നാഗാലാൻഡിന്‍റെ തലസ്ഥാനമായ കൊഹിമ നഗരം


‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’ സിനിമ കണ്ടത് മുതൽ കൂടെ കൂടിയ നാഗാലാൻഡിലേക്കൊരു യാത്ര

സുഹൃത്ത് ഷമീമിന്‍റെ അപ്രതീക്ഷിത വാട്സ്ആപ് മെസേജാണ് എ​േന്നാ മറന്ന നാഗാലാൻഡ് യാത്രയെ വീണ്ടും മനസ്സിലേ​ക്കെത്തിച്ചത്. ഒരു ബുള്ളറ്റുമെടുത്ത് ഇന്ത്യ മുഴുവൻ ചുറ്റാൻ മലയാളിക്ക് പ്രേരണ നൽകി​യ ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’ സിനിമ കണ്ടത് മുതൽ കൂടെ കൂടിയതായിരുന്നു നാഗാലാൻഡ്.

സിനിമയിൽ ചുരുക്കം ചില സീനുകളിൽ മാത്രമാണ് നാഗാലാൻഡ് പ്രത്യക്ഷ​പ്പെടുന്നതെങ്കിലും ഇന്ത്യയിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട, വ്യത്യസ്തമായ സംസ്കാരം പുലരുന്ന ആ സ്ഥലത്തേക്ക് എന്നെങ്കിലും പോവണമെന്ന് മനസ്സിലുറപ്പിച്ചിരുന്നു.

ലീവ് ഉൾപ്പെടെ ഒരുപാട് വെല്ലുവിളികൾ മറികടക്കാനുണ്ടായിരുന്നെങ്കിലും ഒന്നുംനോക്കാതെ തന്നെ ഷമീമിന്‍റെ ‘നാഗാലാൻഡിലേക്ക് പോരുന്നോ’ എന്ന ചോദ്യത്തിന് യെസ് മൂളി. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെപ്പോലെ ഒരു ബാക്ക്പാക്കുമായി ലാഘവത്തോടെ ചെന്നുകയറാൻ പറ്റുന്ന സ്ഥലമല്ല.

മുപ്പതിലേറെ ഗോത്രവിഭാഗങ്ങളുടെ വാസസ്ഥലമായ നാഗാലാൻഡിലേക്ക് പോവണമെങ്കിൽ പ്രത്യേക പെർമിറ്റെടുക്കണം. യാത്രയിലെ ആദ്യ കടമ്പ അതായിരുന്നു. എന്നാൽ, വളരെ വേഗത്തിൽ ഓൺലൈനായി പെർമിറ്റെടുക്കാൻ സാധിച്ചു. പെർമിറ്റ് ലഭിച്ചയുടൻ വിമാന, ഹോട്ടൽ ടിക്കറ്റുകൾ ബുക്ക് ചെയ്ത് യാത്രക്കൊരുങ്ങി.


ആഡംബര കാഴ്ചകളില്ലാത്ത ഗുവാഹതി

അനസിനും ഷമീമിനുമൊപ്പം ബംഗളൂരുവിൽനിന്ന് വിമാനത്തിൽ കയറു​മ്പോൾ വിട്ടുകളഞ്ഞ ആ സ്വപ്നത്തെ തിരികെപ്പിടിക്കുന്ന ആവേശമായിരുന്നു. ബംഗളൂരുവിൽനിന്ന് ഉച്ചക്ക് തുടങ്ങിയ യാത്ര വൈകീട്ടോടെയാണ് ഗുവാഹതിയിൽ അവസാനിച്ചത്.

നേരിട്ടുള്ള വിമാനത്തിൽ ടിക്കറ്റ് കിട്ടാത്തതിനാൽ കൊൽക്കത്ത വഴിയാണ് വടക്കുകിഴക്കൻ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലൊന്നായ ഗുവാഹതി​യിലേക്ക് എത്തിയത്.

മോദി സർക്കാർ അദാനിക്ക് കൈമാറിയ വിമാനത്താവളങ്ങളിലൊന്നായിട്ടും അതിനൊത്ത പകിട്ട് ഗുവാഹതിക്ക് ഉണ്ടായിരുന്നില്ല. ടാക്സിയിൽ ഹോട്ടലിലേക്ക് പോവുമ്പോൾ ഇതുവരെയുള്ള ഉത്തരേന്ത്യൻ യാത്രകളിൽ കണ്ട കാഴ്ചകളല്ല ഗുവാഹതിയിൽ വരവേൽക്കാനുണ്ടായിരുന്നത്.

വിമാനത്താവളത്തിന് പുറത്തേക്ക് ഇറങ്ങിയ ഉടൻ കണ്ടത് പട്ടാള വാഹനങ്ങളായിരുന്നു. കശ്മീർ കഴിഞ്ഞാൽ ഏറ്റവും വലിയ പ്രശ്നബാധിത മേഖലയായി ഇന്ത്യ സർക്കാർ വിലയിരുത്തുന്ന പ്രദേശമാണ് വടക്കുകിഴക്കെ ഇന്ത്യ. അതിന്‍റെ ഭാഗമായിത്തന്നെയാണ് ഇന്തോ-തിബത്തൻ ബോർഡർ ഫോഴ്സിന്‍റെ വലിയ സുരക്ഷ ഗുവാഹതിയിലും ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിലെ മറ്റു വൻനഗരങ്ങളിലെ പോലെ ആഡംബരത്തിന്‍റെ കാഴ്ചകൾ ഗുവാഹതിയിൽ വിമാനത്താവളത്തിന് അടുത്തുപോലും കാണാനാവില്ല. വിമാനത്താവളം വിട്ട് മുന്നോട്ടുപോകുമ്പോൾ ഗതാഗതത്തിരക്ക് നമ്മെ വീർപ്പുമുട്ടിക്കും.

നഗരത്തിരക്കിലൂടെയുള്ള യാത്രക്കൊടുവിൽ മുറി ബുക്ക് ചെയ്ത ഹോം സ്റ്റേയിലെത്തി. ദീർഘമായ യാത്രയുടെ ക്ഷീണം ഹോം സ്റ്റേയിലെ തണുപ്പിൽ ഇറക്കിവെച്ച് പിറ്റേന്ന് രാവിലെതന്നെ അടുത്ത യാത്രക്കൊരുങ്ങി.


മഴചാറും വഴിയിലൂടെ കൊഹിമയിലേക്ക്

ദിമാപ്പൂരാണ് അടുത്ത ലക്ഷ്യം. അതിനായി അതിരാവിലെതന്നെ റിക്ഷയിൽ ഗുവാഹതി റെയിൽവേ സ്റ്റേഷനിലേക്ക് വെച്ചുപിടിച്ചു. തലേന്ന് പെയ്ത മഴ റെയിൽവേ സ്റ്റേഷനെ ചളിക്കുളമാക്കിയിരുന്നു. ട്രെയിൻ പുറപ്പെടാൻ 10 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് സ്റ്റേഷനിലെത്തിയത്. ചളിയും സ്റ്റേഷന് മുന്നിലെ വൃത്തികേടുകളുമൊന്നും നോക്കിനിൽക്കാൻ സമയമില്ല. ട്രെയിൻ പിടിക്കാൻ പ്ലാറ്റ്ഫോമുകളിലേക്ക് ഓടി. ഒടുവിൽ ദിമാപ്പൂരിലേക്കുള്ള ജനശതാബ്ദിയിൽ സീറ്റുറപ്പിച്ചു.

കേരളത്തിൽ ഓടുന്ന ജനശതാബ്ദിയുമായി താരതമ്യം ചെയ്യുമ്പോൾ കോച്ചുകളുടെ നിലവാരത്തിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട് വടക്കുകിഴക്കൻ ഇന്ത്യയിലെ ട്രെയിനിൽ. കേരളത്തിൽ പഴഞ്ചൻ ​കോച്ചുകളാണെങ്കിൽ പുത്തൻ എൽ.എച്ച്.ബി കോച്ചുകളാണ് ഇവിടെ. ഒടുവിൽ അഞ്ച് മണിക്കൂർ യാത്രക്കൊടുവിൽ ദീമാപ്പൂരിലെത്തി.

ഇവിടെനിന്ന് നാഗാലാൻഡിന്‍റെ തലസ്ഥാനമായ ​കൊഹിമയിലേക്ക് പോകണം. കൊഹിമയിലേക്ക് രണ്ടുതരത്തിൽ പോകാം. ഒന്നുകിൽ ഇപ്പോൾ തമിഴ് സിനിമകളിൽ മാത്രം കാണാൻ കഴിയുന്ന ടാറ്റ സുമോയിൽ ഞെരുങ്ങിയിരുന്ന്, അല്ലെങ്കിൽ ബസിൽ. റെയിൽവേ സ്റ്റേഷനുസമീപം തന്നെയാണ് ബസ്‍സ്റ്റാൻഡ്. ടിക്കറ്റെടുത്ത് ഒരു ബസിൽ കയറി ഇരിപ്പായി. കുറേ നേരമായിട്ടും ബസ് പുറപ്പെടുന്നില്ല.

എന്താണെന്ന് അന്വേഷിച്ചപ്പോഴാണ് മുഴുവൻ സീറ്റിലും ആളായാൽ മാത്രമേ പുറപ്പെടൂ എന്നറിഞ്ഞത്. ഏതാണ്ട് ഒരു മണിക്കൂറിലേറെ കഴിഞ്ഞപ്പോൾ ഡ്രൈവറെത്തി ബസ് സ്റ്റാർട്ടാക്കി. കുറച്ചുദൂരം പിന്നിട്ടതും അകമ്പടിയായി ചാറ്റൽ മഴയെത്തി. നേർത്ത മഴയുടെ തണുപ്പിൽ മലനിരകളെ പറ്റിയുള്ള റോഡിലൂടെ കൊഹിമയിലേക്കുള്ള യാത്ര നിർവചിക്കാൻ കഴിയാത്ത അനുഭൂതിയാണ് സമ്മാനിച്ചത്.


വ്യത്യസ്തതകളുടെ നാഗാലാൻഡ്

കൊഹിമയിലെത്തിയപ്പോൾ വൈകുന്നേരമായിരുന്നു. ഹോട്ടലിൽ ബാഗെല്ലാം വെച്ച് തെരുവിലേക്കിറങ്ങി. നടത്തത്തിൽതന്നെ ഇന്ത്യയുടെ മെയിൻലാൻഡുമായി ഒരു ബന്ധവും പുലർത്താത്ത സംസ്കാരമാണ് നാഗാലാൻഡിൽ നിലനിൽക്കുന്നതെന്ന് മനസ്സിലായി.

ജീവനുള്ള തവളയും പുഴുവും പുൽച്ചാടിയും പട്ടിയുമെല്ലാം ഉപഭോക്താക്കളെ കാത്തിരിക്കുന്നു. പച്ചക്കറി വാങ്ങുന്ന ലാഘവത്തോടെ ആളുകൾ അത് വാങ്ങിക്കൊണ്ടുപോകുന്നു.

ഹോട്ടലിലിരുന്ന് പുഴുക്കളെ രുചിയോടെ കഴിക്കുന്നവർ ഞങ്ങൾക്ക് വ്യത്യസ്ത കാഴ്ചയായിരുന്നു. ഒടുവിൽ നടത്തം ചെന്നവസാനിച്ചത് കെ.എഫ്.സി ഔട്ട്​ലെറ്റിലായിരുന്നു. ഉത്തരേന്ത്യൻ ഭക്ഷ്യവിഭവങ്ങൾ ലഭിക്കുന്ന ഹോട്ടലുകൾ ഒരുപാട് കൊഹിമയിലുണ്ടെങ്കിലും എന്തുകൊണ്ടോ അവിടെ​െയാന്നും പോകാൻ തോന്നിയില്ല.


അമേരിക്കൻ മൾട്ടി നാഷനൽ ശൃംഖലയുടെ ഭക്ഷ്യവസ്തുവി​നും ഇവിടെ രുചിയില്ലേ എന്ന് മനസ്സുകൊണ്ട് ചോദിച്ചാണ് അവിടെനിന്ന് ഇറങ്ങിയത്. അത്ഭുതങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ഒരു യാത്ര പിറ്റേന്ന് നടത്താനുള്ളതുകൊണ്ട് ഭക്ഷണശേഷം അതിവേഗംതന്നെ മുറിയിലെത്തി ഉറക്കത്തിലേക്ക് വീണു.

ഖൊനോമ ഗ്രാമത്തിലെ കൃഷിയിടങ്ങൾ


ഏഷ്യയിലെ ആദ്യ ഹരിത ഗ്രാമത്തിലേക്ക്...

ഏഷ്യയിലെ ആദ്യ ഹരിത ഗ്രാമമെന്ന് പേരുകേട്ട ഖൊനോമയിലേക്കുള്ള യാത്ര അതിരാവിലെ തുടങ്ങി. മ്യാന്മറുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമായതുകൊണ്ട് നാഗാലാൻഡിലെ റോഡുകൾ പലതും നിർമിച്ചിരിക്കുന്നത് ബോർഡർ റോഡ് ​ഓർഗ​നൈസേഷനാണ്.

എന്നാൽ, യാത്രക്കിടയിൽ പലയിടത്തും ആ നിലവാരം കണ്ടില്ല. കാറിലിരുന്ന് കുലുങ്ങിക്കുലുങ്ങിയാണ് യാത്ര. ഏതാണ്ട് അരമണിക്കൂർ യാത്രക്കൊടുവിൽ ഖൊനോമയിലെത്തി. ഞങ്ങളെത്തുമ്പോൾ സഞ്ചാരികൾ എത്തിത്തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. പ്രവേശന കവാടത്തിൽനിന്ന് ആദ്യ സംഘമായി ടിക്കറ്റെടുത്ത് ഗ്രാമത്തിൽ പ്രവേശിച്ചു. ഒപ്പമുണ്ടായിരുന്ന ഗൈഡാണ് ഖൊനോമയുടെ ചരിത്രം പറഞ്ഞുതന്നത്.

ഖൊനോമയിലെ ഗ്രാമീണ ഭവനം


അംഗാമി ഗോത്രവർഗങ്ങളുടെ വാസസ്ഥലമായ ഖൊനോമ ഗ്രാമത്തിന് രക്തരൂഷിതമായ പല പോരാട്ടങ്ങളുടെയും കഥ പറയാനുണ്ട്. 1879 ഒക്ടോബറിൽ നാഗൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനെത്തിയ 87 അംഗ ബ്രിട്ടീഷ് സംഘാംഗങ്ങളെ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തിയതും സ്വാതന്ത്ര്യാനന്തരം വിഘടനവാദത്തിന്‍റെ തീക്കനലുകൾ ഈ ഗ്രാമത്തിനുള്ളിൽ പുകഞ്ഞതും ഇതിൽ ചിലത് മാത്രമാണ്.

ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽനിന്ന് തീർത്തും വിഭിന്നമാണ് വടക്കുകിഴക്കൻ ഇന്ത്യയിലെ ഗ്രാമങ്ങൾ. വീടുകളുടെ നിർമാണശൈലിയിൽ ഉൾപ്പെടെ ഈ വ്യത്യാസം പ്രകടം. ഖൊനോമയിലും ഇതുകാണാം. ഗ്രാമത്തിലുള്ള പലരും ഇപ്പോൾ ഇവിടെ താമസമില്ലെന്ന് ഗൈഡ് പറഞ്ഞു.

ഖൊനോമ കോട്ട


നിലവിൽ ഗ്രാമത്തിലുള്ളവർ ​കൃഷിയും നെയ്ത്തു ജോലിയുമെല്ലാം ചെയ്ത് ദാരിദ്ര്യത്തിന്‍റെ ചുറ്റുപാടിലും സന്തോഷകരമായ ജീവിതം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് കരകൗശല വസ്തു നിർമാണം മുതൽ നെയ്ത്ത് ജോലികൾവരെ ഗ്രാമീണർ ചെയ്യുന്നുണ്ട്. എങ്കിലും കൃഷിതന്നെയാണ് മുഖ്യ ജീവനോപാധി.

വേട്ടയാടി ജീവിച്ചിരുന്ന മനുഷ്യർ പ്രകൃതിയുടെയും സസ്യ-ജന്തുജാലങ്ങളുടെയും സംരക്ഷകരായി മാറിയ കഥകൂടി ഗ്രാമത്തിന് പറയാനുണ്ട്. പ്രകൃതി സമ്പത്ത് കാത്തുസൂക്ഷിക്കുന്നതുകൊണ്ടാവണം ഏഷ്യയിലെ ആദ്യ ഹരിതഗ്രാമമായും ഖൊനോമ മാറിയത്. ​

ഖൊനോമ ഗ്രാമത്തിൽ നെയ്ത്ത് ജോലിയിൽ ഏർപ്പെട്ട സ്ത്രീ


തങ്ങളുടെ നേതൃത്വത്തിൽ സംരക്ഷിക്കുന്ന പ്രകൃതി സമ്പത്തിനെക്കുറിച്ച് പറയുമ്പോൾ ഗ്രാമവാസിയായ ഗൈഡിനും അഭിമാനം. വടക്കുകിഴക്കൻ ഇന്ത്യയിലെ ഗ്രാമീണ ജീവിതം തൊട്ടറിയാനുള്ള അവസരംതന്നെയാണ് ഖൊനോമ വില്ലേജ് ടൂർ സമ്മാനിക്കുന്നത്. ഒരു മണിക്കൂറിലേറെ ഖൊനോമയിലെ ഗ്രാമീണ ടൂർ നീണ്ടുനിന്നു.

ഒടുവിൽ ഖൊനോമയോട് വിടപറയാനൊരുങ്ങുമ്പോൾ നാഗാലാൻഡിനോടു കൂടിയും ഞങ്ങൾ യാത്ര പറയുകയായിരുന്നു. വ്യത്യസ്തതകൾ ഉള്ളി​ലൊളിപ്പിച്ച് നിൽക്കുന്ന ഈ സുന്ദരദേശത്തിൽ കാഴ്ചകൾ ഇനിയും ബാക്കിയാണ്. ചരിത്രവും സംസ്കാരവും ഭക്ഷ്യവൈവിധ്യവുമായി ഇനിയും അനുഭൂതികൾ ഒരുപാട് നാഗാലാൻഡ് ബാക്കിവെച്ചിട്ടുണ്ട്. ഒരിക്കൽകൂടി കാഴ്ചകളുടെ പറുദീസയായ ഈ ഭൂമിയിലേക്ക് വരുമെന്ന് മനസ്സിലുറപ്പിച്ചാണ് വിടപറഞ്ഞത്.

Tags:    
News Summary - a trip to nagaland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.