പെൺകുട്ടികളിലെ സർഗാത്മക കഴിവുകൾ വളർത്തിയെടുക്കാൻ 'ആറുദിനത്തിൽ എഴ് നൈപുണ്യങ്ങൾ' എന്ന വസന്തകാല പരിപാടി ഒരുക്കുകയാണ് ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന സജയ യങ് ലേഡീസ്. 13 മുതല്‍ 18 വയസ് വരെയുള്ള പെണ്‍കുട്ടികളുടെ കഴിവുകളെ എല്ലാ മേഖലകളിലും വികസിപ്പിച്ചെടുക്കാനാണ് സജയ പ്രവർത്തിക്കുന്നത്. പ്ലാസ്റ്റിക് ആർട്സ്, ശാസ്ത്രസാങ്കേതികവിദ്യ, സംഗീതം, നാടകം, സാഹിത്യം തുടങ്ങിയ കഴിവുകൾ വികസിപ്പിക്കുന്നതിന് നിരവധി ആസ്വാദ്യകരമായ വർക്ക്ഷോപ്പുകളാണ് നടത്തുന്നത്.
കഴിവുള്ള സ്ത്രീകളെ വാർത്തെടുക്കുന്നതിനായി 'റുബു ഖർന് ഫൗണ്ടേഷനു'മായി അഫിലിയേറ്റ് ചെയ്ത സംഘടനയാണ് ഷാർജയിലെ സജയ യങ് ലേഡീസ്. മാർച്ച് 26 മുതൽ 31 വരെയാണ് സജയയുടെ സ്പ്രിങ് പ്രോഗ്രാം. 13 മുതൽ 18 വയസ് വരെയുള്ള എല്ലാ പെൺകുട്ടികൾക്കും ഇതിൽ രജിസ്ട്രേഷൻ ലഭ്യമാണ്. ദൈനംദിന ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള കഴിവാണ് 6 ദിവസത്തിനുള്ളിൽ പ്രത്യേക വർക്ഷോപ്പുകളിലൂടെ സജയ നൽകുന്നത്. 7 സർഗാത്മക മേഖലകളിൽ നിന്ന് പെൺകുട്ടികൾക്ക് ഒരു വൈദഗ്ധ്യം തിരഞ്ഞെടുക്കാനുള്ള അവസരം നൽകാൻ സ്പ്രീങ് പ്രോഗ്രാമിലൂടെ ശ്രമിക്കുമെന്ന് ഷാർജയിലെ സജയ ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ അസ്മ മുഹമ്മദ് ഹസൂനി പറഞ്ഞു.
ഏറ്റവും മികച്ച മാനദണ്ഡങ്ങളും രീതികളും ഉപയോഗിച്ച് യുവതികളുടെ കഴിവുകളെ പ്രോൽസാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന സംഘടനയാണ് സജയ. ഭാവിയിലേക്ക് വ്യത്യസ്ത ഗുണങ്ങളും കഴിവുകളും അതുല്യ ചിന്താരീതിയുമുള്ള തലമുറ സൃഷ്ടിക്കുകയാണ് സജയയുടെ ലക്ഷ്യം. ഷാർജ ചിൽഡ്രൻ, ഷാർജ യൂത്ത്, സജയ യങ് ലേഡീസ്, ഷാർജ ഫോർ കപ്പാസിറ്റി ഡെവലപ്മെന്റ് എന്നീ നാല് സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് റുബു ഖർന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.