പരപ്പനങ്ങാടി: അവഗണനയുടെയും അവകാശ നിഷേധത്തിന്റെയും ദുരിതം പേറി സംസ്ഥാന സർക്കാറിന്റെ ഒരു ഖാദി നെയ്ത്ത് കേന്ദ്രവും 11 വനിത തൊഴിലാളികളും. പരപ്പനങ്ങാടി നെടുവ പൂവത്താൻ കുന്നിലെ ഖാദി വ്യവസായ കേന്ദ്രമാണ് വർഷങ്ങളായി മനുഷ്യവകാശങ്ങളെ പച്ചക്ക് ഹനിക്കുന്നത്. ദയാവധം കാത്ത് കിടക്കുന്ന ഈ നെയ്ത്ത് കേന്ദ്രത്തിൽ വർഷങ്ങളായി ചർക്കയിൽനിന്ന് നൂലെടുത്തും കൈത്തറി തുണികൾ നെയ്തും ജോലി ചെയ്യുന്ന സ്ത്രീകളുടെ അവസ്ഥ പരിതാപകരമാണ്.
രാവിലെ മുതൽ വൈകീട്ട് വരെ ജോലി ചെയ്താൽ കിട്ടുന്ന വേതനം 50 രൂപ പോലും തികയില്ല. 1982ൽ അന്നത്തെ ഉപമുഖ്യമന്ത്രി അവുക്കാദർക്കുട്ടി നഹ ഉദ്ഘാടനം ചെയ്ത ഈ ഖാദി കേന്ദ്രത്തിൽ എഴുപതോളം തൊഴിലാളികളുണ്ടായിരുന്നു. ഇപ്പോൾ തൊഴിൽ ശക്തി 11ലേക്ക് ചുരുങ്ങി. മലപ്പുറം കോട്ടപ്പടി ഖാദി കേന്ദ്രത്തിന് കീഴിലാണ് പരപ്പനങ്ങാടി കേന്ദ്രം പ്രവർത്തിക്കുന്നത്. മലപ്പുറം കേന്ദ്രത്തിൽ നിന്നെത്തുന്ന പഞ്ഞിക്കെട്ടുകൾ ചർക്കയിലിട്ട് നൂലാക്കി മാറ്റി ഇവ മറ്റു കേന്ദ്രങ്ങളിൽ കൊണ്ടുപോയി നിറം മുക്കി വീണ്ടും പരപ്പനങ്ങാടിയിലെ കേന്ദ്രത്തിലെത്തിക്കും.
അവ തൊഴിലാളികൾ വെള്ളം നിറച്ചുവെച്ച ടാങ്കിലിട്ട് ചവിട്ടിമെതിച്ച ശേഷം വെയിലിൽ ഉണക്കിയെടുക്കണം. പിന്നീട് നൂലുകൾ നൂറോളം വരുന്ന ചെറിയ റോളുകളിൽ ചുറ്റിവെച്ച് അവ പ്രത്യേക താളത്തിൽ കൈത്തറിയുടെ മരത്തറിയിലേക്ക് പാകപ്പെടുത്തി തുണിയായി നെയ്തെടുക്കണം. കണ്ണും മനസ്സും താളക്രമവും തെറ്റാതെ അധ്വാനിക്കുന്ന ഈ തൊഴിലിന്റെ ശാരീരിക മാനസിക അധ്വാനം ഏറെ വലുതാണെങ്കിലും കുട്ടികൾക്ക് ബിസ്കറ്റ് വാങ്ങാനുള്ള വരുമാനം പോലും തൊഴിലാളികൾക്ക് ലഭിക്കുന്നില്ല.
41 വർഷമായി ഈ സ്ഥാപനത്തിൽ ജോലിചെയ്യുന്ന പി. തങ്കമണി ഉൾപ്പെടെയുള്ളവർ ഇന്നും തൊഴിൽ സ്ഥിരതയും തൊഴിൽ സുരക്ഷിതത്വവുമില്ലാതെ ചൂഷണത്തിനിരയാവുകയാണ്. കൈത്തറി തറികൾ പലതും കേടുവന്ന് പണിമുടക്കി മൂലയിലായിട്ട് കാലങ്ങളായി. പരാതികളെല്ലാം അധികാരികളുടെ ബധിര കർണങ്ങളിലാണ് ചെന്നുപതിക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.