കാൻഡി


നുവാര എലിയയിൽനിന്ന് കാൻഡിയിലേക്കുള്ള യാത്രതന്നെ അതിമനോഹരമായ ഒരു സീനിക് സൈറ്റാണ്. ബസിലെ തട്ടുപൊളിപ്പൻ ശ്രീലങ്കൻ സിനിമാ ഗാനങ്ങൾ കേട്ട് ഒരു യാത്ര. തേയിലക്കാടുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ താഴ്‌വരകൾ. നീലയും പച്ചയും ഇടകലർന്ന മലനിരകൾ..

ശ്രീലങ്കയുടെ തുടിക്കുന്ന ഹൃദയമാണ് കാൻഡി. തലസ്ഥാന നഗരമായ കൊളംബോയിൽനിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയാണ് മലയോര നഗരമായ കാൻഡി സ്ഥിതി ചെയ്യുന്നത്. കാൻഡിയുടെ തെരുവുകൾ നിറയെ കൊളോണിയൽ കെട്ടിടങ്ങളാണ്. ശ്രീലങ്കയിലെ രണ്ടാമത്തെ വലിയ നഗരമാണിത്. ശ്രീലങ്കൻ സാരിയായ ഓ സാരിയുടെ സ്ഥലം.

ശ്രീലങ്കയുടെ മുഖമുദ്രയായ വൃത്തിയും അടുക്കും ഈ നഗരത്തിലും കാണാം. നഗരമധ്യത്തിലെ പുരാതന പള്ളിയുടെ സമീപമാണ് ഞങ്ങൾ താമസിക്കുന്ന ഹോട്ടൽ. ഞാനും മകളും ഭർത്താവും അടങ്ങുന്ന മൂവർസംഘം എത്തിയ ഉടൻ നഗരക്കാഴ്ചകൾ കാണാനിറങ്ങി.

ശ്രീലങ്കൻ ആന. കാൻഡിയിലെ ഒരു പ്രഭാത കാഴ്ച


രാജേഷ് കണ്ണ്

നടന്നു നടന്നെത്തിയത് പ്രശസ്തമായ ബുദ്ധക്ഷേത്രത്തിനു മുന്നിൽ. ദലത മാലിഗാവ ക്ഷേത്രം. ടൂത് റെലീക് ടെമ്പിൾ എന്ന് പറഞ്ഞാലാണ് കൂടുതൽ അറിയുക. ബുദ്ധന്‍റെ ഒരു പല്ല് സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ്. പഴയ രാജകൊട്ടാരത്തിന് നടുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

രാജേഷ് കണ്ണ് എന്ന തമിഴ് വംശജനെ പരിചയപ്പെട്ടത് ഈ ക്ഷേത്രത്തിൽവെച്ചാണ്. ക്ഷേത്രത്തിന്‍റെ നോട്ടക്കാരിൽ ഒരാൾ എന്ന നിലയിലാണ് രാജേഷ് ഞങ്ങളെ പരിചയപ്പെടാൻ വരുന്നത്.

ക്ഷേത്ര പ്രവേശന കവാടം


മറ്റൊരു നാട്ടിൽ ഒരാൾ അമിതമായി നമ്മെ സഹായിക്കുമ്പോൾ ഉണ്ടാകുന്ന എല്ലാ സംശയത്തോടെയുമാണ് ഞങ്ങൾ അദ്ദേഹത്തെ അനുഗമിച്ചത്. അദ്ദേഹം ഇവിടത്തെ ക്ഷേത്രത്തിന്‍റെ ട്രസ്റ്റി ആണെന്നാണ് പറഞ്ഞത്. അദ്ദേഹമാണ് ക്ഷേത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെച്ചത്.

ശ്രീബുദ്ധന്‍റെ മൃതദേഹം സംസ്കരിക്കുന്നതിനുമുമ്പേ ഒരു പല്ല് ഒരു ബുദ്ധഭിക്ഷുവിനു ലഭിച്ചിരുന്നു. അദ്ദേഹം അത് ബ്രഹ്മദത്ത രാജാവിന് നൽകി. കുറേക്കാലം ഒഡിഷയിലെ പുരിയിൽ സൂക്ഷിച്ചശേഷം നാലാം നൂറ്റാണ്ടിൽ ബ്രഹ്മദത്ത രാജാവും പത്നി ഹേമമാലിയും ചേർന്ന് പല്ല് ശ്രീലങ്കയിൽ എത്തിച്ചു. പല രാജാക്കന്മാരാലും പരിചരിക്കപ്പെട്ട ശേഷം പല്ല് വീണ്ടും കാൻഡിയിൽ എത്തി.

വലിയ സുരക്ഷയാണ് ക്ഷേത്രത്തിന് ഒരുക്കിയിട്ടുള്ളത്. പലതവണ ഈ ക്ഷേത്രം ആക്രമിക്കപ്പെട്ടിട്ടുണ്ട്. 1980ൽ മാർക്സിസ്റ്റ് ലെനിനിസ്റ്റുകളുടെയും 1998ൽ എൽ.ടി.ടി.ഇയുടെയും പ്രഹരം ലഭിച്ച ക്ഷേത്രമാണ്. ക്ഷേത്രത്തെ കുറിച്ചുള്ള രാജേഷിന്‍റെ വിവരണം കേട്ടു ഞങ്ങൾ അദ്ദേഹത്തെ അനുഗമിച്ചു.

ആദ്യമായാണ് ഒരു ബുദ്ധക്ഷേത്രത്തിന്‍റെ ഉള്ളിലെ ചടങ്ങുകൾ കാണുന്നത്. അങ്ങേയറ്റം പാവനമായ, പരിശുദ്ധമായ അന്തരീക്ഷത്തിലാണ് പൂജകളെല്ലാം. ഓരോ പൂജ കഴിയുമ്പോഴും ഇനി അടുത്തുചെന്ന് നിൽക്കേണ്ട സ്ഥലം ഒരുക്കി രാജേഷ് കണ്ണ് ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു.

ബഹിരവൊകണ്ട വിഹാര ബുദ്ധപ്രതിമ


സത്യത്തിൽ ഞങ്ങൾ മൂവരും ആശങ്കയിലായി. നല്ല ഒരു തുക രാജേഷ് പ്രതീക്ഷിക്കുന്നുണ്ടെന്നു ഞാൻ ഭർത്താവിനോട് പറഞ്ഞു. കൊടുക്കാൻ പറ്റുന്ന ഒരു തുക കൈയിലെടുത്തു വെക്കുകയും ചെയ്തു. ഒടുവിൽ സന്ദർശകർക്ക് പ്രവേശനമില്ലാത്ത മ്യൂസിയത്തിലേക്കും ഞങ്ങളെ കൊണ്ടുപോയി.

അവിടെ സന്ദർശകർക്ക് ഒരു കവാടം തുറന്നു രാജാവിന്‍റെ പഴയകാല അന്തപ്പുരവും അവിടെനിന്ന് കാണുന്ന കാൻഡി നഗരത്തിന്‍റെ അതിമനോഹര ദൃശ്യവും ഞങ്ങൾക്ക് കാണിച്ചുതന്നു.

അതോടെ ഞങ്ങൾ പരിപൂർണമായും ആശങ്കയിലായി. ഇനി എന്തായിരിക്കും ഇദ്ദേഹം ഞങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്നത്, എത്ര കൊടുത്താൽ മതിയാവും? എന്നാൽ, പിരിയാൻ തുടങ്ങുമ്പോൾ ഞങ്ങളെ അതിശയിപ്പിച്ച് രാജേഷ് ഞങ്ങളെ കൈ അമർത്തി ആലിംഗനം ചെയ്തു യാത്ര പറയുകയാണ് ഉണ്ടായത്. കൈയിൽ ഏൽപിച്ച തുക അദ്ദേഹം സ്വീകരിച്ചതേയില്ല.

പിറ്റേ ദിവസം അദ്ദേഹത്തിന് സമയമുണ്ടെങ്കിൽ കാൻഡി നഗരം ചുറ്റിനടന്ന് കാണിക്കാമെന്നും വാഗ്ദാനം ചെയ്തു. ഓരോ ദിവസം കഴിയുന്തോറും ശ്രീലങ്കക്കാർ ഞങ്ങളുടെ ഹൃദയം കവർന്നുകൊണ്ടിരിക്കുകയാണ്.

കാൻഡിയിലെ മാസ്കുകൾ


വമ്പട്ടു മോജു

ക്ഷേത്രത്തിനു പുറത്ത് നിറയെ ശ്രീലങ്കൻ സുവനീർ കടകളാണ്. തടികൊണ്ടുണ്ടാക്കിയ മാസ്കുകളും വമ്പൻ ശിൽപങ്ങളും കണ്ട് കണ്ണുകഴച്ച ഞങ്ങൾ തനത് ശ്രീലങ്കൻ ആഹാരങ്ങൾ തേടിയിറങ്ങി. ഇവിടെ എന്നെ ആകർഷിച്ച ഒരു ഡിഷ് ആയിരുന്നു വമ്പട്ടു മോജു.

വഴുതിന, എണ്ണയിൽ വഴറ്റി സോയ സോസ് ചേർത്ത് തയാറാക്കിയശേഷം ഷുഗർ കാരമലൈസ് ചെയ്ത് ഒഴിക്കും. ഉഗ്രൻ രുചിയാണ്. ഇവിടത്തെ കോക്കനട്ട് റൊട്ടിയും അതീവ രുചികരമാണ്.

കാൻഡി തടാകം

നഗരമധ‍്യത്തിൽ സ്ഥിതി ചെയ്യുന്ന തടാകമാണ് കാൻഡിയുടെ പ്രധാന ആകർഷണം. മനുഷ്യനിർമിതമായ ഈ തടാകം ആദ്യകാഴ്ചയിൽ തന്നെ ഹൃദയം കവർന്നിരുന്നു. തടാകത്തിന്‍റെ പരിസരം അതിസുന്ദരമായ ഒരു ഇക്കോ സിസ്റ്റമാണ്.

മീൻപിടിക്കുന്ന കൊക്കുകളും പുറന്തോടിൽനിന്ന് കഴുത്തുനീട്ടി ഇലകൾ തേടിപ്പിടിക്കുന്ന ആമകളും വലിയ ശരീരംപേറി നീങ്ങുന്ന ഉടുമ്പുകളും തടാകത്തിൽ നിർബാധം നീന്തുന്ന പെലിക്കണുകളും തുടങ്ങി കണ്ണും മനസ്സും നിറയുന്ന കാഴ്ചകളാണ് ചുറ്റും.

കാൻഡി നഗരത്തിൽവെച്ചാണ് ലസ്‌ലിയെ പരിചയപ്പെടുന്നത്. തടാകത്തിന്‍റെ സൗന്ദര്യം കണ്ടു അന്തംവിട്ടു നടന്ന ഞങ്ങളെ ഇങ്ങോട്ടുവന്നു പരിചയപ്പെടുകയായിരുന്നു ലസ്​ലി. കാൻഡി സ്വദേശി. സിംഹള വംശജൻ. ഹിന്ദിയും ഇംഗ്ലീഷും അറിയാവുന്ന നല്ലൊരു ഡ്രൈവർ കം ഗൈഡ് ആണ്.

ഞങ്ങൾക്ക് പ്രകൃതിയോടുള്ള അതീവ പ്രണയംകണ്ട് ലസ്​ലി, തടാകത്തിന്‍റെ ചരിത്രവും ഭൂമിശാസ്ത്രവും പറഞ്ഞുതന്നു. സീ ഓഫ് മിൽക്ക് അഥവാ പാൽക്കടൽ എന്ന വിളിപ്പേരുണ്ട് ഇതിന്. യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റിലുള്ള സ്ഥലമാണ് കാൻഡി. 1807ൽ ശ്രീ വിക്രമരാജസിംഗെ നിർമിച്ചതാണ് മൂന്നു കിലോമീറ്റർ ചുറ്റളവുള്ള ഈ തടാകം.

ലേഖികയും ഭർത്താവും ലസ്​ലിക്കൊപ്പം


ലസ്​ലിയും ടുക് ടുക്കും

ലസ്​ലിയുടെ പരിജ്ഞാനം കണ്ടപ്പോൾ തന്നെ ഇന്നത്തെ ഞങ്ങളുടെ സാരഥി അദ്ദേഹം തന്നെയെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. ലസ്​ലി ജീവിതകഥ ഒന്നുരണ്ട് കുഞ്ഞു വാചകങ്ങളിൽ ഒതുക്കി. യു.എ.ഇയിലായിരുന്നു ജോലി. ദുബൈയിൽ ഒന്നാന്തരം ഡ്രൈവറായി ജോലിചെയ്ത ലസ്​ലിയെകാത്ത് അപകടം നാട്ടിൽ ഇരിപ്പുണ്ടായിരുന്നു.

നാട്ടിൽവെച്ചു ബൈക്കപകടത്തിൽ കാലിന് പരിക്കേറ്റു. പിന്നീട് ജോലി തുടരാൻ പറ്റാതെയായി. ദുബൈയിലെ ജോലി വിട്ടു. കാൻഡിയിൽ ടുക് ടുക് (ഓട്ടോറിക്ഷ) ഡ്രൈവറായി. ഇപ്പോൾ ഗൈഡ് കൂടിയാണ്. ടൂറിസമാണ് ഉപജീവനമാർഗം.

ഞങ്ങളെ കാൻഡി നഗരം ചുറ്റിക്കാണിക്കാമെന്നേറ്റ് ലസ്​ലി പോയി. ഹോട്ടൽ മുറിയിൽ പോയി ഫ്രഷ് ആയി വരാൻ ഞങ്ങളും. തിരികെ വന്നപ്പോഴേക്കും കുളിച്ചു കുട്ടപ്പനായി ലസ്‌ലിയും ടുക് ടുക്കും താഴെയുണ്ട്. ലസ്​ലി വളരെ സന്തോഷവാനാണ് എപ്പോഴും.

ചിരിച്ചുകൊണ്ടാണ് എല്ലാ കാര്യങ്ങളും പറയുന്നത്. ശ്രീലങ്കയിലെ വംശീയ യുദ്ധങ്ങൾ, കലാപങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എല്ലാം ചെറുചിരിയോടെ ഞങ്ങൾക്ക് പറഞ്ഞുതന്നു.

പച്ചപുതച്ച സർവകലാശാല

എന്‍റെ മനസ്സ് വായിച്ചപോലെ ലസ്​ലി തന്‍റെ ടുക് ടുക് രഥം ഓടിച്ച് അങ്ങേയറ്റം പച്ചപ്പുള്ള ഒരു സ്ഥലത്ത് കൊണ്ടെത്തിച്ചു. യൂനിവേഴ്സിറ്റി ഓഫ് പെർദേനിയ. പച്ചപ്പിന്‍റെ നടുവിലെ വലിയ സർവകലാശാല. ഞാൻ ആകെ തണുത്തുപോയി. ശ്രീലങ്കയിലെതന്നെ ഏറ്റവും മനോഹരമായ യൂനിവേഴ്സിറ്റികളിൽ ഒന്നാണിത്.

1000 ഏക്കറിൽ പരന്നുകിടക്കുന്ന റോയൽ ബൊട്ടാണിക്കൽ ഗാർഡന്‍റെ തണലിൽ തന്നെയുള്ള മനോഹര കാമ്പസ്. ധാരാളം തണൽ മരങ്ങൾ, കാൻഡിയൻ ആർക്കിടെക്ചർ രീതിയിലുള്ള കെട്ടിടങ്ങൾ.

മലനിരകൾക്കു താഴെയാണ് ഈ യൂനിവേഴ്സിറ്റി. അരികിൽ കൂടി മഹാവേലി നദി ഒഴുകുന്നുണ്ട്. ലോകത്തിലെ തന്നെ മികച്ച വിദ്യാഭ്യാസം നൽകുന്ന യൂനിവേഴ്സിറ്റികളിൽ ഒന്ന്. ശരിക്കും യൂറോ സെൻട്രിക് കൊളോണിയൽ സ്റ്റൈലിനെ കാൻഡിയൻ ആർക്കിടെക്ചറുമായി സമന്വയിപ്പിച്ച മനോഹര ശിൽപകലയാണ് ഓരോ കെട്ടിടത്തിനും.

കാൻഡിയിൽനിന്ന് ഏതാണ്ട് ആറു കിലോമീറ്റർ അകലെയാണ് യൂനിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്. കൊളംബോയിൽനിന്ന് ഏകദേശം 110 കിലോമീറ്റർ. മനോഹരമായ ഓപൺ എയർ തിയറ്റർ ഉണ്ടിവിടെ. തിയറ്ററിനെ ചുറ്റി പച്ചപ്പിന്‍റെ കൂടാരംപോലെ മരങ്ങൾ.

സ്വപ്നം പോലെ ഒരു യൂനിവേഴ്സിറ്റി. സ്വന്തമായി റെയിൽവേ സ്റ്റേഷനും യൂനിവേഴ്സിറ്റിക്കുണ്ട്. എല്ലാത്തരം ആരാധനാലയങ്ങളും ഇതിനകത്തുണ്ട്. ജവാൻ ഫിഗ് ട്രീ എന്ന വലിയ മരം പ്രവേശന കാവടത്തിൽ നമ്മെ സ്വാഗതം ചെയ്യും.

കാൻഡി വാർ മെമ്മോറിയൽ സെമിത്തേരി


നിശ്ശബ്ദമാക്കിയ വാർ മെമ്മോറിയൽ

യൂനിവേഴ്സിറ്റിയിൽനിന്നിറങ്ങി ഞങ്ങൾ നേരെ പോയത് വാർ മെമ്മോറിയലിലേക്കാണ്, കാൻഡി വാർ മെമ്മോറിയൽ. രണ്ടാം ലോകയുദ്ധ കാലത്ത് ജീവൻ വെടിഞ്ഞവർ ഉറങ്ങുന്ന സെമിത്തേരി. ഏതാണ്ട് 203 പേരെ ഇവിടെ മറവ് ചെയ്തിട്ടുണ്ട്.

അതിൽ 107 ബ്രിട്ടീഷ്, 35 ഈസ്റ്റ് ആഫ്രിക്കൻ, 23 ഇന്ത്യക്കാർ, ആറ് കനേഡിയൻസ്, ഒരു ഫ്രഞ്ച് മാൻ എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. രണ്ടുപേർ തിരിച്ചറിയാതെ പോയവരാണ്. 20 വയസ്സുള്ള കുട്ടിയുടെ മരണഫലകം വായിക്കുമ്പോൾ ഞങ്ങൾ നിശ്ശബ്ദരായിരുന്നു.

‘നിങ്ങളുടെ ബന്ധുക്കളുടെ ആരുടെയെങ്കിലും മൃതദേഹമാണ് ഇതെന്ന് തിരിച്ചറിയുകയാണെങ്കിൽ ഞങ്ങളുടെ ഓഫിസുമായി ബന്ധപ്പെടേണ്ടതാണ്. ആ മൃതദേഹം നിങ്ങൾക്ക് എത്തിച്ചുതരുന്നതാണ്.’ വാർ സെമിത്തേരിയിലെ ഫലകത്തിലെ ഒരു വാചകമാണിത്.

കാൻഡി റെയിൽവേ സ്റ്റേഷൻ പരിധിയിൽനിന്ന് അഞ്ചു കിലോമീറ്റർ അകലെയുള്ള ഈ സ്ഥലം ഏറ്റവും നന്നായി ലാൻഡ്സ്കേപ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. കോമൺവെൽത്ത് വാർ ഗ്രേവ്സ് കമീഷനാണ് പരിപാലിക്കുന്നത്. രണ്ടാം ലോകയുദ്ധ കാലത്ത് തന്ത്രപ്രധാന സ്ഥലമായിരുന്നു ഇത്. സൗത്ത് സ്റ്റേഷൻ കമാൻഡിന്‍റെ ഹെഡ് ക്വാർട്ടേഴ്സായിരുന്നു.

പോകാൻ നേരം ഞാൻ കുറെ തവണ ചോദിച്ച ചോദ്യത്തിന് ലസ്​ലി മറുപടി പറഞ്ഞു, ‘‘കുടുംബമുണ്ട്, ഭാര്യ കിടപ്പിലാണ്, കുട്ടികളിൽ ഒരാൾ മാനസിക വളർച്ച ഇല്ലാത്തയാളാണ്. അമ്മയും കിടപ്പാണ്. ഇവരുടെയെല്ലാം ഏക ആശ്രയം ഞാനാണ്. മുടന്തൻ കാൽ വലിച്ചുവലിച്ച് ഞാൻ എത്തുന്നതും കാത്ത് അവരോരോരുത്തരും കിടക്കയിലുണ്ടാകും...’’ ഇതെല്ലാം കേട്ട് കനം തൂങ്ങിയ ഹൃദയവുമായാണ് കാൻഡിയിൽനിന്ന് തിരിച്ചത്.

വിസ്മയിപ്പിച്ച തേയില ഫാക്ടറി

ടുക് ടുക് കാൻഡിയിലെ ഒരു തേയില ഫാക്ടറിയിലേക്കാണ് പോയ്ക്കൊണ്ടിരിക്കുന്നത്. മൂന്നാറിലും മറ്റും തേയില ഫാക്ടറി കണ്ടുപഴകിയ എനിക്ക് ആകാംക്ഷ ഒന്നുമുണ്ടായിരുന്നില്ല. പക്ഷേ, ഫാക്ടറിയുടെ അകത്തുകയറിയ ഞാൻ അതിശയിച്ചുപോയി.

ഒരു ചായ നുണയൽ അഥവാ ടീ ടേസ്റ്റിങ് എന്നുപറയുന്ന ആർട്ട് എത്ര മനോഹരമായി നമുക്ക് അനുഭവവേദ്യമാക്കാൻ കഴിയുമെന്ന് ഫാക്ടറി നമുക്ക് കാണിച്ചുതന്നു. പവനി എന്ന സുന്ദരിയാണ് ഞങ്ങളെ വാതിൽക്കൽ തന്നെ എതിരേറ്റത്. അങ്ങേയറ്റം ശാക്തീകരിക്കപ്പെട്ട സ്ത്രീകളാണ് ശ്രീലങ്കയിലുള്ളത്. അധ്വാനിക്കുന്ന സ്ത്രീകളാണ് ചുറ്റും.

തേൻനിറമുള്ള, വിടർന്ന കണ്ണുകളുള്ള, ഉരുണ്ട ശരീരമുള്ള പവനി വിവിധതരം ചായപ്പൊടികൾ കലർത്തി 12 തരം ചായയെങ്കിലും ഉണ്ടാക്കിക്കൊണ്ടുവന്നു. അതിമനോഹരമായി അകത്തളങ്ങൾ ഒരുക്കിയിട്ടുള്ളതാണ് ഫാക്ടറിയിലെ ചായ കുടിക്കൽ സ്ഥലം. ഓരോ ചായയും വളരെ സന്തോഷത്തോടെ നുണഞ്ഞ് അതിന്‍റെ എസൻസ് ഉൾക്കൊണ്ടു.

പ്രിയപ്പെട്ടവർക്കുവേണ്ടി കുറെ തേയില പാക്കറ്റുകളുമായാണ് ഞാൻ തിരികെ പോന്നത്. അമ്മക്കുവേണ്ടി ഉറക്കം വരുന്ന ചായ, മാച്ചുവിനു പഠിക്കുമ്പോ ഉറക്കം വരാത്ത ചായ... ആകെ വെറൈറ്റിയാണ്.






Tags:    
News Summary - A trip to Kandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.