തുർക്കിയയിലെ കപ്പഡോസിയയിൽ ഹോട്ട് എയർ ബലൂൺ യാത്രക്കിടെ


മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ... ഏഴുമാസക്കാരൻ മുതൽ 62കാരൻ വരെയുള്ള കാസർകോട്ടെ കുടുംബത്തിന്‍റെ ലോകയാത്ര ഫോർഡ് എൻഡവർ കാറിൽ

2023 ഒക്ടോബറിലെ തണുപ്പുള്ള രാത്രി. സമയം രണ്ടുമണി. കാസർകോട് പടന്നയിലെ കെ.എം.സി. മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽനിന്ന് രൂപമാറ്റംവരുത്തിയ ഫോർഡ് എൻഡവർ കാർ പതിയെ റോഡിലേക്കിറങ്ങി. ഏറ്റവും അടുത്ത ചിലർ മാത്രം അറിഞ്ഞ ഒരു പാതിരായാത്ര. മുഹമ്മദ് കുഞ്ഞിയും ഭാര്യയും രണ്ടുമക്കളും പേരക്കുട്ടിയുമായിരുന്നു ആ കാറിൽ.

ആ യാത്രയങ്ങനെ നിരവധി പാതിരകളും പകലുകളും കടന്ന് നീണ്ടുനീണ്ടുപോയി. മടങ്ങിയെത്തിയത് 212 രാപ്പകലുകൾക്കുശേഷം! ഇതിനിടയിൽ ഏഷ്യ, യൂറോപ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലൂടെ എൻഡവർ ഇവരെയുംകൊണ്ട് കുതിച്ചുപാഞ്ഞു.

താണ്ടിയത് 76,000 കിലോമീറ്റർ. 56 രാജ്യങ്ങൾ. പലതരം ഭക്ഷണങ്ങൾ, വൈവിധ്യമാർന്ന സംസ്കാരങ്ങൾ. ഒടുവിൽ മേയ് 11ന് പടന്നയിലെ വീട്ടിൽ തിരിച്ചെത്തി.

യാത്ര ലക്ഷ്യം പൂർത്തിയാക്കാതെ മടങ്ങേണ്ടിവരുമോ എന്ന ആ​ശങ്ക ഉള്ളതിനാലായിരുന്നു പുറപ്പെടുന്നതിനുമുമ്പ് നാട്ടുകാരെ അറിയിക്കാതിരുന്നത്. അതിനാൽതന്നെ, ഫ്ലാഗ് ഓഫ് ചടങ്ങുപോലും ഒഴിവാക്കി.

എന്നാൽ, മുംബൈ നരിമാൻ പോയന്റിൽ സുഹൃത്തുക്കൾ ചെറിയ രീതിയിൽ യാത്രയയപ്പ് തന്നു. അവരിലാരോ ഇത് ഒരു ദേശീയ മാധ്യമത്തിന്‍റെ റിപ്പോർട്ട​റെ അറിയിച്ചു. ഇംഗ്ലീഷ് പത്രങ്ങളിൽ വാർത്തയായതോടെയാണ് യാത്രാവിവരം പുറംലോകമറിഞ്ഞത്.

യാത്രാസംഘം തജികിസ്താനിൽ


എട്ടാം ക്ലാസുകാരൻ പ്ലാനിട്ട ലോകയാത്ര

മുസൈഫ് ഷാൻ മുഹമ്മദ് എന്ന എട്ടാം ക്ലാസുകാരനാണ് ഈ യാത്ര പ്ലാൻ ചെയ്തത് എന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ടോ? എന്നാൽ, സംഗതി സത്യമാണ്. കുട്ടിക്കാലം മുതൽ യാത്രാവിവരണങ്ങൾ വായിക്കുന്ന മുസൈഫിന് യാത്രാമോഹം തലക്കുപിടിച്ചിരുന്നു.

എട്ടാം ക്ലാസിൽ പഠിക്കു​മ്പോഴാണ് ലോകയാത്ര ചെയ്യണമെന്ന കടുത്ത ആഗ്രഹം ഉടലെടുക്കുന്നത്. അന്നുമുതൽ അ​േതക്കുറിച്ച് പഠിക്കാൻ തുടങ്ങി. ​​കൊച്ചിയിൽനിന്ന് ലണ്ടനിലേക്ക് കാറിൽ യാത്ര ചെയ്ത മാധ്യമപ്രവർത്തകൻ ബൈജു എൻ. നായർ, സംവിധായകൻ ലാൽ ജോസ്, സുരേഷ് ജോസഫ് എന്നിവരു​ടെ ‘ലണ്ടനിലേക്ക് ഒരു റോഡ് യാത്ര’ എന്ന യാത്രാനുഭവക്കുറിപ്പ് വായിച്ചതോടെ റോഡ് യാത്രക്കുള്ള തീവ്രശ്രമം തുടങ്ങി. അന്നത്തെ എട്ടാം ക്ലാസുകാരന്‍റെ വർഷങ്ങൾ നീണ്ട കാത്തിരിപ്പാണ് 2023ൽ സാധ്യമായത്.

ഇന്ത്യയിൽനിന്ന് ലണ്ടൻ വരെയാണ് സാധാരണ ദീർഘദൂര സഞ്ചാരികൾ റോഡുമാർഗം പോകാറുള്ളത്. 56 രാജ്യങ്ങൾ കാറിൽ താണ്ടുന്നത് അത്യപൂർവമാണ്. ‘എന്തുകൊണ്ട് റോഡ് യാത്ര?’ എന്നതിന് മുസൈഫിന് കൃത്യമായ ഉത്തരമുണ്ട്. വിമാനത്തിൽ​ പോകുമ്പോൾ മെട്രോപൊളിറ്റൻ സിറ്റിയിലാണ് നേരിട്ടിറങ്ങുക.

അതത് രാജ്യങ്ങൾ ടൂറിസ്റ്റുകൾക്ക് ഒരുക്കിവെച്ച കാര്യങ്ങൾ മാത്രമാണ് കാണാൻ കഴിയുക. എന്നാൽ, റോഡ് വഴിയാകുമ്പോൾ അതിർത്തികളിലെ കുഞ്ഞുഗ്രാമങ്ങളിലേക്കാണ് നമ്മൾ കാലുകുത്തുക. അവരുടെ നാട്യങ്ങളില്ലാത്ത ജീവിതം, സംസ്കാരം എല്ലാം അടുത്തറിയാം.

പിന്നീട് ചെറിയ പട്ടണങ്ങളി​ലേക്ക്. എന്നിട്ടാണ് സഞ്ചാരികൾക്ക് ഒരുക്കിവെച്ച മെട്രോപൊളിറ്റൻ സിറ്റിയി​ലെത്തുക. വീണ്ടും മറ്റൊരു അതിർത്തിയിലൂടെ മറ്റൊരു രാജ്യത്തേക്ക്. തികച്ചും വ്യത്യസ്തമായ യാത്രാനുഭവം! യാ​ത്ര​യി​ലു​ട​നീ​ളം വാ​ഹ​ന​മോ​ടി​ച്ചതും മു​സൈ​ഫ് തന്നെയായിരുന്നു.

ടീമിൽ ഏഴുമാസക്കാരൻ മുതൽ 62കാരൻ വരെ

വിവിധ രാജ്യങ്ങ​ളിലെ വ്യത്യസ്ത കാലാവസ്ഥയും സാഹചര്യങ്ങളും നേരിടാൻ കഴിയുന്നവരായിരുന്നില്ല യാത്രാസംഘം. 62 വയസ്സുള്ള കെ.എം.സി. മുഹമ്മദ് കുഞ്ഞിയായിരുന്നു കൂട്ടത്തിൽ മുതിർന്നയാൾ.

ഭാര്യ എ.കെ. നഫീസത്ത്, മക്കളായ അഡ്വ. മുസൈഫ് ഷാൻ മുഹമ്മദ്, ഡോ. മുനീഫ മുഹമ്മദ്, മുനീഫയുടെ ഏഴുമാസം പ്രായമുള്ള മകൻ വിൽദാൻ എസ്‍ലിൻ അദാം എന്നിവരായിരുന്നു മറ്റുള്ളവർ.

അതുകൊണ്ടുതന്നെ സുരക്ഷയും ആരോഗ്യകാര്യങ്ങളുമെല്ലാം പ്രത്യേകം പരിഗണിക്കേണ്ടിയിരുന്നു. ബംഗളൂരു ഹൈകോടതിയിൽ അഭിഭാഷകനാണ് മുസൈഫ്. സഹോദരി മുനീഫ മുംബൈയിൽ മെഡിക്കൽ പി.ജി കഴിഞ്ഞ് നാട്ടിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു.

റഷ‍്യയിലെ മോസ്കോയിൽനിന്ന് കസാഖ്സ്താനിലേക്കുള്ള യാത്രക്കിടെ


കരുത്തനായി രൂപമാറ്റം വരുത്തിയ വാഹനം

കുന്നും മലയും മരുഭൂമിയും ചളിപ്പാതകളും താണ്ടാൻ കരുത്തുള്ള രീതിയിൽ എൻഡവർ അണിയിച്ചൊരുക്കുകയായിരുന്നു മുഖ്യ കടമ്പ. മുസൈഫിന്‍റെ സുഹൃത്തും ​ക്രൊയേഷ്യയിൽ വാഹന മെക്കാനിക്കുമായ പയ്യന്നൂർകാരൻ ജിതിൻ ഇക്കാര്യം ഏറ്റെടുത്തതോടെ പിന്നെ നോ ടെൻഷൻ.

മാസങ്ങളുടെ ഗവേഷണവും അധ്വാനവും ഉപയോഗിച്ച് എൻഡവറിനെ ഇന്നുകാണുന്ന തരത്തിൽ മെരുക്കിയെടുത്തു. റോഡ് മാറുന്നത് ഉള്ളിലുള്ളവർ അറിയാതിരിക്കാൻ ആൾ ടറയിൻ സസ്​പെൻഷൻ ഒരുക്കി.

യു.എസ്, ജർമനി, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് വരുത്തിച്ച ടയർ, ബമ്പർ, ഇന്ധന ടാങ്കുകൾ, സ്റ്റോറേജ് സൗകര്യം, ടെന്‍റ്, റഫ്രിജറേറ്റർ തുടങ്ങിയവയാണ് വാഹനത്തിന് കരുത്തുപകർന്നത്. ഇതെല്ലാം സെറ്റ് ചെയ്തതോടെ വണ്ടിയങ്ങ് വളർന്നു വലുതായി. വാങ്ങിയപ്പോൾ 1.65 മീറ്റർ ഉയരമുണ്ടായിരുന്ന വാഹനം പണിതീർന്നപ്പോൾ 2.8 മീറ്ററായി.

ഇറാഖിലെ ഫോർഡ് സർവിസ് സ്റ്റേഷൻ, ക്രൊയേഷ്യയിൽ ജിതിൻ ജോലി ചെയ്യുന്ന കമ്പനി, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്നാണ് സർവിസ് ചെയ്തത്. രണ്ട് കിലോമീറ്റർ താണ്ടാൻ ഒരു ലിറ്റർ പെട്രോളാണ് ഇവൻ കുടിച്ചുവറ്റിച്ചത്. സഞ്ചരിച്ച 76,000 കിലോമീറ്ററിലും ഒരു പ്രശ്നവുമുണ്ടാക്കാതെ അഞ്ചുപേരെയും സംരക്ഷിച്ചു.

യാത്രാസംഘം സുഹൃത്തുക്കൾക്കൊപ്പം റഷ‍്യയിൽ


റഷ്യയിൽ ചുവപ്പ് കാർഡ്, അറസ്റ്റ്

യാത്രക്കിടെ അവിചാരിതമായാണ് ഒരു കടുത്ത വെല്ലുവിളി നേരിട്ടത്. റ​ഷ്യ​യി​ലൂ​ടെ​യു​ള്ള മ​ട​ക്ക​യാ​ത്ര​യി​ൽ ഇ-​വി​സ വില്ലനാ​യി. തുടർന്ന് മുൻകൂട്ടി പ്ലാൻ ചെയ്ത പോലെ ക​സാ​ഖ്സ്താ​നി​ൽ പ്ര​വേ​ശി​ക്കാ​ൻ​ ക​ഴിഞ്ഞില്ല. പകരം, യാത്രാ ലിസ്റ്റിലില്ലാത്ത അഫ്ഗാനിസ്താനി​ലേക്ക് നിർബന്ധിതാവസ്ഥയിൽ പോകേണ്ടിവന്നു. ​

ഇത് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ച്ച​ത്. 12,000 കി​ലോ​മീ​റ്റ​ർ അധികം സ​ഞ്ച​രി​ക്കേ​ണ്ടി​വ​ന്നു. ആറുദിവസവും കൂടുതലായി എടുത്തു. മൂന്ന് ഭൂഖണ്ഡങ്ങള്‍, 55 രാജ്യങ്ങള്‍, 57,000 കിലോമീറ്റര്‍ എന്ന ലക്ഷ്യത്തോടെയുള്ള യാത്ര ഇതോടെ 56 രാജ്യവും 76,000 കിലോമീറ്ററുമായി.

റഷ്യയിൽനിന്ന് ജോർജിയയിലേക്കുള്ള യാത്രക്കിടെ നിരോധിത മേഖലയിൽ പ്രവേശിച്ചെന്നുപറഞ്ഞ് റഷ്യൻ സേന വാഹനം തടഞ്ഞു. ഡ്രൈവറായ മുസൈഫിനെ കൈവിലങ്ങണിയിച്ച് അറസ്റ്റ് ചെയ്തു. 25 കിലോമീറ്റർ അകലെയുള്ള സ്റ്റേഷനിലെത്തിച്ച് കൈവിരൽ, പാദം, കണ്ണുകൾ എന്നിവയൊക്കെ സ്കാൻ ചെയ്തു.

നാടുകടത്താൻ അവർ ശ്രമിച്ചെങ്കിലും താൻ പോയാൽ കുടുംബം ഒറ്റപ്പെടുമെന്നും ലോകരാജ്യങ്ങൾ സന്ദർശിക്കുന്നതിന്‍റെ ഭാഗമായാണ് എത്തിയതെന്നും വിശദീകരിച്ചതോടെ അൽപം അയഞ്ഞു. പിഴയടച്ച് നാടുകടത്തൽ ഒഴിവാക്കിക്കിട്ടി.

തുടർച്ചയായ അധിനിവേശവും യുദ്ധവും തകർത്ത, നല്ല റോഡുപോലും ഇല്ലാത്ത അ​ഫ്ഗാ​നി​ലൂ​ടെ​യുള്ള യാ​ത്ര സാഹസികമായിരുന്നു. താ​ലി​ബാ​ൻ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സർക്കാറുമായി ഇന്ത്യക്ക് നയതന്ത്രബന്ധങ്ങളില്ലാത്തതും യാത്രയെ ഭീതിയിലാക്കി.

അവിടെ അപകടത്തിൽ മരിച്ചാൽ മൃതദേഹം പോലും നാട്ടി​​ലെത്തിക്കാനാവില്ല എന്നായിരുന്നു സുഹൃത്തുക്കൾ നൽകിയ ഉപദേശം. എന്നാൽ, പ്രശ്നങ്ങളൊന്നുമില്ലാതെ സുഖകരമായി രാജ്യം കണ്ട് മടങ്ങാനായി.

ആഫ്രിക്കയിലെ പശ്ചിമ സഹാറ മരുഭൂമിയിൽ


ആതൻസിലെ ആ രാത്രി

തിക്താനുഭവങ്ങളും മനോഹര നിമിഷങ്ങളും ഉണ്ടാകുമെന്ന് തുടക്കം മുതൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ആതൻസിലും റഷ്യയിലും പാരിസിലും ബാഴ്സലോണയിലും നേരിട്ട കാര്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. ഇറാനിലും മൊറോക്കോയിലും ലഭിച്ച ഹൃദ്യമായ സ്വീകരണമാകട്ടെ, ജീവിതത്തിൽ മറക്കാൻ കഴിയാത്ത അനുഭവവുമായിരുന്നു.

ആതൻ​സി​ലെത്തുമ്പോൾ അർധരാത്രി പിന്നിട്ടിരുന്നു. താമസിച്ച ഹോട്ടലിന്‍റെ അണ്ടർ ഗ്രൗണ്ട് പാർക്കിങ് ഏരിയയിലേക്ക് കാർ കയറ്റാൻ കഴിഞ്ഞില്ല.

കാറിന്‍റെ ഉയരമായിരുന്നു തടസ്സം. തുടർന്ന് റോഡരികിൽ നിർത്തിയിട്ട് കിടക്കാൻ പോയി. രാവിലെ ഒമ്പത് മണിയോടെ തുടരത്തുടരെ ഫോൺ റിങ് ചെയ്യുന്നു. ആതൻസ് നമ്പറിൽനിന്നാണ് കാൾ. എടുത്തപ്പോൾ തൊട്ടടുത്ത പുരാവസ്തു മ്യൂസിയത്തിൽനിന്നാണെന്ന് പറഞ്ഞു.

അവരുടെ തൊട്ടുമുന്നിലാണ് കാർ പാർക്ക് ചെയ്തിരിക്കുന്നതെന്നും മാറ്റണമെന്നുമായിരുന്നു ആവശ്യം. കാറിന് മുകളിലുള്ള മൊബൈൽ നമ്പർ കണ്ടാണ് വിളിച്ചത്. മാറ്റാൻ പറ്റില്ലെന്നും റോഡ് സൈഡല്ലേയെന്നും മുസൈഫ് പറഞ്ഞു. അപ്പോഴാണ് വിളിച്ചയാൾ ഞെട്ടിക്കുന്ന ഒരുകാര്യം പറയുന്നത്:

‘‘അതിസുരക്ഷാ പ്രശ്നമുള്ള പ്രദേശമാണിത്. നിങ്ങൾ താമസിച്ച ഹോ​ട്ട​ലി​ന്‍റെ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് ഇന്നലെ രാത്രി മൂന്നുമണിയോടെ കൊ​ല്ല​പ്പെ​ട്ടിരിക്കുന്നു. ഇവിടെ കാർ നിർത്തിയിട്ടാൽ അധോലോക സംഘങ്ങൾ അടിച്ചുമാറ്റും. തിരിച്ചുകിട്ടാൻ പ്രയാസമാണ്. അതിനാൽ, കാർ മാറ്റിയേ പറ്റൂ.’’

ഇതുകേട്ട​തോ​ടെ ഭയം ഇരച്ചുകയറി. രാത്രി രണ്ടരക്കാണ് ഇവർ ഹോട്ടലിലെത്തുന്നത്. അതിന്‍റെ അരമണിക്കൂർ ഇടവേളയിൽ അവിടെ ഒരു കൊലപാതകം നടന്നിരിക്കുന്നു! എത്രമാത്രം അരക്ഷിതമാണ് അവിടം എന്ന് ബോധ്യമായി.

ഒടുവിൽ മ്യൂസിയം ഡയറക്ടറെ നേരിൽക്കണ്ടു. അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചു. ആതൻസിൽ കഴിയുന്ന രണ്ടുദിവസം കോമ്പൗണ്ടിനുള്ളിൽ കാർ നിർത്തിയിടാൻ അവർ അനുമതിയും തന്നു.

ബാ​ഴ്സ​ലോ​ണ​യി​ലെ കൊള്ളയടി

സ്പെ​യി​നി​ലെ ബാ​ഴ്സ​ലോ​ണ​യി​ൽ വാ​ഹ​നം ത​ക​ർ​ത്ത് ലക്ഷക്കണക്കിന് രൂപ മോ​ഷ്ടി​ച്ച​തും പാ​രി​സി​ലെ ഈ​ഫ​ൽ ട​വ​റി​ന​ടു​ത്തു​ള്ള ഹോ​ട്ട​ലി​ൽ​നി​ന്ന് വം​ശവെറിക്കാർ ഇ​റ​ക്കി​വി​ട്ട​തും പൊള്ളുന്ന അ​നു​ഭ​വ​ങ്ങ​ളാ​യി​രു​ന്നു. അകത്ത് വെള്ളക്കാർക്ക് മാത്രമായിരുന്നു പ്രവേശനം. ആഫ്രിക്കക്കാരും ഇന്ത്യക്കാരും അടക്കമുള്ളവർ പുറത്തിരിക്കണം. ഇത് ഏറെ മനോവേദന ഉണ്ടാക്കിയതായി മു​സൈ​ഫും മു​ഹ​മ്മ​ദ് കു​ഞ്ഞി​യും പ​റ​യു​ന്നു.

ബാഴ്സലോണയിൽ കാർ നിർത്തിയിട്ട് പുറത്തുപോയി ഫോട്ടോയെടുത്ത് വന്നപ്പോഴേക്കും ഗ്ലാസ് തകർത്ത് പണവും കാമറയും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയി. 35 ലക്ഷം രൂപയു​ടെ നാശനഷ്ടമാണ് അന്ന് നേരിട്ടത്.

ഏറ്റവും അപകടകരമായി ട്രിപ് അ​ഡ്വൈസർമാരും സുഹൃത്തുക്കളും വിലയിരുത്തിയ ഇറാൻ ആണ് എല്ലാ മു​ൻ​ധാ​ര​ണ​ക​ളെയും മാ​റ്റി​മ​റി​ച്ച​ത്. ഭ​ക്ഷ​ണ​ങ്ങ​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും ഇ​ന്ധ​നവും സൗജന്യമായി തന്ന് അവർ സൽക്കരിച്ചു. ഇറാനിലുടനീളം സഞ്ചരിക്കാൻ എൻഡവറിന് സൗജന്യമായാണ് ഇന്ധനം ലഭിച്ചത്. മൊ​റോ​ക്ക​ൻ ജ​ന​ത​യു​ടെ ആ​തി​ഥ്യ​മ​ര്യാ​ദയും ഹൃദയം കവർന്നു.

ഉള്ളം കവർന്നത് ഒരേയൊരു രാജ്യം

56 രാജ്യങ്ങൾ കറങ്ങിത്തിരിച്ചെത്തിയിട്ടും ഇവരുടെ ഉള്ളം കവരാൻ ഒരുരാജ്യത്തിനേ കഴിഞ്ഞുള്ളൂ. അത് നമ്മുടെ സ്വന്തം ഇന്ത്യയാണ്. ബാക്കിയുള്ള നാടുകളൊക്കെ ചുറ്റിയടിക്കാൻ കൊള്ളാമെങ്കിലും സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുന്നത് ഇവിടെയാണെന്നാണ് ഡോ. മുനീഫ പറയുന്നത്.

നമ്മുടെ നാടിന്‍റെ സമാധാനവും സ്വസ്ഥതയും ഒരിടത്തും കിട്ടില്ലെന്ന് മുഹമ്മദ് കുഞ്ഞിയും അടിവരയിടുന്നു. ഇനി ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിക്കുകയാണ് ലക്ഷ്യം.






Tags:    
News Summary - Kasarakode family's world tour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.