ന്യൂയോർക്: സ്വപ്നങ്ങൾ കാണാത്തവരായി ആരെങ്കിലുമുണ്ടോ. മനോഹരമായൊരു സ്വപ്നത്തോടു കൂടിയ സുഖനിദ്ര ആഗ്രഹിക്കാത്തവരായി ആരുണ്ട്. എന്നാൽ മനോഹര സ്വപ്നങ്ങളുടെ തോത് കുറഞ്ഞുവരികയാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കാരണം മറ്റൊന്നുമല്ല, ലോകത്തെയാകെ പിടിച്ചുലച്ച കോവിഡ് മഹാമാരി തന്നെ. സ്വപ്നങ്ങളിലേക്കും വൈറസ് കടന്നുകയറുകയാണെന്നാണ് പഠനം പറയുന്നത്.
മനശാസ്ത്രജ്ഞയും ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ പ്രഫസറുമായ ദെയിർദ്രെ ബാരറ്റ് ആണ് കോവിഡ് മഹാമാരി സ്വപ്നങ്ങളെ എങ്ങനെ ബാധിച്ചുവെന്നതിനെ കുറിച്ച് പഠിച്ചത്. 76 രാജ്യങ്ങളിൽ നിന്നുള്ള 14,000 സ്വപ്നങ്ങളെയാണ് ഇവർ പഠനവിധേയമാക്കിയത്. പലരും കണ്ടിരുന്ന മനോഹരമായ സ്വപ്നങ്ങൾ ദു:സ്വപ്നങ്ങൾക്ക് വഴിമാറിയെന്നാണ് ഇവർ കണ്ടെത്തിയത്.
മരണഭയം, ഭീതി എന്നിവക്ക് ചുറ്റും കറങ്ങുകയാണ് കോവിഡിന് ശേഷമുള്ള മിക്ക സ്വപ്നങ്ങളുമെന്നാണ് ദെയിർദ്രെ ബാരറ്റ് ചൂണ്ടിക്കാട്ടുന്നത്. വൈറസിനെ മറ്റ് പല രൂപങ്ങളിലുമായി സ്വപ്നങ്ങൾ അവതരിപ്പിക്കുന്നുണ്ടത്രെ. ഇരപിടിയൻമാരായും ശല്യപ്പെടുത്തുന്ന പ്രാണികളുമായെല്ലാം വൈറസ് സ്വപ്നത്തിൽ വരുന്നു.
വാമ്പയർ കൊമ്പുള്ള വെട്ടുകിളികൾ, നുരയ്ക്കുന്ന പുഴുക്കൾ, പറന്നടുക്കുന്ന പ്രാണികളും കടന്നലുകളും, കൂറകളുടെ പട തുടങ്ങിയവയെല്ലാം മഹാമാരിക്കാലത്തെ സ്വപ്നങ്ങളുടെ ഉദാഹരണമാണ്. സ്ത്രീകളുടെ സ്വപ്നങ്ങളെയാണ് ഏറെ ബാധിച്ചത്. മോർച്ചറിയെ സ്വപ്നം കണ്ട ഒരു യുവതിയുണ്ടായിരുന്നു. കോവിഡ് രോഗികളെ ജീവനോടെ എംബാം ചെയ്യുന്ന സ്വപ്നമാണ് അവർ കണ്ടത് -പ്രഫസർ പറയുന്നു.
കോവിഡിന്‍റെ തുടക്കകാലത്ത് ഏഷ്യൻ രാജ്യങ്ങളിലെയും ഇറ്റലി പോലെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെയും ആരോഗ്യപ്രവർത്തകർ ദുസ്വപ്നങ്ങൾ കണ്ടിരുന്നു. ആ സമയത്ത്, അമേരിക്കയിലുള്ളവർ ഇത്തരം സ്വപ്നം കണ്ടിരുന്നില്ല. എന്നാൽ, പിന്നീട് യു.എസിൽ കോവിഡ് വർധിച്ചതോടെ അവിടെയുള്ളവരും സമാന ദുസ്വപ്നങ്ങൾ കണ്ടുതുടങ്ങി.
മാസ്ക് വീഴുന്നത്, മാസ്ക് ധരിക്കാൻ മറക്കുന്നത്, മാസ്ക് അപ്രത്യക്ഷമാകുന്നത് -ഇത്തരം മാസ്ക് സ്വപ്നങ്ങൾ ജനം കണ്ടുതുടങ്ങി. മാസ്ക് ഇല്ലാത്തവരുടെ നടുവിൽ കഴിയുന്നത്, ദ്വാരമുള്ള മാസ്ക് ധരിച്ചവർ തനിക്ക് ചുറ്റും നിൽക്കുന്നത് -ഇത്തരം സ്വപ്നങ്ങളും പതിവായെന്ന് ദെയിർദ്രെ ബാരറ്റ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.