അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികളെ മനസ്സിലാക്കാന്‍ കഴിയാത്തതിന്റെ ദുരന്തം നമുക്കു ചുറ്റും ഏറിവരുന്നു. ഇനിയും ശ്രദ്ധിച്ചില്ലെങ്കില്‍ തീരാവേദനയാകും അതു ക്ഷണിച്ചുവരുത്തുക. അതുകൊണ്ട് ഇവിടെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കൂ...
'കത്തിക്കരിഞ്ഞ മാംസത്തിന്റെ മണമായിരുന്നു ആ നാളുകളിൽ എന്നെ ചുറ്റിപ്പറ്റി നിന്നത്. ഭക്ഷണംപോലും കഴിക്കാൻ വയ്യാതായിപ്പോയ അവസ്ഥ. ഇന്നും അവളെപ്പറ്റി ഓർക്കുമ്പോൾ കണ്ണുനിറയും'' -മുൻ ചൈൽഡ് ലൈൻ പ്രവർത്തക ആരതി റോബിന്റെ വാക്കുകൾ മുറിയുന്നു. അകാലത്തിൽ പൊലിഞ്ഞ ഒരു പത്താം ക്ലാസുകാരിയാണ് മനസ്സിൽ നീറുന്ന ഓർമയായി ഇന്നും ആരതിയുടെ ഉള്ളിൽ വിങ്ങുന്നത്. മൂവാറ്റുപുഴയിലെ ഒരു ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായിരുന്നു നന്ദന. കഥകളും കവിതകളും എഴുതിക്കൂട്ടിയ മിടുക്കി. അടുപ്പക്കാരെയെല്ലാം കണ്ണീരിലാഴ്ത്തി 2016 സെപ്റ്റംബർ പത്തിന് അവൾ മരിച്ചു. ഒരാഴ്ച മുമ്പ് സ്കൂളിൽനിന്ന് വീട്ടിലെത്തിയ ഉടൻ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണ്. 70 ശതമാനം പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അവളുടെ അവസാന മിടിപ്പുകൾ ആരതിയുടെ കൺമുന്നിലായിരുന്നു.
പരീക്ഷക്ക് മുമ്പായി മൊബൈൽ ഫോൺ ഉണ്ടോയെന്ന് അറിയാൻ കുട്ടിയുടെ ബാഗ് പരിശോധിച്ച അധ്യാപികക്ക് ഒരു കത്തുകിട്ടി. ആരോ എഴുതി കുട്ടിയുടെ ബാഗിലിട്ട കത്ത്. അതുമായി സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തിയ കുട്ടിയെ പ്രിൻസിപ്പൽ എല്ലാവരുടെയും മുന്നിൽവെച്ച് ഉറക്കെ വായിപ്പിച്ചതിെൻറ മാനസികാഘാതം ആ വിദ്യാർഥിനിക്ക് താങ്ങാനായില്ല. അയൽവീട്ടിൽനിന്ന് വാങ്ങിയ മണ്ണെണ്ണയിൽ ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു ആ ആഘാതം. ''മരിക്കുന്ന അന്നും അവൾ എന്നോടു പറഞ്ഞു, അവൾ അറിഞ്ഞല്ല ആ കത്ത് ബാഗിൽ കിടന്നതെന്ന്. പക്ഷേ, അവളെ മനസ്സിലാക്കാൻ ആ അധ്യാപകർക്ക് കഴിഞ്ഞില്ല'' -ആരതിയുടെ വാക്കുകൾ. മകൾ എഴുതിവെച്ച കഥകളും കവിതകളും സൂക്ഷിച്ചുവെച്ച് ഇന്നും കണ്ണീരടക്കി കഴിയുകയാണ് വാഴപ്പിള്ളി സ്വദേശിയായ പിതാവ്.
കാലിടറാന്‍ കാത്തുനില്ക്കുന്നവര്
പലപ്പോഴും എളുപ്പം കാലിടറി വീഴുകയാണ് നമ്മുടെ കുട്ടികള്‍. കാലുകള്‍ മണ്ണില്‍ ഉറക്കുംമുമ്പേ ജീവിതത്തിനു മുന്നില്‍ അവര്‍ തകര്‍ന്നുവീഴുന്നു. സ്കൂളില്‍ അധ്യാപകര്‍ വഴക്കു പറയുമ്പോഴോ വീട്ടില്‍ മാതാപിതാക്കള്‍ മുഖംകറുപ്പിക്കുമ്പോഴോ അവര്‍ ആകെ തകരുന്നു. അതു മനസ്സിലാക്കാന്‍ വൈകുമ്പോള്‍ സംഭവിക്കുന്നത് അപരിഹാര്യമായ നഷ്ടമാണ്. കുട്ടികളെ മനസ്സിലാക്കാന്‍ കഴിയാത്ത സമൂഹമായി കേരളം മാറുന്നതിന്റെ സൂചനകള്‍ ഏറിവരുകയാണ്. കൊല്ലം ജില്ലയില്‍ സ്കൂള്‍ കെട്ടിടത്തിന് മുകളില്‍നിന്ന് പത്താം ക്ലാസുകാരി ചാടിമരിച്ചതിന്റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല.
കൊല്ലം ലൈസിയം സ്കൂളിന്റെ മൂന്നാം നിലയിൽനിന്ന് ചാടി ഗുരുതര പരിക്കുകളോടെ മരണത്തോടു മല്ലടിച്ച് കഴിഞ്ഞ പത്താം ക്ലാസുകാരി ഗൗരി നേഹ, സ്കൂളും സമ്മർദങ്ങളും ഇല്ലാത്ത ലോകത്തേക്ക് ചിറകടിച്ച് പറന്നകന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 23നാണ് ആ മരണം. അധ്യാപികയുടെ ശാസനക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ചെയ്ത കടുംകൈ എന്നാണ് ആരോപണം. ഇതേ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന അനുജത്തിയെ അച്ചടക്കനടപടിയുടെ ഭാഗമായി ആൺകുട്ടികളുടെ ഇടയിൽ ഇരുത്തിയത് ചോദ്യംചെയ്ത് ഗൗരി അധ്യാപികക്ക് എതിരെ പരാതി നൽകിയിരുന്നതായി അച്ഛൻ ശക്തികുളങ്ങര കന്നിമേൽചേരി മക്കാട്ട് കിഴക്കേതിൽ പ്രസന്നൻ പറയുന്നു. ഇതിൽ പ്രകോപിതയായ അധ്യാപിക സ്റ്റാഫ് റൂമിൽ വിളിച്ചുവരുത്തി അവഹേളിച്ചതിലെ മാനസികാഘാതം താങ്ങാൻ ഗൗരിക്ക് കഴിഞ്ഞിെല്ലന്നും പിതാവ് പറയുന്നു.
എല്ലാം നല്‍കിയിട്ടും...
എടുത്താല്‍ പൊങ്ങാത്ത ബാഗും ചുമലിലേറ്റി ബസില്‍ വലിഞ്ഞുകേറി സ്കൂളില്‍ പോകുന്ന കുട്ടിക്കാലം ഇന്ന് ചുരുങ്ങുകയാണ്. സ്കൂള്‍ ബസുകള്‍ ഇല്ലാത്ത സര്‍ക്കാര്‍ സ്കൂളുകള്‍പോലും ചുരുക്കം. മികച്ച പഠനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ രക്ഷിതാക്കളും അധ്യാപകരും ഏറെ ശ്രദ്ധിക്കുന്നു. 'ഇത്രയും എല്ലാം നല്‍കിയിട്ടും ഇനിയും എന്തിന്റെ കുറവാണ്' എന്ന മനോഭാവവും പുലരുന്നു. ചുറ്റുപാടുകളോട് ഇടപഴകിയും എതിരിട്ടും വളരാനുള്ള ഇടം കുറഞ്ഞതോടെ കുട്ടികള്‍ എളുപ്പം നോവുന്ന മനസ്സുകളായി മാറിയെന്നത് മനസ്സിലാക്കാതെ പോകുന്നു. അങ്ങനെ വന്നപ്പോള്‍ ചെറിയ കുറ്റപ്പെടുത്തലുകളും ആരോപണങ്ങളുംവരെ താങ്ങാനാകാത്ത നിലയിലേക്ക് എത്തിപ്പെടുകയാണ് കുട്ടികള്‍. തിരുവനന്തപുരം ജില്ലയിലെ ഒരു സ്കൂളില്‍ സംഭവിച്ചതുപോലെ...
വർഷങ്ങൾക്കു മുമ്പ് തിരുവനന്തപുരം ജില്ലയിൽ ഒരു ഹൈസ്കൂൾ വിദ്യാർഥി സ്വയം ജീവനൊടുക്കി. ക്ലാസിൽ വെച്ച് അധ്യാപകൻ കുട്ടിയുടെ കൈയിൽനിന്ന് അശ്ലീലപുസ്തകം കണ്ടെടുത്തതിനെ തുടർന്ന് അച്ഛനെ വിളിച്ചുകൊണ്ട് അടുത്തദിവസം വന്നാൽ മതിയെന്ന് നിബന്ധന വെച്ചു. വീട്ടിൽ ചെന്ന് ആ രാത്രിതന്നെ ആത്മഹത്യ. മാതാപിതാക്കളുടെ ഏകമകൻ. കൂടുതൽ അന്വേഷിച്ചപ്പോൾ അറിഞ്ഞ വസ്തുതകൾ ഇങ്ങനെ: -തന്നിലേക്ക് ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരനായിരുന്നു കുട്ടി. ക്ലാസിലെ വേലത്തരങ്ങൾ കാര്യമായി അറിയില്ല. സഹപാഠികൾ പല കൈകളിലൂടെ കൈമാറിക്കൊണ്ടിരുന്ന അശ്ലീലപുസ്തകം ഈ കുട്ടിയുടെ കൈകളിൽ അടുത്തിരുന്നയാൾ ഏൽപിച്ചപ്പോൾ ആകെ പകച്ചുപോയി. അത് തൊട്ടടുത്തയാൾക്ക് കൈമാറണമെന്ന് അറിഞ്ഞിരുന്നില്ല. ശബ്ദം കേട്ട് അധ്യാപകൻ തിരിഞ്ഞപ്പോൾ ആ പുസ്തകവുമായി കുട്ടി പിടിയിലായി. പിറ്റേന്ന് സ്കൂളിൽ നിന്നെത്തിയവരെ കുട്ടിയുടെ വീട്ടിലേക്ക് പോകാൻ പോലും രോഷാകുലരായ നാട്ടുകാർ അനുവദിച്ചില്ല.
എന്തിനും കഠിനമായ ശിക്ഷ
ഏത് കുറ്റത്തിനും അങ്ങേയറ്റത്തെ ശിക്ഷ എന്ന രീതിയിലേക്കാണ് മിക്കവാറും സ്കൂളുകളിലെ കാര്യങ്ങള്‍. 'കോര്‍പറല്‍ പണിഷ്മെൻറ്' എന്ന പേരുപോലും സ്കൂളുകളില്‍ സാധാരണ കേള്‍ക്കുന്നതായി. അധ്യാപകരില്‍നിന്ന് കായികമായി അടിയേറ്റ് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സംഭവങ്ങള്‍ പോലും ഉണ്ടാകുന്നു. ചങ്ങനാശ്ശേരിയില്‍ അടുത്തിടെ ഒരു സ്വകാര്യ സ്കൂളിലെ കായികാധ്യാപകനില്നിന്ന് മര്‍ദനമേറ്റ കുട്ടിക്ക് കാര്യമായി ചികിത്സ തേടേണ്ടിവന്നു. മര്‍ദനത്തിന് കാരണമായി പറയുന്ന കാര്യങ്ങള്‍ കേട്ടാല്‍ ഞെട്ടലാകും. 'ലോ വെയ്സ്റ്റ്' പാൻറ്സ് ധരിച്ചുകൊണ്ട് വന്നു അല്ലെങ്കില്‍ മുടി നീട്ടിവളര്‍ത്തി, കളര്‍ ചെയ്തു എന്നിങ്ങനെ. പുരുഷ അധ്യാപകര്‍ക്ക് ഒപ്പംതന്നെ അധ്യാപികമാരും ചില സ്കൂളുകളില്‍ മര്‍ദനത്തില്‍ പിന്നിലല്ല.
കോട്ടയം ജില്ലയിലെ ഒരു മാനേജ്മെൻറ് സ്കൂളില്‍ നടന്ന മറ്റൊരു സംഭവം കൂടുതല്‍ ഗൗരവതരമാണ്. പായസവുമായി എല്‍.പി സ്കൂളിലെ ക്ലാസില്‍ എത്തിയ പെണ്‍കുട്ടി. കൂട്ടുകാര്‍ക്ക് പായസം നല്കാന് അധ്യാപികയോട് അനുവാദം ചോദിച്ചപ്പോള്‍ കിട്ടിയില്ല. ക്ഷേത്രത്തിലെ പായസമായതിനാലാണ് മറ്റ് കുട്ടികള്‍ക്ക് നല്‍കേണ്ടെന്ന് പറഞ്ഞതിന്റെ കാരണമെന്ന് എങ്ങനെയോ കുട്ടിയുടെ മനസ്സില്‍ പതിഞ്ഞു. ക്ലാസില്‍ അവഹേളിക്കപ്പെട്ട് വീട്ടിെലത്തിയ കുട്ടിയെ സമാശ്വസിപ്പിക്കാന്‍ അച്ഛനും അമ്മയും ഏറെ കഷ്ടപ്പെട്ടു. പായസം പഠനസമയത്ത് നല്‍കരുത് എന്നു മാത്രമാണ് പറഞ്ഞതെന്ന് സ്കൂള്‍ അധികൃതര്‍ പിന്നീട് വിശദീകരിച്ചു.
കെ.ജി ക്ലാസില്‍ പഠിക്കുന്ന തന്റെ കുട്ടിയെ അധ്യാപിക മാനസികമായി തളര്‍ത്തുന്നുവെന്ന പരാതിയുമായി ഒരിക്കല്‍ ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടത് കോട്ടയം നഗരത്തിലെ ഒരു പൊലീസുകാരനാണ്. കുട്ടിയെ അടിക്കുകയോ ക്ലാസിന് വെളിയില്‍ നിര്‍ത്തുകയോ ചെയ്തതാണ് സംഭവം. നിരന്തരം അധ്യാപികയോടും സ്കൂള്‍ അധികൃതരോടും പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ആവലാതി. സ്കൂള്‍ അസംബ്ലിക്ക് കൈനീട്ടി പിടിച്ചില്ലെന്നതിന്റെ ശിക്ഷയായി ഒരു മണിക്കൂര്‍ വിദ്യാര്‍ഥിയെ വെയിലത്ത് നിര്‍ത്തിയ സംഭവം കേട്ടത് കോട്ടയം ജില്ലയിലെ കറുകച്ചാലിലെ ഒരു സ്കൂളില്‍നിന്ന്. കുട്ടി തലകറങ്ങി വീഴുംവരെ ശിക്ഷ തുടര്‍ന്നു. അതു രാഷ്ട്രീയക്കാര്‍ ഇടപെട്ട് സങ്കീര്‍ണമായി പിന്നീട് ഒതുങ്ങിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.