സ്ട്രെസ്സ് ഉണ്ട് എന്ന് തിരിച്ചറിഞ്ഞാലും അതിനെ മറികടക്കാൻ മുതിർന്നവരെപ്പോലെ കുട്ടികൾക്ക് കഴിഞ്ഞു എന്ന് വരില്ല. അതിനാൽ രക്ഷിതാക്കളോ സഹോദരങ്ങളോ അവർക്ക് സഹായവുമായി കൂടെ നിൽക്കണം. അവരുടെ പെരുമാറ്റം കണ്ട് ''ഇല്ലെങ്കിലേ എന്റെ കൺട്രോള് പോയി നിൽക്കുകയാണ്, പറഞ്ഞാൽ കേട്ടില്ലെങ്കിൽ ഞാൻ ശരിയാക്കിക്കളയും'' എന്ന മട്ട് രക്ഷിതാക്കൾ പൂർണമായും മാറ്റിയേ തീരൂ. അവരുടെ മനസിലെ ആകുലതകളും സങ്കടങ്ങളും ആശങ്കകളുമാണ് ഇത്തരം പെരുമാറ്റങ്ങൾക്ക് കാരണം എന്ന് പറഞ്ഞല്ലോ. അങ്ങിനെ ഒരു ഘട്ടത്തിൽ ഏറ്റവും പ്രിയപ്പെട്ട മാതാപിതാക്കൾ പോലും അനുതാപപൂർവം പെരുമാറുന്നില്ല എന്ന് വന്നാൽ കുട്ടികൾ ആളെ തളർന്നു പോകും.
അടിക്കുകയും ചീത്ത പറയുകയും ചെയ്യുന്നതിന് പകരം അവരുടെ ദിനചര്യകളിൽ ഒരു അടുക്കും ചിട്ടയും വരുത്താനാണ് ശ്രദ്ധിക്കേണ്ടത്. അതും ബലപ്രയോഗമില്ലാതെ. സ്കൂളിൽ പോയിരുന്ന ഘട്ടത്തിൽ കുട്ടികൾക്ക് എല്ലാറ്റിനും ഒരു ടൈംടേബിൾ ഉണ്ടായിരുന്നു. ഉണരുന്നതും ഭക്ഷണം കഴിക്കുന്നതും കുളിക്കുന്നതും സ്കൂളിൽ പോകുന്നതുമെല്ലാം ഒരു ചിട്ടയിൽ ആയിരുന്നു. മുഴു സമയം വീട്ടിൽ ആയതോടെ അതിന് അടിമുടി മാറ്റം വന്നു. അത് തിരിച്ചുപിടിക്കാൻ ശ്രദ്ധിക്കണം.
സ്കൂളിൽ പോവാനൊന്നുമില്ലല്ലോ, ഉച്ചവരെ ഉറങ്ങിയാലെന്താ എന്ന് കുട്ടികളും രക്ഷിതാക്കളും കരുതരുത് ( മാസത്തിൽ ഒന്നോ രണ്ടോ തവണ വേണമെങ്കിൽ അതും ആവാം. ഒന്നും ചെയ്യാനില്ല എന്നു പറഞ്ഞ് സദാ സമയവും കട്ടിലിലോ സോഫയിലോ ചുരുണ്ട് കൂടുന്നത് പ്രോത്സാഹിപ്പിക്കുകയേ അരുത്. ഉണരാനും കഴിക്കാനും പഠിക്കാനും കളിക്കാനുമെല്ലാം സമയം നിശ്ചയിക്കണം. അൽപനേരം ഇതൊന്നുമില്ലാതെ വെറുതെയിരിക്കാനും സമയം നൽകണം.
സമപ്രായക്കാരുമായി ഇടപഴകാനും സ്കൂളിലെ കൂട്ടുകാരെക്കാണാനുമൊക്കെ അവരുടെ മനസ് വളരെയേറെ ആഗ്രഹിക്കുന്നുണ്ടാവും. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് നിർവാഹമില്ലല്ലോ. അതു കൊണ്ട് അക്കാര്യം പറഞ്ഞ് മനസിലാക്കുക. മാതാപിതാക്കളും രക്ഷിതാക്കളും സഹോദരങ്ങളും അവർക്ക് കൂട്ടുകാരായി മാറുക.അവരുടെ മനസിലെ ആകുലതകൾ എന്തൊക്കെയാണെന്ന് ചോദിച്ച് മനസിലാക്കുക, അതിന് പരിഹാരം കണ്ടെത്താനും ശ്രമിക്കുക.
കുട്ടികളെ കേൾക്കുവാനും മറുപടി നൽകുവാനും സമയം കണ്ടെത്തുക എന്നത് അത്യാവശ്യമാണ്. ജോലി സ്ഥലത്തെ കാര്യങ്ങൾക്കും സ്കൂൾ അലുംനി വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ ചർച്ചകൾക്കും ഫേസ്ബുക്കിെല കൂട്ടുകാർക്കും ക്ലബ് ഹൗസിലെ പ്രസംഗങ്ങൾക്കുമെല്ലാം സമയം ചെലവഴിക്കുന്ന നമുക്ക് എന്തുകൊണ്ടാണ് കുഞ്ഞുങ്ങളുടെ സംസാരം കേൾക്കുവാനും സംശയങ്ങൾക്ക് മറുപടി നൽകാനും മാത്രം സമയം തികയാതെ വരുന്നത്?
കുട്ടികൾ പലവിധത്തിലെ ചോദ്യങ്ങൾ ചോദിക്കുമിപ്പോൾ. എന്ന് കോവിഡ് അവസാനിക്കുമെന്നും എന്ന് സ്കൂൾ തുറക്കുമെന്നും എന്നാണ് നമുക്ക് നാട്ടിൽ പോകാൻ കഴിയുക എന്നുമൊക്കെ നൂറു നൂറു ചോദ്യങ്ങൾ. പലതിനും നമുക്ക് പോലും ശരിയായ ഉത്തരം അറിയണമെന്നില്ല. ഉത്തരത്തേക്കാളേറെ നമ്മളിൽ നിന്നുള്ള ശ്രദ്ധയാണ് അവർ ആഗ്രഹിക്കുന്നത്. അവർക്ക് മനസിലാവുന്ന ഭാഷയിൽ, സമാധാനപൂർണമായ സമീപനത്തോടെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി കൊടുക്കുക. അവർ വരച്ച ചിത്രങ്ങളെയും അവർ മുന്നോട്ടുവെക്കുന്ന ആശയങ്ങളെയും അഭിനന്ദിക്കുക എന്നതൊക്കെ പ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.