കേരള രാഷ്ട്രീയത്തിലെ അതികായന്മാരായ കെ. സുധാകരനും എ.കെ ബാലനും, മമ്പറം ദിവാകരനും വിദ്യാർഥി നേതാക്കളായി ബ്രണ്ണൻ കോളജ് ഭരിച്ച 1970കളുടെ തുടക്കകാലം. സംഘടനാ കോൺഗ്രസിന്റെ വിദ്യാർഥിവിഭാഗമായ നാഷണല്‍ സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷൻ തീപ്പൊരി നേതാവായി സുധാകരനും കെ.എസ്.യു നേതാവായി മമ്പറം ദിവാകരനും ഇടതു വിദ്യാർഥി വിഭാഗമായ അന്നത്തെ കെ.എസ്.എഫിൻറെ നേതാവായി എ.കെ ബാലനുമായിരുന്നു അന്ന് കേരളത്തിലെ മുഴുവൻ ക്യാമ്പസുകളിലെയും താരം.
ഇടതും വലതുമായി ഈ മൂവർ സംഘം നയിക്കുന്ന ബ്രണ്ണനിലെ ആ ക്യാമ്പസിലേക്ക് വളയം ഗവർമെൻ്റ ഹൈസ്കുളിൽ നിന്നും ആർജ്ജിച്ച സംഘടനാ പാഠവവുമായി നാദാപുരം പാറക്കടവ് നിന്നും ഒരു കൗമാരക്കാരനുമെത്തി. പേര് കെ.കെ. ഉസ്മാൻ , ക്ലാസ്: പ്രീഡിഗ്രി ഒന്നാം വർഷം.
ഖത്തറിലെ ജീവിതത്തിന് 50 വർഷം പിന്നിട്ട കോഴിക്കോട് നാദാപുരം സ്വദേശി കെ.കെ. ഉസ്മാൻ തന്റെ പ്രവാസം പറയുന്നു അടിമുടി നിറയുന്ന രാഷ്ട്രീയാവേശം തന്നെയായിരുന്നു ആ പതിനെട്ടുകാരനെയും കേരളത്തിലെ വിദ്യാർഥിരാഷ്ട്രീയ പരീക്ഷണാലയമായ ബ്രണ്ണനിലേക്കെത്തിച്ചത്. സ്കൂൾ പഠനം കഴിഞ്ഞതിന് പിന്നാലെ പ്രസംഗവേദികൾ ഹരമായി തുടങ്ങിയ കൗമാരക്കാരൻ നാട്ടിലും അയൽനാടുകളിലും കോൺഗ്രസ് പാർട്ടിയുടെ പ്രചാരണ പരിപാടികളിൽ പ്രസംഗിക്കാനെത്തും.
എതിരാളികളുടെ ആരോപണങ്ങൾക്ക് കുറിക്കുകൊള്ളുന്ന മറുപടി നൽകി കൈയടി നേടുന്ന പുതുമുഖക്കാരനെ നാട്ടിലെ മുതിർന്ന രാഷ്ട്രീയക്കാർക്കും ഇഷ്ടമായി തുടങ്ങി. അങ്ങനെയാണ് ബ്രണ്ണനിലെ കളരിയിലേക്ക് പുതിയ അങ്കക്കാരനായി ഉസ്മാനുമെത്തുന്നത്. കാമ്പസിൽ ഏറെ സീനിയറായിരുന്ന മമ്പറം ദിവാകരനായിരുന്നു ആവേശം. കോളജിലും നാട്ടിലുമെല്ലാം കൗമാരക്കാരൻ രാഷ്ട്രീയത്തിരക്കിലായി. തെരഞ്ഞെടുപ്പിനും മറ്റുമെല്ലാമായി നാടുനടന്ന് പ്രസംഗം ഹരമായി.
എന്നാൽ, പഠിക്കാൻ അയച്ചവൻ രാഷ്ട്രീയപ്രവർത്തനത്തിനു പിന്നാലെ ഓട്ടത്തിലാണെന്ന അടക്കംപറച്ചിൽ വീട്ടിലും കുടുംബത്തിലുമെത്താൻ ഒട്ടും താമസിച്ചില്ല. ‘ഉസ്മാന്റെ ഹരം രാഷ്ട്രീയത്തിലാണ്. അവനെ ഇനി ഒരു നിമിഷം നാട്ടിൽ നിർത്താൻ പാടില്ല’ -കാരണവന്മാരുടെ വാക്കുകൾ തീരുമാനമായിമാറി. വൈകാതെ ഖത്തറിൽനിന്ന് വിസയും കപ്പൽ യാത്രക്കുള്ള ടിക്കറ്റുമെത്തി. ബോംബെ വഴി 1974 മേയ് അവസാനവാരത്തിൽ കപ്പൽ കയറി ദോഹയിലെത്തി പ്രവാസജീവിത്തിന് തുടക്കം കുറിച്ചു.
2024 ഒക്ടോബറിൽ ദോഹയിലെ ഒരു ആഘോഷവേദി. കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ ‘ഫോക്’ ഖത്തറിന്റെ വാർഷികാഘോഷ ദിനത്തിൽ മലയാളത്തിലെ സാഹിത്യനായകരും രാഷ്ട്രീയ, സാംസ്കാരിക നേതാക്കളുമെല്ലാം സന്നിഹിതരായ വേദിയിൽ സംഘാടകർ ഒളിപ്പിച്ച സർപ്രൈസ് ആയിരുന്നു ആ ആഘോഷം.
ഫോക് ഖത്തറിന്റെ അധ്യക്ഷനും ഖത്തറിലെ സാംസ്കാരിക മേഖലയിലെ ശ്രദ്ധേയ സാന്നിധ്യവുമായ കെ.കെ. ഉസ്മാന് സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും വക ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുലിൽനിന്ന് ഒരു ഉപഹാരം. ഖത്തറിലെ പ്രവാസ ജീവിതം 50 വർഷം പിന്നിട്ടതിന്റെ സന്തോഷം കൂടിയായിരുന്നു ആ പുരസ്കാരം. ഖത്തറും ഇന്ത്യയും നയതന്ത്ര സൗഹൃദത്തിന്റെ 50 വർഷം പൂർത്തിയാക്കിയതിനു പിന്നാലെയായിരുന്നു ഉസ്മാന്റെ പ്രവാസത്തിനും അർധസെഞ്ച്വറി തികയുന്നത്.
പ്രവാസത്തിലേക്കുള്ള ആദ്യ യാത്രയെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ കെ.കെ. ഉസ്മാന്റെ ഓർമകളിലേക്ക് കടൽ ചൊരുക്ക് കയറി മനംപുരുട്ടിയ ആ ദിനങ്ങൾ ഓടിയെത്തും. നാട്ടിൽ വിദ്യാർഥി രാഷ്ട്രീയവുമായി വിലസി നടന്നിരുന്ന പയ്യനെ മനസ്സില്ലാമനസ്സോടെ പ്രവാസിയാക്കാൻ പറഞ്ഞുവിട്ടതിന്റെ മടുപ്പെല്ലാം ആ യാത്രക്കുമുണ്ടായിരുന്നു.
ഏതാണ്ട് ഒരാഴ്ച ബോംബെയിൽ തങ്ങി പി.സി.സിയും ശരിയാക്കിയായിരുന്നു 1974 മേയ് 28ന് എം.വി ദ്വാരക എന്ന കപ്പലിൽ യാത്രപുറപ്പെടുന്നത്. ബോംബെയിൽനിന്ന് കറാച്ചി വഴി മസ്കത്തും ദുബൈയും കടന്ന് ഖത്തറിലേക്കുള്ള ഒരാഴ്ച നീണ്ടു നിൽക്കുന്ന കപ്പൽ യാത്ര യുടെ നരകയാതന തീർത്ത ഓർമകൾ ഇന്നലെ കഴിഞ്ഞെന്നപോലെ മനസ്സിലുണ്ട്. ബോബെയിൽനിന്ന് കറാച്ചിവരെ ശാന്തമായിരുന്നു കടൽ.
പക്ഷേ, അറേബ്യൻ കടലിന് കുറുകെയുള്ള യാത്ര പേടിപ്പെടുത്തുന്നതായിരുന്നു. തെങ്ങിനോളം ഉയരെയുള്ള തിരമാലകൾക്കും കാറ്റിനും കോളിനുമിടയിൽ കപ്പലും ആടിയുലഞ്ഞു. ഏഴു ദിവസം, ഒന്നും കഴിച്ചില്ലെന്ന് പറയാം. വല്ലതും കുടിച്ചാൽ, ഛർദിച്ച് തളരും. കറാച്ചിയിൽനിന്ന് നാട്ടുകാരായ ചിലർ നൽകിയ സോഫ്റ്റ്ഡ്രിങ്കുകൾ കൈവശംവെച്ച് കുറേശ്ശെ കുടിച്ചായിരുന്നു ജീവൻ നിലനിർത്തിയത്. ഒടുവിൽ, ഒരാഴ്ചക്കുശേഷം ദോഹ തീരത്തുനിന്ന് ദൂരെയായി കപ്പൽ നങ്കൂരമിട്ടു. കയറിൽ തൂങ്ങി ചെറു ബോട്ടിൽ കയറിയായിരുന്നു തീരമണിഞ്ഞത്.
സഹോദരൻ അബൂബക്കറിന്റെയും സഹോദരി ഭർത്താവിന്റെയും സംരക്ഷണയിലായിരുന്നു തൊഴിലന്വേഷണത്തിന്റെ ആദ്യ ദിനങ്ങൾ. ദോഹയിലെത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ സിറ്റി ലൈറ്റ് എന്ന സ്ഥാപനത്തിൽ ഓഫിസ് ബോയ് ആയി തൊഴിൽ തുടങ്ങി. പിന്നാലെ, ദോഹ തുറമുഖത്തെ വാർഫിൽ ടാലി ക്ലർക്കായി അടുത്ത ജോലി ആരംഭിച്ചു. ഖത്തറിൽ കടുത്ത വേനലായ ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ നട്ടുച്ചവെയിലിനു കീഴിലായിരുന്നു വാർഫിലെ കണക്കെഴുത്ത്. ഈ ജോലിയിൽ അധികകാലം തുടർന്നില്ല.
രണ്ടു മാസത്തിനുശേഷം ഖത്തറിലെ പ്രശസ്ത സ്ഥാപനമായ ഖാഫ്കോയുടെ മെസ്സിലേക്ക് മാറി. ഏതൊരു പ്രവാസിയും അക്കാലത്ത് സ്വപ്നം കാണുന്ന സ്ഥാപനമായിരുന്നെങ്കിലും അവിടെ വെയ്റ്ററും ക്ലീനിങ് സ്റ്റാഫുമായാണ് തുടങ്ങിയത്. അവിടെയും കൂടുതൽ കാലമൊന്നും തുടരാൻ കഴിഞ്ഞില്ല. ജോലിയുടെ വിവരങ്ങൾ എങ്ങനെയോ അറിഞ്ഞ സഹോദരൻ എന്നെ അദ്ദേഹത്തിന്റെ കഫറ്റീരിയയിലേക്ക് മാറ്റി. പുതിയ ജോലി അന്വേഷണമായിരുന്നു പ്രധാന ലക്ഷ്യം.
ഒരു വർഷത്തിനുള്ളിൽതന്നെ ഖത്തർ ഇലക്ട്രിസിറ്റി-വാട്ടർ മന്ത്രാലയത്തിലെ കൂടുതൽ സുരക്ഷിതമായ ജോലി ലഭിച്ചു. സർക്കാർ സർവിസിലേക്കുള്ള പ്രവേശം പ്രവാസ ജീവിതത്തിലെ ടേണിങ് പോയന്റ് കൂടിയായിരുന്നു. അധികം വൈകാതെ ഗൾഫ് ഹോട്ടൽ എന്ന സ്ഥാപനത്തിൽ വൈകുന്നേരങ്ങളിൽ പാർട്ടൈം ജോലിയും ചെയ്തു. അധികവരുമാനത്തിനൊപ്പം, കൂടുതൽ സാമൂഹിക ബന്ധങ്ങൾ സൃഷ്ടിക്കാനുള്ള അവസരമായിരുന്നു അത്.
ഏതാനും വർഷങ്ങൾക്ക് ശേഷം യുനൈറ്റഡ് ഇന്റർനാഷനൽ ട്രേഡിങ് കമ്പനിയിൽ പാർട്ട് ടൈം അക്കൗണ്ട് കോഓഡിനേറ്റർ ജോലിയിലേക്ക് മാറി. പിന്നെ പതിയെ, മിനിസ്ട്രിയിലെ ജോലി ഒഴിവാക്കി യുനൈറ്റഡിലെ ജോലിയെ സ്ഥിരപ്പെടുത്തി. അധികം വൈകാതെതന്നെ ഒരു സംരംഭകൻ എന്ന നിലയിലേക്കും ചുവടുവെച്ചു. 2006ൽ ഫൈവ് ഗ്രൂപ് ട്രേഡിങ് കമ്പനി രൂപീകരിക്കുകയും സംരംഭങ്ങളിൽ സജീവമാവുകയും ചെയ്തു. ഖത്തറിലെ പ്രമുഖ സംരംഭകനായ എം.പി. അബ്ദുല്ല ഹാജിയായിരുന്നു ഈ മേഖലയിലേക്ക് വഴിതുറന്നത്.
50 വർഷം പിന്നിടുന്ന പ്രവാസത്തിൽ ഉസ്മാൻ ഹാപ്പിയാണ്. ക്ലീൻ ബോയ് ആയി തുടങ്ങി സർക്കാർ സർവിസിലും സ്വകാര്യമേഖലയിലും പണിയെടുത്ത് ഒടുവിൽ മികച്ച സംരംഭകൻ എന്ന മേൽവിലാസവുമായി പ്രവാസത്തിലെ ജീവിതയാത്ര തുടങ്ങുകയാണ് ഇദ്ദേഹം. എല്ലാത്തിലും പിന്തുണയായി ഭാര്യ സൈനബ ഉസ്മാന്റെ കൂട്ടിനും നന്ദി പറയുന്നു. ഫൈവ് ഗ്രൂപ് ബി.ഡി.എം ഹാരിസ് ഉസ്മാൻ, ഫാർമസിസ്റ്റായ മുസ്തഫാ ഉസ്മാൻ, സമീന മുഹമ്മദ്, വിദ്യാർഥിയായ മുഹമ്മദ് സാഹിർ എന്നിവർ മക്കളാണ്.
കോൺഗ്രസ് വിദ്യാർഥി രാഷ്ട്രീയത്തിരക്കിൽനിന്ന് പ്രവാസത്തിലേക്ക് എടുത്തെറിയപ്പെട്ടപോലെ എത്തിയശേഷം ആദ്യവർഷങ്ങളിൽ ശൂന്യമായിരുന്നു. എന്നാൽ, പത്തു-പതിനഞ്ചു വർഷത്തിനുള്ളിൽ സുഹൃത്തുക്കളായ കുറച്ചുപേർക്കൊപ്പം പ്രിയദർശിനി കൾച്ചറൽ സെന്റർ എന്ന പേരിൽ പുതിയൊരു കൂട്ടായ്മക്ക് തുടക്കം കുറിച്ചു. 1980കളുടെ അവസാനത്തിലായിരുന്നു ഇത്.
കോഴിക്കോട് ജില്ലക്കാരായ ഈ കൂട്ടായ്മയുടെ പ്രവർത്തനം പിന്നീട് നാട്ടിൽനിന്നുള്ള കോൺഗ്രസ് നേതാക്കളുടെ ആവശ്യപ്രകാരം ‘ഇൻകാസ്’ എന്ന സംഘടനയുടെ രൂപീകരണത്തിന് വഴിവെക്കുകായിരുന്നു. 2001ൽ കെ. സുധാകരന്റെ ദോഹ സന്ദർശനമായിരുന്നു ഇതിന് പ്രധാന കാരണമായത്. വർഗീസ് ചാക്കോ പ്രസിഡന്റും കെ.കെ. ഉസ്മാൻ വൈസ് പ്രസിഡന്റുമായി ഇൻകാസ് നിലവിൽവന്നു. ഖത്തറിലെ ആയിരത്തോളം പ്രവർത്തകരും ശ്രദ്ധേയമായ സാമൂഹിക പ്രവർത്തനങ്ങളുമായി ഒരു പുതിയ പ്രവാസി സംഘടനയുടെ പിറവിയായിരുന്നു അത്.
നാട്ടിലും ഖത്തറിലുമായി സൃഷ്ടിച്ച സൗഹൃദങ്ങളും ആത്മബന്ധങ്ങളും തന്നെയാണ് പ്രവാസത്തിൽ തന്റെ ഏറ്റവും വലിയ സമ്പാദ്യമെന്ന് ഉസ്മാൻ സാക്ഷ്യപ്പെടുത്തുന്നു. വലിയ കെട്ടിടങ്ങളോ ഇന്നുകാണുന്ന അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത പഴയകാലത്ത് ഓരോ പ്രവാസികൾക്കുമിടയിൽ വലിയ ആത്മബന്ധമുണ്ടായിരുന്നു. വാരാന്ത്യ അവധികളിൽ താമസസ്ഥലങ്ങളിലെത്തി കാണുകയും ഒന്നിച്ചിരിക്കുകയും ചെയ്യും.
ആഘോഷവേളകളിൽ ഒന്നിച്ച് പുറത്തിറങ്ങുകയും ഫോട്ടോ എടുക്കലുമായിരുന്നു പ്രധാന ഹോബി. ഇത് ലണ്ടനിലേക്ക് കൊറിയർ അയച്ച്, കളർ പ്രിന്റെടുത്ത് സൂക്ഷിക്കൽ അന്ന് വലിയൊരു കാര്യമായിരുന്നു. അക്കാലത്തെ അഞ്ച് പൗണ്ടായിരുന്നു ഓരോ റീലിനും ചെലവാക്കിയിരുന്നത്. ഇങ്ങനെ എടുക്കുന്ന ചിത്രങ്ങൾ മാത്രമായിരുന്നു വീട്ടുകാർക്ക് പ്രിയപ്പെട്ടവരായ പ്രവാസികളെക്കുറിച്ചുള്ള ഓർമകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.