കൊച്ചി: ലക്ഷദ്വീപിലെ തിന്നക്കര ദ്വീപിൽ ടെന്റ് സിറ്റി പദ്ധതിക്കുവേണ്ടി ഭൂവുടമകളുടെ അനുമതിയില്ലാതെ തെങ്ങുകൾ നശിപ്പിച്ചെന്ന് പരാതി. കോടതിയിൽ കേസിലിരിക്കുന്ന ഭൂമിയിൽ അതിക്രമിച്ചുകടന്ന് തെങ്ങുകൾ വെട്ടിയും തീയിട്ടും നശിപ്പിച്ചെന്നാണ് പരാതി ഉയർന്നത്.
അഗത്തി ദ്വീപിലും മറ്റുമുള്ള ആളുകൾ കൃഷിചെയ്യുന്ന പണ്ടാര ഭൂമിയാണിത്. ഇത് സർക്കാർ ഭൂമിയാണെന്ന് അവകാശപ്പെട്ട് ടൂറിസം പദ്ധതിയുടെ ഭാഗമായി ടെന്റ് സിറ്റി നിർമിക്കാൻ അഡ്മിനിസ്ട്രേഷൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇതിനെതിരെ ഭൂവുടമയായ വ്യക്തി കോടതിയെ സമീപിച്ചിരുന്നു. നിലവിലെ സ്ഥിതി തുടരാൻ വ്യക്തമാക്കി നിർമാണ പ്രവർത്തനങ്ങൾ ഹൈകോടതി സ്റ്റേ ചെയ്തതാണെന്ന് ഭൂവുടമയായ ഷാഹുൽ ഹമീദ് പറഞ്ഞു. വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോകും. പ്രദേശത്ത് നൂറുകണക്കിന് തെങ്ങുകൾ ഇത്തരത്തിൽ നശിപ്പിക്കപ്പെട്ടു. തിന്നക്കരയിലുണ്ടായിരുന്ന ആളുകൾ അറിയിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. സ്ഥലത്തെത്തി പണികൾ നിർത്തിവെക്കണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടു.
എന്നാൽ, അഡ്മിനിസ്ട്രേഷന്റെ നിർദേശപ്രകാരമാണ് തങ്ങൾ പ്രവൃത്തികൾ ആരംഭിച്ചതെന്ന് ജീവനക്കാർ മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭൂമിയിൽ മാത്രം 110ഓളം തെങ്ങുകളുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലക്ഷദ്വീപ് ഭരണകൂടം ഗുജറാത്തിൽനിന്നുള്ള കമ്പനിക്ക് തീറെഴുതാൻ പോകുകയാണ് തിന്നക്കര ദ്വീപെന്ന് എൻ.സി.പി-എസ് ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറി ഒ.പി. ജബ്ബാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.