'നിനക്ക് ഇങ്ങനെ ഒരു കുഞ്ഞിനെ ദൈവം തന്നെങ്കിൽ തമ്പുരാന് നിന്നെ അ​ത്ര ഇഷ്​ടമായതു കൊണ്ടാ' -ഹൃദ്യമാണ്​​ ഈ കുറിപ്പ്​

സ്​കൂളിൽ പഠിക്കു​േമ്പാൾ തന്നെ അമ്മയാകുന്നതിനെ കുറിച്ച്​ ആലോചിച്ചതിനെയും ആഗ്രഹിച്ച്​ കിട്ടിയ കുഞ്ഞി​ന് ഓട്ടിസമാണെന്ന്​ അറിഞ്ഞപ്പോൾ നടത്തിയ പോരാട്ടത്തെയും പരാമർശിച്ച്​ വീട്ടമ്മ ഫേസ്​ബുക്കിൽ പങ്കുവെച്ച മാതൃത്വത്തെ കുറിച്ചുള്ള കുറിപ്പ്​ ഹൃദ്യവും ഏറെ അമ്മമാർക്ക്​ പ്രചോദനവുമാകുന്നു. ​സിൻസി അനിൽ ആണ്​ ജനിച്ച്​ എട്ടുമാസം കഴിഞ്ഞിട്ടും മകൻ കിടന്നിടത്തുതന്നെ കിടന്നപ്പോൾ ഉണ്ടായ നിരാശയെ കുറിച്ചും ജീവിതം അവിടെ തീർക്കാൻ പോലും തീരുമാനിച്ച ദിവസങ്ങളെ കുറിച്ചും പങ്കുവെച്ചത്​. ​ൈമസൂരിൽ കൊണ്ടുപോയി സ്​പീച്ച്​ തെറാപ്പിയും ഒക്യുപേഷണൽ തെറാപ്പിയും കൊടുത്തു തുടങ്ങിയപ്പോൾ മകൻ 'അമ്മ' എന്ന് ആദ്യമായി വിളിച്ച ഒരു ആഗസ്റ്റ്​ 12ന്‍റെ ഓർമ്മക്കായാണ്​ സിൻസി ഈ കുറിപ്പ്​ എഴുതിയത്​. അമ്മമാർ അനുഗ്രഹീതരായത്​ കൊണ്ടാണ്​ ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ കിട്ടുന്നതെന്നും അവരുടെ സ്വപനങ്ങൾക്ക് ചിറക് വച്ച് കൊടുക്കാൻ നമുക്ക് മാത്രമേ ആകൂയെന്ന്​ ഈ അമ്മമാർ ഓർക്കണമെന്നും പറഞ്ഞാണ്​ കുറിപ്പ്​ അവസാനിക്കുന്നത്​.

സിൻസി അനിലിന്‍റെ ഫേസ്​ബുക്ക്​ കുറിപ്പിന്‍റെ പൂർണരൂപം-

നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയം. സാറാമ്മ ടീച്ചർ പുസ്തകം ഒക്കെ മടക്കി വച്ച് ഒരു ചോദ്യം കുട്ടികളോടായി ചോദിച്ചു. നിങ്ങള്‍ക്ക് ആരാകാൻ ആണ് ഇഷ്ടം. ഓരോരുത്തരായി അവരുടെ ആഗ്രഹങ്ങൾ പറഞ്ഞു തുടങ്ങി. എന്‍റെ ഊഴം വന്നപ്പോൾ ഒരു മടിയും ഇല്ലാതെ ഞാൻ പറഞ്ഞു. എനിക്ക് "അമ്മ" ആയാൽ മതി. ക്ലാസ്സിൽ ഒരു കൂട്ട ചിരി ആയിരുന്നു.അക്കാലത്തു വീട്ടിലെ പൂച്ചക്കുഞ്ഞുങ്ങൾ ആയിരുന്നു എന്‍റെ മക്കൾ.

ക്ലാസ്സിലെ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങുന്ന ചേച്ചി ഉണ്ടായിട്ടും ഞാൻ വല്ല്യ മാർക്കൊന്നും ഉണ്ടായിരുന്ന ആളല്ല. അങ്ങനെ ഒരു വീട്ടിൽ ജീവിക്കേണ്ടി വരുന്ന അവസ്ഥ അതാനുഭവിച്ചവർക്കേ മനസിലാകൂ. ദുരിതമാണ്. ഉയർന്ന ക്ലാസ്സിലേക്ക് വരുംതോറും ടീച്ചർമാരൊക്കെ ചേച്ചിയുടെ പഠനനിലവാരം ആണ് എന്നിൽ നിന്നും പ്രതീക്ഷിക്കുക. പാട്ടിലും ഡാൻസിലും സിനിമേലും ഒക്കെയാണ് എന്‍റെ ശ്രദ്ധ കൂടുതൽ. മാർക്ക് കുറയുമ്പോൾ യാതൊരു കണ്ണിൽ ചോരയുമില്ലാതെ ടീച്ചർമ്മാര് പറയും. ആ കൊച്ചിന്‍റെ അനിയത്തി ആണെന്ന് കേട്ടപ്പോ ഞങ്ങൾ ഇങ്ങനെ ഒന്നും അല്ല പ്രതീക്ഷിച്ചതെന്ന്.

അങ്ങനെ 600ൽ 349 മാർക്ക് വാങ്ങി sslc കടന്നുകിട്ടി. പിന്നെ plus twoയും ഡിഗ്രിയും ഒക്കെ ചെയ്തു. അപ്പോഴും ആഗ്രഹം ജോലി കിട്ടണം എന്നതോ സ്വന്തം കാലിൽ നിൽക്കണം എന്നതോ അല്ല. ഒരു കൊച്ചിനെ കിട്ടണം. അതിനു കല്യാണം കഴിക്കണം.അങ്ങനെ 19മത്തെ വയസ്സിൽ എനിക്ക് കല്യാണം കഴിക്കണം എന്ന് അങ്ങോട്ട് പറഞ്ഞു ചെക്കനെയും കണ്ടു പിടിച്ചു അപ്പന് ജോലി എളുപ്പമാക്കി കൊടുത്ത ആളാണ് ഞാൻ.

അങ്ങനെ എന്‍റെ 20മത്തെ വയസ്സിലെ കണ്മണി ആണ് ചിത്രത്തിൽ ഉള്ളത്. 20 വർഷം അവന്‍റെ വരവ് കാത്തിരുന്ന അമ്മയാണ് ഞാൻ എന്ന് പറയാം. സ്ത്രീകൾക്ക് ovulation ഉണ്ടെന്നോ, ഗർഭധാരണം മാസത്തിൽ 2 ദിവസം ആണ് നടക്കൂ എന്നോ ഒന്നും എനിക്ക് അറിയില്ല. കല്യാണം കഴിഞ്ഞ അന്ന് മുതൽ periods ആകാൻ ഉള്ള dateനു മുന്നേ എല്ലാ മാസവും card വാങ്ങി സ്വയം പരിശോധന ആയിരുന്നു. 3 മാസം കഴിഞ്ഞപ്പോ ചക്ക വീണു മുയൽ ചത്തു എന്ന് പറഞ്ഞത് പോലെ കാർഡിൽ രണ്ടു വര തെളിഞ്ഞു. അന്ന് മുതൽ ഓരോ ദിവസവും കഴിഞ്ഞു പോകുന്നത് കലണ്ടറിൽ വെട്ടി കളയുമായിരുന്നു ഞാൻ.

Anxiety കൂടി പോയത് കൊണ്ടാണോ.. അക്കാലത്തു അനുഭവിച്ച ചില മാനസിക ദുഃഖങ്ങൾ കൊണ്ടാണോ 35 ആഴ്ചയിൽ amniotic fluid ലീക്ക് ആകാൻ തുടങ്ങി. ഒരു രാത്രി പത്തു മണിക്ക് ലീക്ക് ആകാൻ തുടങ്ങിയിട്ട് രാവിലെ ആയിട്ടും pain വന്നില്ല. അങ്ങനെ induce ചെയ്യാൻ ആയിട്ട് ഇൻജെക്ഷൻ തന്നു. കുറെ കഴിഞ്ഞപ്പോ വേദന തുടങ്ങി. fluid complete പോയിരുന്നതിനാൽ delivery ദുഷ്കരമായി. C section ചെയ്യാനുള്ള സമയവും കഴിഞ്ഞു പോയി. കുഞ്ഞിനെ ഉച്ചക്ക് 2.30ഓടെ vaccuam ചെയ്തു പുറത്തെടുത്തു. ആദ്യത്തെ കണ്മണി. പിന്നീടങ്ങോട്ട് സ്വർഗത്തിലായിരുന്നു. ഞാനും അവനും. അവന്‍റെ കളികൾ ചിരികൾ ഒക്കെ. മറ്റൊന്നിനെ കുറിച്ചും എന്നെ ചിന്തിപ്പിച്ചതേയില്ല. 4 മാസം ആയിട്ടും കമിഴ്ന്നില്ല. എന്തെ അവൻ കമ്ഴ്ന്നു നീന്താത്തത്. ഞാൻ ചിന്തിക്കാൻ തുടങ്ങി.

അവൻ വരുന്നതിനു മുന്നേ പുസ്തകങ്ങൾ വായിച്ചു എനിക്ക് നല്ല നിശ്ചയമായിരുന്നു. കുഞ്ഞുങ്ങളുടെ വളർച്ചയുടെ ഓരോ കാര്യങ്ങളും. മുട്ടിൽ കുത്തി നടക്കേണ്ട 8 മാസം ആയിട്ടും എന്‍റെ കുഞ്ഞ് കിടത്തിയ അവിടെ തന്നെ കിടക്കുന്നു. മാനസികമായി ഞാൻ വളരെ പ്രയാസത്തിലായി. അതൊക്കെ normal ആണെന്ന് എല്ലാരും പറയുന്നു. പക്ഷേ എനിക്ക് അത് noramal ആണെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. എതിർപ്പുകൾ പല വഴിക്കു വന്നെങ്കിലും ഒറ്റയ്ക്ക് അവനെയും എടുത്തു ഞാൻ ഹോസ്പിറ്റലുകൾ കയറിയിറങ്ങി. എല്ലാരും പറഞ്ഞു. ഒറ്റ വാക്ക്. Autism

ജീവിതം അവിടെ തീർക്കാൻ പോലും തീരുമാനിച്ച ദിവസങ്ങൾ. രാത്രികൾ എത്രയോ. സമാധാനത്തിനായി ഒരുപാട് സ്ഥലങ്ങളിൽ അലഞ്ഞു. പ്രാർത്ഥിച്ചു. ദൈവത്തെ പോലെ അന്നൊരാൾ കൈ പിടിച്ചു പറഞ്ഞു. വാവേ, നിനക്ക് ഇങ്ങനെ ഒരു കുഞ്ഞിനെ ദൈവം തന്നെങ്കിൽ തമ്പുരാന് നിന്നെ അത്രെയേറെ ഇഷ്ടമാണ്. അങ്ങനെ ഏൽപ്പിക്കാൻ ഉറപ്പുള്ള കൈകളിൽ ആണ് തമ്പുരാൻ അവരെ കൊടുക്കു. നീ ഇങ്ങനെ നിരാശപെടാതെ അവനു വേണ്ടി ജീവിക്കു. പറ്റുന്നത്ര അവനു വേണ്ടി കഷ്ടപ്പെടൂ. ഫലം ഉണ്ടാകും. ഇത് പറഞ്ഞത് എന്‍റെ രാജു ആണ്. രാജു ഇന്ന് ജീവിച്ചിരിപ്പില്ല. ഉണ്ടായിരുന്നെങ്കിൽ. ഈ പോസ്റ്റ്‌ കാണുമ്പോൾ വാവേ. ന്നു വിളിച്ചൊരു call എനിക്ക് വരുമായിരുന്നു. പിന്നീട് മോനെയും കൊണ്ടുള്ള ഓട്ടം ആയിരുന്നു. ഹോമിയോ.. ആയുർവേദം..തിരുമൽ... അലോപ്പതി...തെറാപ്പികൾ...ഒന്നിനും ഒരു മാറ്റവും ഉണ്ടാക്കാൻ ആയില്ല. അപ്പൊഴാണ് സുഹൃത്ത്‌ Jitin James Antony ന്‍റെ ഒരു advice വന്നത്. നീ മകനെ ഇങ്ങനെ കൊണ്ട് നടന്നിട്ട് ഒരു കാര്യവും ഇല്ല. അവനു എന്താണ് പ്രശ്നം എന്നത് കൃത്യമായി അറിയണം എങ്കിൽ AISH Mysoreൽ കൊണ്ട് പോകണം.

പിന്നെ ജീവിതം മൈസൂർലേക്ക് മാറ്റി... അവിടെ മാസങ്ങൾ താമസിച്ചു അവന്‍റെ assessments നടത്തി. അവനു autism പോലുള്ള ഗുരുതര പ്രശനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. Learning disability മാത്രം ആയിരുന്നു അവനുണ്ടായിരുന്നത്. Speech തെറാപ്പിയും occpational തെറാപ്പിയും കൊടുത്തു തുടങ്ങിയപ്പോൾ അവൻ എന്നെ "അമ്മ" എന്ന് വിളിച്ചു ആദ്യമായി. അതൊരു ഓഗസ്റ്റ് 12 ആയിരുന്നു. ഇന്നത്തെ ദിവസം എനിക്ക് ജീവിതത്തിൽ മറക്കാൻ ആവില്ല. മറ്റെന്തു മറന്നാലും ഇത് മറക്കാൻ ആവില്ല. അവിടെ നിന്നും ഞങ്ങൾ വളർന്നു. പഠിച്ചും പാടിയും. എനിക്ക് അവനും അവനു ഞാനും.

ഒരു cbse സ്കൂളിൽ നിന്നും അവനെ പഠിപ്പിക്കാൻ പറ്റില്ല എന്ന് പറഞ്ഞത് വളരെയേറെ ദുഃഖം ഉണ്ടാക്കി അക്കാലത്തു. ഇന്നവൻ state syllabus ൽ ആണ് പഠിക്കുന്നത്. ഒരു aided സ്കൂളിൽ. സ്കൂളിൽ ചെല്ലുമ്പോൾ ടീച്ചേർസ്ന്‍റെ മുന്നിൽ അഭിമാനം കൊണ്ട് തലയുയർത്തിയാണ് ഞാൻ പോന്നിട്ടുള്ളു. ഇന്ന് വലിയ ആളായി. ഇന്ന് കൈയെത്തിച്ചു എന്തെങ്കിലും എടുക്കണമെങ്കിൽ അവനാണ് എടുത്തു തരിക. കമ്പ്യൂട്ടറിൽ...ഫോണിൽ പറ്റാത്ത കാര്യങ്ങൾ ഉണ്ടെങ്കിൽ... വണ്ടിയിലെ എന്തേലും കാര്യങ്ങൾ ഉണ്ടെങ്കിൽ അവൻ ആണ് എന്‍റെ ഗുരു. മാർക്കൊക്കെ കുറവാണ്. പക്ഷേ, ലോകത്തു നടക്കുന്ന മറ്റു എന്ത് കാര്യങ്ങളിലും ആശാന് ഉത്തരം ഉണ്ട്. ഇന്ന് അനിൽ അടുത്ത് ഇല്ലാത്ത സാഹചര്യത്തിൽ ജീവിക്കുമ്പോഴും അവൻ ആണ് എന്‍റെ ധൈര്യം. എല്ലാത്തിനും ഞങ്ങൾ ഒരുമിച്ചു പോകും.

ഇന്ന് എനിക്ക് പൂർണ ഉറപ്പാണ്. ഞങ്ങൾ ഇല്ലാതെ ആയാലും അവന്‍റെ അനിയത്തിയെയും നോക്കി അവൻ ജീവിക്കുമെന്ന്. സ്വന്തം കാലിൽ നിൽക്കുമെന്ന്. മൈസൂരിൽ ചെല്ലുമ്പോൾ ഒരുപാട് അമ്മമാരെ കാണാറുണ്ട്. ഹൃദയം തകർന്നിരിക്കുന്ന അമ്മമാർ. എന്നെ പോലെ ജീവിതം തീർന്നെന്നു വിധി എഴുതിയിരിക്കുന്ന അമ്മമാരെ. അതിൽ ഇതുവായിക്കുന്ന ഏതെങ്കിലും ഒരു അമ്മയുണ്ടെങ്കിൽ അവരോടെനിക്ക് പറയാനുള്ളത് നമ്മൾ അത്രയും അനുഗ്രഹീതരായ അമ്മമാർ ആണ്. അതുകൊണ്ടാണ്. അവരെ നമുക്ക് കിട്ടിയത്. അവരുടെ സ്വപനങ്ങൾക്ക് ചിറക് വച്ച് കൊടുക്കാൻ നമുക്ക് മാത്രമേ ആകൂ...അവർ ഉയർന്നു പറക്കുമ്പോൾ നമ്മളും കൂടിയാണ് ഉയർന്നു നിൽക്കുന്നത്. അഭിമാനത്തോടെ...

Tags:    
News Summary - A mother's fb post about son goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT