കൊച്ചി: എസ്.എസ്.എൽ.സി അവസാന പരീക്ഷയുമെഴുതി അവധിയാഘോഷത്തിെൻറ അവശേഷിപ്പായ ചായം കഴുകിക്കളയാൻ പുഴയിലിറങ്ങിയ കണ്ണൂർ ആറളം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മുഹമ്മദ് സജ്ജാദിനെ പുഴയുടെ ആഴങ്ങൾ ഇല്ലാതാക്കിയ വാർത്ത കേട്ടത് വ്യാഴാഴ്ചയാണ്.
കോട്ടയം തലയോലപ്പറമ്പിൽ മൂവാറ്റുപുഴയാറ്റിൽ 16 വയസ്സുള്ള ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചതും ഇതേദിവസം. വെള്ളിയാഴ്ച ആലപ്പുഴയിലെ ആറാട്ടുപുഴ കായലിലും ഇടുക്കി നെടുങ്കണ്ടത്തെ അരുവിയിലുമായി രണ്ട് 10ാം ക്ലാസ് വിദ്യാർഥികളുടെ ജീവൻ പൊലിഞ്ഞു. ആഘോഷമാക്കേണ്ട അവധിക്കാലം തുടങ്ങുന്നതിനുമുമ്പേ അപകടങ്ങൾ തുടർക്കഥയാവുന്ന കാഴ്ചയാണ് നാട്ടിൽ നിറയുന്നത്.
പരീക്ഷയുടെ ആശങ്കകൾക്കും പഠനഭാരത്തിനും വിടചൊല്ലി ആഹ്ലാദത്തേരിലേറി അവധിക്കാലം വിരുന്നെത്തുമ്പോൾ രക്ഷിതാക്കളുടെ നെഞ്ചിൽ ആധിയുടെ നെരിപ്പോടുയരുകയാണ്. അവധിക്കൊപ്പം ക്ഷണിക്കാത്ത അതിഥിയായെത്തുന്ന അപകടങ്ങളും ദുരന്തങ്ങളുമാണ് മാതാപിതാക്കളുടെ നെഞ്ചിടിപ്പേറ്റുന്നത്.
കൗമാരക്കാർ ഇരുചക്രവാഹനങ്ങൾ ഒാടിച്ചുണ്ടാകുന്ന അപകടങ്ങളും അവധിയാഘോഷിക്കാൻ ബന്ധുവീടുകളിൽ പോയി പുഴയിലും കുളത്തിലും മുങ്ങിയുള്ള ദുരന്തങ്ങളുമെല്ലാം കൂടുതലായി കേൾക്കുന്നത് ഏപ്രിലിലും േമയിലുമാണ്. കഴിഞ്ഞവർഷം മാത്രം 969 പേർക്കാണ് സംസ്ഥാനത്തെ വിവിധ ജലാശയങ്ങളിൽ ജീവൻ പൊലിഞ്ഞത്.
മരണത്തിെൻറ ആഴക്കയങ്ങളിൽനിന്ന് ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തകരുമെല്ലാം രണ്ടാം ജന്മത്തിലേക്ക് കൈപിടിച്ചുയർത്തിയവരുടെ എണ്ണം 45,522 വരും. അതായത്, ആയുസ്സിെൻറ ദൈർഘ്യംകൊണ്ടുമാത്രം തിരികെ വന്നവർ.
മുങ്ങിമരണങ്ങൾ കൂടുതലായും സംഭവിക്കുന്നത് അഞ്ചിനും 25നും ഇടക്കുപ്രായത്തിലാണ്. നീന്തലറിയാത്തവർ വെള്ളത്തിലിറങ്ങുന്നതും മദ്യം, മയക്കുമരുന്ന് ഉൾെപ്പടെ ലഹരിപദാർഥങ്ങൾ ഉപയോഗിച്ചശേഷം നീന്താനിറങ്ങുന്നതുമാണ് ജലാശയങ്ങളിൽ വില്ലനാവുന്നതെന്ന് ഫയർ ആൻഡ് റെസ്ക്യു എറണാകുളം റീജനൽ ഓഫിസർ പി. ദിലീപൻ പറയുന്നു.
‘‘പരിചയമില്ലാത്ത കുളത്തിലും പുഴയിലുമിറങ്ങുന്ന കുട്ടികൾക്ക് വെള്ളത്തിെൻറ ആഴത്തെക്കുറിച്ച് ധാരണയുണ്ടാവില്ല. അപകടച്ചുഴിയിൽപെട്ട ശേഷമേ തിരിച്ചറിയൂ. മുതിർന്നവർ പലപ്പോഴും ഒപ്പമുണ്ടാവില്ല. വെള്ളത്തിൽ മുങ്ങിത്താഴുന്ന ആളെ രക്ഷിക്കാനിറങ്ങുന്ന കുട്ടികൾ അപകടത്തിൽപെടുന്നതും ഏറെ സാധാരണമാണ്’’ -അദ്ദേഹം പറയുന്നു.
നിരത്തുകളിൽ ഇല്ലാതാവുന്ന ജീവനിൽ നല്ലൊരു പങ്കും ചെറുപ്പക്കാരുടേതാണ്. അശ്രദ്ധയോടെ വാഹനം ഓടിക്കുന്നതിനെക്കുറിച്ച് എത്രകണ്ട് ബോധവത്കരണം നടത്തിയാലും വീണ്ടും അപകടങ്ങളിലേക്ക് വണ്ടിയോടിച്ചുപോവുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഇത്രയും കാലം പഠിക്കുകയായിരുന്നില്ലേ, ഇനിയൽപം വിനോദം ആവട്ടെ എന്ന മക്കളുടെ കെഞ്ചലിനുവഴങ്ങി വാഹനം കൊടുത്തുവിടുന്ന മാതാപിതാക്കൾ പലപ്പോഴും അപകടത്തിലേക്കാണ് അവരെ തള്ളിവിടുന്നത്. 18 തികയാത്തവർപോലും റോഡിലിറങ്ങി ഡ്രൈവിങ് പഠിക്കുന്നതും അവധിനാളുകളിൽതന്നെ.
റോഡിൽ അഭ്യാസം കാണിക്കാനുള്ള പ്രവണത ഡ്രൈവിങ് പഠിച്ചുതുടങ്ങിയ കൗമാരക്കാരിൽ മറ്റുള്ളവെരക്കാൾ കൂടുതലായിരിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. അമിതവേഗത്തിലും ട്രാഫിക് നിയമങ്ങൾ ലംഘിച്ചും ബൈക്കിൽ കുതിക്കുന്ന കൗമാരമാണ് നിരത്തുകളെ കുരുതിക്കളമാക്കുന്നത്. ഇതിെൻറ ഉത്തരവാദിത്തത്തിൽനിന്ന് രക്ഷിതാക്കൾക്കും ഒഴിഞ്ഞുമാറാനാവില്ല.
സംസ്ഥാനത്ത് 2018ൽ മാത്രം 40,181 വാഹനാപകടങ്ങളാണ് നടന്നത്. ഇതിൽ 4303 പേർ മരിച്ചു. 45,458 പേർക്ക് പരിക്കേറ്റു. 2017ൽ ആകെ നടന്ന 38,470 അപകടങ്ങളിൽ ഉൾപ്പെട്ട ഇരുചക്ര വാഹനങ്ങളുടെ എണ്ണം 14,967 ആണ്. ആകെ അപകടങ്ങളിൽ 37,894 എണ്ണവും അശ്രദ്ധമായി വാഹനം ഒാടിച്ചതുമൂലമുണ്ടായത്.
ഇതിൽ ഏറിയ പങ്കും യുവാക്കളാണ്. ഇതേവർഷം 4131പേർ മരണത്തിന് കീഴടങ്ങി, ഇതിൽ ബൈക്ക് യാത്രികരുടെ എണ്ണം 1371 വരും. മറ്റൊരു വാഹനവും ആയിരത്തിനുമേൽ ആളുകളുടെ ജീവനെടുത്തില്ല. ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നതും(3480) ആളുകൾ മരിച്ചതും (412) േമയിലാണെന്നും സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
കൗമാരക്കാർ ലഹരി ഉപയോഗത്തിലേക്കും മറ്റും വഴുതിവീഴുന്ന കാലംകൂടിയാണ് സ്കൂളില്ലാ കാലം. അയൽപക്കങ്ങളിെലയും മറ്റും സൗഹൃദങ്ങൾ അതിരുവിടുമ്പോൾ ലഹരിയുടെ ചതിക്കുഴികളിൽ മക്കൾ വീഴുമോയെന്ന ആശങ്കയും രക്ഷിതാക്കൾ പങ്കുവെക്കുന്നുണ്ട്.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
കുട്ടികൾ മാത്രമല്ല, രക്ഷിതാക്കളും ചില കാര്യങ്ങളിൽ ജാഗ്രത കാണിച്ചാൽ പല ദുരന്തങ്ങളും ഒഴിവാക്കാനാവും. അവയെക്കുറിച്ച്:
- കുട്ടികൾ വീട്ടിൽനിന്ന് എവിടെ പോവുകയാണെങ്കിലും രക്ഷിതാക്കളുടെ അറിവോടും സമ്മതത്തോടും കൂടിയാവണം.
- പുഴ, തോട്, കായൽ, കുളം തുടങ്ങി ജലാശയങ്ങളിലേക്ക് കുട്ടികളെ മാത്രം പറഞ്ഞയക്കരുത്. പ്രത്യേകിച്ച്, നീന്തലറിയാത്തവരെ വിടരുത്.
- കുട്ടികളെ നീന്തൽ പഠിപ്പിക്കുക. പരിശീലനത്തിന് പോവുമ്പോൾ നീന്തൽ വിദഗ്ധർ ഒപ്പമുണ്ടെന്ന് ഉറപ്പുവരുത്തുക. കുട്ടികൾ പരസ്പരം നീന്തൽ പഠിപ്പിക്കുന്നത് അപകടകരമാണ്.
- രാത്രി നീന്തൽ പരിശീലനം അപകടകരമാണ്. പരിചയമില്ലാത്തതും ആഴക്കൂടുതലുള്ളതുമായ ജലാശയങ്ങളിൽ നീന്തൽ പരിശീലനം ഒഴിവാക്കുക. സ്വിമ്മിങ്പൂളിലും ആഴം കുറഞ്ഞ വെള്ളത്തിലുമാണ് സുരക്ഷിതം.
- നീന്തൽ പരിശീലിക്കുമ്പോൾ ലൈഫ് ജാക്കറ്റുപോലുള്ള സുരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കുക.
- ബന്ധുവീടുകളിൽ ചെല്ലുമ്പോഴുണ്ടാകുന്ന ജലാശയ അപകടങ്ങൾ വ്യാപകമാണ്. ഇങ്ങനെ കുട്ടികൾ കൂട്ടം കൂടി പോവുമ്പോൾ മുതിർന്നവരും ഒപ്പമുണ്ടാവണം.
- വിനോദയാത്രയിൽ ഡാം, വെള്ളച്ചാട്ടം, പുഴ തുടങ്ങിയ ഇടങ്ങളിൽ ഇറങ്ങാതിരിക്കുക. ഇവ അപകടം വിളിച്ചുവരുത്തും.
- വിനോദസഞ്ചാരകേന്ദ്രങ്ങളിലെ അപകട മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക.
- ആരെങ്കിലും അപകടത്തിൽപെട്ടാൽ ഒപ്പമുള്ള കുട്ടികൾ വെള്ളത്തിലിറങ്ങുന്നത് ദുരന്തത്തിെൻറ വ്യാപ്തി വർധിപ്പിക്കും. കഴിയുന്നതും വേഗം ആളെക്കൂട്ടി അപകടം പറഞ്ഞു മനസ്സിലാക്കുകയാണ് വേണ്ടത്.
- 18 വയസ്സ് തികയാത്ത മക്കളുടെ ഡ്രൈവിങ് പഠനമോഹം ഒരിക്കലും അനുവദിക്കരുത്.
- കുട്ടികൾക്ക് ഒരിക്കലും വണ്ടി വാങ്ങിക്കൊടുക്കരുത്.
- കുട്ടികൾ പട്ടിണികിടന്നും വാശിപിടിച്ചും അനുവാദം നേടിയെടുക്കാനുള്ള ശ്രമങ്ങൾ നടത്തും. ഇതിൽ വീണുപോവരുത്.
- പ്രായപൂർത്തിയായവരാണെങ്കിലും ചെറുപ്പക്കാർ തനിച്ച് ഡ്രൈവിങ് പഠിക്കുന്നത് അപകടകരമാണ്. ഡ്രൈവിങ് സ്കൂളിലോ വീട്ടിലെ മുതിർന്നവരുടെ ശിക്ഷണത്തിലോ വേണം പരിശീലനം.
- വണ്ടിയോടിക്കുമ്പോൾ അമിതവേഗവും അശ്രദ്ധയും പാടില്ലെന്ന കാര്യം കുട്ടികളെ പറഞ്ഞ് ബോധ്യപ്പെടുത്തുക.
- കൗമാരത്തിെൻറ ചോരത്തിളപ്പിൽ റോഡിൽ കുതിക്കാനാണ് എല്ലാവർക്കുമിഷ്ടം. എന്നാൽ, അപകടം സംഭവിച്ചാൽ നഷ്ടം തനിക്കും കുടുംബത്തിനും മാത്രമേ ഉള്ളൂ എന്ന് ചിന്തിക്കുക.
- ലഹരി ഉപയോഗിച്ചും മറ്റും വാഹനങ്ങൾ ഓടിക്കാതിരിക്കുക.
- മക്കളുടെ ചങ്ങാത്തം ആരോടൊക്കെ, എവിടെയൊക്കെ പോവുന്നു, എന്തെല്ലാം ചെയ്യുന്നു തുടങ്ങിയ കാര്യങ്ങൾ രക്ഷിതാക്കൾക്ക് ബോധ്യമുണ്ടാവണം.
- മൊബൈൽ ഫോണിലും സമൂഹ മാധ്യമങ്ങളിലും ഏറെ നേരം ചെലവഴിക്കുന്ന മക്കളെ പ്രത്യേകം ശ്രദ്ധിക്കണം.
- വേനൽ കടുത്തതോടെ സൂര്യാതപവും വ്യാപകമാണ്. കുട്ടികൾ കഴിവതും വെയിലത്തിറങ്ങാതെ നോക്കുക.
- ബന്ധുവീടുകളിലേക്ക് അവധിക്കാലത്ത് കുട്ടികളെ പറഞ്ഞുവിടുമ്പോഴും ശ്രദ്ധിക്കണം.
- അപരിചിതർ, ബന്ധുക്കളിൽതന്നെയുള്ള ചിലർ തുടങ്ങിയവർ ചെറിയ കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാൻ സാധ്യതയേറെയാണ്. ഇത്തരം സാഹചര്യങ്ങളെക്കുറിച്ച് കുട്ടികളെ പറഞ്ഞുമനസ്സിലാക്കുക.
- സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. അതുകൊണ്ട് നമ്മുടെ കുഞ്ഞുങ്ങളുടെ മേൽ എപ്പോഴും ഒരുകണ്ണുണ്ടാവുന്നത് നല്ലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.