ഇന്ന് കൗമാരക്കാരെയും യുവതികളെയും ഏറ്റവും കൂടുതൽ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ് പി.സി.ഒ.ഡി അല്ലെങ്കിൽ പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്. ഒരു ശാരീരിക ആരോഗ്യപ്രശ്നം എന്നതിനപ്പുറം മാനസികമായും പ്രയാസത്തിലാക്കുന്ന രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഒാവേറിയൻ സിൻഡ്രോം (പി.സി.ഒ.എസ്) എന്നും അറിയപ്പെടുന്ന ഇത്.
പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകളിലും ഈ അസുഖം ഇന്ന് വ്യാപകമായി കാണപ്പെടുന്നുണ്ട്. പഴയകാലത്ത് അഞ്ചു ശതമാനം സ്ത്രീകളിൽ മാത്രം കണ്ടിരുന്ന ഈ അവസ്ഥ ഇന്ന് 40 ശതമാനം മുതൽ 50 ശതമാനം വരെ സ്ത്രീകളിൽ കാണപ്പെടുന്നുണ്ട് എന്നത് ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്. പലപ്പോഴും പി.സി.ഒ.ഡിയുടെ ലക്ഷണങ്ങളിൽ ക്രമംതെറ്റിയ ആർത്തവം എന്നതിനപ്പുറത്ത് അനാവശ്യ രോമവളർച്ചപോലെ രോഗിയെ മാനസികമായി അലട്ടുന്നവയും കാണപ്പെടാം.
ഒട്ടേറെ ലക്ഷണങ്ങൾ ഉള്ളതുകൊണ്ടാണ് പി.സി.ഒ.ഡിയെ ഇന്ന് നമ്മൾ പോളിസിസ്റ്റിക് ഒാവേറിയൻ സിൻഡ്രോം എന്നു വിളിക്കുന്നത്. പ്രശ്നം പി.സി.ഒ.ഡിയാണ് എന്ന് കേൾക്കുമ്പോൾതന്നെ ടെൻഷനടിച്ച് ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാക്കേണ്ട കാര്യമില്ല. പകരം ചിട്ടയായ വ്യായാമങ്ങളിലൂടെയും ഡയറ്റിങ്ങിലൂടെയും ആവശ്യമെങ്കിൽ മാത്രം മരുന്നിലൂടെയും മാറ്റിയെടുക്കാൻ കഴിയുന്ന അസുഖമാണിതെന്ന് മനസ്സിലാക്കുക. ചില ഘട്ടങ്ങളിൽ മരുന്നിന്‍റെപോലും ആവശ്യമില്ലാതെ ഈ അസുഖത്തിൽനിന്ന് പൂർണ മുക്തി നേടാൻ കഴിയും.
എന്താണ് പി.സി.ഒ.ഡി
അണ്ഡാശയങ്ങളിൽ കാണപ്പെടുന്ന സിസ്റ്റുകൾ അഥവാ കുമിളകളെയാണ് പി.സി.ഒ.ഡി എന്നു വിളിക്കുന്നത്. 15 മുതൽ 20 വരെ സിസ്റ്റുകളോ അതിലധികമോ ഒരു ഓവറിയിൽതന്നെ കാണപ്പെടാറുണ്ട്. അതുകൊണ്ടുതന്നെയാണ് പോളി (ഒരുപാട്) എന്ന് ഉപയോഗിക്കുന്നത്. ഈ സിസ്റ്റുകൾ വലത് അണ്ഡാശയത്തിലോ ഇടത് അണ്ഡാശയത്തിലോ കാണപ്പെടാം. അതുകൊണ്ട് ഇത് ബൈലാറ്ററൽ ഒാവേറിയൻ സിസ്റ്റ് എന്നും അറിയപ്പെടുന്നു.
ക്രമംതെറ്റിയ ആർത്തവം, അനാവശ്യ രോമവളർച്ച, കഴുത്ത്, ഇടുപ്പ് പോലുള്ള ഭാഗങ്ങളിൽ കാണപ്പെടുന്ന കറുത്ത നിറം, പൊണ്ണത്തടി (പ്രത്യേകിച്ച് അരക്കെട്ടിലും തുടയിലും വയറ്റിലും കൊഴുപ്പടിയുക) എന്നിവ പി.സി.ഒ.ഡിയുടെ വ്യാപകമായി കാണപ്പെടുന്ന ലക്ഷണങ്ങളാണ്. അബ്ഡോമൻ, പെൽവിക് എന്നിവയുടെ അൾട്രാസൗണ്ട് സ്കാനിലൂടെ പി.സി.ഒ.ഡി കണ്ടെത്താനാവും.
ഒരു നൂലിൽ മുത്തുകൾ കോർത്തുവെച്ചതുപോലെ വളരെ നേർത്തരൂപത്തിലാണ് സിസ്റ്റുകൾ കാണപ്പെടുക. ഹോർമോൺ അസന്തുലിതാവസ്ഥമൂലമുണ്ടാകുന്ന പി.സി.ഒ.ഡി നമ്മെ വന്ധ്യതയിൽ വരെ എത്തിക്കാം. സാധാരണ 28 ദിവസം വരുന്ന ആർത്തവചക്രത്തിലെ പതിനാലാമത്തെ ദിവസമാണ് അണ്ഡവിസർജനം നടക്കുക. പി.സി.ഒ.ഡി ഉള്ളവരിൽ ഈ സമയത്ത് പുറത്തുവരുന്ന അണ്ഡം പൂർണ വളർച്ച എത്താത്ത അവസ്ഥയിലായിരിക്കും. പൂർണ വളർച്ച എത്താത്ത അണ്ഡവുമായി ബീജസംയോജനം നടന്നാൽ കുഞ്ഞുണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്. അങ്ങനെയാണ് പി.സി.ഒ.ഡി വന്ധ്യതയിലേക്കു നയിക്കുന്നത്.
കാരണങ്ങൾ
● പാരമ്പര്യം ഒരു പ്രധാന ഘടകമാണ്
● ലൈഫ് സ്റ്റൈൽ മാറ്റങ്ങൾ
● ഇൻസുലിൻ റെസിസ്റ്റൻസ്
നമ്മുടെ ശരീരത്തിലെത്തുന്ന പഞ്ചസാര തന്മാത്രകളെ ഊർജമാക്കി മാറ്റുന്നത് പാൻക്രിയാസിൽനിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ ഹോർമോണാണ്. ഈ ഇൻസുലിൻ ഹോർമോണുകൾക്ക് പഞ്ചസാര തന്മാത്രകളെ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇൻസുലിൻ റെസിസ്റ്റൻസ് എന്ന് അറിയപ്പെടുന്നത്. ഈ അവസ്ഥയിൽ എത്ര ഭക്ഷണം കഴിച്ചാലും ഊർജം ഇല്ലാത്തതുപോലെ അനുഭവപ്പെടും. മാത്രമല്ല, ഭക്ഷണം ഊർജമായി പരിവർത്തിക്കപ്പെടാതെ കൊഴുപ്പായി തുടകളിലും നിതംബത്തിലും അടിഞ്ഞുകൂടുകയും തൽഫലമായി പൊണ്ണത്തടി ഉണ്ടാവുകയും ചെയ്യുന്നു.
സങ്കീർണതകൾ
പി.സി.ഒ.ഡി പെട്ടെന്ന് ഒന്നോ രണ്ടോ ദിവസംകൊണ്ട് സങ്കീർണതകളൊന്നുമുണ്ടാക്കില്ല. എന്നാൽ, വർഷങ്ങളായുള്ള അശ്രദ്ധ വലിയ സങ്കീർണതകളിലേക്ക് കൊണ്ടെത്തിക്കും. അതായത് പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങൾ, അമിത കൊളസ്ട്രോൾ, വന്ധ്യത, ഹൃദ്രോഗം എന്നിങ്ങനെയുള്ള സങ്കീർണതകൾ വന്നുചേരാം.
പരിഹാരമാർഗം
അനാരോഗ്യകരമായ ജീവിതശൈലിയിൽ മാറ്റം വരുത്തുക എന്നതാണ് ആദ്യപടിയായി ചെയ്യേണ്ടത്. ഇതിന്റെ ഭാഗമായി ഭക്ഷണത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം. 70 കിലോ ശരീരഭാരമുള്ള രോഗി 10 കിലോഗ്രാം കുറച്ചാൽതന്നെ പി.സി.ഒ.ഡിയുടെ മുക്കാൽഭാഗം നമുക്ക് മാറ്റിയെടുക്കാൻ കഴിയും.
● ദിനവും വ്യായാമം ചെയ്യുക
● ഭക്ഷണത്തിൽ നിയന്ത്രണം കൊണ്ടുവരുക.
● മാനസിക പിരിമുറുക്കം കുറക്കുക.
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
● എണ്ണപ്പലഹാരങ്ങൾ
● പാക്ക്ഡ് ഫുഡ്
● മൈദ, ചോറ്, ബ്രഡ്, നൂഡ്ൽസ്
● പാസ്ത
● പൊറോട്ട
● സ്‌പൈസി ഫുഡുകൾ
● ചിക്കൻ
കഴിക്കേണ്ട ഭക്ഷണങ്ങൾ
● ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുക
● നാരുകൾ അടങ്ങിയ ഭക്ഷണം അധികമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
● ഇലക്കറികൾ ധാരാളം കഴിക്കുക
● ഒമേഗ ത്രീ ഫാറ്റി ആസിഡ് കൂടുതൽ അടങ്ങിയ മത്തി, അയല, ചൂര പോലുള്ള മത്സ്യങ്ങൾ ധാരാളം കഴിക്കുക
● ഉലുവ, പട്ട, ഫ്ലാക്സ് സീഡ് ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ഭക്ഷണക്രമീകരണം
എപ്പോഴും വിശപ്പ് ഉള്ളതുകൊണ്ടുതന്നെ രണ്ടര മണിക്കൂർ ഇടവിട്ട് കുറേശ്ശയായി ഭക്ഷണം കഴിക്കുക. പതുക്കെ ദഹിക്കുന്ന ഭക്ഷണങ്ങൾ വേണം കഴിക്കാൻ. ഉദാഹരണമായി ബദാം, കപ്പലണ്ടി, പിസ്ത, വാൾനട്ട് തുടങ്ങിയവ കഴിക്കാവുന്നതാണ്.
ഹോമിയോപ്പതി ചികിത്സ
ഹോമിയോപ്പതിയിൽ പി.സി.ഒ.ഡിക്ക് വളരെ ഫലപ്രദമായ ചികിത്സയുണ്ട്. ഓരോ രോഗിയെയും മാനസികമായും ശാരീരികമായും അപഗ്രഥിച്ചതിനുശേഷമാണ് അവർക്കുള്ള മരുന്ന് നിശ്ചയിക്കുന്നത്. സബൈന, തലാപ്സി, അശോക, പൾസാറ്റില, സെപ്പിയ, ബെല്ലഡോണ തുടങ്ങിയ ഔഷധങ്ങളാണ് ചികിത്സക്ക് പ്രധാനമായും ഉപയോഗിക്കുന്നത്.
രോഗത്തെ കൃത്യമായി മനസ്സിലാക്കുകയും ആവശ്യമായ ചികിത്സ സ്വീകരിക്കുകയും ചെയ്താൽ പി.സി.ഒ.ഡി ദുരിതമാകില്ല.
വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ
● തുളസിയില, ആര്യവേപ്പില എന്നിവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക
● തൈര്, മോര് എന്നിവ നല്ല പ്രോ ബയോട്ടിക് ഫുഡ് ആണ്. അവ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
● നാരങ്ങനീരിൽ തേൻ ചേർത്ത് വെറും വയറ്റിൽ കുടിക്കുക
● ഒരു നുള്ള് മഞ്ഞൾപ്പൊടി തിളപ്പിച്ച് കുടിക്കുക
● ദിവസവും 40 മിനിറ്റ് വ്യായാമം ചെയ്യുക
● ഇരുന്ന് തറ തുടക്കുക, മുറ്റമടിക്കുക
● ദിവസവും 15 മിനിറ്റെങ്കിലും നടക്കുക. 2-3 ലിറ്റർ വെള്ളം കുടിക്കുക. 7-8 മണിക്കൂർ ഉറങ്ങുക
● മാനസിക പിരിമുറുക്കം കുറക്കാൻ യോഗ, മെഡിറ്റേഷൻ എന്നിവ ചെയ്യുക
● ആവശ്യമെങ്കിൽ കൗൺസലിങ് സഹായം തേടുക
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.