'Let us sacrifice our today so that our children can have a better tomorrow.' -A. P. J. Abdul Kalam
പുതുതലമുറയെക്കുറിച്ച് മുമ്പത്തേക്കാളേറെ ആശങ്കയോടെയാണ് മാതാപിതാക്കളടക്കമുള്ള സമൂഹം ഇന്ന് ചിന്തിക്കുന്നത്. ഇൻറർനെറ്റും മയക്കുമരുന്നും പോലുള്ള ചതിക്കുഴികൾ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത് സ്വാഭാവികവുമാണ്. പീഡനവാർത്തകൾക്കൊപ്പം കൗമാരക്കാർ കുറ്റവാളികളാകുന്ന വാർത്തകൾകൊണ്ട് നിറയുകയാണ് വർത്തമാനപത്രങ്ങൾ. ഇൗ പശ്ചാത്തലത്തിലാണ് പാരൻറിങ് അഥവാ കുഞ്ഞുങ്ങളെ വളർത്തുന്ന ശാസ്ത്രീയ രീതികളെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നുവരുന്നത്. മിക്ക പ്രസിദ്ധീകരണങ്ങളിലും പാരൻറിങ്ങിനെക്കുറിച്ചുള്ള ലേഖനങ്ങളും ചർച്ചകളും കാണാം. തങ്ങളുടെ മുന്നിലെത്തുന്ന കേസുകളിൽ അധികവും കൗമാരക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്നാണ് സൈക്കോളജിസ്റ്റുകളും കൗൺസലർമാരും പറയുന്നത്.
മറിച്ച്, ആഗോളതലത്തിൽ തന്നെ മാതാപിതാക്കൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് കുഞ്ഞുങ്ങളുടെ സ്വഭാവരൂപവത്കരണം. അതുകൊണ്ടാണ് പാരൻറിങ്ങിനെക്കുറിച്ച് കിം ജോൺ പേനെയും ലിസ എം. റോസും ചേർന്നെഴുതിയ 'സിംപ്ലിസിറ്റി പാരൻറിങ്' (Simplicity Parenting) എന്ന പുസ്തകം ചൂടപ്പം പോലെ വിറ്റുപോകുന്നത്. വളരെക്കാലമായി ബെസ്റ്റ്സെല്ലർ പട്ടികയിലുണ്ട് ഇൗ പുസ്തകം. പാശ്ചാത്യ സംസ്കാരത്തിെൻറ പശ്ചാത്തലത്തിലെഴുതിയ ഇൗ പുസ്തകത്തിലെ പലകാര്യങ്ങളും നമ്മുടെ സമൂഹത്തിന് യോജിച്ചതല്ലെങ്കിലും പുസ്തകം മുന്നോട്ടുവെക്കുന്ന ആശയം ലോകത്തെല്ലായിടത്തുമുള്ള മാതാപിതാക്കൾക്ക് ഒരുപോലെ ബാധകമാണ്.
കുഞ്ഞുങ്ങൾ കേട്ടല്ല വളരുന്നത്, മറിച്ച് പലതും കണ്ടുകൊണ്ടാണ്. ചുരുക്കത്തിൽ അവരെ ഉപദേശിച്ച് നേരെയാക്കാം എന്ന തെറ്റിദ്ധാരണ മാറ്റുക; മറിച്ച് മാതൃകയായി ജീവിച്ച് കാണിക്കുക എന്നതാണ് പുസ്തകത്തിെൻറ പ്രധാന സന്ദേശം. മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് കുഞ്ഞുങ്ങൾക്ക് കൂടുതൽ അവസരങ്ങളും ജീവിത പശ്ചാത്തലവും നൽകാനാവുന്നുണ്ടെങ്കിലും മാതാപിതാക്കൾക്ക് അവരോടൊപ്പം ചെലവഴിക്കാനുള്ള സമയം വളരെ കുറഞ്ഞുവരുകയാണ്. അതുകൊണ്ടുതന്നെ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ തുടക്കത്തിലേ കണ്ടെത്തി അവരെ തിരുത്താൻ മാതാപിതാക്കൾക്ക് കഴിയുന്നില്ല. ഫലമോ പ്രശ്നങ്ങൾ രൂക്ഷമായതിനുശേഷം പരിഹാരങ്ങൾക്ക് ശ്രമിക്കുകയും അതിൽ പരാജയപ്പെടുകയും ചെയ്യുന്നു.
മയക്കുമരുന്നുകൾക്ക് അടിമയാവൽ, പ്രണയബന്ധങ്ങൾ, പഠനപ്രശ്നങ്ങൾ, കുറ്റകൃത്യങ്ങൾ എന്നുതുടങ്ങി ഏത് പ്രശ്നവും തുടക്കത്തിൽ കണ്ടെത്തിയാൽ എളുപ്പത്തിൽ പരിഹരിക്കാനാവും. ഇടപെടൽ വൈകുന്തോറും പരിഹാരം അകലേക്ക് പോകുകയും ചിലപ്പോഴെല്ലാം പരിഹാരമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിപ്പെടുകയും ചെയ്യും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- കുഞ്ഞുങ്ങളുമായി അവരുടെ ചെറുപ്രായം മുതലേ മാതാപിതാക്കൾ കഴിയുന്നത്ര നല്ല ബന്ധം പുലർത്തുക. അവർ വളരുന്നതിനനുസരിച്ച് ബന്ധവും വളരെട്ട. എന്ത് പ്രശ്നങ്ങളും ധൈര്യത്തോടെ മാതാപിതാക്കളോട് തുറന്നുപറയാനുള്ള ധൈര്യം അവർക്ക് നൽകുക. തെറ്റുകളെ ശിക്ഷിച്ച് തിരുത്തുന്നതിനുപകരം തെറ്റുകൾ സംഭവിക്കാനുള്ള കാരണം കണ്ടെത്തി പരിഹരിക്കുക. പ്രതിസന്ധികളിൽ അവരുടെ കൂടെ നിൽക്കുക.
- വീട്ടിൽ മാതാപിതാക്കൾ തമ്മിലുള്ള ബന്ധം സ്നേഹപൂർണവും സൗഹാർദപരവുമായി സൂക്ഷിക്കുക. പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങൾ വഴക്കിെൻറ രൂപത്തിൽ കുട്ടികളുടെ മുന്നിൽ വെച്ച് സംസാരിക്കുകയോ പെരുമാറുകയോ അരുത്. മാതാപിതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മുതലെടുക്കാൻ കുട്ടികൾക്ക് ഒരിക്കലും അവസരം നൽകരുത്. കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരുമിച്ച് തീരുമാനമെടുക്കുകയും ഒരേ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുക.
- കുട്ടികളുടെ മുന്നിൽവെച്ച് നുണപറയുകയോ തെറ്റായ കാര്യങ്ങൾ ചെയ്യുകയോ അരുത്. വീട്ടിലിരുന്നുകൊണ്ട് മൊബൈൽ ഫോണിലൂടെ 'ഞാനൊരു മീറ്റിങ്ങിലാണ്' എന്ന് നിങ്ങൾ കുട്ടിയുടെ മുന്നിൽ വെച്ച് പറയുേമ്പാൾ ഭാവിയിൽ നിങ്ങളോടുതന്നെ നുണകൾ പറയാനുള്ള പാഠങ്ങൾ അവർക്ക് നൽകുകയാണെന്ന് മറക്കരുത്.
- അതുപോലെത്തന്നെയാണ് പുകവലി, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, അശ്ലീല വാക്കുകൾ ഉപയോഗിക്കൽ തുടങ്ങിയ കാര്യങ്ങൾ കുഞ്ഞുങ്ങളുടെ സാന്നിധ്യത്തിൽ ചെയ്യൽ. ഇത്തരം കാര്യങ്ങൾ വലുതാവുേമ്പാൾ പിന്തുടരുവാൻ അവർക്ക് പ്രചോദനമാകും എന്ന് മാത്രമല്ല അവരിൽ ഇത്തരം ദുശ്ശീലങ്ങൾ കണ്ടെത്തുേമ്പാൾ ഗുണദോഷിക്കാൻ മാതാപിതാക്കൾക്ക് കഴിയാതെയുമാകും.
- കുഞ്ഞുങ്ങളുടെ സൗഹൃദങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിവുണ്ടായിരിക്കണം. കൂട്ടുകാർ ആരൊക്കെ? അവർ സ്വഭാവദൂഷ്യമുള്ളവരാണോ എന്നെല്ലാം തുടക്കത്തിലേ മനസ്സിലാക്കി ആവശ്യമെങ്കിൽ തിരുത്തണം. ചിലപ്പോഴെല്ലാം മാതാപിതാക്കളേക്കാൾ കുട്ടികളെ സ്വാധീനിക്കുന്നത് കൂട്ടുകാരാണെന്ന് മനസ്സിലാക്കുക. കൂട്ടുകാരുടെ മാതാപിതാക്കളുമായി ബന്ധം പുലർത്തുക. അവരുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരസ്പരം കൈമാറുകയും ചർച്ചചെയ്യുകയും ചെയ്യുക. മാതാപിതാക്കൾ തമ്മിൽ ആശയവിനിമയമുണ്ടെങ്കിൽ കൂട്ടുകൂടി തെറ്റുകൾ ചെയ്യാനുള്ള സാധ്യത കുറയും.
- തെറ്റുകൾ കണ്ടാൽ കടുത്ത ശിക്ഷകള്‍ നല്‍കുന്നതും അല്ലാത്ത സമയത്ത് അമിത വാത്സല്യം നല്‍കുന്നതും കുട്ടികളുടെ സ്വഭാവരൂപവത്കരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സൈക്കോളജിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. തെറ്റുകൾക്കുള്ള ശിക്ഷകൾ അവർചെയ്ത തെറ്റ് എന്താണെന്ന് അവരെ മനസ്സിലാക്കിക്കൊടുത്ത ശേഷമായിരിക്കണം. ഒരിക്കലും നിങ്ങളുടെ മനസ്സിലെ ദേഷ്യം തീർക്കാൻ കുഞ്ഞുങ്ങളെ ശിക്ഷിക്കരുത്. അതുപോലെത്തന്നെ തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ...'എെൻറ കുഞ്ഞ് ഒരിക്കലും അങ്ങനെ ചെയ്യില്ല...അത് മറ്റുള്ളവർ വെറുതെ പറയുന്നതാണ്' എന്ന രീതിയിൽ നിലപാടെടുക്കരുത്. ഇത്തരം അമിത വാത്സല്യം അവരെ കൂടുതൽ തെറ്റുകൾ ചെയ്യാൻ മടിയില്ലാത്തവരാക്കിമാറ്റും.
- ചെറുപ്രായത്തിലേ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ അവരെ പരിശീലിപ്പിക്കണം. വീട്ടിലെ ചെറിയ ജോലികൾക്ക് അവരുടെ സഹായം തേടണം. ചെടികൾക്ക് വെള്ളമൊഴിക്കുക, പുസ്തങ്ങൾ അടുക്കിവെക്കുക തുടങ്ങി ചെറിയ ജോലികൾ നൽകി പടിപടിയായി കുറേക്കൂടി ഗൗരവമുള്ള ഉത്തരവാദിത്തങ്ങൾ അവരെ ഏൽപിക്കണം.
- വിജയത്തിലും സന്തോഷങ്ങളിലും നേട്ടങ്ങളിലും അവരുടെ കൂടെ നിൽക്കുന്നതുപോലെ പരാജയങ്ങളിൽ അവരുടെ കൂടെ നിൽക്കുക. അവയെ അതിജീവിക്കാനാണ് കൂടുതല്‍ പരിശീലനം വേണ്ടത്. പ്രതിസന്ധികളിൽ മാതാപിതാക്കൾ കൂടെ നിന്നാൽ കുട്ടികൾ പിന്നീട് നിങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് നിങ്ങളുടെ കൂടെയും നിൽക്കും.
- വീട്ടുകാരുടെ പൊങ്ങച്ചങ്ങളും കുട്ടികളുടെ സ്വഭാവത്തെ വലിയൊരളവിൽ സ്വാധീനിക്കും. വിലകൂടിയ വസ്തുക്കൾ മാത്രം വാങ്ങുകയും അതേക്കുറിച്ച് മേനിപറഞ്ഞ് നടക്കുകയും ചെയ്യുന്നവരുടെ കുട്ടികൾ പണത്തിെൻറ മൂല്യം അറിയാതെ വളരാനിടയാകും. ഭാവിയിൽ എന്തെങ്കിലും കാരണവശാൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാവുേമ്പാഴും ചെലവ് നിയന്ത്രിക്കാൻ കഴിയാതെ അവർ കടക്കെണിയിലാവുകയും ചെയ്യും.
- പഠനത്തിലും മറ്റും മികവ് പുലർത്തിയാൽ വിലകൂടിയ സമ്മാനങ്ങൾ നൽകാമെന്നുള്ള വാഗ്ദാനങ്ങൾ തൽക്കാലം ഫലം ചെയ്യുമെങ്കിലും അതു ശീലമായാല്പിന്നെ കുട്ടികള്‍ എന്തെങ്കിലും ലഭിച്ചാല്‍ മാത്രമേ പഠിക്കുകയുള്ളൂ. അതുപോലത്തെന്നെ നീ പരീക്ഷയില്‍ തോറ്റാല്‍ അല്ലെങ്കില്‍ നിനക്ക് മാര്‍ക്ക് കുറഞ്ഞാലോ പരാജയപ്പെട്ടാലോ അഭിമാനക്ഷതമുണ്ടാവുന്ന രീതിൽ അവരോട് പെരുമാറരുത്. മാർക്ക് കുറഞ്ഞാൽ കുടുംബത്തിന് നാണക്കേടാണെന്ന രീതിയിൽ സംസാരിക്കരുത്. അത് കുട്ടികളില്‍ മാനസിക സമ്മർദമുണ്ടാക്കുകയും പഠനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
- കുട്ടികളെ നിയന്ത്രണങ്ങളുടെ ജയിലില്‍ ഇടാതെ സ്വതന്ത്രരായി വളര്‍ത്തണം. എന്നാൽ, അവർ ഏതു തരത്തിലുള്ള പ്രലോഭനങ്ങളിലും വീണുപോകാനിടയുള്ളതിനാൽ സ്വാതന്ത്ര്യങ്ങളുടെ മുകളിൽ എപ്പോഴും ഒരു കണ്ണു വേണം. അവർ എവിടെയെല്ലാം പോകുന്നുെവന്നും എന്തൊക്കെ ചെയ്യുന്നുവെന്നും ആരോടെല്ലാം ബന്ധപ്പെടുന്നുവെന്നും മനസ്സിലാക്കാൻ ശ്രമിക്കുക. തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഇടപെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.