ഇവിടുത്തെ പല കടകൾക്കും രൂപമാറ്റം വരുകയും കച്ചവടക്കാർ മാറുകയും ചെയ്തിട്ടും പഴയ കെട്ടിടത്തിൽ ഇന്നും കച്ചവടവുമായി അബ്ദുൽ ലത്തീഫ് എന്ന പലചരക്ക് കച്ചവടക്കാരനുണ്ട്. 1971ലാണ് കലയന്താനി കിഴക്കേൽ അബ്ദുൽ ലത്തീഫ് കച്ചവടത്തിനിറങ്ങുന്നത്. ഇന്ന് കാണുന്ന സിറ്റിയല്ല അന്ന്. വിരലിലെണ്ണാൻ പോലും കടകളില്ല. ഇപ്പോഴുള്ള കടയുടെ സ്ഥാനത്ത് അന്ന് പിതാവ് നടത്തിയിരുന്ന ചെറിയൊരു മുറുക്കാൻ കടയാണുണ്ടായിരുന്നത്. പ്രായാധിക്യത്തെത്തുടർന്ന് അവശതയിലായതോടെ അദ്ദേഹത്തിൽനിന്ന് കടയുടെ ചുമതല ഏറ്റെടുത്തു.
ചെറിയ മുറുക്കാൻ കടയിൽനിന്ന് നാട് വളർന്നതിനൊപ്പം കടയും വളർന്നുകൊണ്ടിരുന്നു. ഇപ്പോൾ സൂപ്പർമാർക്കറ്റുകൾ, ആശുപത്രി, ലാബുകൾ, ഫർണിച്ചർ കടകൾ, ഹോട്ടലുകൾ, ബാങ്കുൾ തുടങ്ങി കലയന്താനിയും വളരുകയാണ്. പലചരക്ക്, സ്റ്റേഷനി, ബേക്കറി സാധനങ്ങളാണ് ലത്തീഫിെൻറ കടയിലുള്ളത്. പണ്ട് താഴെയുള്ള കവലയാണ് സിറ്റിയായി അറിയപ്പെട്ടിരുന്നത്. പിന്നീട് കലയന്താനിയിൽ ബസ് സ്റ്റോപ്പൊക്കെ വന്നതോടെ ഇന്ന് കാണുന്ന രീതിയിലായി.
രാവിലെ ഏഴുമണിക്ക് തെൻറ സ്കൂട്ടറിൽ ലത്തീഫ് കടയിലെത്തും. രാത്രി 8.30വരെ അവിടമാണ് ലോകം. പുതിയ ഓൺലൈൻ കച്ചവട സംവിധാനങ്ങളൊന്നും ലത്തീഫിക്കക്ക് പരിചിതമല്ല. അതൊക്കെ കൈകാര്യം ചെയ്യുന്നതിന് ബുദ്ധിമുട്ടാണെന്നാണ് അദ്ദേഹം പറയുന്നത്. ഏറെ നാളായി നാട്ടുകാർക്ക് പരിചിതനായതിനാൽ പതിവായി കടയിൽ വരുന്നവരാണ് കൂടുതലും.
സൂപ്പർ മാർക്കറ്റുകളൊക്കെ വന്നതോടെ ചിലരൊക്കെ പുതിയ കടകളിലേക്ക് പോകുേമ്പാഴും ആ മുഖത്ത് പരിഭവങ്ങളൊന്നുമില്ല. എല്ലാ ദിവസവും കടതുറക്കും. ഇത്ര നാളും തനിച്ചായിരുന്നു കച്ചവടം. ഇപ്പോൾ വയസ്സ് 68 ആയി. കൊണ്ടുനടക്കാൻ കഴിയുന്നത്ര കാലം കട മുന്നോട്ട് കൊണ്ടുപോകുമെന്നാണ് ലത്തീഫ് പറയുന്നത്. ഇപ്പോൾ ഒരു സഹായിയെ കടയിൽ നിർത്തിയിട്ടുണ്ട്.
കാപട്യമുള്ള കച്ചവടമെന്നും നിലനിൽക്കാറില്ലെന്നും സത്യസന്ധതയും ആത്മാർഥതയും സൗഹാര്‍ദവുമാണ് കച്ചവടത്തിെൻറ മുഖ്യ ഘടകമെന്നും കലയന്താനിയുടെ പലചരക്ക് കച്ചവടത്തിെൻറ കാരണവർ എന്ന് വിളിക്കാവുന്ന ലത്തീഫ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.