കൗമാരക്കാരായ മക്കളുള്ള പ്രവാസികൾക്ക് വീട്ടിലേക്ക് ഫോൺചെയ്യാൻ പേടിയാണെന്ന് ഒരിക്കൽ ഖത്തറിലുള്ള ബന്ധു നാട്ടിൽ വന്നപ്പോൾ പറയുകയുണ്ടായി. വീട്ടിലെ വിശേഷങ്ങളുടെ ഭൂരിഭാഗവും ഇൗ കുമാരി, കുമാരന്മാരെക്കുറിച്ചുള്ള പരാതികളായിരിക്കും എന്നതാണ് അതിന് കാരണം. മക്കൾ ഒന്നും പറഞ്ഞാൽ കേൾക്കുന്നില്ലെന്നായിരിക്കും വീട്ടുകാരിയുടെ എപ്പോഴുമുള്ള പരാതിയും പരിഭവവും. കൂടാതെ ഒാരോ ദിവസവും ഇക്കൂട്ടർ ഒപ്പിച്ചുവെക്കുന്ന ഗുലുമാലുകളുടെ പേടിപ്പെടുത്തുന്ന വിശേഷങ്ങളും.
ഇത്രകാലവും തങ്ങളുടെ ചിറകിനടിയിൽ പറഞ്ഞതെല്ലാം അനുസരിച്ച് മര്യാദക്കാരായി കഴിഞ്ഞു വന്നിരുന്ന കുട്ടികൾ ഒരുനാൾ മാതാപിതാക്കളെ അനുസരിക്കാതെ സ്വയം തീരുമാനങ്ങളെടുക്കാൻ തുടങ്ങുന്നയിടത്താണ് പ്രശ്നങ്ങൾ തലപൊക്കുന്നത്. ഇവർ കുഞ്ഞുങ്ങളാണെന്ന് മാതാപിതാക്കളും തങ്ങൾ മുതിർന്നവരായി എന്ന് കുട്ടികളും കരുതുേമ്പാൾ അവിടെ അഭിപ്രായ വ്യത്യാസങ്ങളുടെ വിത്തുകൾ മുളപൊട്ടുകയായി. ഇക്കാര്യം മനസ്സിലാക്കാതെ ഇരുകൂട്ടരും പരസ്പരം കുറ്റപ്പെടുത്തി തങ്ങളുടെ വഴിക്ക് മുന്നോട്ടു പോകുന്നതോടെ വീടുകളിൽ കലഹത്തിന്‍റെ ശബ്ദങ്ങൾ ഉയർന്നുതുടങ്ങും.
തങ്ങളുടെ കുട്ടിക്കാലത്ത് അനുഭവിച്ച പ്രയാസങ്ങളും ഇല്ലായ്മകളും ചൂണ്ടിക്കാണിച്ചാണ് ഒാരോരുത്തരും മക്കളെ നേർവഴിക്ക് നടത്താൻ ശ്രമിക്കുന്നത്. എന്നാൽ, പുതിയ തലമുറയിലെ കുട്ടികളാകെട്ട ഇതൊക്കെ പുച്ഛത്തോടെ തള്ളിക്കളഞ്ഞ് 'ന്യൂജെൻ' ജീവിതശൈലി പിന്തുടരാൻ വെമ്പൽകൊള്ളുന്നു.
കൂട്ടുകാരുടെ വാക്കുകൾ വേദവാക്യം
കൗമാര കാലഘട്ടത്തിൽ കുട്ടികൾക്ക് മാതാപിതാക്കളെക്കാളും അധ്യാപകരെക്കാളുമൊക്കെ വലുത് അവരുടെ കൂട്ടുകാരായിരിക്കും. കൂട്ടുകാർ ചേർന്നെടുക്കുന്ന തീരുമാനങ്ങളിൽ നിന്ന് പിന്മാറി വീട്ടിലെ 'നല്ല കുട്ടി'യാവുന്നത് അവരുടെ മനസ്സിൽ കടുത്ത നാണക്കേട് സൃഷ്ടിക്കും. അതുകൊണ്ട് നിരാഹാരമിരുന്നോ, വീട്ടിൽ വരാതെ മാറിനിന്നോ, മുറിയുടെ വാതിലടച്ചിരുന്നോ, മറ്റ് രീതിയിലുള്ള നിസ്സഹകരണ സമരങ്ങൾവഴിയോ അവർ തങ്ങളുടെ ആവശ്യങ്ങൾ എന്ത് ത്യാഗം സഹിച്ചും നേടിയെടുക്കും.
പുതിയതായി റിലീസ് ചെയ്യുന്ന സൂപ്പർ സ്റ്റാറിന്റെ സിനിമ ആദ്യദിവസം തന്നെ കാണണം എന്നാണ് കൂട്ടുകാർ ഒരുമിച്ചെടുക്കുന്ന തീരുമാനമെങ്കിൽ ഒരാൾക്ക് അതിൽനിന്ന് മാറി നിൽക്കാനാവില്ല. ഇത്തരം സാഹചര്യങ്ങളിലാണ് അവർ സമരമുറകൾ പുറത്തെടുക്കുന്നത്. ഇത് പതിവാകുകയോ അതിരുകവിയുകയോ ചെയ്യുേമ്പാഴാണ് മാതാപിതാക്കൾ സൈക്കോളജിസ്റ്റിനെയും കൗൺസലറെയുമൊക്കെ അന്വേഷിച്ചുവരുക.
പ്രവാസികളുടെ കുടുംബത്തിലെ കൗമാരക്കാർ
മാതാപിതാക്കൾ വളർത്തുന്ന മക്കൾ പോലും കൗമാരത്തിൽ പ്രശ്നക്കാരാവും. അപ്പോൾപിന്നെ മാതാവിന്‍റെ മാത്രം നിയന്ത്രണത്തിൽ വളരേണ്ടിവരുന്ന പ്രവാസികളുടെ വീടുകളിൽ പ്രശ്നം പതിന്മടങ്ങ് രൂക്ഷമാവാനാണ് സാധ്യത. ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങൾ ഒറ്റക്ക് നേരിട്ട് തളരുന്ന മാതാവാകെട്ട വിദേശത്തുള്ള ഭർത്താവിനെ ഫോണിൽ വിളിച്ച് കരയുന്നു. പ്രശ്നങ്ങളുടെ ഒരു ചെറിയഭാഗം മാത്രം കേൾക്കുന്ന പിതാവ് കടലിനിപ്പുറത്തുനിന്ന് ഒരു തീരുമാനമെടുത്ത് അത് നടപ്പാക്കാൻ ഉത്തരവിടുന്നു. ഇതാണ് ഭൂരിപക്ഷം പ്രവാസികളുടെയും ജീവിതത്തിൽ സംഭവിക്കുന്നത്.
ഇതിന്‍റെ അനന്തരഫലമോ... പ്രശ്നങ്ങൾ കൂടുതൽ വഷളാവുന്നു. പ്രവാസികളുടെ മനസ്സിൽ മക്കളെക്കുറിച്ചുള്ള ആധികൾ അവർ കൗമാരത്തിലെത്തുന്നതോടെ വർധിക്കുമെന്നതിൽ സംശയമില്ല. ആൺകുട്ടികളാണെങ്കിൽ ചീത്ത കൂട്ടുകെട്ടിൽപ്പെട്ട് വഴിതെറ്റിപ്പോകുമോ എന്നാണെങ്കിൽ പെൺകുട്ടികളുടെ കാര്യത്തിൽ ആശങ്ക ഇരട്ടിയാണ്. പ്രണയബന്ധങ്ങളാണ് പ്രധാന വില്ലൻ.
ലഹരി ഉപയോഗം, ലൈംഗികത, പഠനപ്രശ്നങ്ങൾ, സാമ്പത്തിക അച്ചടക്കമില്ലായ്മ, സംഘടനാപ്രവർത്തനം, വാഹന ദുരുപയോഗം.... അങ്ങനെ പോകുന്നു കൗമാരക്കാർ സൃഷ്ടിക്കുന്ന പ്രശ്നങ്ങളുടെ നീളുന്ന പട്ടിക. വിദ്യാസമ്പന്നരായ മാതാപിതാക്കൾക്ക് പോലും ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടതെങ്ങനെയെന്ന് അറിയാറില്ല. വഴക്കിട്ടും മർദനമുറകളിലൂടെയും കുട്ടികളുടെ ആവശ്യങ്ങൾ നിഷേധിച്ചും ശിക്ഷിച്ചും കൊണ്ടാണ് മിക്കവരും കൗമാരക്കാരെ 'മെരുക്കാൻ' ശ്രമിക്കുക. ഇതാകെട്ട പലപ്പോഴും 'വെളുക്കാൻ തേച്ചത് പാണ്ടായി' എന്ന് പറയുന്നതു പോലെയാവും.
സ്വാതന്ത്ര്യം കൊതിക്കുന്ന കൗമാരം
കൗമാരക്കാർ പ്രശ്നക്കാരാവുന്നത് സ്വാതന്ത്ര്യം കൊതിച്ചുതുടങ്ങുമ്പോഴാണ്. വളർച്ചയുടെ ഭാഗമായി വരുന്ന ഒഴിവാക്കാനാവാത്ത ഒരു അവസ്ഥ. എന്നുവെച്ചാൽ, കുട്ടികൾ ഈ ഘട്ടത്തിലൂടെ കടന്നു പോവുകതന്നെ ചെയ്യും. എല്ലാവരും ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ നാം വരച്ച അതിരുകൾക്കപ്പുറത്ത് കടന്നിരിക്കും. കുട്ടികളുടെ വ്യക്തിത്വത്തിനനുസരിച്ച് ഇതിെൻറ അളവിൽ മാറ്റമുണ്ടാകുമെന്നുമാത്രം. ഇതുപക്ഷേ, വലിയ പ്രതിസന്ധിയായി കാണേണ്ട ഒന്നല്ല. ബാല്യത്തിൽ നിന്ന് പ്രായപൂർത്തിയിലേക്കുള്ള പരിവർത്തനത്തിനിടെ സംഭവിക്കുന്ന ജൈവികപ്രക്രിയ മാത്രമായി കാണാൻ ശ്രമിക്കുക.
സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഇത്തരം കൊച്ചു കലഹങ്ങളെ നിരുത്സാഹപ്പെടുത്താതിരിക്കലാണ് നല്ലത്. സ്വയം തീരുമാനമെടുക്കുന്നതും നടപ്പാക്കുന്നതുമൊക്കെ അടിച്ചമർത്താതിരിക്കുക. അടിച്ചമർത്തിയാൽ ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ വിസമ്മതിച്ച്, തീരുമാനമെടുക്കാൻ ഭയപ്പാടുമായി വീട്ടിലൊതുങ്ങിക്കഴിയുന്ന കുട്ടിയെയാകും നിങ്ങൾ സൃഷ്ടിക്കുക.
പലവട്ടം വീഴുേമ്പാൾ നടക്കാൻ പഠിക്കും
കൗമാരപ്രായമാകുന്നതോടെ പലകാര്യങ്ങളിലും തീരുമാനങ്ങൾ സ്വയം കൈക്കൊള്ളാൻ അവർ നിർബന്ധിതനാകുന്നു. ചുറ്റുമുള്ള ലോകത്തെ ചോദ്യംചെയ്ത് സ്വന്തം വിശ്വാസങ്ങളും പ്രവൃത്തികളും രൂപപ്പെടുത്തിയെടുക്കേണ്ടത് ഒാരോ വ്യക്തിയുടെയും വളർച്ചയിൽ അത്യാവശ്യമാണ്. പരിചയക്കുറവുള്ളതിനാൽ തെറ്റുപറ്റുക സ്വാഭാവികം. പക്ഷേ, പലതവണ വീണ ശേഷമല്ലേ, ഒരു കുട്ടി നടക്കാൻ പഠിക്കൂ.
പക്വത ആർജിക്കാൻ ഇത്തരം സ്വഭാവം േപ്രാത്സാഹിപ്പിക്കലാണ് നല്ലതെന്നുവെച്ച് എല്ലാ കാര്യങ്ങളിലും കയറൂരിവിടുന്നവിധത്തിലായിരിക്കരുത് അത്. ജീവിതത്തെക്കുറിച്ച അയഥാർഥമായ പ്രതീക്ഷകൾ അവനുമേൽ ഒറ്റയടിക്ക് അടിച്ചേൽപിക്കാതെയിരിക്കാനും ശ്രദ്ധിക്കണം. പകരം ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ ഘട്ടംഘട്ടമായി പകർന്നുനൽകണം.
കൂട്ടുകാരിൽ നിന്നാണ് അവർ വിപ്ലവ മാതൃകകൾ ആർജിക്കുന്നത്. ചങ്ങാതിമാർ എന്തു ചെയ്യുന്നോ അതുതന്നെ അനുകരിക്കാനാവും മോഹം. കൂട്ടുകെട്ടിന്‍റെ ദൂഷിതവലയങ്ങളിൽ നിന്ന് അകറ്റി നല്ല സൗഹൃദങ്ങളിലേക്ക് അവനെ വഴിനടത്താനായാൽ ഇതിലെ അപകടങ്ങളൊഴിവാക്കാം. നിങ്ങളുടെ മക്കളെ ഈ ഘട്ടം വലിയ അപകടങ്ങളില്ലാതെ പിന്നിടാൻ സഹായിക്കാൻ കുട്ടികളിലെ കലഹസ്വഭാവങ്ങൾ ഏതൊക്കെ ആരോഗ്യകരമെന്നും അല്ലാത്തവയെന്നും തിരിച്ചറിയണം.
കലഹം ആരോഗ്യകരമാക്കാം
ആരോഗ്യകരമായ കലഹപ്രകൃതമാണ് യഥാർഥത്തിൽ കുട്ടികളെ സ്വന്തം പുറന്തോടു പൊട്ടിച്ച് ചിറകുവിടർത്താൻ സഹായിക്കുന്നത്. കൂടുതൽ സ്വാതന്ത്ര്യം, ഉത്തരവാദിത്തം, സ്വയംനിർണയാധികാരം തുടങ്ങിയവ അവനിൽ രൂപപ്പെടുമ്പോഴാണ് ഇതു സംഭവിക്കുന്നത്. സമയാസമയങ്ങളിൽ തീരുമാനമെടുക്കുകയെന്ന ദുഷ്കരമായ ദൗത്യം അവൻതന്നെ ചെയ്യുമ്പോൾ വീഴ്ചകൾ സ്വാഭാവികം. യൗവനത്തിലേക്കുള്ള വളർച്ചയുടെ സ്വാഭാവിക വശം മാത്രമാണിത്. ആരോഗ്യകരമായ കലഹങ്ങളിൽ രക്ഷിതാക്കളും കുട്ടികളും തമ്മിൽ തുറന്ന ആശയവിനിമയം ഉണ്ടാകും. മാതാപിതാക്കൾ ശ്രദ്ധയോടെ അവരെ കേൾക്കണം. കുട്ടികൾ ചോദ്യങ്ങളേറെ ചോദിക്കും. രക്ഷിതാവ് യുക്തിസഹമായ മാർഗനിർദേശങ്ങളുമായി ഒപ്പമുണ്ടാകും. വികാര-വിചാരങ്ങളുടെ പങ്കുവെക്കലാണ് ഇവിടെ പ്രധാനം.
ആരോഗ്യകരമായ കലഹങ്ങൾ പൊടുന്നനെ സംഭവിക്കാത്തതും സാന്ദർഭികവും വ്യത്യസ്തഭാവങ്ങളുൾക്കൊള്ളുന്നതുമാകും. കലഹം കൗമാരക്കാരുടെ അടിസ്ഥാന സ്വഭാവമൊന്നുമല്ല. മാതാപിതാക്കളെ എപ്പോഴും നിഷേധിക്കണമെന്ന് അവർക്ക് വാശിയുമില്ല. ആഴത്തിൽ വേരോടിയ വിശ്വാസങ്ങളെ ഗുണപരമായി തിരിച്ചുവിടാനും കാലത്തിന്‍റെ കുത്തൊഴുക്കിനെതിരെ പിടിച്ചുനിൽക്കാനും അവൻ പഠിച്ചുകൊണ്ടിരിക്കും. സത്യത്തിൽ മക്കൾ വളരുകയാണെന്ന് അംഗീകരിക്കാൻ ചിലപ്പോഴെങ്കിലും രക്ഷിതാക്കൾക്ക് പ്രയാസമുണ്ടാകും. 'എന്‍റെ പുന്നാര കുട്ടി' എന്ന സങ്കൽപത്തിൽനിന്ന് മാറൽ അത്ര എളുപ്പമാകില്ല അവർക്ക്. കുട്ടികൾക്ക് വളരാൻ മതിയായ വഴി നൽകാതിരിക്കുന്നതാകട്ടെ, അപകടകരമായ സാഹചര്യങ്ങളിലേക്കാവും അവരെ നയിക്കുക.
കലഹം അനാരോഗ്യകരമാകുമ്പോൾ
കൗമാരക്കാർ സൃഷ്ടിക്കുന്ന പ്രശ്നങ്ങളുടെ പേരിൽ വീട്ടുകാർ അവരോട് മിണ്ടാതെയിരിക്കുന്നത് സാധാരണ കണ്ടുവരുന്ന കാര്യമാണ്. ഇങ്ങനെ ആശയവിനിമയത്തിന്‍റെ മാർഗങ്ങൾ അടഞ്ഞുതന്നെ കിടക്കുമ്പോഴാണ് അനാരോഗ്യകരമായ കലഹങ്ങളിലേക്ക് വീടുകൾ ഉണരുന്നത്. ക്രിയാത്മകമായ ചർച്ചകൾ ഇല്ലാതാകുകയും ബന്ധങ്ങളിൽ ക്രമേണ വിള്ളൽ വീഴുകയും ചെയ്യുന്നു.
പെട്ടെന്ന്, അത്യുച്ചത്തിലുള്ള സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളാകും ഇത്തരം ഘട്ടങ്ങളിൽ പതിവു കാഴ്ച. ആരെയും കൂസാത്ത വികാരപ്രകടനങ്ങൾ, സ്ഫോടനാത്മകമായ ക്ഷോഭാവേശങ്ങൾ തുടങ്ങിയവയും പതിവാണ്. പരസ്പരവിശ്വാസം നഷ്ടപ്പെടലാണ് ആദ്യം ഉയരുന്ന പ്രശ്നം. ഇതോടെ കുട്ടി വിശ്വസിക്കാനാവാത്തവനായി മാത്രമല്ല, ചതിവും കളവുമുള്ളവനായും മാറുന്നു.
മറുവശത്ത്, നിയന്ത്രണങ്ങളുടെയും അച്ചടക്കത്തിന്‍റെയും നീണ്ട ഗുണദോഷങ്ങളുടെയും ഭാരം അടിച്ചേൽപിക്കാനുള്ള ശ്രമവും തുടങ്ങും. ഇതോടെ, കുടുംബ മൂല്യങ്ങൾ അനുസരിച്ച് വളരേണ്ടവൻ എല്ലാം തിരസ്കരിക്കുന്നവനായി മാറും. അനാരോഗ്യകരമായ കലഹത്തിന്‍റെ അടയാളമാണ് കാലുഷ്യം. പരസ്പരം കോപവും പിന്മാറ്റവും കൂടിക്കൂടിവരും. ക്രമേണ മാതാപിതാക്കളിൽ നിന്ന് മാത്രമല്ല, മുതിർന്ന ആരിൽനിന്നും ഒന്നും കേൾക്കാൻ അവന് മനസ്സില്ലാതാകും. കൗമാരക്കാരിലെ കലഹപ്രകൃതത്തിന് വേറെയും കാരണങ്ങളുണ്ടാകാം.
ഒരുപക്ഷേ, മാതാപിതാക്കൾക്കിടയിലെ പതിവായ കലഹങ്ങൾ, രക്ഷിതാക്കളുടെ ശിക്ഷണരീതികൾ, കുടുംബപ്രശ്നങ്ങൾ, മദ്യപനായ രക്ഷിതാവ്, സഭ്യതവിട്ട സാഹചര്യങ്ങൾ, സാമ്പത്തിക സമ്മർദങ്ങൾ, കൂട്ടുകാരുടെ സ്വാധീനം, പരാജയ ഭീതി, ആത്മാഭിമാനക്കുറവ് എന്നിവയെല്ലാം കുഞ്ഞുങ്ങളിൽ പ്രശ്നങ്ങളുണ്ടാക്കാം. സമാനപ്രശ്നങ്ങളാണ് കുട്ടികളിലെ സ്വഭാവ വൈകൃതങ്ങൾക്ക് കാരണമെങ്കിൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. പ്രശ്നങ്ങൾ നിങ്ങളുടെ കൈകളിൽ നിന്ന് വഴുതിപ്പോകുമെന്ന് തോന്നുന്ന ഉടൻതന്നെ വിദഗ്ധ സഹായം തേടണം.
കലഹം കൈകാര്യം ചെയ്യാനുള്ള മാർഗങ്ങൾ
- പരസ്പരം സ്നേഹിക്കാൻ ശീലിക്കുക. അച്ചടക്കം ചെറുപ്രായത്തിൽതന്നെ ജീവിതത്തിന്‍റെ ഭാഗമാക്കി വളർത്തിയെടുക്കുക. എല്ലാകാര്യങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തുന്നത് വേലി ചാടാനാകും കുട്ടികളെ േപ്രരിപ്പിക്കുക. സ്നേഹത്തോടെയല്ലാത്ത ഉപദേശങ്ങൾ ഒരിക്കലും ഗുണകരമാവില്ല. അവരുടെ പെരുമാറ്റത്തിൽ പ്രശ്നങ്ങൾ അനുഭവപ്പെടുമ്പോൾ പോലും മാതാപിതാക്കൾ കൂടെയുണ്ടെന്ന ധാരണ വളർത്തിയെടുക്കണം.
- അതിരുകൾ നിർണയിച്ചു നൽകുക. പക്ഷേ, ഉത്തരവാദിത്തബോധവും തീരുമാനമെടുക്കാനുള്ള ശേഷിയും നഷ്ടപ്പെടുത്തിയാവാതിരിക്കുക. മക്കൾക്കു വേണ്ടി എന്തൊക്കെ ചെയ്യണമെന്നും ചെയ്യരുതെന്നും രക്ഷിതാക്കൾ ആദ്യമേ തീരുമാനിച്ച് അത് പാലിച്ചിരിക്കണം. മക്കളുടെ കാര്യത്തിൽ മാതാപിതാക്കൾ പരസ്പരധാരണയിലെത്തണം. ദാമ്പത്യ കലഹത്തിെൻറ പേരിൽ ഇൗ ധാരണ ലംഘിച്ച് പരസ്പരം പഴിപറയരുത്. അതൊടുവിൽ കുട്ടികളുടെ വഴിതെറ്റലിന് വഴിമരുന്നിടുമെന്നോർക്കുക.
- ചെറിയ ചെറിയ സാഹസങ്ങൾ ചെയ്യാൻ അവസരം നൽകുക. പ്രശ്നങ്ങളുണ്ടാവുേമ്പാൾ സുരക്ഷിതമായി അണയാൻ സൗകര്യവും ഒരുക്കുക.
- ചിലതു നിഷേധിക്കുമ്പോൾ മറ്റ് ബദലുകൾ കാണിച്ചുകൊടുക്കുക. പകരമില്ലാതെ നിരന്തരം നിഷേധിച്ചു കൊണ്ടേയിരിക്കുന്നത് പ്രശ്നങ്ങൾ വഷളാക്കും.
- കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ കഴിയുന്നത്ര സമയം കണ്ടെത്തുക. അവരുടെ പ്രയാസങ്ങളിൽ പങ്കാളികളാവുക. കൗമാരത്തിൽ നിങ്ങളുടെ സാന്നിധ്യം അവർ ഒത്തിരിയൊത്തിരി ആഗ്രഹിക്കുന്നുവെന്നറിയുക.
- മാപ്പു നൽകാവുന്ന ഘട്ടങ്ങളിലൊക്കെയും അതു നൽകുക.
- കലഹത്തിന്‍റെ അന്തരീക്ഷം മാറുേമ്പാൾ ക്ഷമയോടെ കുട്ടികളെ സമീപിച്ച് സ്നേഹത്തോടെ കാര്യങ്ങൾ ചർച്ചചെയ്യുക. അവരുടെ പെരുമാറ്റംമൂലം നിങ്ങൾക്കുണ്ടാവുന്ന പ്രയാസങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക.
- ഇത്തരം സമീപനം ഒരിക്കൽ ഫലിച്ചില്ലെന്ന് കരുതി പിന്മാറാതെ നിരന്തരം ശ്രമിക്കുക; നിങ്ങളുടെ സ്നേഹത്തിന് മുന്നിൽ അവർ ഒടുവിൽ കീഴടങ്ങുക തന്നെ ചെയ്യും.
- കഴിയുന്നതും കൗമാരക്കാർക്ക് ഇത്തിരി ബഹുമാനം നൽകി മുതിർന്നവരോടെന്ന പോലെ പെരുമാറുക.
- മറ്റുള്ളവരുടെ മുന്നിൽവെച്ച്, പ്രത്യേകിച്ച് കൂട്ടുകാരുടെ മുന്നിൽവെച്ച് വഴക്ക് പറയാതിരിക്കുക.
- കുടുംബ സദസ്സുകളിൽ കുട്ടികളുടെ കുറവുകൾ അവരുടെ മുന്നിൽവെച്ചോ അല്ലാതെയോ ചർച്ച ചെയ്യാതിരിക്കുക.
- ഒാർക്കുക; കൗമാരം ഒരു വിഷമഘട്ടമാണ്. ക്ഷമയും സ്നേഹവുമാണ് അത് മറികടക്കാനുള്ള മരുന്ന്. ഒരിക്കലും കടുത്തതും നിരന്തരവുമായ ശിക്ഷകൾ ഗുണംചെയ്യില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.