പള്ളുരുത്തി: പള്ളുരുത്തിയുടെ പലവഴികളിൽ എന്നും രാവിലെ നടക്കാനിറങ്ങുമ്പോൾ പൊതുപ്രവർത്തകനായ പി.പി. ജേക്കബിന്റെ കൈയിലൊരു കൊതുക് നശീകരണ ലായനി തളിക്കുന്ന ഹാൻഡ് പമ്പ് ഉണ്ടാകും. വെറുതെ തൂക്കിയിട്ടു നടക്കുകയല്ലത്, പോകുന്ന വഴികളിലെ കാനകളിൽ ഇത് തളിച്ചാണ് ആ പ്രഭാതസവാരി. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി സ്വന്തം ആരോഗ്യപരിരക്ഷക്കായി പ്രഭാത സവാരി നടത്തുന്ന ജേക്കബ് ഇപ്പോൾ സവാരി നടത്തുന്നത് രണ്ടു ലക്ഷ്യത്തോടെയാണ്. സ്വന്തം ആരോഗ്യ പരിരക്ഷക്കൊപ്പം പൊതുസമൂഹത്തിന്റെ ആരോഗ്യ സംരക്ഷണ ലക്ഷ്യവും ഈ നടത്തത്തിലുണ്ട്.
അങ്ങനെയാണ് അദ്ദേഹത്തെ നാട്ടുകാർ മൊസ്കിറ്റോ മാൻ എന്നു വിളിക്കാൻ തുടങ്ങിയത്. കഴിഞ്ഞ ഒന്നര മാസമായി കൊതുകുശല്യത്തിനെതിരെയുള്ള ജേക്കബിന്റെ ഒറ്റയാൾ പോരാട്ടത്തിനുള്ള അംഗീകാരം കൂടിയാണീ വിളി.
ട്രാക് സ്യൂട്ടിനൊപ്പം സ്കൂൾ കുട്ടികളെപ്പോലെ ഹാൻഡ് പമ്പ് തോളിൽ തൂക്കിയിട്ടാണ് നടത്തം. പള്ളുരുത്തി നാല്പതടി റോഡ്, ചിറക്കൽ, പുല്ലാർ ദേശം റോഡ്, മറൈൻ ജങ്ഷൻ ഇവിടങ്ങളിലുള്ള കാനകളിൽ ഈ സവാരിക്കിടെ ജേക്കബ് ലായനി തളിച്ചിരിക്കും. ഇതിനിടെ ഓട്ടോ ഡ്രൈവർമാരും വീട്ടുകാരും ആവശ്യപ്പെട്ടാൽ ഓട്ടോക്കുള്ളിലും പറമ്പുകളിലും ലായനി സ്പ്രേ ചെയ്തു കൊടുക്കും. കൊതുകുശല്യത്തിനെതിരെ നഗരസഭ സോണൽ ഓഫിസിനു മുന്നിൽ കൊതുകുവലക്ക് ഉള്ളിൽ കിടന്നുള്ള പ്രതിഷേധ സമരവും ജേക്കബ് കഴിഞ്ഞ ദിവസം നടത്തിയിരുന്നു.
കൊതുകിനെതിരെ നഗരസഭ അനാസ്ഥ പുലർത്തുമ്പോൾ പൊതുപ്രവർത്തകർക്കും ബാധ്യതയുണ്ടെന്നാണ് കൊച്ചി തുറമുഖത്തുനിന്ന് നാലു കൊല്ലം മുമ്പ് അഗ്നിരക്ഷാ സേനയുടെ സർജൻറ് പദവിയിൽനിന്ന് വിരമിച്ച ജേക്കബ് പറയുന്നത്. ചെലവുകൾ എല്ലാം കൈയിൽനിന്നുതന്നെ. സ്ഥിരമായി ചെയ്തു തുടങ്ങിയതോടെ ചിലർ ലായിനി വാങ്ങി നൽകി സഹായിച്ചു തുടങ്ങിയിട്ടുണ്ടെന്ന് ജേക്കബ് പറഞ്ഞു. കഴിഞ്ഞ ദിവസം വിദ്യാലയങ്ങൾ തുറന്നപ്പോൾ വീടിന് സമീപത്തെ സ്കൂളുകളിൽ അണുനശീകരണ പ്രവർത്തനം നടത്തിയും ജേക്കബ് സേവനം ചെയ്തിരുന്നു. ഭാര്യ: സീന. മക്കൾ: ജിഞ്ചു, ജിഥിൻ. മരുമക്കൾ: വാനോയ്, സൂര്യ എന്നിവർ പിന്തുണയുമായി കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.