ആയിഷ സുൽത്താന

ലക്ഷദ്വീപ് ഇവിടെ കുറെ മനുഷ്യർ

നീലക്കടലും ചടുലമാർന്ന ഭാഷയും കുറെ മനുഷ്യരും, ഒറ്റക്കാഴ്ചയിൽതന്നെ ലക്ഷദ്വീപ് ആരുടെയും മനംമയക്കും. എന്നാൽ, പുറത്തുനിന്ന് കാണുന്നതുപോലെ അത്ര മനോഹരമല്ല ലക്ഷദ്വീപുകാരുടെ ജീവിതം. യുവസംവിധായിക ആയിഷ സുൽത്താനയുടെ 'ഫ്ലഷ്' എന്ന സിനിമ അതിന്റെ നേർക്കാഴ്ചയാണ്. ദ്വീപിലെ വാമൊഴി ഭാഷയായ 'ജസരി'യിൽ ഒരുങ്ങിയ ഫ്ലഷിലെ ഗാനം 'പക്കിരിച്ചി' സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങാണിപ്പോൾ. സംവിധായികയും മോഡലും ആക്ടിവിസ്റ്റുമായ ലക്ഷദ്വീപുകാരുടെ സ്വന്തം ആയിഷ പറയുന്നു.

'ഫ്ലഷ്' ആത്മകഥ

ഫ്ലഷ് സിനിമ പറയുന്നത് എന്റെ കഥയാണ്. അതോടൊപ്പം ഓരോ ദ്വീപുകാരുടെയും. എന്റെ ചുറ്റുവട്ടമുള്ള കാഴ്ചകളാണ് ആ സിനിമയിലും. സിനിമയിൽ ഒരുപാട് ആയിഷമാരെ കാണാം. ഓരോ കഥാപാത്രങ്ങളിലും ദ്വീപിലെ ഓരോരുത്തരെ കാണാം. നല്ല ആശുപത്രികളില്ല എന്നതാണ് ലക്ഷദ്വീപിന്റെ പ്രധാന പ്രശ്നം. ഹൃദയാഘാതം മൂലമായിരുന്നു 2016ൽ എന്റെ ഉപ്പയുടെ മരണം. യൂറിനറി ഇൻെഫക്ഷനാണെന്ന പേരിൽ ദിവസങ്ങളോളം ദ്വീപിലെ ആശുപത്രിയിൽ കഴിയേണ്ടിവന്നു. നല്ല ചികിത്സക്കായി കൊച്ചിയിൽ എത്തിച്ചപ്പോഴേക്കും ഒരുപാട് വൈകി. സമയത്തിന് ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഉപ്പ ഇന്നും ജീവിച്ചിരിക്കുമായിരുന്നു. ലക്ഷദ്വീപിൽനിന്ന് ചികിത്സക്കായി രോഗികളെ കൊച്ചിയിൽ എത്തിക്കണം. ലക്ഷദ്വീപുകാരുടെ ഇത്തരം പ്രശ്നങ്ങൾ മാത്രം ചൂണ്ടിക്കാട്ടി ഒരു ഡോക്യുമെന്ററി ആകാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. ആളുകളെ ആസ്വദിപ്പിക്കണമെന്നു മാത്രമായിരുന്നു ലക്ഷ്യം.

വിലക്കുകളില്ലാത്ത ലോകം

കേരളത്തിൽനിന്ന് അധ്യാപികയായി ദ്വീപിലെത്തിയ പെൺകുട്ടി ആത്മഹത്യ ചെയ്യുന്ന സീൻ സിനിമയിൽ കാണാം.ആരോ ചെയ്ത തെറ്റിനെ തുടർന്നായിരുന്നു അധ്യാപികയുടെ ആത്മഹത്യ. അത് എന്തിനുവേണ്ടിയാെണന്ന ചോദ്യമാണ് ഈ സിനിമയിൽ ഉയർത്തുന്നതും. ലക്ഷദ്വീപിലെ സ്ത്രീകൾ സ്വതന്ത്രരാണ്. അവർ പകൽ മാത്രമല്ല, രാത്രിയിലും കിടന്നുറങ്ങും. സ്ത്രീകൾക്കെതിരായ അക്രമങ്ങൾ മറ്റിടങ്ങളിലെപോലെ ദ്വീപിൽ കേട്ടുകേൾവി പോലുമില്ല.

ദ്വീപിൽ പണ്ട് തിയറ്ററുകളുണ്ടായിരുന്നെങ്കിലും ഞാൻ ജനിക്കുന്നതിനു മുമ്പേതന്നെ അവ നിർത്തലാക്കിയിരുന്നു. ആദ്യമായി കൊച്ചിയിലെ തിയറ്ററിൽ സിനിമ കാണാൻ പോയപ്പോൾ ഒരു ദുരനുഭവം നേരിട്ടു. ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചു, അത് എന്നിൽ വല്ലാത്ത ഞെട്ടലുണ്ടാക്കി. എങ്ങനെ പ്രതികരിക്കണമെന്നുപോലും അറിയില്ലായിരുന്നു. ലക്ഷദ്വീപിൽ ഒരിക്കൽപോലും ഇത്തരം സാഹചര്യങ്ങൾ ആർക്കും നേരിടേണ്ടിവന്നില്ല.

മാങ്ങാമരവും ചക്കമരവും

ലക്ഷദ്വീപുകാർക്ക് കേരളം എന്നും പുതിയ അനുഭവമാണ്. ദ്വീപിന് പുറത്തുള്ള ഇടങ്ങളെല്ലാം എന്നും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കും. മാങ്ങാമരവും ചക്കമരവുമാണ് ഞങ്ങൾക്ക്. മാങ്ങയും ചക്കയും കഴിക്കുമെങ്കിലും അവയുടെ മരങ്ങൾ കണ്ടിട്ടില്ലായിരുന്നു. കാട് കാണാനായിരുന്നു എന്റെ കേരള സന്ദർശനം തന്നെ. അതോടൊപ്പം മലയാളം പഠിക്കാൻ അതിയായ ആഗ്രഹവും. ഇവിടെ പലതരം ജീവികളെ കാണുമ്പോൾ അത്ഭുതം തോന്നും. കാട് നിലനിർത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാകുമ്പോൾ കടലിനെയും അതിലെ ജീവജാലങ്ങളെയും നിലനിർത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. കടലും കരയും ഉണ്ടെങ്കിലേ നമ്മളുള്ളൂ.

സംവിധായകയെന്ന സ്വപ്നം

സിനിമ പിടിക്കാനുള്ള ആഗ്രഹത്തോടെ ലക്ഷദ്വീപിൽനിന്നും കപ്പൽ കയറിവന്ന ആളൊന്നുമല്ല. മലയാളത്തിൽ ബിരുദമെടുക്കുക എന്നതായിരുന്നു ലക്ഷ്യം. പ്ലസ് ടു പഠനത്തിനാണ് കേരളത്തിലെത്തിയത്. കോഴിക്കോട് നടക്കാവിലായിരുന്നു പ്ലസ്ടു പഠനം. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് ഡിഗ്രി എടുത്തു. ദ്വീപിൽ ഒരു മലയാളം ടീച്ചറുണ്ടായിരുന്നു. അവർ കേരളത്തെക്കുറിച്ച് വർണിക്കുന്നത് കേൾക്കുമ്പോഴുണ്ടായ ആഗ്രഹം, ആകാംക്ഷ ഇതെല്ലാമാണ് എന്നെ ഇവിടെയെത്തിച്ചത്.

ഒരിക്കൽ യൂനിവേഴ്സിറ്റിയിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ പ്രോഗ്രാമിൽ നൃത്തം അവതരിപ്പിച്ചിരുന്നു. പിന്നീട് ചാനലിൽ അവതാരകയാകാൻ ക്ഷണം കിട്ടി. പിന്നീട് പല ചാനലുകളിലും അവതാരകയായി. ഏതോ ഒരു അവസരത്തിൽ മോഡലിങ് ചെയ്തു. ആങ്കറിങ് ബോറടിച്ചുതുടങ്ങിയിരുന്നു. പിന്നെയാണ് സംവിധാനത്തിലേക്ക് തിരിഞ്ഞത്. ലാൽജോസ് സാറിന്റെ അസിസ്റ്റായി ആദ്യം വർക് ചെയ്തു. പിന്നീട് 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന സിനിമ അസോസിയേറ്റ് ചെയ്തു. ഇതോടെ സ്വന്തമായി സിനിമ ചെയ്യണമെന്ന മോഹമുണ്ടായി. സിനിമയിലേക്കുള്ള വരവിനെ വീട്ടുകാർ ഒരിക്കലും എതിർത്തിട്ടില്ല. കുട്ടിക്കാലം മുതലേ നൃത്തം ചെയ്യുമായിരുന്ന എനിക്ക് മദ്റസയിൽനിന്നോ വീട്ടിൽ നിന്നോ എവിടെനിന്നും ഒരു വിലക്കും ഉണ്ടായിട്ടില്ല. സ്കൂൾ ഫെസ്റ്റിനൊക്കെ കുട്ടികളുടെ വലിയ പങ്കാളിത്തമാണ് അവിടെ.

ജനിച്ചത് ചെത്ലത്ത് ദ്വീപിലാണ്. വളർന്നത് മിനിക്കോയിയിലും. ഉപ്പ ഗവൺമെന്റ് ഉദ്യോഗസ്ഥനാണ്. ഞങ്ങളുടെ ക്വാർട്ടേഴ്സിന്റെ അടുത്ത് അമ്പലം ഉണ്ട്. ഞാൻ എല്ലാ ദിവസവും അമ്പലത്തിൽ പോകുമായിരുന്നു. പൂജാരിയുമായി സംസാരിക്കും. കവരത്തിയിൽ വലിയ ഒരു ശിവക്ഷേത്രമുണ്ട്. മതംമാറി വിവാഹം കഴിക്കുന്നത് അവിടെ അത്രവലിയ പ്രശ്നമൊന്നുമല്ല. പക്ഷേ, ദ്വീപിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്നവർക്ക് അവിടെ സ്വത്തിൽ അവകാശമുണ്ടായിരിക്കില്ല എന്ന നിയമമുണ്ട്. കേരളത്തിൽ നിന്ന് വിവാഹം കഴിച്ചവർക്ക് ഭാര്യക്കായാലും ഭർത്താവിനായാലും സ്വത്തിന് അവകാശമില്ല. മുമ്പ് കുഞ്ഞുങ്ങൾക്കും അവകാശമില്ലായിരുന്നു. ഇപ്പോൾ അക്കാര്യത്തിൽ മാറ്റമുണ്ടായിട്ടുണ്ട്. സിനിമയിലും ഇത്തരം പ്രശ്നങ്ങൾ കാണിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. കേരളത്തിന്റെ ഭാഗമായിരുന്നെങ്കിൽ ദ്വീപുകാർക്ക് ഇത്രയും പ്രശ്നം അനുഭവിക്കേണ്ടിവരില്ലായിരുന്നു. മാധ്യമങ്ങൾ അടക്കം ആരും ശ്രദ്ധിക്കാനില്ലാത്ത സ്ഥലമാണത്. എല്ലാവരും മാറ്റിനിർത്തിയ പ്രദേശമാണ് ലക്ഷദ്വീപ്.

പക്കിരിച്ചി

ദ്വീപിലെ പൂർവികരൊക്കെ പാടിനടക്കുന്ന പാട്ടാണിത്. കല്യാണങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും എല്ലാ ദ്വീപുനിവാസികളും ഒത്തുകൂടുന്ന ചില സന്ദർഭങ്ങളുണ്ട് -അപ്പോഴൊക്കെ പാടുന്ന പാട്ടാണിത്. ആരാണ് എഴുതിയതെന്ന് അറിയില്ല. "ഇങ്ങേബാ തോണി അടുത്ത്ബാ തോണി അത്താളതേക്ക് ഉരു മീൻതായേ തോണി" എന്ന വരികളാണ് ഏറ്റവും ഹൃദയസ്പർശിയായി തോന്നിയിട്ടുള്ളത്. നാട്ടിൽ ഭക്ഷണമൊന്നും ഇല്ലാത്ത സമയത്ത്, ആരെങ്കിലും തോണിയുമായി എത്തുന്നത് വലിയ സന്തോഷമുണ്ടാക്കും. അരിയും സാധനങ്ങളും കിട്ടാതിരുന്ന സമയത്ത് കടൽ നോക്കി പാടാറുണ്ടായിരുന്ന വരികളായിരുന്നു അതെന്ന് ഉപ്പ പറയും. അവസാനത്തെ വരികൾ പാടുമ്പോൾ ഉപ്പയുടെ കണ്ണ് നിറയാറുണ്ടായിരുന്നു. ഇപ്പോഴത് കേൾക്കുമ്പോൾ എന്റെ കണ്ണുകളും നിറയും. ഈ പാട്ടിന്റെ ആത്മാവ് നഷ്ടപ്പെടുത്താതെ ഈണം പകർന്നത് സംഗീത സംവിധായകൻ കൈലാസ് മേനോനാണ്. പാട്ട് പാടിയത് ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിലെ ശഫീഖും.

അടുത്ത സിനിമ

124 എ എന്ന അടുത്ത സിനിമ ചർച്ച ചെയ്യുന്നത് രാജ്യദ്രോഹക്കുറ്റത്തെക്കുറിച്ചാണ്. ദ്വീപിൽ ആ സിനിമ ഷൂട്ട് ചെയ്യില്ല എന്ന് തീരുമാനമെടുത്തിട്ടുണ്ട്. ഫ്ലഷ് ചെയ്തപ്പോൾ വല്ലാതെ മടുത്തു. എന്നെ തൃപ്തിപ്പെടുത്തിയ സിനിമയായിരുന്നില്ല ഫ്ലഷ്. അത്രയും പരിമിതികൾക്കകത്തുനിന്നുകൊണ്ടാണ് ഫ്ലഷ് ഷൂട്ട് ചെയ്ത് തീർത്തത്.

Tags:    
News Summary - Lakshadweep Some people here

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.