അമ്മത്ക്ക സുഹൃത്തുക്കളോടൊപ്പം

അമ്മത്ക്കയാണിവിടെ ഹീറോ; ഏറെ, പറയാനുണ്ട് മാനഞ്ചിറയിലെ കിസകൾ

കുന്ദമംഗലം: ദിവസമേതായാലും എത്ര തിരക്കായാലും വൈകുന്നേരമാകുന്നതിനു മുമ്പേ കാരന്തൂരിലെ കുറ്റിക്കാട്ടിൽ അമ്മത്ക്കക്ക് ഒരു വിളി വരും, മാനാഞ്ചിറയിൽ നിന്ന്‌. പിന്നെ താമസിക്കില്ല. കള്ളിത്തുണിയും പഴയകുപ്പായവും മാറ്റി അടുത്ത ബസിൽ കയറി 85കാരനായ അമ്മത് പുറപ്പെടും കോഴിക്കോടേക്ക്. 60 വർഷമായി പതിവു തെറ്റാതെ അമ്മത് ഈ യാത്ര തുടരുന്നു. കോവിഡ് കാലത്ത് ചില മുടക്കങ്ങൾ ഉണ്ടായെന്നു മാത്രം. ഒരു കൂട്ടം മുതിർന്ന പൗരന്മാർ അമ്മതിനെയും കാത്ത് മാനാഞ്ചിറ മൈതാനത്തിന് ഒരു മൂലയിൽ ഇരിക്കുന്നുണ്ടാവും. അവരിൽ ഡോക്ടർമാരും എൻജിനീയർമാരും പഴയ കച്ചവടക്കാരും അഭിഭാഷകരും തൊഴിലാളികളും സാധാരണക്കാരുമുണ്ട്. പിന്നെ അവരുമായി സൊറ പറയലാണ്. അന്തിമയങ്ങും വരെ ഇതു തുടരും. പിന്നെ തിരിച്ച് നാട്ടിലേക്ക്. ഇതാണ് ചിട്ട. ഇടക്ക് സെൻട്രൽ ലൈബ്രറിയിൽ കയറി ചിലതൊക്കെ വായിക്കുകയും ചെയ്യും.

രാഷ്ട്രീയവും സാമൂഹിക പ്രശ്നങ്ങളും കാലാവസ്ഥയും പന്തുകളിയും പോരാട്ട സമരങ്ങളും എന്നുവേണ്ട സൂര്യന് കീഴിലുള്ള എല്ലാ വിഷയവും ഈ സായാഹ്ന ചർച്ചയിൽ നടക്കും. തർക്കങ്ങളും കുറ്റാരോപണവും ഒച്ചപ്പാടും സ്വാഭാവികം. സ്വന്തം കാഴ്ചപ്പാടുകൾ സ്ഥാപിക്കാനും മറു വാദങ്ങൾ കേൾക്കാനും സമവായ സാധ്യതകൾ ആരായാനും ഈ കൂടിച്ചേരൽ വേദിയാകും. ഉയർന്ന ഉദ്യോഗസ്ഥരുടെ അനുഭവങ്ങളും രാഷ്ട്രീയത്തിലെ പിന്നാമ്പുറ കഥകളും കുടുംബബന്ധങ്ങളും ആരോഗ്യപ്രശ്നങ്ങളുമെല്ലാം പുറത്തുവരുന്ന സമയമാണത്. അതുകൊണ്ടുതന്നെ ജീവിതത്തിലെ ഒട്ടേറെ പാഠങ്ങൾ പഠിക്കാൻ ഈ ചർച്ചകൾ തന്നെ സഹായിച്ചിട്ടുണ്ടെന്ന് അമ്മത്ക്ക പറഞ്ഞു.

കുന്ദമംഗലം എ.എം.എൽ.പി സ്കൂളിൽ നാലാം തരം വരെ പഠിച്ചു. പിന്നീട് കാരന്തൂരിലെ ഒരു മുറുക്കാൻ കടയിൽ അടക്ക ചുരണ്ടി കൊടുക്കുന്ന ജോലി നോക്കി. കട പിന്നീട് സ്റ്റേഷനറിയും ബുക്സ്റ്റാളുമായി ഉയർന്നപ്പോൾ അതിന്റെ ഭാഗമായും മുപ്പതു കൊല്ലം ജോലി ചെയ്തു. പിന്നീട് പത്ത് വർഷം സുൽത്താൻ ബത്തേരി ലക്കി സ്റ്റോറിൽ ജോലി. 1964ൽ വീണ്ടും നാട്ടിലെത്തി. ഫ്ലോർ മില്ലിൽ പണിയെടുത്തു. തുടർന്ന് നാട്ടിലെ വാട്ടർ പമ്പുകളും മോട്ടോറുകളും റിപ്പയർ ചെയ്യുന്ന ജോലിയിലായി. ഇപ്പോൾ ആക്രി കടയിൽ പോയി പഴയ യന്ത്രങ്ങൾ വാങ്ങി പൊളിച്ചു വിൽക്കുകയാണ് പണി.

ഫുട്ബാൾ കമ്പമാണ് അദ്ദേഹത്തെ ആദ്യമായി മാനാഞ്ചിറയിലെത്തിച്ചത്. പണ്ട് ഇന്ത്യൻ ഇലവനും കറാച്ചി കിക്കേ സുമായുള്ള മത്സരം കാണാൻ വേണ്ടിയാണ് മാനാഞ്ചിറയിൽ പോയത്. അതിൽ പിന്നെ ഫുട്ബാൾ മത്സരം നടന്നപ്പോഴെല്ലാം അദ്ദേഹം നഗരത്തിലെത്തി. ക്രമേണ മാനാഞ്ചിറയുടേയും നഗര സൗഹൃദങ്ങളുടെയും തോഴനായി മാറി. ആമിനയാണ് ഭാര്യ. ഷബീറും ആയിഷയും മക്കൾ. നാല് പേരക്കുട്ടികളുമുണ്ട്. 50 വർഷം വിജയകരമായി ദാമ്പത്യ ജീവിതം നയിച്ചതിന് കുന്ദമംഗലം പഞ്ചായത്ത് അദ്ദേഹത്തെയും ഭാര്യയേയും ആദരിച്ചിട്ടുണ്ട്.

Tags:    
News Summary - Ammatka has something to say Kisas in Mananchira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.