പരീക്ഷ അടുക്കുമ്പോള്‍ കുട്ടികള്‍ക്ക് മാത്രമല്ല മാതാപിതാക്കള്‍ക്കും ആധിയാണ്. ചിലര്‍ ജോലിക്ക് അവധികൊടുത്ത് കുട്ടികളുടെ കൂടെയിരിക്കും. ചില മാതാപിതാക്കള്‍ വളരെ ടോക്‌സിക്ക് ആയി കുട്ടികളുടെ മേല്‍ അനാവശ്യ സമ്മര്‍ദം ചെലുത്തി അവരെ ബുദ്ധിമുട്ടിക്കും. കുട്ടികളുടെ പഠന ജീവിതത്തിന്റെ ഭാഗമാണ് പരീക്ഷകള്‍. പണ്ട് മൂന്നില്‍ കൂടുതല്‍ പരീക്ഷകള്‍ കുട്ടികള്‍ക്ക് ഒരു വര്‍ഷം നേരിടേണ്ടി വരാറില്ലായിരുന്നു. എന്നാലിപ്പോള്‍ പലതരം അസസ്‌മെന്റും പരീക്ഷകളുമാണ്. അതിനാല്‍ തന്നെ കുട്ടികളില്‍ ഇതുണ്ടാക്കുന്ന സ്‌ട്രെസ് വലുതാണ്.
ഈ സ്‌ട്രെസിന്റെ ഭാഗമായി ടെന്‍ഷന്‍, ഉറക്കമില്ലായ്മ, തലവേദന, വയറുവേദന, ഭക്ഷണത്തോടുള്ള വിരക്തി, ഭാവിയെക്കുറിച്ചുള്ള ആധി ഇതൊക്കെ കുട്ടികളില്‍ കണ്ടുവരുന്നുണ്ട്. ഇതു തിരിച്ചറിയുകയെന്നതാണ് മാതാപിതാക്കളെന്ന നിലക്ക് ആദ്യം ചെയ്യാനുള്ളത്. ഇത്തരം അവസ്ഥകളില്‍ കുട്ടികള്‍ക്ക് ആരോടെങ്കിലും സംസാരിക്കാന്‍ അവസരമുണ്ടായാല്‍ അതാണ് സഹായകമാകുക. നിങ്ങളുടെ മക്കളുടെ ടീച്ചര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍ അങ്ങനെ ആരോടെങ്കിലും മക്കള്‍ നേരിടുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് മാതാപിതാക്കള്‍ക്ക് സംസാരിക്കാം.
കുട്ടികളുടെ പരീക്ഷാ സമ്മര്‍ദം ലഘൂകരിക്കാന്‍:
- പരീക്ഷയുടെ കാര്യം പറഞ്ഞ് കുട്ടികളില്‍ അധിക സമ്മര്‍ദ്ദം ചെലുത്താതിരിക്കുക. ഇത് വീട്ടിലെ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.
- അഥിതികളുടെ വരവ്, സല്‍ക്കാരങ്ങള്‍, വീടിന്റെ അറ്റകുറ്റപണി തുടങ്ങിയവ കഴിയുന്നതാണെങ്കില്‍ മാറ്റിവെക്കുക
- പഠിക്കാനായി ചെറിയ സഹായങ്ങള്‍ ചെയ്ത് കൊടുക്കുക. അന്തരീക്ഷം ഒരുക്കിക്കൊടുക്കുക. ടെന്‍ഷന്‍ സാധാരണമാണെന്നും അത് പോസിറ്റീവായി ഉപയോഗിക്കുന്നതിലാണ് കാര്യമെന്നും പറഞ്ഞു കൊടുക്കുക.
- പഠന ഷെഡ്യൂള്‍ ഉണ്ടാക്കാന്‍ സഹായിക്കുക. നേരത്തെ തന്നെ അത് തയാറാക്കുക. എങ്കില്‍ അവസാന നിമിഷ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം.
- കുട്ടികളെ കേള്‍ക്കുക. അവരുടെ പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും ചെവി കൊടുക്കുക.
- ഉല്‍കണ്ഠ, അസ്വസ്ഥത, ടെഷന്‍, ഉറക്കമില്ലായ്മ, ഭക്ഷണത്തോടുള്ള വിരക്തി, ഒറ്റക്കിരിക്കല്‍, ക്ഷീണം, വയറുവേദന, തലവേദന തുടങ്ങിയ കുട്ടികളിലുണ്ടാകുന്ന പരീക്ഷാ കാലത്തെ മാറ്റം ശ്രദ്ധിക്കുകയും അവക്ക് പരിഹാരം കാണുകയും വേണം.
- പരീക്ഷ അടുക്കുമ്പോള്‍ മക്കള്‍ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ടെന്‍ഷന്‍ കാരണം അവര്‍ ഭക്ഷണം വേണ്ടെന്ന് വെക്കുന്നില്ലെന്നും ആവശ്യമായ ഊര്‍ജവും മറ്റും ലഭിക്കുന്നവ കഴിക്കുന്നുണ്ടെന്നും ശ്രദ്ധിക്കണം.
- പഠനത്തിനും മറ്റു ആക്ടിവിറ്റികള്‍ക്കും ശേഷം ശരിയായ ഉറക്കം ലഭിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തുക. നല്ല ഉറക്കം കുട്ടികളില്‍ ഏകാഗ്രതയും ചിന്താശേഷിയും വര്‍ധിപ്പിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 8 മുതല്‍ 10 മണിക്കൂര്‍ വരെ അവര്‍ നിര്‍ബന്ധമായും ഉറങ്ങണം.
- ചെറിയ തോതിലുള്ള വ്യായാമം. നടത്തം, സൈക്ലിങ്, നീന്തല്‍, ഡാന്‍സിങ് എന്നിവയൊക്കെ നല്ലതാണ്.
- ഉറക്കത്തിന് തൊട്ടുമുന്‍പുള്ള സമയം അവര്‍ക്കിഷ്ടമുള്ളത് ചെയ്യാന്‍ വിടുക. എന്നാല്‍, മൊബൈലില്‍ അധികനേരം ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. രാത്രി ഉറങ്ങാന്‍ കിടന്നിട്ട് ഫോണില്‍ നോക്കിയിരുന്ന് പഠനത്തിനായി ഇരിക്കുമ്പോള്‍ ക്ഷീണം തോന്നുന്ന കുട്ടികളുണ്ട്.
- സോഷ്യല്‍ മീഡിയ ഉപയോഗം പരമാവധി കുറക്കുക. ഗെയിമിങ് ആപ്പുകളും പരീക്ഷാ സമയത്ത് നിയന്ത്രിക്കാം.
- പഠനത്തിനിടക്ക് വിശ്രമിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ പരതുന്ന കുട്ടികള്‍ സമയത്തെക്കുറിച്ച് ധാരണയില്ലാതെ പോകുന്നു. പഠനം മിക്കതും ഓണ്‍ലൈനായ ഇക്കാലത്ത് ദിവസത്തിന്‍റെ ഭൂരിഭാഗം സമയം സ്‌ക്രീനിന് മുന്നില്‍ കുട്ടികള്‍ ചിലവഴിക്കേണ്ടി വരുന്നുണ്ട്.
- പഠിക്കുമ്പോള്‍ അവര്‍ക്കുവേണ്ട അന്തരീക്ഷമൊരുക്കുന്നത് പോലെ പ്രധാനമാണ് വീട്ടിലെ മറ്റു കാര്യങ്ങളില്‍ മാതാപിതാക്കള്‍ കാണിക്കേണ്ട ശ്രദ്ധ. മാതാപിതാക്കള്‍ പരസ്പരം വഴക്കിടാതിരിക്കാന്‍ ശ്രദ്ധിക്കണം. മാത്രമല്ല, ശാന്തരായിരിക്കുക. കുട്ടികളെക്കുറിച്ചാലോചിച്ച് ഉല്‍കണ്ഠയുണ്ടെങ്കില്‍ അത് അവരുടെ മുന്നില്‍ കാണിക്കാതിരിക്കുക. ടീച്ചര്‍മാരുമായോ സ്‌കൂള്‍ കൗണ്‍സിലര്‍മാരുമായോ സംസാരിക്കാം.
- പഠനത്തിന്‍റെ ഇടനേരങ്ങളില്‍ കുട്ടികളെ പുറത്തു കൊണ്ടുപോകുക. ഉത്കണ്ഠ അകറ്റി അവര്‍ റിലാക്‌സ് ആവട്ടെ.
- പരീക്ഷയോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ വളരെ ലളിതമായ ഭക്ഷണങ്ങള്‍ കൊടുക്കുക.
- പരീക്ഷയില്‍ വിജയിക്കുമ്പോള്‍ അഭിനന്ദിക്കാന്‍ മറക്കരുത്. ചെറിയ സമ്മാനങ്ങള്‍ കുട്ടികള്‍ക്ക് നല്‍ക്കാം. വളരെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ഒഴിവാക്കുക. സിമ്പിളായ മക്കള്‍ക്ക് സന്തോഷം നല്‍കുന്ന സമ്മാനം നല്‍കാം.
- പരാജയം ഒന്നിന്‍റെയും അവസാനമല്ലെന്ന് പറഞ്ഞുകൊടുക്കുക. പരാജയങ്ങളെ അംഗീകരിക്കാനും മുന്നോട്ടു പോകാനും പഠിപ്പിച്ചു കൊടുക്കുക.
- പരീക്ഷക്കു ശേഷം അമിത ഉല്‍കണ്ഠ കാണിക്കുകയാണെങ്കില്‍ സഹായം തേടാന്‍ മടിക്കരുത്.
ഇവ ഒരിക്കലും ചെയ്യരുത്:
- കുട്ടികളില്‍ ഒരിക്കലും അമിത പ്രതീക്ഷ അരുത്. നന്നായി പഠിക്കുന്നുണ്ടോ എന്ന് ഇടക്കിടെ കുട്ടികളോട് ചോദിക്കാതിരിക്കുക.
- അച്ഛനമ്മമാര്‍ തന്നെ ഉല്‍കണ്ഠാകുലരായി കുട്ടികളുടെ ചുറ്റും നടക്കാതിരിക്കുക.
- മറ്റു കുട്ടികളുമായി താരതമ്യം ചെയ്യാതിരിക്കുക. ഉപദേശിച്ച് അവരെ മടുപ്പിക്കരുത്.
- നീ എന്ത് ചെയ്താലും ജയിക്കില്ല, പഠിക്കാന്‍ മണ്ടി, മടിയന്‍ എന്നൊക്കെ പറയാതിരിക്കുക. അവരുടെ ആത്മവിശ്വാസവും ധൈര്യവും ചോര്‍ന്നു പോകാന്‍ ഇടവരുത്തരുത്.
- കുട്ടിക്ക് അമിത ടെന്‍ഷനും മറ്റു പ്രശ്‌നങ്ങളും വരുമ്പോള്‍ കുറ്റപ്പെടുത്തരുത്. ഇത്തരം സാഹചര്യങ്ങളില്‍ ചിന്തിച്ചു നില്‍ക്കാതെ പെട്ടെന്ന് അവരെ സഹായിക്കുന്ന തീരുമാനം എടുക്കുക.
- തളരുമ്പോള്‍ അവരെ അവഗണിക്കാതിരിക്കുക. നിങ്ങളുടെ ഇമോഷനല്‍ സപ്പോര്‍ട്ടും അവര്‍ക്ക് വേണം. അവരുടെ മനസിലുള്ളത് ഷെയര്‍ ചെയ്യാന്‍ എപ്പോഴും അടുത്തുണ്ടായിരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.