കോഴിക്കോട്: വെള്ളിമാടുകുന്ന് ലോ കോളജ് കാമ്പസിൽ പഠിക്കുന്ന അമ്മമാർക്കും അച്ഛന്മാർക്കും തങ്ങളുടെ കുഞ്ഞുങ്ങളെ ആര് പരിചരിക്കുമെന്നോർത്ത് ടെൻഷനടിക്കേണ്ട. രാവിലെ ഇവർക്ക് കുഞ്ഞുങ്ങളുമായി കാമ്പസിലെത്താം, വൈകീട്ട് പഠനം കഴിഞ്ഞ് കുഞ്ഞുങ്ങളുമായി മടങ്ങാം. ക്ലാസ് കഴിയുംവരെ കുട്ടികളെ പരിപാലിക്കാനായി ഡേ കെയര്‍ സംവിധാനം കാമ്പസിനകത്തുതന്നെയുണ്ട്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു കോളജിൽ ഇത്തരം സംവിധാനം ഒരുക്കുന്നത്. ഇടവേളകളില്‍ കുട്ടികളെ പോയി കാണാമെന്നതാണ് ഈ സംവിധാനത്തിന്‍റെ ഏറ്റവും വലിയ നേട്ടം. അതിലുപരി മുലയൂട്ടുന്ന അമ്മമാർക്ക് ഡേ കെയർ നൽകുന്ന മനസ്സമാധാനം ചെറുതല്ല. ഇടവേളകളിൽ പോയി മുലയൂട്ടാനും കുഞ്ഞുങ്ങളോടൊപ്പം ചെലവഴിക്കാനും സാധിക്കുമെന്നതിനാൽ കുട്ടികൾക്കും അമ്മമാർക്കും വലിയ ആശ്വാസമാകുന്നുണ്ട് ഈ ശിശുപരിപാലന കേന്ദ്രം.
ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തും വരെ മക്കള്‍ എന്തുചെയ്യുമെന്ന ആധിക്ക് പരിഹാരം കണ്ടെത്താൻ കഴിയുന്നത് വലിയ ആശ്വാസമാണെന്ന് ഡേ കെയറിൽ വിട്ട് നിയമപഠനം നടത്തുന്ന വിദ്യാർഥികളായ മാതാപിതാക്കൾ പറയുന്നു. കുഞ്ഞിനെ നോക്കാന്‍ ആളില്ലാത്തതിനാല്‍ ബുദ്ധിമുട്ടിയിരുന്ന കോളജിലെ രണ്ട് വിദ്യാർഥിനികളാണ് അധ്യാപകരുടെ അടുത്ത് ഈ ആശയം ആദ്യം പങ്കുവെച്ചത്.
അന്ന് പ്രിൻസിപ്പലിന്‍റെ ചുമതല വഹിച്ചിരുന്ന അധ്യാപകന്‍ ഡോ. പി. ലോവല്‍മാന്‍ ആശയം സ്റ്റാഫ് കൗണ്‍സിലില്‍ അവതരിപ്പിച്ചു. കൗൺസിൽ പൂർണമായും പിന്തുണച്ചു. ഇതോടെ എൻ.സി.സി ഓഫിസിനടുത്തുള്ള ചെറിയ മുറി ഡേ കെയറിനായി ഒരുക്കി. ഊഞ്ഞാലും തൊട്ടിലും കളിപ്പാട്ടങ്ങളും തയാറാക്കി.
ഒരു ആയയേയും നിയമിച്ചു. ഇപ്പോൾ നാലു കുട്ടികളാണ് ഇവിടെയുള്ളത്. മൂന്ന് വിദ്യാർഥിനികളുടെയും ഒരു അധ്യാപികയുടെയും മക്കളാണ് ആയ ഉഷക്കൊപ്പം കളിച്ചും ഉണ്ടും ഉറങ്ങിയും ഉല്ലസിക്കുന്നത്.
രാവിലെ 8.30 മുതല്‍ വൈകീട്ട് നാല് വരെയാണ് പ്രവര്‍ത്തനം. മാതാപിതാക്കളിൽ നിന്നുള്ള വിഹിതവും പി.ടി.എ ഫണ്ടില്‍ നിന്നുള്ള തുകയും ഉപയോഗിച്ചാണ് പ്രവര്‍ത്തനം. ഈ മാസം മുതൽ പകുതി തുക കോളജിന്‍റെ ഫണ്ടിൽനിന്ന് നീക്കിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കോളജിന്റെ പദ്ധതി വിഹിതത്തില്‍നിന്ന് ഫണ്ട് അനുവദിക്കാനുള്ള നിർദേശം ഉന്നത വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിച്ചതായി ഡേ കെയർ ചുമതലയുള്ള അസി. പ്രഫ. സിസി ജോസഫ് പറഞ്ഞു.
കുട്ടികൾ, കുടുംബം എന്നീ ചുമതലകളുള്ളതിനാൽ പഠനം പാതിവഴിക്കുവെച്ച് നിർത്തിയവരും വളരെ വൈകി മാത്രം പഠിക്കാൻ എത്തിയവരുമായ നിരവധി പേർ ലോ കോളജിൽ പഠിക്കുന്നുണ്ട്. ഇവർക്കെല്ലാം ആശ്വാസമാണ് ഡേ കെയർ സെന്റർ.
ആരംഭിച്ച് മാസങ്ങൾ മാത്രം പിന്നിട്ടതേയുള്ളൂ എന്നതിനാൽ പല പരാധീനതകളും പരിഹരിക്കാനുണ്ട്. ഫണ്ട് ലഭിക്കുന്നതോടെ ടോയ്‍ലെറ്റ് അടക്കമുള്ള സൗകര്യങ്ങൾ കൂടി ഉൾപ്പെടുത്തി ഡേ കെയർ വികസിപ്പിക്കാനാകുമെന്നാണ് വിദ്യാർഥികളുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.