കോന്നി: ശശികുമാറിന്‍റെ കൈകളാൽ രൂപപ്പെടുന്ന ആനത്തോട്ടിയിൽ മദമിളകി വരുന്ന കരിവീരൻ ശാന്തനാകും. വെട്ടൂരിലെ ആലയിൽ നിർമിച്ചെടുക്കുന്ന ആനത്തോട്ടികളിൽ വരച്ചവരയിൽ നിർത്താനുള്ള കഴിവുണ്ട്. ഉലയിൽ കാച്ചിപ്പഴുപ്പിച്ച ഇരുമ്പ് അടിച്ചുപരത്തി ഉരുട്ടി ആനത്തോട്ടിയായി രൂപപ്പെടുത്തുമ്പോൾ വെട്ടൂർ പാറയിൽപുത്തൻവീട്ടിൽ പി.ആർ. ശശികുമാറിന് നിറഞ്ഞ സംതൃപ്തി. ആനത്തോട്ടി നിർമാണത്തിലൂടെ പ്രശസ്തനാണ് ശശികുമാർ. എല്ലാ ജില്ലകളിലെയും ആനഉടമകളും പാപ്പാന്മാരും ആനത്തോട്ടികൾക്കായി വെട്ടൂരിലെ ആലയിലെത്താറുണ്ട്. ആനപ്പുറത്തിരിക്കുന്ന പാപ്പാന് മർമം നോക്കിപിടിക്കാൻ കഴിയുന്ന വിധത്തിലുള്ള കൈയളവാണ് തോട്ടിക്ക് വേണ്ടത്. നടൻ ജയറാമിന്‍റെ അയ്യപ്പൻ എന്ന ആനക്കുൾപ്പെടെ നൂറിലധികം തോട്ടികൾ നിർമിച്ചിട്ടുള്ള ശശികുമാർ കഴിഞ്ഞ 45 വർഷമായി ഈ ജോലിയിലേർപ്പെട്ടിരിക്കുന്നു. കൊമ്പന് 3 അടി 9 ഇഞ്ച് നീളത്തിലും പിടിയാനക്ക് 3 അടി 7 ഇഞ്ച് നീളവും കുട്ടിയാനയ്ക്ക് 3 അടി 5 ഇഞ്ച് നീളവുമുള്ള തോട്ടികളാണ് നിർമിക്കുന്നത്. ഉന്നത്തിന്‍റെ തടി വനംവകുപ്പിൽനിന്ന് ലേലത്തിൽ വാങ്ങിയാണ് തോട്ടി നിർമാണത്തിന് ഉപയോഗിക്കുന്നത്. തോട്ടിയുടെ മുകളിൽ മുക്കാൽ ഇഞ്ച് കനവും താഴെ അരയിഞ്ചു കനവും വരത്തക്കവിധത്തിലാണ് നിർമാണം.
തോട്ടിയുടെ മുകളിൽ 8 ഇഞ്ച് നീളത്തിൽ 8 ചുറ്റുകളുള്ള പിച്ചളക്കുഴൽ സ്ഥാപിക്കും. ഏറ്റവും മുകളിൽ തലേക്കെട്ടും ഒരുക്കും. പിച്ചളച്ചുറ്റുകൾ ഉറപ്പിച്ച് അതിനനുസരിച്ച് തടിയുടെ വണ്ണംകുറച്ചു മിനുക്കിയെടുത്താണ് നിർമാണം. വനംവകുപ്പിനും ശശികുമാർ ആനത്തോട്ടികൾ നിർമിച്ചു നൽകിയിട്ടുണ്ട്. കോന്നി ആനത്താവളത്തിലെ രണ്ട് ആനകൾക്ക് ഇരുപത്തിയഞ്ച് അടി നീളമുള്ള ഓരോ ചങ്ങലകളും പണിതുനൽകി. ആനത്താവളത്തിലെ രഞ്ജി, സോമൻ എന്നി ആനകളുടെ തോട്ടികളും ശശികുമാറാണ് നിർമിച്ചത്. കുഴപ്പക്കാരായ ആനകളെ മെരുക്കാൻ കൊക്കുവാ എന്ന ഉപകരണവും നിർമിക്കുന്നുണ്ട്. ക്ഷേത്രശ്രീകോവിൽ, പള്ളികളുടെ വാതിൽ എന്നിവയുടെ പൂട്ട് നിർമാണത്തിലും ശശികുമാർ കേമനാണ്. ആനകൾക്ക് തീറ്റവെട്ടാനുള്ള കത്തികൾ, ആനകൾക്കുള്ള നഖംവെട്ടി എന്നിവയും നിർമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.