പഠിക്കാന്‍ വിദ്യാർഥികള്‍ നാട് വിടണോ?

അടിമാലി: പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിനൊരുങ്ങുന്ന കുട്ടികളും രക്ഷിതാക്കളും ജില്ലയിലെ പരിമിതമായ സാഹചര്യങ്ങളിൽ ആശങ്കയില്‍. മെച്ചപ്പെട്ട കോഴ്‌സിനായി നാടുവിടേണ്ട അവസ്ഥയിലാണ് ജില്ലയിലെ മിടുക്കരായ വിദ്യാര്‍ഥികള്‍.ജില്ലയില്‍ പ്ലസ് ടു പരീക്ഷ എഴുതിയ വിദ്യാർഥികളില്‍ 81.43 ശതമാനം പേരും ഉപരിപഠനത്തിന് യോഗ്യത നേടി. എന്നാല്‍, ഉപരിപഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ജില്ലയില്‍ ഇല്ല.

മറ്റ് ജില്ലകളിലോ ഇതര സംസ്ഥാനങ്ങളിലോ പോയി പ്രഫഷനല്‍ കോഴ്‌സുകള്‍ പഠിക്കാന്‍ ഒട്ടേറെപ്പേര്‍ക്ക് താല്‍പര്യമുണ്ടെങ്കിലും ചെലവ് താങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ട്. നഴ്‌സിങ് പഠനത്തിനാണ് ജില്ലയിലെ കുട്ടികള്‍ക്ക് കൂടുതല്‍ താൽപര്യം. എന്നാല്‍, സംസ്ഥാനത്ത് പരിമിതമായ സീറ്റുകളേ ഉള്ളൂ. ബംഗളൂരുവിൽ നഴ്‌സിങ് പഠനം നടത്തണമെങ്കിൽ ലക്ഷങ്ങളാണ് ഫീസ്. മിക്ക രക്ഷിതാക്കള്‍ക്കും ബാങ്ക് വായ്പയെ ആശ്രയിക്കേണ്ടി വരും. പ്ലസ് ടുവിന് ശേഷമുള്ള പഠനം കണക്കിലെടുത്ത് പ്ലസ് വണ്‍ പഠനത്തിനായി തന്നെ വിദ്യാര്‍ഥികള്‍ മറ്റു ജില്ലകളിലേക്കു പോകുന്നുണ്ട്.

അണ്‍ എയ്ഡഡ് മേഖലയെ കൂടുതലായി ആശ്രയിക്കാന്‍ എത്ര പേര്‍ക്കു കഴിയുമെന്നത് പ്രശ്‌നമാണ്. ഇതിനിടെ വിദ്യാർഥികളെ തട്ടിപ്പിനിരയാക്കുന്ന ഏജന്‍സികളും വ്യാപകമായി. അധ്യയനവര്‍ഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് ഓഫിസുകളും മറ്റും തുറക്കുന്ന എജന്‍സികള്‍ വിദേശത്തേക്ക് ഉള്‍പ്പെടെ കുട്ടികളെ പഠനത്തിന് അയക്കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നു. ഉയര്‍ന്ന പഠനസാധ്യതകളും വിശാലമായ കോഴ്‌സ് രീതികളുമാണ് വിദ്യാര്‍ഥികള്‍ കേരളത്തിന് പുറത്തേക്ക് ആകര്‍ഷിക്കപ്പെടാൻ കാരണം.

പ്ലസ് ടുവിനും ആവശ്യമായ സീറ്റുകള്‍ ജില്ലയില്‍ ഇല്ല. ഏറ്റവും ദുരിതമനുഭവിക്കുന്നത് അടിമാലി ഉപജില്ലയിലെ വിദ്യാർഥികളാണ്. പ്ലസ് ടുവിന് ഇഷ്ട വിഷയം കിട്ടണമെങ്കില്‍ മറ്റ് ജില്ലകളില്‍ പോകേണ്ട അവസ്ഥയാണ്. കഴിഞ്ഞ അധ്യയനവര്‍ഷം ഈ വിദ്യാഭ്യാസ ജില്ലയില്‍നിന്ന് 40 ശതമാനം വിദ്യാർഥികളാണ് മറ്റിടങ്ങളില്‍ പ്ലസ് ടുവിന് പ്രവേശനം നേടിയത്. ഇക്കുറിയും അത് ആവര്‍ത്തിക്കപ്പെടും.

Tags:    
News Summary - higher studies: Students and parents not knowing what to do

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT