മാതാപിതാക്കളും അധ്യാപകരും തമ്മില്‍ വലിയ അഭിപ്രായവ്യത്യാസം ഇന്ന് നിലനില്‍ക്കുന്നുണ്ട്. ഇന്നത്തെ മാതാപിതാക്കള്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവരാണ്. അവര്‍ കുട്ടി എന്താകണം എന്നതിന് വലിയ പ്രാധാന്യം നല്കുന്നു. അധ്യാപകരെ വിലയിരുത്താന്‍ കഴിയും ഇന്നത്തെ മാതാപിതാക്കള്‍ക്ക്. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളുടെ ബോധ്യം അധ്യാപകരാണ് ഏറ്റവും വലുത് എന്ന രീതിയിലായിരിക്കും. അപ്പോള്‍ വീട്ടില്‍ മാതാപിതാക്കളും സ്കൂളില്‍ അധ്യാപകരും പറഞ്ഞുനല്‍കുന്ന കാര്യങ്ങളില്‍ ആശയക്കുഴപ്പം വന്നാല്‍ അത് കുട്ടിയെ വല്ലാതെ അലോസരപ്പെടുത്തും. 'ടീച്ചര്‍ക്ക് ഇത് അറിയില്ല' -എന്ന് മാതാപിതാക്കളും 'അത് അങ്ങനെ തന്നെ'യാണെന്ന് ടീച്ചറും പറയാറുണ്ട് പലപ്പോഴും. ഇതിനിടയില്‍ കുട്ടി കഷ്ടത്തിലാകുകയും ചെയ്യും.
ഇനി ടീനേജ് പ്രായമായാല്‍ (എട്ടാം ക്ലാസ് മുതല്‍) മാതാപിതാക്കള്‍ക്ക് കുട്ടിയുടെ കൂട്ടുകാരെ ഉള്‍ക്കൊള്ളാന്‍ ഒരിക്കലും കഴിയില്ല. കുഞ്ഞായിരിക്കുമ്പോള്‍ അച്ഛനും അമ്മയിലുമാണ് കുട്ടികള്‍ ആത്മവിശ്വാസം കണ്ടെത്തുക. പിന്നീട് അത് അധ്യാപകരിലാകും. ടീനേജ് പ്രായമാകുമ്പോള്‍ കൂട്ടുകാരാകും ആത്മവിശ്വാസം പകരുന്ന ഘടകം. 'നിെൻറ കൂട്ടുകാര്‍ നല്ലതല്ല, അവര്‍ കാരണമാണ് നീ വഷളായത്' എന്ന നിലയില്‍ വീട്ടില്‍ നിന്ന് പറച്ചില് കേള്‍ക്കുമ്പോള്‍ കുട്ടി സമ്മർദത്തിലാകും. കുട്ടിക്ക് മാതാപിതാക്കളും കൂട്ടുകാരും വേണം. കൂട്ടുകാരിലൂടെയാണ് അവർ സാമൂഹിക ജീവിതത്തിലേക്ക് കടക്കുന്നത്. മാതാപിതാക്കള്‍ കൂടുതല്‍ പേരും അത് മനസ്സിലാക്കുന്നില്ല. പരീക്ഷകള്‍ വലിയ സംഭവം അല്ലെന്ന് കരുതുന്ന കുട്ടികളുടെ എണ്ണം കൂടിവരുകയാണ്. ഞാന്‍ കൈകാര്യം ചെയ്യുന്നതില്‍ ഏറെയും അത്തരം പ്രശ്നങ്ങളാണ്. സി.ബി.എസ്.ഇ പാറ്റേണും പ്രാക്ടിക്കലും ഒക്കെയായി പഠനം എളുപ്പമായതാണ് കാരണം. എന്നാല്‍, പരീക്ഷക്ക് അല്പം സമ്മർദം വേണമെന്നാണ് ഞാന്‍ പറയുക. എങ്കിലേ നന്നായി പഠിക്കുകയുള്ളൂ.
സ്കൂളില്‍ കുട്ടിക്ക് കൗണ്‍സലിങ് നല്ലതാണോ?
ഇന്ന് സി.ബി.എസ്.ഇ സ്കൂളുകളില്‍ ഒക്കെ കൗണ്‍സലര്‍മാരെ നിയമിക്കുന്നുണ്ട്. പ്രഷനലായി പരിശീലനം നേടിയവര്‍ തന്നെയാണ് അവര്‍. എന്നാല്‍, ഈ കൗണ്‍സലിങ് പലപ്പോഴും ദുരുപയോഗം ചെയ്യുന്നു. കുട്ടികളോട് ആദ്യം കാര്യങ്ങള്‍ പറയേണ്ടതും തിരുത്തിക്കേണ്ടതും മാതാപിതാക്കളാണ്. ഒരു കൗണ്‍സലറുടെ അടുത്ത് കുട്ടിയെ കൊണ്ടുപോകുമ്പോള്‍ അത് 'എനിക്ക് എന്തോ പ്രശ്നമുണ്ട്' എന്ന ബോധമാകും കുട്ടിയില്‍ ചെലുത്തുക. ഇത് നിലനില്‍ക്കുന്നതിനാല്‍ കുട്ടി ഒരിക്കലും സ്കൂളിലെ കൗണ്‍സലറോട് കാര്യങ്ങള്‍ തുറന്നുപറയില്ല. പലപ്പോഴും ചെറിയ ക്ലാസുകളിലെ കുട്ടികളെ അധ്യാപകര്‍ നിര്‍ബന്ധിച്ചാണ് കൗണ്‍സലറുടെ അടുത്ത് എത്തിക്കുന്നത്. പ്ലസ് വൺ ഒക്കെ എത്തുമ്പോള്‍ കുട്ടികള്‍ കാര്യങ്ങള്‍ കുറേയൊക്കെ തുറന്നുപറയും. 40 കുട്ടികളുള്ള ഒരു ക്ലാസിലെ ടീച്ചറിന് തന്നെ കുട്ടികളുടെ പ്രശ്നങ്ങള്‍ നന്നായി മനസ്സിലാക്കാന്‍ പറ്റും. ഒരുകൊല്ലം മുഴുവന്‍ ആ കുട്ടികളെ ടീച്ചര്‍ കാണുന്നതാണ്. ഇനി ടീച്ചര്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നതിനും അപ്പുറമാണെങ്കില്‍ കൗണ്‍സലറെ തന്നെ സമീപിക്കണം. മറ്റൊന്ന് കുട്ടി വളരെ സ്വകാര്യമായി ക്ലാസ് ടീച്ചറോടോ കൗണ്‍സലറോടോ പറയുന്ന കാര്യങ്ങള്‍ സ്റ്റാഫ്റൂം ഡിസ്കഷനായി മാറുന്ന പ്രവണതയും കണ്ടുവരുന്നു. അത് കൗണ്‍സലിങ് എന്ന സമ്പ്രദായത്തെ തന്നെ മോശപ്പെടുത്തും.
തെറ്റു ചെയ്ത കുട്ടിയോടുള്ള സമീപനം എങ്ങനെ?
എന്താണ് തെറ്റ് എന്ന് മനസ്സിലാക്കണം. കുട്ടിയുടെ ശരിയും തെറ്റും തീരുമാനിക്കുന്നത് മാതാപിതാക്കളാണ്. ആ ശരിയിലും തെറ്റിലും എപ്പോഴും ഉറച്ചുനില്‍ക്കണം. വീട്ടിലെ രണ്ട് കുട്ടികള്‍ തമ്മില്‍ അടിയുണ്ടായെന്നു വെക്കുക. അതില്‍ ഇടപെട്ട മാതാപിതാക്കള്‍ ആദ്യം മുന്നറിയിപ്പ് നല്കുന്നു. അതിലും നിന്നില്ലെങ്കില്‍ ഇനി അടിച്ചാല്‍ ആദ്യം അടിക്കുന്നയാള്‍ക്ക് തല്ല് കിട്ടുമെന്നും പറഞ്ഞുവെച്ചു. സംഭവം അവിടെ തീര്‍ന്നു. ഇനി സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ചാണ് അടിയുണ്ടായതെങ്കില് നമ്മള് വീട്ടില്‍വെച്ച് ചെയ്ത പോലെയാകില്ല പെരുമാറുക. പരസ്യമായി കുട്ടിയെ ശാസിക്കാന്‍ നമ്മള് തയാറാകില്ല. അപ്പോള്‍ അത് കുട്ടിയാകും മുതലെടുക്കുക. വീട്ടില്‍ വെച്ച് അങ്ങനെ ചെയ്താലേ പ്രശ്നമുള്ളൂ എന്ന തോന്നല്‍ ഉടലെടുക്കും. ഇങ്ങനെ സംഭവിക്കരുത്. തെറ്റുചെയ്താല്‍ സ്ഥലമോ സമയമോ നോക്കാതെ അത് പറഞ്ഞോ ചെറുതായി അടിച്ചോ തിരുത്തിക്കണം.
വൈകീട്ട് ആറുമണി മുതല്‍ ഏഴുവരെ ടി.വി കാണരുത് എന്ന് കുട്ടിയോട് പറഞ്ഞിട്ടുണ്ടെന്ന് കരുതുക. അത് പാലിച്ചു പോരുന്നു. ഒരു ദിവസം ആ സമയത്ത് നിങ്ങള്‍ക്ക് പ്രധാനപ്പെട്ട ഒരു ഫോണ്‍കാള്‍ വന്നു. കുട്ടി അത് മുതലെടുത്ത് ടി.വി വെച്ചോട്ടെയെന്ന് ചോദിച്ചു കൊണ്ടിരുന്നാല്‍, ഫോണ്‍ സംസാരത്തില്‍ ശല്യം ഉണ്ടാകാതിരിക്കാന്‍ നിങ്ങള്‍ സമ്മതിച്ചുകൊടുത്തെന്ന് വരും. നമ്മള് തെറ്റെന്ന് പറഞ്ഞിരുന്നതില്‍നിന്ന് നമ്മള്‍തന്നെ പിന്നോട്ടു പോയി. അങ്ങനെ സംഭവിക്കരുത്. വീട്ടില്‍ വരുന്നവരെ വിഷ് ചെയ്യണമെന്ന് കുട്ടിയോടു പറഞ്ഞ് ശീലിപ്പിച്ചിട്ടുണ്ടെന്ന് കരുതുക. നിങ്ങള്‍ പ്രധാനമായി കാണാത്ത ഒരാള്‍ വന്നു. അവരെ വിഷ് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് കാര്യമായൊന്നും തോന്നില്ല. എങ്കിലും കുട്ടിയോട് അത് ചോദിക്കണം.
പരീക്ഷ, റിവിഷന്‍: എങ്ങനെ മാനേജ് ചെയ്യാം?
പരീക്ഷകള്‍ വരുമ്പോള്‍ കുട്ടിക്ക് പഠിക്കാനുള്ള അന്തരീക്ഷം ഒരുക്കണം. എന്നാല്‍, പരീക്ഷയാണെന്നു കരുതി എല്ലാം ത്യജിച്ച് കുടുംബം ഒന്നടങ്കം ഇരുന്ന് പഠിക്കേണ്ട കാര്യവുമില്ല. ചെറിയ കുട്ടികളാണെങ്കില്‍ തീര്‍ച്ചയായും ഒപ്പം ഇരിക്കേണ്ടിവരും. മുതിര്‍ന്ന കുട്ടികളാണെങ്കില്‍ അവര്‍ക്ക് സ്വതന്ത്രമായ ഒരു സ്പേസ് നല്‍കണം. വീട്ടിലെ കാര്യങ്ങള്‍ മുടങ്ങാനും പാടില്ല. സമ്മർദം കുട്ടികളില്‍ ഉയരുന്നത് മാതാപിതാക്കള്‍ സമ്മർദത്തിന് അടിമപ്പെട്ടവരെപ്പോലെ പെരുമാറുമ്പോഴാണ്. അത് പാടില്ല. പകരം സമ്മർദം കുറക്കാനാണ് മാതാപിതാക്കള്‍ ശ്രമിക്കേണ്ടത്.
പ്രണയം, അടുപ്പം, പിരിയാനാകാത്ത ചങ്ങാത്തം
ഇന്നത്തെ കാലത്ത് കുട്ടികളുടെ അറിവ് നമ്മള് വിചാരിക്കുന്നതിനും അപ്പുറം വളരുന്നു. ടീനേജ് പ്രായത്തില്‍ പരസ്പരം ആകര്‍ഷണം തോന്നുന്നത് സ്വാഭാവികമാണ്. ചെറുപ്പം മുതലേ അത്തരം കാര്യങ്ങള്‍ വീട്ടില്‍ ചര്‍ച്ചചെയ്യലാണ് അതിന് പോംവഴി. സ്നേഹവും പ്രേമവും ഒന്നും ഇപ്പോഴും വീടുകളില്‍ ചര്‍ച്ച ചെയ്യുന്നില്ല. ശരിയായ പ്രേമമോ അതോ വെറും ആകര്‍ഷണമോ വേര്‍തിരിച്ച് പറഞ്ഞു കൊടുക്കുന്നുമില്ല. അതുകൊണ്ട് കുട്ടിക്ക് അങ്ങനെയെന്തെങ്കിലും തോന്നിയാല്‍ അത് വന്ന് പറയാനുള്ള സ്വാതന്ത്ര്യം വീട്ടില്‍ ഇല്ല. ഇനി സ്വാതന്ത്ര്യം കൊടുത്ത് അതു പറഞ്ഞാല്‍ അതിെൻറ പ്രതികരണം അസ്വാഭാവികമാകും. അങ്ങനെ വരുമ്പോള്‍ വീട്ടില്‍നിന്ന് പുറത്തുപോയി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കുട്ടികള്‍ ശ്രമിക്കും. അങ്ങനെവന്നാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. ഇന്ന് സ്കൂളുകളില്‍ തന്നെ ചെറിയ കുട്ടികള്‍ക്ക് പോലും 'ബാഡ് ടച്ച്' എന്താണെന്ന് പറഞ്ഞുകൊടുക്കുന്നുണ്ട്. ഏത് സമയത്താണ് ആകര്‍ഷണമോ സ്നേഹമോ തോന്നുന്നതെന്നത് പലപ്പോഴും നോക്കിയിരിക്കാന്‍ പറ്റില്ല. പക്ഷേ, അതുണ്ടാകും. അത് വീട്ടില്‍ വന്ന് പറയാന്‍ കഴിയുന്ന സ്വാതന്ത്ര്യം ഒരുക്കുകയാണ് പ്രധാനം. തെറ്റ് അംഗീകരിക്കാന്‍ കുട്ടിക്ക് എപ്പോഴും പരിശീലനം നല്‍കണം. അപ്പോള്‍ ഒരു സുഹൃത്തിനെപ്പോലെ കുട്ടിയെ കൈകാര്യം ചെയ്യുകയാണ് വേണ്ടത്.
തയാറാക്കിയത്: സന്ധ്യ വര്‍മ, ഫൗണ്ടര്‍ ആൻഡ് സി.ഇ.ഒ, ലേണിങ് അറീന, കോഴിക്കോട്, സര്‍ട്ടിഫൈഡ് പാരന്റിങ് പരിശീലക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.