അവധി കഴിഞ്ഞ് കുട്ടികൾ മടങ്ങിയെത്തുകയാണ്. നല്ലൊരു അവധിക്കാലത്തിന്റെ ഹാങ്ങോവറുമായിട്ടാവും കുട്ടികൾ എത്തുന്നത്. പരീക്ഷാച്ചൂട് പലരെയും ബാധിച്ചു കാണില്ല. നിങ്ങൾ രക്ഷിതാക്കൾ ആഗ്രഹിച്ചതു പോലെയോ പ്രതീക്ഷിച്ചതു പോലെയോ ഉള്ള പെർഫോമൻസ് കാഴ്ചവെക്കാൻ കുട്ടികൾക്ക് കഴിഞ്ഞെന്നുവരില്ല. നിങ്ങൾ നിരാശരാവാതിരിക്കാൻ ശ്രമിക്കുന്നതോടൊപ്പം കുട്ടികൾ വിഷമിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. നാട്ടിലെ കാലാവസ്ഥയും കളികളും സമപ്രായക്കാരും ബന്ധുക്കളും നൽകിയ സ്നേഹവും ഓർമകളും പേറിയാവും മിക്ക കുട്ടികളും സ്കൂളിന്റെ അന്തരീക്ഷത്തിലേക്ക് വീണ്ടും എത്തിച്ചേരുക.
ഭൂരിഭാഗം കുട്ടികളെ സംബന്ധിച്ചും പഠനത്തേക്കാൾ രസകരമായ കാര്യങ്ങളാവും അതൊക്കെയും. അതിന് അവരെ തെറ്റു പറയാൻ പറ്റില്ല. രക്ഷിതാക്കൾ എന്ന നിലയിൽ നമുക്ക് ചെയ്യാനാവുന്ന കുറച്ചു കാര്യങ്ങളുണ്ട്. അവ പരമാവധി പ്രായോഗികമാക്കുകയാണ് നമ്മുടെ ഉത്തരവാദിത്തം. കുട്ടികളെ അവരുടെ പഠനഭാരത്തെക്കുറിച്ച് ഓർമപ്പെടുത്തി സമ്മർദ്ദം നൽകാതിരിക്കാൻ ശ്രദ്ധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അവരോടൊപ്പമിരുന്ന് പഠിക്കാനുള്ള ഭാഗങ്ങൾ ഏതൊക്കെയെന്നു നോക്കാനും സമാധാനത്തോടെ, കൂളായ അന്തരീക്ഷത്തിൽ ഇരുന്ന് പഠിക്കാനുമുള്ള സാഹചര്യം ഒരുക്കി നൽകണം.
ഓരോ വിഷയത്തിന്റെയും അസൈൻമെന്റുകൾ പൂർത്തീകരിച്ചോ എന്ന് പരിശോധിക്കുകയും, പൂർത്തിയാക്കാത്തവ ഉണ്ടെങ്കിൽ അതിനായി കുട്ടികളെ സഹായിക്കുകയും ചെയ്യുക. കുട്ടികളെ ഒരിക്കലും അമിതമായി വഴക്കു പറയുകയോ പരിഹസിക്കുകയോ ചെയ്യരുത്. ഓരോ കുട്ടികൾക്കും പെർഫോം ചെയ്യാൻ കഴിയുന്ന ഒരു പരിധി ഉണ്ട്. അത് രക്ഷിതാക്കൾ മനസ്സിലാക്കുകയും അതിലുപരിയായി ചെയ്യാൻ അവരെ നിർബന്ധിക്കാതിരിക്കുകയും വേണം.
കുട്ടികൾക്ക് ആവശ്യത്തിന് വിശ്രമവും ഉറക്കവും ലഭിക്കുന്നുവെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം. രണ്ടു പാരന്റും ജോലി ചെയ്യുന്ന കുടുംബമാണെങ്കിൽ പോലും കുട്ടികൾക്കായി കുറച്ചു സമയം നീക്കിവെക്കാനും അവരുടെ പഠനകാര്യങ്ങളിൽ ചെറുതല്ലാത്ത ഇടപെടൽ നടത്താനും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾ രക്ഷിതാക്കളെ ശത്രുക്കളായി കാണുന്ന അവസ്ഥയുണ്ടാകരുത്. അവരോട് അനുകമ്പയോടെയും സുഹൃത്തിനോടെന്ന പോലെയും പെരുമാറണം.
പരീക്ഷാക്കാലത്തു മാത്രമല്ല, എല്ലായ്പ്പോഴും അവരെ കേൾക്കുകയും അവരുടെ വിശേഷങ്ങൾ ചോദിച്ചറിയുകയും വേണം. കുട്ടികളോട് അവരുടെ സ്കൂളിലെയോ കളിസ്ഥലങ്ങളിലെയോ വിശേഷങ്ങൾ ചോദിക്കുന്നത് എന്തു പ്രശ്നമുണ്ടായാലും വീട്ടിൽ വന്ന് പറയാനുള്ള ധൈര്യം അവർക്കു നൽകും. എന്റെ അച്ഛനും അമ്മയും എന്നെ മനസ്സിലാക്കുന്നവരും എനിക്കുവേണ്ടി നിലകൊള്ളുന്നവരുമാണെന്ന വിശ്വാസം കുട്ടികളെ തെറ്റായ കാര്യങ്ങളിൽ നിന്ന് അകറ്റാനും സന്തോഷവും സങ്കടവും പ്രശ്നങ്ങളും പങ്കുവെക്കാനുമുള്ള ധൈര്യവും നൽകും.
വ്യക്തിശുചിത്വം, അച്ചടക്കം, വ്യായാമം എന്നിവയുടെ പ്രാധാന്യം വളരെ കാര്യമായി അവർക്കു പറഞ്ഞുകൊടുക്കുകയും ശീലിപ്പിക്കുകയും വേണം. ശീലങ്ങൾ തുടങ്ങിയെടുക്കാൻ ഏറ്റവും അനുയോജ്യമായ പ്രായമാണിത്. അവരിലെ കഴിവുകളെ കണ്ടെത്താനും അത് വളർത്തിയെടുക്കാനും അധ്യാപകരെപ്പോലെ തന്നെ രക്ഷിതാക്കളും ശ്രമിക്കണം. ആവശ്യമെങ്കിൽ ഒരു കോച്ചിനെയോ മെന്ററേയോ സമീപിക്കാൻ മടി കാണിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.