ മലനിരകൾ. എതിരെ വീശുന്ന തണുത്ത കാറ്റിൽ സുന്ദരമായ റൈഡ്. പോകെപ്പോകെ റോഡിനിരുവശവും കൂടുതൽ പട്ടാളക്കാരെ കാണാറായി. ഇടക്ക് വെള്ളം കുടിക്കാനോ ഫോട്ടോയെടുക്കാനോ നിർത്തുമ്പോൾ അവരടുത്തുവന്ന് വിവരങ്ങളൊക്കെ ചോദിച്ച് പ്രശ്നമൊന്നുമില്ലെന്ന് കണ്ടാൽ സുന്ദരമായ യാത്ര ആശംസിച്ച് നടന്നു നീങ്ങും.
സ്നേഹത്തിന്റെ ആപ്പിൾ
ബഹളമയമായ ബിജ്ബെഹര പട്ടണം പിന്നിട്ട് വീണ്ടും ശാന്തമായ അന്തരീക്ഷം. അങ്ങിങ്ങായി ആട്ടിൻപറ്റത്തെ തെളിച്ചു നടക്കുന്ന പയ്യന്മാർ. ആ കൂട്ടത്തിനിടയിലൂടെ വണ്ടിയെടുക്കൽ കുറച്ച് സാഹസികമായിരുന്നു. പിന്നീടങ്ങോട്ട് ഇല പൊഴിക്കുന്ന ചിനാർ മരങ്ങൾക്കിടയിലൂടെയാണ് കുറേദൂരം പോയത്. മഞ്ഞയും ചുവപ്പും ഇലകൾ റോഡിനെയാകെ മൂടിയിരിക്കുന്നു.
കുറച്ചു ദൂരത്തിനപ്പുറം കശ്മീരിന്റെ സ്വന്തം ആപ്പിൾ തോട്ടങ്ങൾ കാണാൻ തുടങ്ങി. ആപ്പിൾ നിറഞ്ഞ ചില്ലകൾ റോഡിലോട്ട് തൂങ്ങിക്കിടക്കുന്നുണ്ട്. ആപ്പിളുകൾ പെട്ടികളിലാക്കി വലിയ ലോറികളിൽ കയറ്റുന്നതും കാണാം. ഒരു തോട്ടത്തിനരികെ വണ്ടിയൊതുക്കി. തോട്ടത്തിൽ ഒരു വയോധികനും യുവതിയും ചാക്കിൽ കൂട്ടിയിട്ട ആപ്പിളുകളിൽനിന്ന് നല്ലതു പെറുക്കി പെട്ടിയിലാക്കുന്ന ജോലിയിലാണ്. തോട്ടമുടമസ്ഥൻ ഹബീബുല്ലയും മകൾ റുമൈസയുമാണ്.
കുശലാന്വേഷണങ്ങൾക്കിടയിൽ ഒരു വലിയ ഗ്ലാസ് ആപ്പിൾ ജ്യൂസും കുറച്ച് തുടുത്ത് ചുവന്ന ആപ്പിളുകളും അവരെനിക്കുതന്നു. തൊട്ടടുത്തുതന്നെ ഒരു ജ്യൂസ് കട നടത്തുന്നുണ്ട് അവർ. ഞാൻ കാശെടുത്ത് നീട്ടിയെങ്കിലും അവർ സ്വീകരിച്ചില്ല. ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്നു വന്ന ഏകാന്ത യാത്രക്കാരിക്ക് ഞങ്ങളുടെ സമ്മാനമാണതെന്ന് അവർ. ആ ആതിഥേയത്വത്തിന്റെ മാധുര്യവും നുകർന്ന്, പഹൽഗാമിലേക്കുള്ള വഴി അവരോട് ചോദിച്ച് ഒന്നുകൂടി ഉറപ്പിച്ച് ഞാൻ യാത്ര തുടർന്നു.
വെള്ളാരങ്കല്ലുകളും ലിഡാറും
പഹൽഗാമിലേക്ക് കടന്നു പിന്നീട് ലിഡാർ നദിക്കരയിലൂടെ അൽപ ദൂരം യാത്രയുണ്ടായിരുന്നു താമസസ്ഥലത്തേക്ക്. നീലയും പച്ചയും കലർന്ന മനോഹരമായ വർണത്തിൽ വെള്ളാരങ്കല്ലുകളെ തഴുകി ശാന്തമായി ഒഴുകുന്ന ലിഡാർ. കുറച്ചു നേരം വണ്ടിയൊതുക്കി നദിക്കരയിൽ ആ മനോഹാരിതയും ആസ്വദിച്ചു നിന്നു. ഉച്ച കഴിഞ്ഞിരുന്നു. അതിനാൽ പിന്നീട് കണ്ട റസ്റ്റാറന്റിൽതന്നെ കയറി വിശപ്പടക്കി. ഭക്ഷണ ശേഷം, ജഹാംഗീർ കോട്ടേജിലേക്കുള്ള വഴി ചോദിച്ചുറപ്പിച്ച് ഇറങ്ങി. ഒരു എട്ട് കിലോമീറ്ററുകൾക്കപ്പുറം താമസസ്ഥലമെത്തി. മെയിൻ റോഡിൽനിന്ന് ഒരു അമ്പതോളം മീറ്റർ ഉള്ളിലോട്ടാണ് ജഹാംഗീർ കോട്ടേജ്.
ചേതക്കിന് മുകളിൽ ബെയ്സറൺ വാലിയിലേക്ക്
റൂം മുകളിലാണ്. അൽപനേരത്തെ വിശ്രമത്തിനുശേഷം ഞാൻ നടക്കാനിറങ്ങി. അൽപദൂരം നടന്നപ്പോൾ ബേതാബ് വാലിയിലേക്ക് അഞ്ച് കി.മീ. എന്ന ബോർഡ് കണ്ടു. പിറ്റേന്ന് ബെയ്സറൺ വാലിയിലേക്കുള്ള യാത്രയെപ്പറ്റി പറയാൻ തുടങ്ങിയപ്പോൾ കോട്ടേജിലെ സഹായി പർവേസ് ആവേശത്തോടെ പറഞ്ഞു: "നമുക്ക് ചേതക്കിനെയും കൊണ്ട് ഒരു എട്ട് മണിയാവുമ്പോൾ തന്നെ പോകാം.’’
പിറ്റേന്ന് പ്രഭാത ഭക്ഷണം ഒരു ചായയിലും ബ്രെഡ് ടോസ്റ്റിലും ഒതുക്കി റെഡിയായി പുറത്തുവന്നപ്പോഴേക്കും പർവേസും ചേതക്കും എന്നെ കാത്തുനിൽപ്പുണ്ടായിരുന്നു. ഞാൻ കയറിയിരുന്നതും ചേതക് അതിവേഗത്തിൽ നടക്കാൻ തുടങ്ങി. അൽപദൂരം മുകളിലെത്തിക്കഴിഞ്ഞപ്പോൾ തന്നെ താഴെ പഹൽഗാം വാലിയുടെ ആകപ്പാടെയുള്ള ഒരു വ്യൂ കാണാനായി. അങ്ങിങ്ങായി മേയുന്ന ആട്ടിൻകൂട്ടങ്ങളെയും കാണാം.
ചെറിയ അരുവികൾക്കും വന്മരങ്ങൾക്കുമിടയിലൂടെ ചുറുചുറുക്കോടെ കുതിച്ച് ചേതക് ഞങ്ങളെ ബെയ്സറൺ വാലിയിലെത്തിച്ചു. പച്ചപ്പരവതാനി വിരിച്ച് വിശാലമായി കിടക്കുന്ന അതിമനോഹരമായ താഴ്വര. അവിടെ ചെമ്മരിയാടുകളെ മേച്ച് കുറച്ച് കുട്ടികളുണ്ട്. മറ്റു ചില കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നു.
ഡിസംബർ, ജനുവരി സമയങ്ങളിൽ ബെയ്സറണിൽ തീരെ പച്ചപ്പ് കാണാൻ പറ്റില്ലേത്ര. അവിടെയെല്ലാം മഞ്ഞു പുതക്കും. നവംബറിൽ വന്നത് നന്നായെന്ന് ഒരിക്കൽക്കൂടി എനിക്ക് തോന്നി. തിരിച്ച് ചേതക്കിന്റെ പുറത്ത് കയറി യാത്ര തുടങ്ങിയപ്പോഴും മനസ്സ് ബെയ്സറൺ വാലിയിൽതന്നെയായിരുന്നു.
അൽപനേരം അവിടെ ചെലവിട്ടതിനുശേഷം ഞാൻ ശ്രീനഗറിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. വൈകീട്ട് ഏഴുമണി ആവുമ്പോഴേക്കും വണ്ടി തിരിച്ചേൽപിക്കേണ്ടതാണ്. ബിജ്ബെഹരയിലോട്ട് എത്തിയത് ഒരു പുതിയ വഴിയിലൂടെയാണ്. അൽപം ദൂരം കുറവാണ് ആ വഴിയെന്ന് ഒരു സി.ആർ.പി.എഫ് ജവാൻ നിർദേശിച്ചതനുസരിച്ചാണ് അങ്ങനെ പോയത്. ഇടക്കെല്ലാം നിർത്തി കാഴ്ചകളൊക്കെ ആസ്വദിച്ചായിരുന്നു യാത്ര എന്നതുകൊണ്ടുതന്നെ ശ്രീനഗറിലെത്തിയപ്പോൾ ഇരുട്ടിത്തുടങ്ങിയിരുന്നു.
പെട്രോൾ തീർന്ന് പെരുവഴിയിൽ
ശ്രീനഗറിൽ എത്തി, ഒരു ഓവർ ബ്രിഡ്ജിൽ വെച്ച് വണ്ടിനിന്നു. പെട്രോൾ തീർന്നതായിരിക്കാനാണ് വഴി. ഫ്യൂവൽ മീറ്ററിൽ പക്ഷേ ഇൻഡിക്കേഷനൊന്നും കണ്ടിരുന്നില്ല. ഗൂഗ്ൾ മാപ്പിൽ നോക്കിയപ്പോൾ ഒരു രണ്ടു കിലോമീറ്റർ അപ്പുറത്തേ പെട്രോൾ സ്റ്റേഷനുള്ളൂ. നല്ല ട്രാഫിക് ഉള്ള സമയമാണ്. എന്തായാലും ഓവർ ബ്രിഡ്ജിൽനിന്ന് വണ്ടി തള്ളി താഴെയിറക്കി. അടുത്തു തന്നെയുള്ള ഒരു തട്ടുകടയിലെ അപ്പൂപ്പൻ വന്ന് കാര്യമന്വേഷിച്ചു.
പേടിക്കേണ്ട, കുറച്ചപ്പുറം തന്നെ പെട്രോൾ സ്റ്റേഷനുണ്ടെന്ന് എന്നെ സമാധാനിപ്പിച്ചു. അദ്ദേഹം കടയിൽ നിന്ന് ഒരു കുപ്പിയെടുത്തു, ഒരു ഓട്ടോ കൈ കാണിച്ചു നിർത്തി, ഓട്ടോക്കാരനോട് കാര്യങ്ങൾ ധരിപ്പിച്ചു. വണ്ടി അദ്ദേഹം ശ്രദ്ധിച്ചോളാം എന്നും പറഞ്ഞു. അങ്ങനെ, ആ കുപ്പിയുമായി പോയി പെട്രോൾ വാങ്ങി അതേ ഓട്ടോയിൽ ഞാൻ തിരിച്ചുവന്നു.
അപ്പോഴേക്കും ഒരു ഫണലുമായി ആ അപ്പൂപ്പൻ വണ്ടിയുടെ അടുത്തുതന്നെ നിൽപ്പുണ്ടായിരുന്നു. അങ്ങനെ അദ്ദേഹവും ഓട്ടോക്കാരനും തന്നെ പെട്രോൾ നിറച്ചു. തട്ടുകടയിൽ ഭക്ഷണത്തിനായി ആളുകൾ കാത്തുനിൽക്കുന്നുണ്ട്. അവരോട് കാര്യം പറഞ്ഞ് കുറച്ചുനേരം കാത്തുനിൽക്കാൻ അഭ്യർഥിച്ചിട്ടാണ് അദ്ദേഹം എന്നെ സഹായിക്കാൻ വന്നിട്ടുള്ളത്. ആ വലിയ മനസ്സിന് ഒരുപാട് നന്ദി പറഞ്ഞു, ഞാൻ യാത്രതിരിച്ചു. നിശ്ചിത സമയത്തിനകം തന്നെ എനിക്ക് വണ്ടി സുരക്ഷിതമായി തിരിച്ചേൽപിക്കാൻ പറ്റി.
ഒറ്റക്ക് കശ്മീരിൽ വരാൻ പേടിയില്ലേ?
സോസ്റ്റലിലേക്ക് പോകാൻ ഓട്ടോ വിളിച്ചു. ഓട്ടോക്കാരൻ വളരെ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടായിരുന്നു.ഡോക്ടറാണെന്ന് പറഞ്ഞപ്പോൾ തന്റെ മോൾക്കും ഡോക്ടറാവാനാണ് ആഗ്രഹമെന്നും നീറ്റ് പരീക്ഷക്കുള്ള തയാറെടുപ്പിലാണെന്നും പറഞ്ഞു. ഒറ്റക്ക് യാത്ര ചെയ്യുന്നതും കേരളത്തിലെയും കശ്മീരിലെയും വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെ താരതമ്യവുമെല്ലാം സംസാരവിഷയങ്ങളായി. ഇടക്കെപ്പോഴോ അദ്ദേഹം ചോദിച്ചു: "Weren't you scared at all? ഒറ്റക്ക് കശ്മീരിൽ വരാൻ തീരെ പേടി തോന്നിയില്ലേ?" ചെറിയ ഒരു ആശങ്ക മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഇവിടെ എത്തിയ ഉടൻ അതെല്ലാം ഇല്ലാതായെന്നും പറഞ്ഞു.
സുന്ദര കാഴ്ചകൾക്ക് വിട
എയർപോർട്ടിലേക്കുള്ള വഴിയിൽ തന്നെയാണ് ഡ്രൈവർ ഫിറോസ് ഭായിയുടെ വീട്. ധാരാളം സമയമുണ്ടല്ലോ. വിരോധമില്ലെങ്കിൽ വീട്ടിൽ കയറി ഭാര്യയെയും മക്കളെയും കണ്ടിട്ട് പോകാമെന്ന് അദ്ദേഹം. ആ ക്ഷണം നിരസിക്കാൻ തോന്നിയില്ല. ഫിറോസ് ഭായിയുടെ മൂന്ന് മക്കളിൽ മൂത്തയാൾ ജന്മനാ ഉള്ള ചില അസുഖങ്ങളാൽ കിടപ്പിലാണ്. എല്ലാ കാര്യത്തിനും പരസഹായം വേണം. ഭാര്യ നല്ല കശ്മീരി ചായയും പലഹാരങ്ങളുമെല്ലാം ഒരുക്കിയിരുന്നു. അൽപനേരം അവരുടെ കൂടെ ചെലവഴിച്ച് യാത്ര തുടർന്നു.
വഴിയിൽ ഇല പൊഴിച്ചു നിൽക്കുന്ന ചിനാർ മരങ്ങളോട് യാത്ര പറഞ്ഞു. എയർപോർട്ട് ഗേറ്റിനടുത്തുള്ള സെക്യൂരിറ്റി പരിശോധനകൾ കഴിഞ്ഞ് വീണ്ടും വണ്ടിയിൽ കയറി പ്രധാന കവാടത്തിനരികെ ഇറങ്ങി. ഫിറോസ് ഭായിയോട് യാത്ര പറഞ്ഞു. ബംഗളൂരു വഴി കൊച്ചിയിലേക്കുള്ള ഫ്ലൈറ്റാണ്. വിമാനം പറന്നുപൊങ്ങിയപ്പോൾ താഴെ മഞ്ഞുമലകൾ, താഴ്വരകൾ. ഈ സുന്ദരമായ കാഴ്ചകളിലേക്ക്, അനുഭവങ്ങളിലേക്ക് ഇനിയും വരണമെന്ന് മനസ്സിൽ അപ്പോൾതന്നെ കുറിച്ചിട്ടു. നന്ദി കശ്മീർ.
ഒരു പോസ്റ്റ് കാർഡ് സുവനീർ
പിറ്റേന്ന് നാട്ടിലേക്ക് മടങ്ങാനുള്ള ദിവസമാണ്. കശ്മീരിനോട് യാത്ര പറയാറായി. അഞ്ച് മനോഹര ദിവസങ്ങൾ എത്ര പെട്ടെന്നാണ് കടന്നു പോയത്! പിറ്റേന്ന് വൈകീട്ട് നാലു മണിക്കാണ് ഫ്ലൈറ്റ്. എങ്കിലും ശ്രീനഗർ എയർപോർട്ടിൽ ചില അധിക സുരക്ഷ പരിശോധനകളെല്ലാം ഉള്ളതുകൊണ്ട് നേരത്തേ എത്തണമെന്ന് പലരും ഉപദേശിച്ചിരുന്നു.
രാവിലെ പത്തിനുതന്നെ സോസ്റ്റലിൽനിന്ന് ചെക്ക് ഔട്ട് ചെയ്ത് ഇറങ്ങാമെന്ന് തീരുമാനിച്ചു. എയർപോർട്ടിലേക്ക് പോകുന്നതിനുമുമ്പ് ബക്കറ്റ് ലിസ്റ്റിലെ ഒരു കാര്യംകൂടി ചെയ്തു തീർക്കാനുണ്ട്. ദാൽ തടാകത്തിലെ ഒഴുകുന്ന പോസ്റ്റോഫിസിൽനിന്ന് പ്രിയപ്പെട്ടവർക്ക് എഴുത്തുകളയക്കണം. സമീർ ഭായിയെ വിളിച്ചു പിറ്റേന്നത്തേക്ക് ഒരു വണ്ടി കിട്ടാനുണ്ടോ എന്നന്വേഷിച്ചു. സമീർ ഭായി രണ്ട് ദിവസത്തേക്ക് ഗുൽമാർഗിലാണ്. എങ്കിലും പെട്ടെന്നുതന്നെ ആൾ തന്റെ കസിൻ ഫിറോസിനെ വിളിച്ച് എല്ലാം ഏർപ്പാടാക്കിത്തന്നു.
ആദ്യം പോസ്റ്റോഫിസിലേക്ക് പോയി. 200 വർഷം പഴക്കമുള്ള പോസ്റ്റോഫിസാണത്. ലോകത്തിലെ തന്നെ ഏക ഫ്ലോട്ടിങ് പോസ്റ്റോഫിസാണെന്ന് വായിച്ചിട്ടുണ്ട്. പോസ്റ്റ് മാസ്റ്റർമാരായ ഫാറൂഖ് ഭായിയെയും മുഹമ്മദ് ഭായിയെയും പരിചയപ്പെട്ടു. ഹൗസ് ബോട്ടിലെ കുടുംബങ്ങൾക്കുള്ള പോസ്റ്റൽ സർവിസാണ് അവരുടെ പ്രധാന സേവനം. ഞാൻ പോസ്റ്റ് കാർഡുകൾ വാങ്ങി എഴുതി സീൽ ചെയ്യാൻ കൊടുത്തു. അവിടത്തെ സീൽ വളരെ വ്യത്യസ്തമാണ്. ഒരു ശിക്കാരയുടെ ചിത്രമാണ് പതിപ്പിക്കുന്നത്. അവിടത്തെ പോസ്റ്റ് ബോക്സിൽ തന്നെ എഴുത്തുകൾ നിക്ഷേപിച്ചു. രണ്ടു മാസമെങ്കിലും എടുക്കുമത്രേ അവ കേരളത്തിലെത്താൻ. ഓരോ സ്ഥലങ്ങളിൽ പോകുമ്പോഴും അവിടെനിന്ന് നാട്ടിലേക്ക് അയക്കുന്ന പോസ്റ്റ് കാർഡുകളാണ് ആ യാത്രകളുടെ ഏറ്റവും നല്ല സുവനീറുകളായി തോന്നിയിട്ടുള്ളത്. തിരിച്ച് വണ്ടിയിൽ കയറി.
ദാൽ കൈക്കുമ്പിളിൽ
അങ്ങനെ ശ്രീനഗർ സിറ്റി പിന്നിട്ട് ദാൽ തടാകത്തിന് അടുത്തെത്തി. അവിടെ ഇറങ്ങിയപ്പോൾ തന്നെ ജാവേദ് ഭായ് അടുത്തെത്തി. താമസിക്കാൻ പോവുന്ന ഹൗസ് ബോട്ടിന്റെ ഉടമസ്ഥനാണ്. നേരത്തേ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഹൗസ് ബോട്ടിലോട്ട് പോവാനുള്ള വഞ്ചി റെഡിയാണ്. വഞ്ചി തുഴയുന്നത് മുഹമ്മദ് ഭായി. ജാവേദ് ഭായിയുടെ മൂത്ത സഹോദരൻ.
അങ്ങനെ ദാൽ തടാകത്തിലേക്ക്! കുഞ്ഞുവഞ്ചികളും മനോഹരമായി അലങ്കരിച്ച ശിക്കാരകളും അങ്ങിങ്ങായി പോകുന്നുണ്ട്. സുന്ദരമായ ശാന്തത. അതിന് ഭംഗം വരുത്തുന്നത് മുഹമ്മദ് ഭായിയുടെ തുഴച്ചിലിൽ തെന്നിമാറുന്ന ഓളങ്ങളുടെ താളം മാത്രം. ഈ ദാൽ തടാകക്കരയിലിരുന്ന്, ഈ ശാന്തതയിൽ എം.ടിയുടെ 'മഞ്ഞ്' ഒരിക്കൽക്കൂടി വായിക്കണം. ഞാൻ മനസ്സിലുറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.