കുട്ടികളെ അപകടത്തിലാക്കരുത്: കെട്ടിടങ്ങളിൽ സുരക്ഷ കുറ്റമറ്റതാക്കണം

അബൂദബി: ബഹുനില കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍നിന്നോ ജനാലകളിലൂടെയോ കുട്ടികള്‍ വീഴാതിരിക്കാന്‍ കര്‍ശന സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന നിര്‍ദേശവുമായി അധികൃതര്‍. ചെറിയ അശ്രദ്ധപോലും വന്‍ അപകടങ്ങള്‍ക്കു കാരണമാകുമെന്നതിനാല്‍ കെട്ടിട നിര്‍മാതാക്കളും താമസക്കാരും അതിജാഗ്രത പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

ആവശ്യമായ സുരക്ഷയില്ലാത്തതാണ് ഷാര്‍ജയില്‍ അഞ്ചുവയസ്സുകാരന്‍ അപകടകരമായ ജനലില്‍ തൂങ്ങിക്കിടക്കാന്‍ ഇടയാക്കിയത്. കുട്ടിയെ തനിച്ചാക്കി മാതാപിതാക്കള്‍ പുറത്തുപോയതും ജനല്‍ തുറന്നിട്ടതുമാണ് അപകടത്തിലേക്കു നയിച്ചത്. പഴുതുകള്‍ അടച്ചുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ബോധവത്കരണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

ഷാര്‍ജ, ഫുജൈറ എമിറേറ്റുകളില്‍ ഈ വര്‍ഷം രണ്ടു കുട്ടികളാണ് കെട്ടിടത്തില്‍നിന്ന് വീണു മരിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ യു.എ.ഇയില്‍ വ്യത്യസ്ത അപകടങ്ങളില്‍ 17 കുട്ടികള്‍ വീണു മരിച്ചിട്ടുണ്ട്. വീടുകളില്‍ കുട്ടികളെ നിരീക്ഷിക്കണമെന്നും സുരക്ഷ സംവിധാനങ്ങള്‍ ഉണ്ടാവണമെന്നും അബൂദബി പൊലീസും കാമ്പയിനിലൂടെ ആവശ്യപ്പെടുന്നുണ്ട്. നിസ്സാര അശ്രദ്ധ വലിയ അപകടം വരുത്തിവെക്കുമെന്നതിനാല്‍ കെട്ടിട നിര്‍മാതാക്കള്‍ മുതല്‍ താമസക്കാര്‍ വരെ അതിശ്രദ്ധ പുലര്‍ത്തണം.

രാജ്യം ശൈത്യകാലത്തേക്ക് നീങ്ങുന്നതിനാല്‍ ശുദ്ധവായു ലഭിക്കാന്‍ വീട്ടുകാര്‍ ജനാലകളും മറ്റും തുറന്നിടാറുണ്ട്. അതിനാല്‍തന്നെ കുട്ടികള്‍ കളിക്കാനും മറ്റും ബാല്‍ക്കണികളിലും ജനാലകളിലും കയറുകയും ചെയ്യും. ഇത് അപകടത്തിന് വഴിവെക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജനാലകളില്‍ കുട്ടികള്‍ കയറുന്നത് തടയാന്‍ സമീപം ഗൃഹോപകരണങ്ങള്‍ ഒന്നും വെക്കരുത്. പുറത്തെ കാഴ്ചകള്‍ കാണാന്‍ കുട്ടികള്‍ മേശ, കസേര തുടങ്ങിയവയില്‍ പിടിച്ചുകയറിയാൽ തെന്നിവീഴാന്‍ സാധ്യതയുണ്ട്. ബാല്‍ക്കണിയില്‍നിന്നും ജനലില്‍നിന്നും താഴേ വീഴാത്തവിധം അധിക സുരക്ഷ ഒരുക്കണം.

ഇതിനായി ഇരുമ്പു കവചമോ മറ്റോ സ്ഥാപിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. മതിയായ സുരക്ഷ സംവിധാനം ഉറപ്പാക്കിയ ശേഷമേ ജനലും ബാല്‍ക്കണികളും തുറക്കാവൂ. രക്ഷിതാക്കളുടെ സാന്നിധ്യത്തിലല്ലാതെ ജനലുകള്‍ക്കിരികിലോ ബാല്‍ക്കണിയിലോ കുട്ടികള്‍ പോകാനിടയാവരുത്. ജനലും ബാല്‍ക്കണിയും പൂട്ടി താക്കോല്‍ കുട്ടികള്‍ക്കു കിട്ടാത്തവിധം സൂക്ഷിക്കണം.

രക്ഷിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയം ജനാലകള്‍ എല്ലാം അടച്ചിടണമെന്നും അധികൃതര്‍ അറിയിച്ചു. അശ്രദ്ധമൂലമുണ്ടാകുന്ന സംഭവങ്ങളില്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഓര്‍മിപ്പിച്ചു. ബാലാവകാശ സംരക്ഷണ നിയമപ്രകാരം കുറ്റക്കാര്‍ക്ക് ഒരു വര്‍ഷം തടവോ 5000 ദിര്‍ഹം പിഴയോ രണ്ടും ചേര്‍ത്തോ ആണ് ശിക്ഷ ലഭിക്കുക.

Tags:    
News Summary - Don't endanger children: Safety in buildings should be impeccable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT